2016, മാർച്ച് 6, ഞായറാഴ്‌ച

ബോർഹസ് - മൂടിയിട്ട കണ്ണാടികൾ

images (2)



അന്ത്യവിധിയുടെ നീക്കുപോക്കില്ലാത്ത നാളിൽ, ജീവനുള്ളവയുടെ പ്രതിരൂപങ്ങൾ സൃഷ്ടിക്കുക എന്ന അപരാധം ചെയ്ത ഓരോ മനുഷ്യനും തന്റെ സൃഷ്ടിയോടൊപ്പം ഉയിർത്തെഴുന്നേല്പിക്കപ്പെടുമെന്നും അതിനു ജീവൻ നല്കാൻ അവനോടു കല്പിക്കുമെന്നും അതിലവൻ പരാജയപ്പെടുമെന്നും അവൻ തന്റെ സൃഷ്ടിയോടൊപ്പം ശിക്ഷയുടെ അഗ്നിജ്വാലകളിലേക്കെറിയപ്പെടുമെന്നും ഇസ്ലാം നമ്മെ പഠിപ്പിക്കുന്നു. കുട്ടിയായിരിക്കെ, കൂറ്റൻ കണ്ണാടികാൾക്കു മുന്നിൽ നില്ക്കുമ്പോൾ യാഥാർത്ഥ്യത്തിന്റെ മായികമായ ഇരട്ടിക്കൽ അല്ലെങ്കിൽ പെരുക്കൽ എന്നെ ഭീതിപ്പെടുത്തിയിരുന്നു. കണ്ണാടികളുടെ നിരന്തരവും പിഴവറ്റതുമായ പ്രവർത്തനം, എന്റെ ഓരോ ചലനത്തെയും പിന്തുടരുന്ന ആ രീതി, അവയുടെ വിപുലമായ മൂകാഭിനയം-വെളിയിൽ ഇരുട്ടായിത്തുടങ്ങുമ്പോൾ  ഇതെല്ലാം എന്റെ സ്വസ്ഥത കെടുത്തുന്ന നിഗൂഢതയായിരുന്നു. കണ്ണാടികൾ സ്വപ്നം കാണിക്കരുതെന്നത് ദൈവത്തോടും എന്റെ കാവൽമാലാഖയോടുമുള്ള എന്റെ മുട്ടിപ്പായ പ്രാർത്ഥനകളിൽ ഒന്നായിരുന്നു. ആശങ്കകളോടെയാണ്‌ ഞാനവയെ കണ്ടിരുന്നതെന്ന് ഞാൻ വ്യക്തമായി ഓർക്കുന്നു. യാഥാർത്ഥ്യത്തിൽ നിന്നവ തിരിഞ്ഞുപോകാൻ തുടങ്ങുകയാണെന്ന് ചിലനേരം ഞാൻ പേടിച്ചിരുന്നു; മറ്റു ചിലപ്പോഴാകട്ടെ, വിചിത്രമായ ദൌർഭാഗ്യങ്ങൾ വികൃതമാക്കിയ എന്റെ മുഖം ഞാൻ അവയിൽ കാണുമെന്നും. ഈ ഭീതി ലോകത്തു വീണ്ടും വ്യാപകമാണെന്നു ഞാൻ കേട്ടിരിക്കുന്നു. കഥ വളരെ ലളിതമാണ്‌, എത്രയും അസുഖകരവും.

1927നോടടുപ്പിച്ച് ഞാൻ ഒരു ഗൌരവപ്രകൃതിയായ യുവതിയെ കണ്ടുമുട്ടി; ആദ്യം ഫോണിലൂടെ (കാരണം ജൂലിയ തുടങ്ങുന്നത് പേരില്ലാത്ത, മുഖമില്ലാത്ത ഒരു ശബ്ദമായിട്ടാണ്‌), പിന്നെ സന്ധ്യനേരത്ത് ഒരു മൂലയ്ക്കും. അവളുടെ കണ്ണുകൾ അമ്പരപ്പിക്കുന്നത്ര വലിപ്പമുള്ളവയായിരുന്നു, ചുരുളാത്ത മുടിയ്ക്കു തനിക്കറുപ്പായിരുന്നു, ഉടൽ വളയാത്തതായിരുന്നു. എന്റെ മുത്തശ്ശനും മുതുമുത്തശ്ശനും യൂണിറ്റേറിയൻ കക്ഷിക്കാരായിരുന്നതു പോലെ അവളുടെ മുത്തശ്ശനും മുതുമുത്തശ്ശനും ഫെഡറൽ കക്ഷിക്കാരായിരുന്നു. പ്രാക്തനമായ ആ വംശവൈരം പക്ഷേ, ഞങ്ങളെ തമ്മിലടുപ്പിക്കുകയാണുണ്ടായത്; അത്രത്തോളം സ്വന്തം ജന്മദേശത്തിന്‌ ഞങ്ങൾ അവകാശികളാവുകയായിരുന്നു. മച്ചുയർന്നതും പൊളിഞ്ഞുവീഴാറായതുമായ വലിയൊരു വീട്ടിനുള്ളിൽ തറവാടികളുടെ ദാരിദ്ര്യത്തിനു സഹജമായ അമർഷത്തോടും മ്ളാനതയോടും കൂടെ സ്വന്തം കുടുംബക്കാർക്കൊപ്പമായിരുന്നു അവളുടെ താമസം. വൈകുന്നേരങ്ങളിൽ-അപൂർവ്വമായി ചില രാത്രികളിലും- ബൽവനേര എന്ന അവൾ താമസിക്കുന്ന സ്ഥലത്ത് ഞങ്ങൾ നടക്കാൻ പോകും. റയിൽവേ യാഡിന്റെ തടിയൻ ചുമരു പിടിച്ച് ഞങ്ങൾ നടക്കും; ഒരിക്കൽ ഞങ്ങൾ സാർമിയെന്റോയിലൂടെ നടന്നുനടന്ന് പാർക്ക് സെന്റിനേറിയോയുടെ മൈതാനം വരെ പോയിരുന്നു. ഞങ്ങൾക്കിടയിൽ പ്രണയമുണ്ടായിരുന്നില്ല, പ്രണയത്തിന്റെ നാട്യവുമുണ്ടായിരുന്നില്ല. കാമവികാരവുമായി ഒരു ബന്ധവുമില്ലാത്ത ഒരു തീക്ഷ്ണത ഞാൻ അവളിൽ ദർശിച്ചു; എനിക്കതിനെ പേടിയുമായിരുന്നു. സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കാനുള്ള ഒരുപാധിയെന്ന നിലയിൽ നാം പലപ്പോഴും നമ്മുടെ ചെറുപ്പകാലത്തു നിന്നുള്ള യഥാർത്ഥമോ സംശയാസ്പദമോ ആയ സംഗതികൾ അവരോടു പറയാറുണ്ടല്ലോ. അങ്ങനെയായിരിക്കാം, കണ്ണാടികളോടുള്ള എന്റെ ഭീതിയെക്കുറിച്ച് ഞാൻ അവളോടു പറഞ്ഞിട്ടുണ്ടാവണം. അങ്ങനെ 1928ൽ ഞാൻ വിതച്ച മതിഭ്രമത്തിന്റെ വിത്തുകൾ 1931ൽ പൂത്തുവിടർന്നു. അല്പം മുമ്പ് ആരോ പറഞ്ഞു ഞാനറിഞ്ഞു, അവളുടെ മനസ്സിനു സമനില തെറ്റിയിരിക്കുന്നുവെന്നും അവളുടെ മുറിയിലെ കണ്ണാടികൾ ഒന്നൊഴിയാതെ മൂടിയിട്ടിരിക്കുകയാണെന്നും; അവയിൽ അവൾ കാണുന്നത് -തന്റെ പ്രതിബിംബത്തെ അട്ടിമറിച്ചുകൊണ്ട്- എന്റെ പ്രതിബിംബമാണത്രെ; അവളുടെ ഉടലാകെ വിറ പകരുന്നു, അവൾക്കു നാവിറങ്ങിപ്പോകുന്നു; ഏതോ ഇന്ദ്രജാലം കൊണ്ട് ഞാൻ അവളെ പിന്തുടരുകയാണെന്നും നിരീക്ഷിക്കുകയാണെന്നും നായാടുകയാണെന്നും അവൾ പറയുന്നു.

എത്ര ഭീതിദമാണീ അടിമത്തം- എന്റെ മുഖത്തിന്റെ, അഥവാ, എന്റെ പൂർവ്വമുഖങ്ങളിൽ ഒന്നിന്റെ അടിമത്തം. അതിനു വന്നുപെട്ട നിന്ദ്യമായ വിധി എന്നെയും നിന്ദ്യനാക്കുകയാണ്‌; പക്ഷേ ഇപ്പോൾ ഞാനതു കാര്യമാക്കാറില്ല.



The Covered Mirrors

അഭിപ്രായങ്ങളൊന്നുമില്ല: