2016, മാർച്ച് 6, ഞായറാഴ്‌ച

ബോർഹസ് - പ്രതിമകളുടെ അറ

9780140085396-us-300



ആദിയിലൊരുകാലത്ത്, ആൻഡലൂഷ്യൻ ദേശത്ത് ഏകശാസനക്കാരായ ചക്രവർത്തിമാരുടെ ആസ്ഥാനമായി ഒരു നഗരമുണ്ടായിരുന്നു, ലബ്റ്റെയ്റ്റ് എന്നോ, ത്വെറ്റാ എന്നോ, ഹെയിൻ എന്നോ പേരായി. ആ നഗരത്തിൽ ഉറപ്പിൽ പണിതിട്ടിരുന്ന ഒരു ഗോപുരത്തിന്റെ വാതിൽ ( രണ്ടു കവാടങ്ങളുടെ വീതിയിലും) അകത്തേക്കു വരാനുള്ളതായിരുന്നില്ല, പുറത്തേക്കു പോകാനുള്ളതുമായിരുന്നില്ല, ഏതുകാലത്തും അടഞ്ഞുകിടക്കാനുള്ളതായിരുന്നു. ഒരു രാജവു മരിച്ച് മറ്റൊരു രാജാവ് അധികാരമേറ്റെടുക്കുമ്പോൾ അദ്ദേഹം സ്വന്തം കൈ കൊണ്ടുതന്നെ കനത്ത പുതിയൊരു താഴു കൊണ്ട് കവാടം പൂട്ടിയിടും; അങ്ങനെ രാജാക്കന്മാരുടെ കണക്കനുസരിച്ച് ഇരുപത്തുനാലു താഴുകൾ ഗോപുരത്തിൽ തൂങ്ങിക്കിടന്നു. അതിനു ശേഷം സിംഹാസനത്തിലേറിയത് പഴയ രാജവംശത്തിൽ പെടാത്ത ഒരു ദുഷ്ടനായിരുന്നു; പുതിയൊരു താഴിടുന്നതിനു പകരം അയാളുടെ മനസ്സു പോയത് ഗോപുരത്തിനുള്ളിൽ എന്താണെന്നറിയാനായി വാതിൽ തുറന്നാലെന്ത് എന്ന ചിന്തയിലേക്കായിരുന്നു. കൊട്ടാരത്തിലെ പഴമക്കാർ അയാളെ വിലക്കിനോക്കി, ഭവിഷ്യത്തുകൾ പറഞ്ഞുനോക്കി, അധിക്ഷേപിച്ചു, പഴിച്ചു; ഇരുമ്പിന്റെ താക്കോൽക്കൂട്ടം അയാളിൽ നിന്നു മറച്ചുവച്ചിട്ട്, ഇരുപത്തുനാലു താഴുകൾ തല്ലിപ്പൊളിക്കുന്നതിനേക്കാൾ എളുപ്പം ഒരു താഴു കൂടി ചേർക്കുന്നതാണെന്നും അവർ വാദിച്ചു; അയാൾ പക്ഷേ വാശി പിടിച്ചതേയുള്ളു, “ഇതു തുറന്നു കണ്ടേ തീരു.” അവർ പിന്നെ കൈ നിറയെ ധനവും നിധികളും അമൂല്യവസ്തുക്കളും ആട്ടിൻപറ്റങ്ങളും ക്രിസ്തീയവിഗ്രഹങ്ങളും പൊന്നും വെള്ളിയും വാഗ്ദാനം ചെയ്തു, അയാൾ തന്റെ ആവശത്തിൽ നിന്നൊന്നു പിന്മാറിയാൽ മതി. എന്നിട്ടും അയാൾക്കിളക്കമുണ്ടായില്ല; “ഈ ഗോപുരം തുറന്നുകണ്ടേ തീരൂ എനിക്ക്.” അങ്ങനെ അയാൾ  വലതു കൈ കൊണ്ട് ( നിത്യനരകത്തിൽ എരിയാനുള്ളതാണാ കൈ) താഴുകൾ വലിച്ചുതുറന്നു; കടന്നുനോക്കുമ്പോൾ ഗോപുരത്തിനുള്ളിൽ കണ്ടതോ, കുതിരകളുടെയും ഒട്ടകങ്ങളുടെയും മേലിരിക്കുന്ന അറബികളുടെ രൂപങ്ങളെ; വാലിട്ടു നീട്ടിക്കെട്ടിയ തലപ്പാവുകൾ അണിഞ്ഞിട്ടുണ്ടവർ; ചുമലിലെ തോല്പട്ടകളിൽ വാളുകളും  കൈകളിൽ നീണ്ട കുന്തങ്ങളും ധരിച്ചവർ. ഈ രൂപങ്ങളെല്ലാം ഉരുണ്ടിട്ടായിരുന്നു, ജീവനുള്ളപോലെ; അവ നിഴലു വീഴ്ത്തിയുമിരുന്നു; ഒരന്ധന്‌ സ്പർശം കൊണ്ട് അവരെ തിരിച്ചറിയാമായിരുന്നു. അവരുടെ കുതിരകളുടെ മുൻകാൽകുളമ്പുകളാവട്ടെ, തറയിൽ തൊട്ടിരുന്നില്ല; എന്നിട്ടും അവ വീണതുമില്ല, പിൻകാലുകളിൽ ഉയർന്നു നിൽക്കുകയാണവയെന്നപോലെ. ആ വിശിഷ്ടരൂപങ്ങൾ കണ്ടപ്പോൾ രാജാവ് അത്ഭുതസ്തബ്ധനായിപ്പോയി. അതിലും വിസ്മയം ജനിപ്പിക്കുന്നതായിയുന്നു, അവരിൽ ദൃശ്യമായ ചിട്ടയും നിശ്ശബ്ദതയും; ഒരൊച്ചയോ കാഹളധ്വനിയോ കേൾക്കാനില്ലെങ്കിൽപ്പോലും ഒരേ ദിശയിലേക്ക് ( പടിഞ്ഞാറോട്ട്) തിരിഞ്ഞിരിക്കുകയാണ്‌ ആ രൂപങ്ങളോരോന്നിന്റെയും ശിരസ്സ്. ഗോപുരത്തിലെ ഒന്നാമത്തെ അറ ഇങ്ങനെ. രണ്ടാമത്തേതിൽ രാജാവു കണ്ടത് ദാവീദിന്റെ പുത്രൻ, സുലൈമാന്റെ മേശ- ഇരുവരെയും ദൈവം കാക്കട്ടെ! ഒരേയൊരു മരതകക്കല്ലിൽ നിന്നാണ്‌ ഈ മേശ കടഞ്ഞെടുത്തിരിക്കുന്നത്; അനിർവചനീയമെങ്കിലും യഥാർത്ഥമത്രെ, ഈ പുല്പച്ചക്കല്ലിന്റെ ഗുണങ്ങൾ: അതു ചണ്ഡവാതങ്ങളെ ശമിപ്പിക്കുന്നു, സ്ത്രീകളുടെ ചാരിത്ര്യം സംരക്ഷിക്കുന്നു, അതിസാരത്തെയും ദുർഭൂതങ്ങളെയും അകറ്റിനിർത്തുന്നു, നിയമവ്യവഹാരങ്ങളിൽ അനുകൂലഫലം ഉറപ്പാക്കുന്നു, പ്രസവകാലത്തു വലിയൊരാശ്വാസവുമാണത്.

മൂന്നാമറയിൽ രണ്ടു ഗ്രന്ഥങ്ങൾ കാണായി: കറുത്തതാണ്‌ അവയിലൊന്ന്; ഓരോ ലോഹത്തിന്റെയും ഓരോ ഉറുക്കിന്റെയും ധർമ്മങ്ങളിന്നതാണെന്ന്, വിഷങ്ങളുടെയും പ്രതിവിഷങ്ങളുടെയും ചേരുവകൾക്കൊപ്പം അതു പഠിപ്പിക്കുന്നു. മറ്റേതു വെളുത്തതാണ്‌; തെളിഞ്ഞതാണു ലിപിയെങ്കിലും വായിച്ചെടുക്കാൻ കഴിഞ്ഞില്ല. നാലാമറയിൽ അയാൾ കണ്ടത് ഒരു ഭൂഗോളം; അതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്, ഭൂമിയും കടലുകളും നഗരങ്ങളും രാജ്യങ്ങളും ദേശങ്ങളും, ഓരോന്നിനും അതാതിന്റെ ശരിയായ പേരും കൃത്യമായ രൂപവുമായി.

അഞ്ചാമറയിൽ അവർ അത്യത്ഭുതകരമായ ഒരു ദർപ്പണം കണ്ടു, ഒരു വിപുലവൃത്തം പോലെ, പല ലോഹങ്ങളുടെ മിശ്രിതമായി; അതും ദാവീദിന്റെ പുത്രൻ സുലൈമാനു വേണ്ടി -ഇരുവരും പൊറുക്കപ്പെടട്ടെ!- ഉണ്ടാക്കിയതായിരുന്നു; അതിൽ നോക്കുന്നവനു കാണാം, സ്വന്തം അമ്മയച്ഛന്മാരുടെയും തന്റെ സന്തതികളുടെയും പ്രതിരൂപങ്ങൾ, ആദിയിലെ ആദാം തൊട്ട് അന്തിമകാഹളം കേൾക്കാനുള്ളവർ വരെ. ആറാമത്തെ അറ നിറയെ ആ മാന്ത്രികഭസ്മമായിരുന്നു; മൂവായിരം തോല വെള്ളിയെ മൂവായിരം തോല സ്വർണ്ണമാക്കാൻ ആ ദേവാമൃതത്തിന്റെ ഒരു കഴഞ്ചു മതി. ഏഴാമത്തേതു ശൂന്യമായി തോന്നി; രാജാവിന്റെ വില്ലാളികളിൽ ഏറ്റവും പ്രഗത്ഭൻ അറയുടെ വാതിൽക്കൽ നിന്നുകൊണ്ട് ഒരമ്പെയ്താൽ അത് എതിരെയുള്ള ചുമരിൽ ചെന്നു തറ്യ്ക്കുകയില്ല, അത്രയും നീളമുള്ളതുമായിരുന്നു അത്. ആ വിദൂരമായ ഭിത്തിയിൽ ഒരു ഭീഷണലിഖിതം കൊത്തിവച്ചിരിക്കുന്നതായി അവർ കണ്ടു. രാജാവ് അതു വായിച്ചുനോക്കി, അയാൾക്കതു മനസ്സിലാവുകയും ചെയ്തു; അതു പറഞ്ഞതിതാണ്‌: “ഈ ഗോപുരത്തിന്റെ കവാടം ഏതു കൈ തുറക്കട്ടെ, ഉടലെടുത്തു നിൽക്കുന്ന ഈ പടയാളികൾ, ലോഹം കൊണ്ടു നിർമ്മിച്ചവരെന്നു തോന്നിക്കുന്നവർ, അവർ ഈ രാജ്യത്തെ കൈവശപ്പെടുത്തും.”
ഹിജറ എമ്പത്തൊമ്പതാമാണ്ടിലാണ്‌ ഈ സംഭവങ്ങളൊക്കെ നടക്കുന്നത്. ആ വർഷം ഒടുക്കമെത്തുന്നതിനു മുമ്പേ താരിക് ഇബ്ൻ സയ്യിദ് ആ നഗരത്തെ കീഴടക്കും, അതിദാരുണമായ രീതിയിൽ രാജാവിനെ കൊല ചെയ്യും, നഗരം ചുട്ടുകരിക്കും, സ്ത്രീകളെയും ബാലന്മാരെയും തടവുകാരാക്കും, സകലതും കുത്തിക്കവരും. ഇപ്രകാരമത്രേ, ആൻഡലൂഷ്യൻ നഗരങ്ങളിൽ അറബികൾ പടർന്നു പിടിച്ചത്- അത്തിമരങ്ങളുടെ ആ ദേശത്ത്, ഒരു മനുഷ്യനും ദാഹം കൊണ്ടു മരിക്കാത്ത പുഴത്തടങ്ങളിൽ. നിധികളുടെ കാര്യമാവട്ടെ, സർവവിദിതമാണ്‌, സയ്യിദിന്റെ പുത്രൻ താരിക് അവ തന്റെ തമ്പുരാനായ കലീഫ അൽ-വാലിദ് ബിൻ അബ്ദ് അൽ-മാലിക്കിനയച്ചു കൊടുത്തുവെന്നും, അയാൾ അതെല്ലാം ഒരു പിരമിഡിനുള്ളിൽ നിക്ഷേപിച്ചുവെന്നും.

(ആയിരത്തൊന്നു രാവുകൾ, 272 മതു രാവ്)





അഭിപ്രായങ്ങളൊന്നുമില്ല: