2016, മാർച്ച് 18, വെള്ളിയാഴ്‌ച

ഓസ്ക്കാർ ഹാൺ - കവിതകൾ





കാലാവസ്ഥാനിരീക്ഷണം




എന്റെ ഭാര്യ
കാലാവസ്ഥാനിരീക്ഷകയായിരുന്നു


തന്റെ സുഹൃത്തുക്കളുടെ ലൈംഗികതാപം
ഇത്ര ഡിഗ്രിയെന്ന് അവൾ പ്രവചിക്കുമായിരുന്നു
അവൾക്കു പിശകിയിട്ടേയില്ല


ഞങ്ങളുടെ അയൽവീടുകളെ
കൊടുങ്കാറ്റുകൾ ഭീഷണിപ്പെടുത്തുന്നതെപ്പോഴെന്ന്
ബാരോമീറ്ററിന്റെ കൃത്യതയോടെ അവൾ പ്രഖ്യാപിച്ചിരുന്നു


ഒരിക്കലേ അവൾക്കു പിശകിയുള്ളു

മേഘങ്ങളിരുണ്ടുകൂടുന്നുവെന്നുണ്ടായിരുന്നിട്ടും
വേനൽക്കാലവേഷത്തിൽ
അവൾ തെരുവിലേക്കിറങ്ങിയ ദിവസം


എന്റെ പെട്ടികളൊക്കെ കാറിലെടുത്തിട്ട്
ഇടിമിന്നലുകൾക്കിടയിൽ
ഞാൻ യാത്രക്കിറങ്ങിയ ദിവസം



ആഗസ്റ്റുഗാനം
എന്റെ പ്രിയേ

ആഗസ്റ്റുമാസത്തിൽ
എന്തൊക്കെ നടക്കേണ്ടതായിരുന്നു
അതൊന്നും നടക്കുകയില്ല


എത്ര മിന്നാമിന്നികൾ
നിന്റെ കണ്ണുകളിൽ
മിന്നിത്തിളങ്ങേണ്ടതായിരുന്നു
അവ മിന്നിത്തിളങ്ങുകയുമില്ല


ആഗസ്റ്റുമാസവും മണ്ണടിയും
കൊട്ടും കുരവയുമില്ലാതെ
പാട്ടും പൂവുമില്ലാതെ


മരങ്ങളാവാതെപോയ
എത്രയോ നാളുകളെപ്പോലെ


കിളികളാവാതെപോയ
എത്രയോ മരങ്ങളെപ്പോലെ


ചിറകെടുക്കാതെപോയ
എത്രയോ കിളികളെപ്പോലെ


അസ്തമയചിന്തകൾ


വേനല്ക്കാലത്തെ അവസാനത്തെ പനിനീർപ്പൂവ് ചിന്തിക്കുന്നതെന്തിനെക്കുറിച്ചാവും
തന്റെ നിറം മങ്ങുന്നതും മണം മായുന്നതും
അതു കാണുമ്പോൾ?


മഞ്ഞുകാലത്തെ അവസാനത്തെ മഞ്ഞ് ചിന്തിക്കുന്നതെന്തിനെക്കുറിച്ചാവും
മേഘങ്ങൾക്കിടയിലൂടെ തള്ളിക്കയറി വരുന്ന
വെയില്ക്കതിരുകൾ കാണുമ്പോൾ?


സന്ധ്യക്കു കടല്ക്കരയിൽ പാറ മേലിരിക്കുന്ന
ആ മനുഷ്യൻ ചിന്തിക്കുന്നതോ?


വേനല്ക്കാലത്തെ അവസാനത്തെ പനിനീർപ്പൂവിനെക്കുറിച്ച്
മഞ്ഞുകാലത്തെ അവസാനത്തെ മഞ്ഞിനെക്കുറിച്ച്




കുഞ്ഞുഭൂതങ്ങൾ

നമ്മുടെ കുഞ്ഞുങ്ങൾ പ്രിയേ
കുഞ്ഞുഭൂതങ്ങളാണ്‌


മുറ്റത്തവരുടെ ചിരി ഞാൻ കേൾക്കുന്നു
ഒഴിഞ്ഞ മുറിയിലവർ കളിക്കുന്നതു ഞാൻ കേൾക്കുന്നു


ആരെങ്കിലുമെന്റെ വാതിലിൽ മുട്ടിയാൽ
അവർ ഓടിവന്നെന്റെ പുതപ്പിനടിയിലൊളിക്കുന്നു


ആ കുഞ്ഞുഭൂതങ്ങൾ

നമുക്കു പിറക്കാതെപോയ കുഞ്ഞുങ്ങൾ
നമുക്കു പിറക്കുകയില്ലാത്ത കുഞ്ഞുങ്ങൾ


മെഴുകുതിരിവെളിച്ചത്തിലെ ഡിന്നർ


ജനാലയിലൂടെ രാത്രിയിലേക്കു ഞാൻ നോക്കുന്നു
വീടിന്റെ പാർക്കിംഗ് സ്ഥലത്തേക്കു ഞാൻ നോക്കുന്നു


രണ്ടു വെളിച്ചങ്ങൾ അടുത്തുവരുന്നതു ഞാൻ കാണുന്നു
എന്റെ കാറിനരികിൽ അവ വന്നു നില്ക്കുന്നതും


ആകാംക്ഷയോടെ ഞാൻ മെഴുകുതിരികൾ കൊളുത്തിവയ്ക്കുന്നു
എനിക്കിഷ്ടപ്പെട്ട പാട്ട് വയ്ക്കുന്നു


പക്ഷേ ആരും വാതിലിൽ മുട്ടുന്നില്ല
ആരും വാതിലിൽ മുട്ടുന്നില്ല
ആരും വാതിലിൽ മുട്ടുന്നില്ല




കുടയും പിടിച്ചു നില്ക്കുന്നയാൾ

കുടയും പിടിച്ചുകൊണ്ട്
ഒരു ഹിരോഷിമാത്തെരുവിൽ കല്ലിച്ചുനില്ക്കുന്ന ആ മനുഷ്യൻ


എന്തിൽ നിന്നാണയാൾക്കു സ്വയം രക്ഷിക്കേണ്ടത്?

ഒരായിരം സൂര്യന്മാരുടെ പ്രഭയിൽ നിന്നോ,
തലയ്ക്കു മേൽ വീഴുന്ന റേഡിയോ ആക്റ്റീവ് മഴയിൽ നിന്നോ?


ഹിരോഷിമാ മ്യൂസിയത്തിലെ ഒരു പിടി മണ്ണു മാത്രമാണ്‌
ഇപ്പോഴയാൾ


നമ്മളാവട്ടെ അത്ര പോലുമില്ല:
ഹിരോഷിമാ തെരുവുകളിലെ ഭസ്മവിഗ്രഹങ്ങൾ


നമുക്കു കുടയില്ല
നമുക്കു കഥയില്ല
നമുക്കു ഹിരോഷിമയില്ല
*

ശുഭരാത്രി, പ്രിയേ...


ശുഭരാത്രി, പ്രിയേ,
നീ സ്വപ്നം കാണുമാറാകട്ടെ,
പിശാചുക്കളേയും വെളുത്ത പാറ്റകളേയും;
എരിയുന്ന എന്റെ കണ്ണുകളിൽ നിന്ന് 
മരണത്തിന്റെ കൺകുഴികൾ
നിന്നെ നോക്കുന്നതായും 
നീ കാണുമാറാകട്ടെ;

അതു സ്വപ്നമല്ലാതെയുമിരിക്കട്ടെ.



ഓസ്കാർ ഹാൺ Oscar Hahn- 1938ൽ ചിലിയിൽ ജനിച്ചു. സ്പാനിഷ് അമേരിക്കൻ ഭ്രമാത്മകകവിതയിലെ പ്രധാനിയായി കരുതപ്പെടുന്നു. ആദ്യത്തെ കവിതാസമാഹാരം Arte de Morir1977ൽ പ്രസിദ്ധീകരിച്ചു. 1981ൽ ഇറങ്ങിയ Mal de Amor എന്ന സമാഹാരം ചിലിയിലെ മിലിട്ടറി ജൂണ്ടയുടെ ഭീഷണി കാരണം ഗ്രന്ഥശാലകളിൽ നിന്നും പുസ്തകക്കടകളിൽ നിന്നും പിൻവലിച്ചു. അഞ്ചു കൊല്ലം കഴിഞ്ഞാണ്‌ പിന്നീടത് പ്രസിദ്ധീകരിക്കുന്നത്. ഇപ്പോൾ അയോവ യൂണിവേഴ്സിറ്റിയിൽ സ്പാനിഷ് പ്രൊഫെസ്സർ.



അഭിപ്രായങ്ങളൊന്നുമില്ല: