link to image and a podcast
1928 മാർച്ച് ഒടുവിൽ ജൂനിൻ ടൗൺഷിപ്പിന്റെ തെക്കേയറ്റത്തുള്ള ലാ കോളൊറാഡാ എന്ന കൃഷിക്കളത്തിൽ വച്ചാണ് സംഭവം നടന്നത്. ബാൽത്തസാർ എസ്പിനോസാ എന്നു പേരായ ഒരു മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു കഥാനായകൻ. തൽക്കാലം നമുക്കയാളെ ബ്യുണേഴ്സ് അയഴ്സിലെ സാധാരണ ചെറുപ്പക്കാരുടെ പറ്റത്തിൽ പെടുത്താം; സ്വഭാവത്തിൽ എടുത്തുപറയാനുള്ളത് അതിരറ്റതെന്നു പറയാവുന്ന ഒരു ദയാവായ്പും റാമോ മേഹ്യായിലെ ഇംഗ്ലീഷ് സ്കൂളിൽ വച്ച് പാരിതോഷികങ്ങൾ പലതും നേടിക്കൊടുത്ത പ്രസംഗപാടവവും മാത്രം. തർക്കിക്കുന്നത് അയാൾക്കിഷ്ടമായിരുന്നില്ല; തനിക്കെതിരു നിൽക്കുന്നവരുടെ ഭാഗം ശരിയായാൽ അതാകുമായിരുന്നു അയാൾക്കിഷ്ടപ്പെടുക. ചൂതുകളിയിൽ യാദൃച്ഛികതയുടെ സാധ്യതകൾ അയാളെ ആകർഷിച്ചിരുന്നുവെങ്കിൽക്കൂടി അയാൾ നല്ലൊരു ചൂതുകളിക്കാരനായിരുന്നില്ല; കളി ജയിക്കുന്നത് അയാൾക്കിഷ്ടമായിരുന്നില്ലല്ലോ.
ആൾ ബുദ്ധിമാനായിരുന്നു, എന്തു പഠിക്കാനും വിരോധവുമില്ല; പക്ഷേ അലസനായിരുന്നു. മുപ്പത്തിമൂന്നു വയസ്സായിട്ടും അയാൾ ഡിഗ്രിയെടുത്തിട്ടില്ല; അതാകട്ടെ അയാളുടെ ഇഷ്ടവിഷയത്തിലും. അക്കാലത്തെ എല്ലാ മാന്യന്മാരെയും പോലെ യുക്തിവാദിയായിരുന്ന അയാളുടെ അച്ഛൻ അയാൾക്ക് ഹെർബർട്ട് സ്പെൻസറുടെ ചിന്തകൾ പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. എന്നാൽ ഒരിക്കലയാൾ മോണ്ടെവിഡിയോവിലേക്കു പുറപ്പെടുന്നതിനു മുമ്പ് അമ്മ പറഞ്ഞേൽപ്പിച്ചിരുന്നു, എന്നും രാത്രിയിൽ കർത്താവിന്റെ പ്രാർത്ഥന ചൊല്ലണമെന്നും കുരിശ്ശു വരയ്ക്കണമെന്നും; ഇപ്പോന്ന കാലമത്രയും അയാൾ ആ വാഗ്ദാനം ലംഘിക്കാതെ കാത്തുപോന്നിരിക്കുന്നു. അയാൾക്കു ചുണക്കുറവൊന്നുമുണ്ടായിരുന്നില്ല; ഒരു ദിവസം കാലത്ത് തന്നെ ഏതോ പ്രകടനത്തിൽ പങ്കെടുക്കാൻ നിർബന്ധിച്ച ചില വിദ്യാർത്ഥികളുമായി അയാൾ ചെറിയൊരടികലശലിൽ ഏർപ്പെട്ടിട്ടുള്ളതുമാണ്; അതുപക്ഷേ കോപത്തേക്കാളേറെ ഉദാസീനത കൊണ്ടാണെന്നും പറയേണ്ടിവരും. എതിരു പറയാത്ത പ്രകൃതം കാരണം അയാളുടെ ഉള്ളു നിറയെ സംശയാസ്പദമായ ശീലങ്ങളും അഭിപ്രായങ്ങളുമായിരുന്നു: അർജന്റീനയെക്കാൾ മുഖ്യമായി അയാൾക്കു തോന്നിയത് മറ്റു രാജ്യങ്ങളിലുള്ളവർ തങ്ങളെ തൂവലുകളും വച്ചുനടക്കുന്ന റെഡ് ഇന്ത്യക്കാരായി കരുതിയേക്കുമോ എന്ന ഭീതിയായിരുന്നു. അയാൾ ഫ്രാൻസിനെ ആരാധിച്ചിരുന്നുവെങ്കിലും ഫ്രഞ്ചുകാരെ വെറുപ്പായിരുന്നു; അമേരിക്കക്കാരെ അയാൾക്കത്ര കാര്യമായിരുന്നില്ല, അതേസമയം ബ്യുണെഴ്സ് അയഴ്സിൽ അംബരചുംബികളുള്ളത് അയാളെ അഭിമാനം കൊള്ളിക്കുകയും ചെയ്തു. സമതലത്തിലെ ഗോച്ചോകൾ മലമ്പ്രദേശത്തെ ഗോച്ചോകളെക്കാൾ വലിയ കുതിരസവാരിക്കാരാണെന്നുള്ളതും അയാളുടെ ഒരു വിശ്വാസമായിരുന്നു. വേനൽക്കാലം ലാ കോളൊറാഡായിൽ കഴിക്കാമെന്നു പറഞ്ഞ് അമാവന്റെ മകൻ ഡാനിയൽ വന്നു ക്ഷണിച്ചപ്പോൾ അയാൾ പെട്ടെന്നുതന്നെ സമ്മതം മൂളി- അതു പക്ഷേ അയാൾക്കു നാട്ടുമ്പുറത്തോട് യഥാർത്ഥത്തിൽ ആഭിമുഖ്യമുണ്ടായിരുന്നതു കൊണ്ടായിരുന്നില്ല, മറിച്ച് അയാളുടെ എതിരു പറയാത്ത ശീലം കൊണ്ടു മാത്രമായിരുന്നു; തന്നെയുമല്ല, വരുന്നില്ലെന്നു പറയാൻ നല്ലൊരു കാരണം ഓർത്തെടുക്കാൻ അയാൾക്കു കഴിഞ്ഞതുമില്ല.
കളത്തിലെ പ്രധാനകെട്ടിടം വലിപ്പമുള്ളതും ജീർണ്ണിച്ചുതുടങ്ങിയതുമായിരുന്നു; മേസ്ത്രിയായ ഗുത്രെയുടെ താമസം തൊട്ടടുത്തു തന്നെയായിരുന്നു. ഗുത്രെ കുടുംബത്തിൽ മൂന്നംഗങ്ങളുണ്ടായിരുന്നു: അച്ഛൻ, വല്ലാതെ അവലക്ഷണം പിടിച്ച ഒരു മകൻ, പിന്നെ പിതൃത്വം നിശ്ചയമില്ലാത്ത ഒരു പെൺകുട്ടിയും. എല്ലാവരും ഉയരം വച്ച്, ബലത്ത ശരീരമുള്ളവരും എല്ലുമുഴുപ്പുള്ളവരുമായിരുന്നു; ചെമ്പിച്ച മുടി, മുഖത്ത് റഡ് ഇന്ത്യൻ രക്തത്തിന്റെ പാടുകൾ. അവർ മിണ്ടാറുതന്നെയില്ല എന്നു പറയാം; മേസ്ത്രിയുടെ ഭാര്യ വർഷങ്ങൾക്കു മുമ്പേ മരിച്ചുപോയിരിക്കുന്നു.
നാട്ടുമ്പുറത്തു വച്ച് എസ്പിനോസാ തനിക്കറിയാത്തതും, അങ്ങനെയൊന്നുണ്ടെന്നു സംശയിച്ചിട്ടുപോലുമില്ലാത്തതുമായ കാര്യങ്ങൾ പഠിക്കാൻ തുടങ്ങി. ഉദാഹരണത്തിന്, വീടടുക്കുമ്പോൾ കുതിരകളെ കുതിച്ചോടിക്കരുതെന്ന്, വിശേഷിച്ചെന്തെകിലുമുണ്ടെങ്കിലല്ലാതെ കുതിരപ്പുറത്തു പോകരുതെന്ന്. വേനൽ കഴിയാറാകുമ്പോഴേക്കും കിളികളെ പാട്ടു കേട്ടു തിരിച്ചറിയാൻ അയാൾക്കു കഴിഞ്ഞിരുന്നു.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എന്തോ കാലിക്കച്ചവടം ഉറപ്പിക്കാനായി ഡാനിയലിന് ബ്യൂണഴ്സ് അയഴ്സിലേക്കു പോകേണ്ടിവന്നു. കൂടിവന്നാൽ ഒരാഴ്ചത്തെ കാര്യമേയുള്ളു. തന്റെ ബന്ധുവിന് സ്ത്രീവിഷയത്തിലുള്ള നിരന്തരഭാഗ്യത്തെക്കുറിച്ചും ഫാഷന്റെ സൂക്ഷ്മാംശങ്ങളിലുള്ള അക്ഷീണതാൽപര്യത്തെക്കുറിച്ചും കേട്ടുകേട്ട് ഒരുതരം മുഷിച്ചിൽ വന്നുതുടങ്ങിയിരുന്ന എസ്പിനോസ തന്റെ പുസ്തകങ്ങളുമായി കളത്തിൽത്തന്നെ കൂടാമെന്നു വച്ചു. പക്ഷേ അസഹ്യമായിരുന്നു ഉഷ്ണം; രാത്രി പോലും ആശ്വാസമേകിയില്ല. ഒരു പുലർച്ചെ ഇടിമുഴക്കം അയാളെ ഉണർത്തി; ചൂളമരങ്ങളിൽ കാറ്റാഞ്ഞുവീശി. പുതുമഴയ്ക്കു ചെവി കൊടുത്തുകൊണ്ട് എസ്പിനോസ ദൈവത്തിനു നന്ദി പറഞ്ഞു. പെട്ടെന്ന് തണുത്ത കാറ്റ് അകത്തേക്കടിച്ചു കയറി. അന്നു വൈകിട്ട് സലാഡോ കരകവിഞ്ഞു.
പിറ്റേന്നു കാലത്ത് മട്ടുപ്പാവിൽ നിന്നുകൊണ്ട് വെള്ളം കയറിയ സമതലം നിരീക്ഷിക്കുമ്പോൾ ബാൽതസാർ എസ്പിനോസയ്ക്കു ബോധ്യമായി, പാമ്പയുടെ പരപ്പിനെ കടലിനോടുപമിക്കുന്ന ആ സ്ഥിരം രൂപകം അത്രയ്ക്കങ്ങു പിശകിപ്പോയിട്ടില്ലെന്ന്; കുറഞ്ഞപക്ഷം ആ പ്രഭാതത്തിലെങ്കിലും. രണ്ടിലും വച്ച് കടലിനു കൂടുതൽ വിസ്തൃതി തോന്നുന്നുണ്ടെങ്കിൽ അതിനു കാരണം നാമതിനെ വീക്ഷിക്കുന്നത് കുതിരപ്പുറത്തോ, കൺനിരപ്പിലോ അല്ലാതെ കപ്പൽത്തട്ടിൽ നിന്നു കൊണ്ടായതു കൊണ്ടാണെന്ന് ഹഡ്സൺ പറഞ്ഞിട്ടുമുണ്ടല്ലോ. മഴയ്ക്കു ശമനമുണ്ടായില്ല. എസ്പിനോസായുടെ സഹായത്തോടെ-ആ നഗരവാസിയുടെ സഹായം അവർക്കൊരു തടസ്സമായിട്ടാണു വന്നതെന്നും വരാം-ഗുത്രെകുടുംബം കന്നുകാലികളിൽ കുറേയെണ്ണത്തിനെ രക്ഷപ്പെടുത്തി; എന്നിട്ടും കുറേ ചത്തു. കളത്തിലേക്കു വരുന്ന നാലു വഴികളുണ്ടായിരുന്നു; നാലും വെള്ളത്തിനടിയിലായിരുന്നു. മൂന്നാമത്തെ ദിവസം ഒരു ചോർച്ച മേസ്തിരിയുടെ പുരയെ അപകടപ്പെടുത്തുമെന്നായപ്പോൾ വീടിനു പിന്നിൽ പണിയായുധങ്ങൾ സൂക്ഷിക്കുന്ന ചായ്പിനോടു ചേർന്നുള്ള ഒരു മുറി എസ്പിനോസാ അവർക്കു വിട്ടുകൊടുത്തു. ഇതവരെ തമ്മിൽ കൂടുതലടുപ്പിച്ചു. വീട്ടിലെ വലിയ തീൻമുറിയിൽ ഒരുമിച്ചായി അവരുടെ ഭക്ഷണം. സംഭാഷണം ദുഷ്കരമായി അനുഭവപ്പെട്ടു. നാട്ടുകാര്യങ്ങളെക്കുറിച്ച് അത്രയധികം വിവരമുണ്ടായിരുന്ന ഗുത്രെകുടുംബത്തിന് അതൊന്നു പറഞ്ഞുമനസ്സിലാക്കുക കഠിനയത്നമായിരുന്നു. അതിർത്തിപ്പട്ടാളം ജൂനിനിൽ താവളമടിച്ചിരുന്ന കാലത്ത് റഡ് ഇന്ത്യാക്കാർ മിന്നലാക്രമണം നടത്തിയത് ഓർമ്മയുണ്ടോയെന്ന് ഒരിക്കലയാൾ അവരോടു ചോദിച്ചു. ഉണ്ടെന്നായിരുന്നു അവരുടെ ഉത്തരം. പക്ഷേ ചാൾസ് ഒന്നാമന്റെ ശിരഃഛേദത്തെക്കുറിച്ചു ചോദിച്ചാലും അവർ ഇതേ ഉത്തരം നൽകുമായിരുന്നു. നാട്ടുമ്പുറത്തു കണ്ടുവരുന്ന ദീർഘായുസ്സുകളൊക്കെ ഒന്നുകിൽ ഓർമ്മക്കുറവിന്റെയോ, അതുമല്ലെങ്കിൽ തീയതികളെക്കുറിച്ചുള്ള അവ്യക്തധാരണയുടെയോ ഫലമായിരിക്കുമെന്ന് അച്ഛൻ പറയാറുള്ളത് അയാൾ അപ്പോഴോർത്തു-ഗോച്ചോകൾക്ക് തങ്ങൾ ജനിച്ച വർഷമോ, തങ്ങളെ ജനിപ്പിച്ച മനുഷ്യന്റെ പേരോ അറിയാതിരിക്കാൻ ഒരു വാസന തന്നെയുണ്ട്.
വീട്ടിലാകെക്കൂടി വായിക്കാനുള്ളതായി കണ്ടത് ഏതോ കാർഷികമാസികയുടെ പല ലക്കങ്ങൾ, മൃഗവൈദ്യത്തെക്കുറിച്ച് ഒരു മാനുവൽ, ഉറുഗ്വേയൻ ഇതിഹാസമായ തബരേയുടെ ഒരു ഡീലക്സ് പതിപ്പ്, ശൃംഗാരമോ കുറ്റാന്വേഷണമോ വിഷയമാക്കിയിട്ടുള്ള ഒരടുക്കു കഥകൾ, അർജന്റീനയിലെ കുറുംകൊമ്പൻ കാലികളുടെ ചരിത്രം എന്ന പുസ്തകത്തിന്റെ ഒരു കോപ്പി എന്നിവയും, പിന്നെ ഡോൺ സെഗുണ്ടോ സോംബ്ര എന്ന പേരിൽ അടുത്ത കാലത്തിറങ്ങിയ, എസ്പിനോസാ വായിക്കാത്ത ഒരു നോവലും മാത്രമായിരുന്നു. അത്താഴശേഷമുള്ള അനിവാര്യമായ സംഭാഷണശ്രമങ്ങൾക്കു ജീവൻ കൊടുക്കാനുള്ള ഒരുപാധിയെന്ന നിലയിൽ ഈ നോവലിന്റെ രണ്ടദ്ധ്യ്യായങ്ങൾ എഴുത്തും വായനയും അറിയാത്ത ഗുത്രെകുടുംബത്തെ വായിച്ചുകേൾപ്പിച്ചാലോ എന്ന് അയാൾ ചിന്തിച്ചു. നിർഭാഗ്യത്തിന് മേസ്ത്രിയും ഒരുകാലത്ത് കാലിതെളിപ്പുകാരനായിരുന്നു; കാലിതെളിപ്പുകാരനായ മറ്റൊരാളുടെ ചെയ്തികൾ അയാളുടെ താൽപര്യത്തെ ഉണർത്താൻ മതിയായില്ല. ഇതാർക്കുമെഴുതാവുന്നതാണെന്നായി അയാൾ; തെളിപ്പുകാർ തങ്ങൾക്കാവശ്യം വരുന്നതൊക്കെ ഒരു കഴുതപ്പുറത്തു കയറ്റി കൂടെ കൊണ്ടുപോകാറുള്ളതാണ്. കാലിതെളിപ്പുകാരനായിരുന്നില്ലെങ്കിൽ താനൊരിക്കലും ഗോമസ് തടാകമോ, ബ്രഗാഡോ പുഴയോ, ചകാബുകോവിലെ നൂനസ് കൃഷിക്കളമോ കാണാൻ പോകുന്നിലെന്നും അയാൾ പറഞ്ഞു...
വീട്ടിൽ ഒരു ഗിത്താറുണ്ടായിരുന്നു; ഞാൻ ഈ വിവരിക്കുന്ന സംഭവം നടക്കുന്ന കാലത്തിനു മുമ്പ് പണിക്കാർ വട്ടമിട്ടിരിക്കും; ഒരാൾ ഗിത്താറെടുത്ത് വെറുതെ മീട്ടിക്കൊണ്ടിരിക്കും; പക്ഷേ അതു വായിക്കുക എന്നത് അയാളുടെ കഴിവിനപ്പുറമായിരിക്കും. 'ഗിത്താർ തട്ടൽ' എന്നാണ് ഇതറിയപ്പെട്ടിരുന്നത്.
താടി വളർത്തിത്തുടങ്ങിയിരുന്ന എസ്പിനോസ തന്റെ പുതിയ മുഖം നിരീക്ഷിച്ചുകൊണ്ട് കണ്ണാടിയ്ക്കു മുന്നിൽ നിൽക്കുക പതിവായി; ബ്യൂണേഴ്സ് അയഴ്സിൽ മടങ്ങിച്ചെല്ലുമ്പോൾ സലാഡോയിലെ വെള്ളപ്പൊക്കത്തെക്കുറിച്ചു പറഞ്ഞ് താൻ കൂട്ടുകാരെ ബോറടിപ്പിക്കുന്നത് മനസ്സിൽ കണ്ടപ്പോൾ അയാൾക്കു ചിരിവന്നു. വിചിത്രമെന്നു പറയട്ടെ, താനൊരിക്കലും പോയിട്ടില്ലാത്ത, ഇനിയൊരിക്കലും പോകാനിടയില്ലാത്ത ചില സ്ഥലങ്ങളെക്കുറിച്ചോർത്ത് അയാൾക്കെന്തോ നഷ്ടബോധം തോന്നി-കാബ്രെരാ തെരുവിൽ തപാൽപ്പെട്ടി വച്ചിരുന്ന ഒരു മൂല, പ്ലാസാ ഡെൽ ഒൻസിനൽപ്പമകലെയായി ജുജൂയ് തെരുവിലെ ഒരു ഗേറ്റിലുണ്ടായിരുന്ന രണ്ടു സിമന്റ് സിംഹങ്ങൾ, എവിടെയെന്ന് അത്ര നിശ്ചയം പോരാത്ത തറയോടു പാകിയ പഴയൊരു കട. അച്ഛന്റെയും സഹോദരന്മാരുടെയും കാര്യം പറയാനാണെങ്കിൽ, അയാൾ പ്രളയജലത്താൽ വലയം ചെയ്യപ്പെട്ടിരിക്കുകയാണെന്ന് അവർ ഇതിനകം ഡാനിയലിൽ നിന്നറിഞ്ഞിരിക്കണം.
വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടുനിന്ന വീടിന്റെ അകം തിരയുകയായിരുന്ന എസ്പിനോസ ഒരു ഇംഗ്ലീഷ് ബൈബിൾ കണ്ടെടുത്തു. അതിന്റെ അവസാനത്തെ പേജുകളിൽ ഗുത്രിക്കാർ(അതായിരുന്നു അവരുടെ ശരിക്കുള്ള പേര്) തങ്ങളുടെ വംശാവലി എഴുതിയിട്ടിരുന്നു. ഇൻവേർണസ്കാരാണവർ; പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, കൂലിപ്പണിക്കാരായിട്ടുതന്നെയാവണം, അമേരിക്കയിലെത്തിയ ഇവർ റഡ് ഇന്ത്യാക്കാരുമായി വിവാഹബന്ധത്തിലേർപ്പെട്ടു. 1870 ആകുമ്പോഴേക്കും ചരിത്രം മുറിയുന്നു; അപ്പോഴേക്കും അവർക്ക് എഴുത്തു വശമില്ലാതായിക്കഴിഞ്ഞിരിക്കുന്നു. ചില തലമുറകൾക്കു ശേഷം ഇംഗ്ലീഷും അവർക്കു മറവിയിൽപ്പെടുന്നു. എസ്പിനോസ പരിചയപ്പെടുന്ന കാലത്ത് അവരുടെ സ്പാനിഷും അത്ര മോശമായികഴിഞ്ഞിരിക്കുന്നു. മതവിശ്വാസമെന്നത് അവർക്കില്ല; അതേസമയം പമ്പാഇന്ത്യക്കാരുടെ അന്ധവിശ്വാസങ്ങൾക്കൊപ്പം കാൽവിനിസ്റ്റുകളുടെ മതകാർശ്യവും അവരുടെ രക്തത്തിൽ അവ്യക്തമായ വഴിത്താരകൾ പോലെ മറഞ്ഞുകിടപ്പുണ്ടായിരുന്നു. എസ്പിനോസ തന്റെ കണ്ടുപിടുത്തത്തെക്കുറിച്ച് അവരോടു സൂചിപ്പിച്ചപ്പോൾ അവർ അതു ശ്രദ്ധിച്ചതു തന്നെയില്ല.
താളുകൾ മറിച്ചുപോകെ മാർക്കോസിന്റെ സുവിശേഷം തുടങ്ങുന്നിടത്തു വച്ച് അയാളുടെ വിരലുകൾ നിന്നു. ഒരു വിവർത്തനശ്രമമെന്ന നിലയിലും, ഇനിയഥവാ അവർക്കെന്തെങ്കിലും മനസ്സിലാകുന്നുണ്ടോയെന്നറിയാനുമാകാം, അത്താഴം കഴിഞ്ഞിരിക്കുന്ന സമയത്ത് അവർക്ക് അതിൽ നിന്നു വായിച്ചുകൊടുക്കാമെന്ന് അയാൾ തീരുമാനിച്ചു. അവർ ആദ്യം താൽപര്യത്തോടെയും പിന്നെ അതിൽ ലയിച്ചുചേർന്നും കേട്ടിരുന്നു എന്നത് അയാളെ അത്ഭുതപ്പെടുത്തി. പുസ്തകത്തിന്റെ പുറംചട്ടയിലെ സ്വർണ്ണലിപികൾ അവരുടെ കണ്ണിൽ അതിനൊരു പ്രാമാണികത നൽകിയതാവാം. 'അതവരുടെ രക്തത്തിലുണ്ട്,' എസ്പിനോസ മനസ്സിൽ പറഞ്ഞു. മറ്റൊന്നു കൂടി അയാൾക്കു മനസ്സിൽ വന്നു: രേഖപ്പെടുത്തപ്പെട്ട കാലമിന്നോളം മനുഷ്യൻ പേർത്തും പേർത്തും പറഞ്ഞുപോന്ന രണ്ടു കഥകളുണ്ട്- പ്രിയപ്പെട്ടൊരു ദ്വീപു തേടി മധ്യധരണ്യാഴിയിൽ വഴി തെറ്റിയലയുന്ന ഒരു നൗകയുടെ കഥ, പിന്നെ ഗാഗുൽത്തായിൽ കുരിശുമരണം വരിയ്ക്കുന്ന ഒരു ദൈവത്തിന്റെ കഥ. റാമോ മേഹ്യായിൽ പഠിക്കുന്ന കാലത്തെ വാഗ്പാടവത്തിന്റെ പാഠങ്ങൾ ഓർത്തുകൊണ്ട് ദൃഷ്ടാന്തകഥകൾ എത്തിയപ്പോൾ അയാൾ എഴുന്നേറ്റുനിന്നായി വായന.
പിന്നീടാകട്ടെ, നേരത്തേ സുവിശേഷവായന കേൾക്കാനായി ഗുത്രെകുടുംബം മത്തിയും ചുട്ട മാംസവും വാരിവിഴുങ്ങി വന്നിരിക്കുക പതിവായി.
പെൺകുട്ടിയ്ക്ക് ഒരു കുഞ്ഞാടുണ്ടായിരുന്നു; ഒരു നീലറിബ്ബണും കെട്ടി ഓമനിച്ചു വളർത്തുന്നതാണതിനെ. ഒരു ദിവസം കമ്പിവേലിയിൽ തട്ടി അതിനു മുറിവു പറ്റി; ചോരവാർച്ച നിർത്താനായി അവർ മുറിവിൽ മാറാല വെച്ചുകെട്ടാൻ തുടങ്ങുമ്പോൾ എസ്പിനോസ ചില ഗുളികകൾ കൊടുത്ത് അതിനെ സുഖപ്പെടുത്തി. ഈ ശുശ്രൂഷ അവരിലുളവാക്കിയ കൃതജ്ഞത അയാളെ അമ്പരപ്പിച്ചുകളഞ്ഞു. ആദ്യമൊക്കെ അവരെ അയാൾക്ക് അത്ര വിശ്വാസമില്ലായിരുന്നു; അതു കാരണം താൻ കൊണ്ടുവന്നിരുന്ന ഇരുനൂറ്റിനാൽപതു പെസോ അയാൾ തന്റെ ഒരു പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ചുവയ്ക്കുകയും ചെയ്തിരുന്നു; ഇപ്പോൾ ഡാനിയൽ വീട്ടിലില്ലാത്ത സ്ഥിതിയ്ക്ക് അയാൾ തന്നെ ചുമതല ഏറ്റെടുത്ത് അറച്ചറച്ച് ഉത്തരവുകൾ നൽകാൻ തുടങ്ങി; അവയെല്ലാം തത്ക്ഷണം തന്നെ അനുസരിക്കപ്പെടുകയും ചെയ്തു. അയാളില്ലെങ്കിൽ തങ്ങൾക്കു വഴിതെറ്റിപ്പോകുമെന്ന പോലെ ഗുത്രെകുടുംബം അയാൾക്കു പിന്നിൽ നിന്നൊഴിയാതെ നിന്നു. താൻ വായിച്ചുകൊണ്ടിരിക്കുമ്പോൾ അറിയാതെ മേശപ്പുറത്തു വീഴുന്ന ആഹാരാവശിഷ്ടങ്ങൾ അവർ എടുത്തുമാറ്റുന്നത് ഒരിക്കൽ അയാളുടെ ശ്രദ്ധയിൽപ്പെട്ടു. ഒരു സന്ധ്യനേരത്ത് അപ്രതീക്ഷിതമായി അയാൾ ചെന്നുകയറുമ്പോൾ അവർ തന്നെക്കുറിച്ച് വളരെ ബഹുമാനത്തോടെ, ചുരുക്കം വാക്കുകളിൽ സംസാരിക്കുന്നതും അയാൾ കേട്ടു. മാർക്കോസിന്റെ സുവിശേഷം തീർന്നപ്പോൾ അയാൾ മറ്റൊരു സുവിശേഷം വായിക്കാൻ തുടങ്ങി; എന്നാൽ അച്ഛൻഗുത്രെ പറഞ്ഞത് വായിച്ചുകഴിഞ്ഞ സുവിശേഷം ഒന്നുകൂടി വായിക്കാനാണ്; എങ്കിൽ തങ്ങൾക്കത് കുറച്ചുകൂടി നന്നായി മനസ്സിലാകുമല്ലോ. ഇവർ കുട്ടികളേപ്പൊലെയാണല്ലോയെന്ന് എസ്പിനോസ മനസ്സിലോർത്തു; കുട്ടികൾക്കിഷ്ടം വ്യതിയാനങ്ങളോ പുതുമയോ അല്ല, ആവർത്തനമാണല്ലോ. ഒരു ദിവസം രാത്രിയിൽ അയാൾ പ്രളയം സ്വപ്നം കണ്ടു(അതിൽ അത്ഭുതപ്പെടാനില്ല); പെട്ടകം പണിയുന്നതിന്റെ ചുറ്റികയടികൾ കെട്ട് അയാൾ ഉറക്കമുണർന്നു. ഇടിമുഴക്കമാണെന്നാണ് അയാൾക്കു തോന്നിയത്. കുറേ നേരത്തേക്ക് ശമനമുണ്ടായിരുന്ന മഴ വീണ്ടും കോരിച്ചൊരിഞ്ഞു തുടങ്ങിയിരുന്നു. തണുപ്പും കഠിനമായി. മഴ കാരണം ചായ്പ്പിന്റെ മേൽക്കൂര പൊളിഞ്ഞുപോയെന്നും, നന്നാക്കിക്കഴിഞ്ഞാൽ കൊണ്ടുപോയി കാണിക്കാമെന്നും ഗുത്രെകുടുംബം അയാളെ അറിയിച്ചു. അയാൾ ഒരന്യനോ പരദേശിയോ അല്ലാതായിക്കഴിഞ്ഞിരുന്നു; എല്ലാവർക്കും അയാളോടു ബഹുമാനമായിരുന്നു; ലാളനയോളമെത്തുന്ന ശ്രദ്ധയാണ് അവർ അയാളോടു കാണിച്ചത്. അവർക്കാർക്കും കാപ്പി ഇഷ്ടമായിരുന്നില്ല; എന്നിട്ടും അയാൾക്കായി മധുരം കൂട്ടിയ ഒരു കൊച്ചുകപ്പു കാപ്പി അവർ കരുതിയിട്ടുണ്ടാവും.
രണ്ടാമതും കൊടുങ്കാറ്റു വീശുന്നത് ഒരു ചൊവ്വാഴ്ചയാണ്. വ്യാഴാഴ്ച രാത്രിയിൽ അയാളുടെ വാതിലിൽ ആരോ പതുക്കെ തട്ടി; ഒരു കരുതലെന്ന നിലയിൽ അയാൾ എപ്പോഴും കതകു കുറ്റിയിടാറുണ്ടായിരുന്നല്ലോ. അയാൾ എഴുന്ന്നേറ്റു ചെന്ന് വാതിൽ തുറന്നു; അത് ആ പെൺകുട്ടിയായിരുന്നു. ഇരുട്ടത്ത് അയാൾക്ക് അവളുടെ രൂപം വ്യക്തമായില്ല; പക്ഷേ അവളുടെ കാൽപ്പെരുമാറ്റം കേട്ടപ്പോൾ അയാൾക്കു മനസ്സിലായി, അവൾ ചെരുപ്പിട്ടിട്ടില്ലെന്ന്; അവൾ വീടിന്റെ അങ്ങേയറ്റത്തു നിന്ന് ഇവിടത്തോളം നഗ്നയായിട്ടാണു വന്നതെന്നു പിന്നീട് കിടക്കയിൽ വച്ചും അയാളറിഞ്ഞു. അവൾ അയാളെ ആലിംഗനം ചെയ്യുകയോ, എന്തെങ്കിലും പറയുകയോ ചെയ്തില്ല. അവൾ അയാളുടെ അരികത്തു കിടന്നു; അവൾ കിടുങ്ങിവിറയ്ക്കുകയായിരുന്നു. ഇതാദ്യമായിട്ടാണ് അവൾ ഒരു പുരുഷനോടൊപ്പം കിടക്കുന്നത്. തിരിച്ചുപോകുമ്പോൾ അവൾ അയാളെ ചുംബിച്ചതുമില്ല; തനിക്കവളുടെ പേരു കൂടി അറിയില്ലല്ലോയെന്ന് എസ്പിനോസ മനസ്സിലോർത്തു. ചുഴിഞ്ഞന്വേഷിക്കാൻ താൽപര്യം തോന്നാതിരുന്ന എന്തോ കാരണം കൊണ്ട് അയാൾ മനസ്സിൽ പ്രതിജ്ഞയെടുത്തു, ബ്യൂണേഴ്സ് അയഴ്സിൽ മടങ്ങിയെത്തുമ്പോൾ ഈ നടന്നതിനെക്കുറിച്ച് താൻ ആരോടും ഒരക്ഷരം മിണ്ടുകയില്ല എന്ന്.
അടുത്ത ദിവസം പൂർവ്വദിനങ്ങൾ പോലെ തന്നെ ആരംഭിച്ചു. അന്നുപക്ഷേ അച്ചൻഗുത്രെ എസ്പിനോസയോടു സംസാരിക്കാൻ നിന്നു. മനുഷ്യജാതിയെ രക്ഷിക്കാനായി ക്രിസ്തു ബലിയാവുകയായിരുന്നോയെന്ന് അയാൾ ആരാഞ്ഞു. തന്റെ അച്ഛനെപ്പോലെ യുക്തിവാദിയായിരുന്നുവെങ്കിലും, താൻ വായിച്ചുകൊടുത്തതിന് എതിരു വരരുതല്ലോ എന്ന ചിന്തയോടെ എസ്പിനോസ ഇങ്ങനെ മറുപടി പറഞ്ഞു:
'അതെ, മനുഷ്യജാതിയിൽപ്പെട്ട സകലരെയും നരകത്തിൽ നിന്നു രക്ഷിക്കാൻ.'
'എന്താണു നരകം?' ഗുത്രെ പിന്നെ ചോദിച്ചു.
'അത് ഭൂമിക്കടിയിൽ ആത്മാക്കൾ എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരിടമാണ്.'
'ആണിയടിച്ചുകയറ്റിയ ആ പട്ടാളക്കാർ, അവർക്കും രക്ഷ കിട്ടിയോ?'
'ഉവ്വ്,' എസ്പിനോസ പറഞ്ഞു; ദൈവശാസ്ത്രത്തിൽ അയാളുടെ പരിജ്ഞാനം അത്ര സൂക്ഷ്മമല്ലായിരുന്നു. (തലേ രാത്രി തന്റെ മകളുമായി നടന്നതിനെക്കുറിച്ചെങ്ങാനും മേസ്ത്രി ചോദിച്ചേക്കുമോയെന്നായിരുന്നു അയാളുടെ ഭയം.)
ഉച്ചയ്ക്ക് ആഹാരം കഴിഞ്ഞിരുന്നപ്പോൾ അവസാനത്തെ അദ്ധ്യായങ്ങൾ ഒന്നുകൂടി വായിക്കാൻ അവർ ആവശ്യപ്പെട്ടു.
അന്നുച്ചതിരിഞ്ഞ് എസ്പിനോസ ദീർഘമായ ഒരു മയക്കത്തിലാണ്ടു. നിരന്തരമായ ചുറ്റികയടികളും അസ്പഷ്ടമായ ദുസ്സൂചനകളും കൊണ്ടു തടസ്സപ്പെട്ട പാതിമയക്കം.
സന്ധ്യയായപ്പോൾ അയാൾ എഴുന്നേറ്റ് ഹാളിലേക്കു ചെന്നു. 'വെള്ളമിറങ്ങിക്കഴിഞ്ഞു,'
ഉറക്കെ ചിന്തിക്കുന്നതു പോലെ അയാൾ പറഞ്ഞു. 'ഇനി അധികനേരം വേണ്ട.’
'ഇനി അധികനേരം വേണ്ട,' മാറ്റൊലി പോലെ ഗുത്രെയും പറഞ്ഞു.
അവർ മൂവരും അയാളെ പിന്തുടരുകയായിരുന്നു. കല്ലു പാകിയ തറയിൽ മുട്ടുകുത്തി അവർ അയാളോട് അനുഗ്രഹം ചോദിച്ചു. പിന്നെ അവർ അയാളെ നിന്ദിക്കുകയും ദേഹത്തു കാറിത്തുപ്പുകയും ചെയ്തിട്ട് വീടിന്റെ പിൻഭാഗത്തേക്ക് അയാളെ ഉന്തിത്തള്ളിക്കൊണ്ടുപോയി. പെൺകുട്ടി തേങ്ങി. വാതിലിനപ്പുറം തന്നെ കാത്തിരിക്കുന്നതെന്താണെന്ന് എസ്പിനോസായ്ക്കു ബോധ്യമായി. അവർ അതു തുറന്നപ്പോൾ അയാൾ ആകാശം കണ്ടു. ഒരു കിളി കരഞ്ഞു; ഗോൾഡ്ഫിഞ്ചാണത്, അയാൾ മനസ്സിൽ പറഞ്ഞു. ചായ്പ്പിനു കൂരയുണ്ടായിരുന്നില്ല; കുരിശു തീർക്കാനായി അവർ കഴുക്കോലുകൾ പൊളിച്ചിറക്കിയിരുന്നു.
___________________________________________________________
പാമ്പാ-തെക്കേ അമേരിക്കയിലെ മരങ്ങൾ വളരാത്ത പുല്ലുമൈതാനങ്ങൾ
ഗോച്ചോ-പാമ്പായിലെ കാലിതെളിപ്പുകാർ
ഗോൾഡ്ഫിഞ്ച്-ക്രിസ്തുവിന്റെ പീഡാനുഭവവും മുൾക്കിരീടവുമായി ബന്ധപ്പെട്ട പ്രതീകം
Link to English Version

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ