2016, മാർച്ച് 4, വെള്ളിയാഴ്‌ച

യാക്കോവ് ലിൻഡ് - രാത്രിയാത്ര

തിരിഞ്ഞുനോക്കുമ്പോൾ നിങ്ങൾ എന്തു കാണുന്നു? ഒരു വസ്തുവുമില്ല. മുന്നിലേക്കു നോക്കുമ്പോഴോ? അത്ര പോലുമില്ല. ശരിയാണത്. കാര്യങ്ങൾ അങ്ങനെയാണ്‌.

കാലത്തു മൂന്നു മണിയായിരുന്നു, മഴ പെയ്യുന്നുണ്ടായിരുന്നു. ട്രെയിൻ എവിടെയും നിർത്തിയില്ല. അങ്ങു നാട്ടിൻപുറത്തെവിടെയോ വെളിച്ചങ്ങൾ കാണാനുണ്ട്; പക്ഷേ അവ നക്ഷത്രങ്ങളാണോ ജനാലകളാണോ എന്നു തീർച്ചപ്പെടുത്താനാവില്ല.

പാളങ്ങൾ പാളങ്ങൾ തന്നെ- പക്ഷേ മേഘങ്ങൾക്കിടയിൽ പാളങ്ങൾ ഉണ്ടാവരുതെന്നില്ലല്ലോ?
ഈ യാത്രയുടെ അന്ത്യത്തിലെവിടെയോ ആണ്‌ പാരീസ്. ഏതു പാരീസ്? കഫേകളും പച്ച ബസ്സുകളും ജലധാരകളും അഴുക്കു പിടിച്ച വെള്ളച്ചുമരുകളുമുള്ള ഭൂമിയിലെ പാരീസ്? അതോ സ്വർഗ്ഗീയമായ പാരീസോ? ജനാലയിലൂടെ ബോയ് ദു ബൊളോണേ കാണാവുന്ന, കാർപെറ്റു വിരിച്ച കുളിമുറികൾ?

നീലിച്ച വെളിച്ചത്തിൽ എന്‍റെ സഹയാത്രികൻ ഒന്നുകൂടി വിളറിയിരുന്നു. അയാളുടെ മൂക്ക് നീണ്ടുകൂർത്തതായിരുന്നു, ചുണ്ടുകൾ നേർത്തതായിരുന്നു, പല്ലുകൾ അസാധാരണമായ വിധം ചെറുതുമായിരുന്നു. ഒരു സീലിന്‍റേതു പോലെ എണ്ണ മിനുങ്ങുന്നതായിരുന്നു അയാളുടെ മുടി. ഒരു മീശ, അതിന്‍റെ കുറവേയുള്ളു. മൂക്കു നിലത്തു കുത്തി ബാലൻസു ചെയ്തു നില്ക്കാൻ അയാൾക്കു കഴിഞ്ഞേക്കാം. ഉടുപ്പിനടിയിൽ അയാൾ നനഞ്ഞിരിക്കുകയുമാണ്‌. എന്താണയാൾ തന്‍റെ തേറ്റ പുറത്തെടുക്കാത്തത്?

ആ ‘കാര്യങ്ങൾ അങ്ങനെയാണ്‌’ എന്നതിനു ശേഷം അയാൾ ഒന്നും മിണ്ടിയില്ല. എല്ലാം അതുകൊണ്ടു തീർപ്പാക്കിയ പോലെയാണ്‌. ഇപ്പോഴയാൾ പുക വലിക്കുകയാണ്‌.

അയാളുടെ തൊലിക്കു നരച്ച നിറമാണ്‌- അതു കാണാവുന്നതേയുള്ളു; അതു വലിഞ്ഞുമുറുകി നില്ക്കുകയുമാണ്‌. അയാൾക്കൊന്നു ചൊറിയാൻ തോന്നിയാൽ അതു പൊളിഞ്ഞുവരും. കാണാൻ വേറെ എന്തിരിക്കുന്നു? അയാൾക്കു സ്വന്തമായി ഒരു മുഖവും ഒരു സ്യൂട്ട്കേസുമുണ്ട്. സ്യൂട്ട്കേസിൽ അയാൾ എന്താണു കൊണ്ടുനടക്കുന്നത്? പണിയായുധങ്ങൾ? അറുക്കവാൾ, ചുറ്റിക, ഉളി? തമരും കാണുമോ? എന്തിനാണ്‌ അയാൾക്കത്? തലയോട്ടികളിൽ തുളയിടാനോ? ചിലർ ബിയറു കുടിക്കുന്നത് അങ്ങനെയാണ്‌. ഒഴിഞ്ഞാൽ അതിൽ ചായമടിക്കാം. അയാൾ എന്‍റെ മുഖത്തു ചായമടിക്കുമോ? എന്തൊക്കെ നിറങ്ങൾ? ജലച്ചായമോ എണ്ണച്ചായമോ? എന്തിനു വേണ്ടി? ഈസ്റ്റർ സമയത്ത് കുട്ടികൾ ഒഴിഞ്ഞ മുട്ടത്തോടുകൾ കൊണ്ടു കളിക്കും. ഈയാളുടെ കളി തലയോട്ടികൾ കൊണ്ടാണ്‌.

അപ്പോൾ, സിഗററ്റു കെടുത്തിയിട്ട് ഉറപ്പിച്ചൊന്നും പറയാത്ത പോലെ അയാൾ പറഞ്ഞു. മാന്തുന്ന ശബ്ദമുണ്ടാക്കിക്കൊണ്ട് അലൂമിനിയം ഭിത്തിയിൽ അയാൾ അതു വച്ചുരച്ചു. അപ്പോൾ, അതിനെക്കുറിച്ചെന്തു പറയുന്നു?

എനിക്കറിയില്ല, ഞാൻ പറഞ്ഞു. എനിക്കൊരു തീരുമാനമെടുക്കാൻ പറ്റുന്നില്ല. ഈ കക്ഷിക്കു തമാശ പറഞ്ഞാൽ മനസ്സിലാവില്ലേ?

നിങ്ങൾക്ക് ഉള്ളുറപ്പ് അല്പം കുറവുണ്ടെന്നു തോന്നുന്നു, അയാൾ പറഞ്ഞു. എന്തെങ്കിലും തീരുമാനമെടുക്കാനുണ്ടെങ്കിൽ ഇപ്പോഴായിക്കോ; അര മണിക്കൂർ കഴിഞ്ഞാൽ നിങ്ങൾ എന്തായാലും ഉറക്കമാവും. അപ്പോൾ പിന്നെ എനിക്കു നിങ്ങളെ എന്തു വേണമെങ്കിലും ചെയ്യാമല്ലൊ.

ഇന്നു രാത്രി ഞാൻ ഉറങ്ങുന്നില്ല, ഞാൻ പറഞ്ഞു. നിങ്ങൾ എനിക്ക് മുന്നറിയിപ്പ് തന്നുകഴിഞ്ഞല്ലോ.
മുന്നറിയിപ്പു കൊണ്ട് ഒരു കാര്യവുമില്ല, അയാൾ പറഞ്ഞു. മൂന്നിനും നാലിനുമിടയിൽ ആരായാലും നല്ല ഉറക്കത്തിലായിരിക്കും. നിങ്ങൾ പഠിച്ചയാളല്ലേ, അതൊക്കെ അറിഞ്ഞിരിക്കേണ്ടതല്ലേ.
അതെല്ലാം അറിയാം. പക്ഷേ എനിക്ക് ആത്മനിയന്ത്രണമുണ്ട്.

മൂന്നിനും നാലിനുമിടയിൽ, പൊടിച്ചുതുടങ്ങിയിട്ടു പോലുമില്ലാത്ത മീശ തടവിക്കൊണ്ട് ആ മനുഷ്യൻ പറയുകയാണ്‌, നാമോരോരുത്തരും അവനവന്‍റെ കുഞ്ഞറയ്ക്കുള്ളിൽ അടഞ്ഞുകിടക്കുന്നു; നാമൊന്നും കാണുന്നില്ല, നാമൊന്നും കേൾക്കുന്നില്ല. നാം മരിക്കുന്നു, ഒരാളും ശേഷിക്കാതെ. മരണം നമ്മെ പുതുക്കിയെടുക്കുകയാണ്‌; നാലു കഴിഞ്ഞാൽ നാം ഉറക്കമുണരുന്നു, ജീവിതം പഴയ പടി തുടർന്നുപോവുകയും ചെയ്യുന്നു. അതില്ലെങ്കിൽ ആളുകൾക്ക് ഇത്രനാൾ പിടിച്ചുനില്ക്കാൻ പറ്റില്ല.

ആ പറഞ്ഞതിൽ ഒരു വാക്കു പോലും ഞാൻ വിശ്വസിക്കുന്നില്ല. തനിക്കെന്നെ അറുത്തു മുറിക്കാൻ പറ്റില്ല.

നിങ്ങളെ അതേ പടി തിന്നാൻ എനിക്കാവില്ല, അയാൾ പറഞ്ഞു. അറുത്തെടുക്കുകയേ വഴിയുള്ളു. ആദ്യം കാലുകൾ, പിന്നെ കൈകൾ, പിന്നെ തല. എല്ലാം അതാതിന്‍റെ ക്രമത്തിന്‌.
കണ്ണുകൾ താൻ എന്തു ചെയ്യും?

ഊറിക്കുടിക്കും.

ചെവികൾ ദഹിക്കുമോ, അതോ അതിൽ എല്ലുണ്ടോ?

എല്ലൊന്നുമില്ല, പക്ഷേ ചെവികൾക്കു വലിയ കട്ടിയാണ്‌. അതെന്തായാലും ഞാൻ എല്ലാമങ്ങനെ തിന്നാറുമില്ല. ഞാനെന്താ, വല്ല പന്നിയുമാണെന്നു താൻ കരുതിയോ?

സീൽ ആയിരിക്കുമെന്നാണ്‌ ഞാൻ കരുതിയത്.

അതായിരിക്കും കുറച്ചുകൂടി ശരി. അപ്പോൾ അയാളതു സമ്മതിക്കുന്നുണ്ട്. സീൽ, 
എനിക്കതറിയാമായിരുന്നു. എന്നിട്ടു പക്ഷേ, അയാൾ ജർമ്മൻ സംസാരിക്കാൻ എങ്ങനെ ഇട വന്നു? സീലുകൾ ഡാനിഷാണു സംസാരിക്കുക, അതാർക്കും മനസ്സിലാവുകയുമില്ല.
നിങ്ങളെന്താ ഡാനിഷ് സംസാരിക്കാത്തത്?

ഞാൻ ജനിച്ചത് സാങ്ക്റ്റ് പോൾട്ടെനിലാണ്‌, അയാൾ പറഞ്ഞു. ഞങ്ങളുടെ കുടുംബത്തിൽ ആരും ഡാനിഷ് സംസാരിക്കാറില്ല. അയാൾ തെന്നിമാറുകയാണ്‌. എന്താണു നിങ്ങൾ പ്രതീക്ഷിക്കുന്നത്? താൻ സാങ്ക്റ്റ് പോൾട്ടെനിൽ നിന്നാണെന്ന് അയാൾ പറയുന്നതു ശരിയാവാം. ആ പ്രദേശത്ത് ഇത്തരം ആൾക്കാരുണ്ടെന്നു ഞാൻ കേട്ടിട്ടുണ്ട്.

നിങ്ങൾ താമസിക്കുന്നത് ഫ്രാൻസിലും?

അതിൽ നിങ്ങൾക്കെന്തു കാര്യം? അര മണിക്കൂർ കഴിഞ്ഞാൽ നിങ്ങളുടെ കഥ കഴിഞ്ഞു. മുന്നിൽ ഒരു ഭാവിയുണ്ടെങ്കിൽ കാര്യങ്ങൾ അറിഞ്ഞുവയ്ക്കുന്നതിൽ കാര്യമുണ്ടെന്നു പറയാം, പക്ഷേ നിങ്ങളുടെ സ്ഥിതി...

ഇയാൾക്കു ഭ്രാന്തു തന്നെ, പക്ഷേ ഞാനെന്തു ചെയ്യാൻ? അയാൾ ബോഗി പൂട്ടിക്കളഞ്ഞു (അതിനയാൾക്കു താക്കോൽ എവിടുന്നു കിട്ടി?); പാരീസ് ഒരിക്കലും എത്താൻ പോകുന്നുമില്ല. 

പറ്റിയ കാലാവസ്ഥ തന്നെയാണ്‌ അയാൾ കണ്ടുപിടിച്ചത്. മഴയത്ത് ഒരു വസ്തുവും കാണാനില്ല; അയാൾക്കെന്നെ കൊല്ലാൻ പറ്റുമെന്നതിൽ സംശയമില്ല. പേടിയാവുമ്പോൾ നിങ്ങളുടെ സംസാരം വേഗത്തിലാവുന്നു. ദയവായി അതൊന്നുകൂടി ഒന്നു വിവരിക്കാമോ? ദയവായി അയാളുടെ പൊങ്ങച്ചത്തിനു വളമായേക്കും. കൊലയാളികൾ രോഗികളാണ്‌. രോഗികൾ പൊങ്ങച്ചക്കാരുമാണ്‌. ദയവായി ഫലം കാണിക്കാൻ തുടങ്ങുകയാണ്‌.

ആദ്യം ചുറ്റികയാണു വരുന്നത്, അയാൾ പറഞ്ഞു; ശരിക്കും ഒരു സ്കൂൾ ടീച്ചറെപ്പോലെ...മണ്ടന്മാരായ കുട്ടികൾക്കു രണ്ടു വട്ടം പറഞ്ഞുകൊടുത്താലേ തലയിൽ കയറൂ. മണ്ടത്തരം ഒരു തരം പേടിയാണ്‌; ടീച്ചർമാർ കൊടുക്കുന്നത് മാർക്കുകളോ വിലങ്ങുകളോ ആണല്ലൊ.

...ചുറ്റിക കഴിഞ്ഞാൽ ബ്ളെയ്ഡു വരുന്നു, ചോര പുറത്തെടുക്കണമല്ലോ; എല്ലാം കിട്ടിയില്ലെങ്കിലും ഒരു മാതിരിയൊക്കെ; എന്നാലും കരളിലെത്തുമ്പോൾ താടിയാകെ ചോര പറ്റി ചളിപിളിയാകും. അതു പോകട്ടെ, ഞാൻ പറഞ്ഞതു പോലെ പിന്നെ അറുക്കവാൾ വരുന്നു.

നിങ്ങൾ കാലു മുറിച്ചെടുക്കുന്നത് ഇടുപ്പിനു വച്ചോ മുട്ടിനു വച്ചോ?

മിക്കപ്പോഴും ഇടുപ്പിനു വച്ച്, ചിലപ്പോഴൊക്കെ മുട്ടിലും. സമയമുണ്ടെങ്കിൽ മുട്ടിനു വച്ച്.

കൈകളോ?

കൈകൾ? ഒരിക്കലും മുട്ടിനു വച്ചു മുറിക്കില്ല, അതെപ്പോഴും തോളിൽ വച്ചു തന്നെ.

അതെന്താ?

അതു വെറുമൊരു ശീലമായേക്കാം, അതൊന്നും എന്നോടു ചോദിക്കരുത്. കണംകൈയിൽ ഇറച്ചി അധികമുണ്ടാവില്ല, നിങ്ങളുടെ കാര്യത്തിൽ തീരെയില്ല. പക്ഷേ അതു കൂടിയുണ്ടെങ്കിൽ എന്തോ ഒന്നുള്ളപോലെ തോന്നും. നിങ്ങൾ പൊരിച്ച കോഴിക്കാലു തിന്നാറുള്ളതല്ലേ?

അയാൾ പറഞ്ഞതിൽ കാര്യമുണ്ട്.

മനുഷ്യരെ തിന്നുന്ന കാര്യത്തിൽ ഉപദേശമെന്തെങ്കിലും വേണമെങ്കിൽ നരഭോജികളോടു ചോദിക്കൂ.

ഉപ്പും മുളകുമൊക്കെ ഉപയോഗിക്കാറുണ്ടോ?

ഉപ്പു മാത്രം. മനുഷ്യമാംസം മധുരിക്കും. അതു നിങ്ങൾക്കു തന്നെ അറിയാമല്ലൊ. മധുരിക്കുന്ന മാംസം ആർക്കാണിഷ്ടം?

അയാൾ സ്യൂട്ട്കേസ് തുറന്നു. വേണ്ട, ഞാൻ അലറി. ഞാൻ ഇനിയും ഉറക്കമായിട്ടില്ല.

വിരളാതെടോ, പേടിത്തൂറീ. ഞാൻ തമാശ പറയുകയായിരുന്നില്ല എന്നു കാണിച്ചുതരാൻ പോവുകയായിരുന്നു. അയാൾ ആയുധങ്ങൾക്കിടയിൽ നിന്ന് എന്തോ ഒന്നു തപ്പിയെടുത്തു. 

പെട്ടിയിൽ ആകെ അഞ്ചുപകരണങ്ങളേ ഉണ്ടായിരുന്നുള്ളു. എല്ലാം അതിനുള്ളിൽ അങ്ങുമിങ്ങുമായി കിടക്കുകയായിരുന്നു. തീരെ ചെറിയൊരു പെട്ടിയായിരുന്നു; കണ്ടാൽ ഒരു ഡോക്ടറുടെ മരുന്നുപെട്ടി പോലെ തോന്നും. പക്ഷേ ഒരു ഡോക്ടറുടെ ഉപകരണങ്ങൾ വെൽവെറ്റു കൊണ്ടുള്ള മൂടിയോട് സ്ട്രാപ്പു ചെയ്തു വച്ചിരിക്കും. ഇവിടെ അത് അഴിച്ചിട്ടപോലെ കിടക്കുകയാണ്‌. ചുറ്റിക, അറുക്കവാൾ, തമര്‌, ഉളി, കൊടിൽ. സാധാരണ ഒരു മരപ്പണിക്കാരന്റെ കൈയിൽ കാണുന്ന പണിയായുധങ്ങൾ. ഒരു തുണിക്കഷണവും ഉണ്ടായിരുന്നു. അതിൽ പൊതിഞ്ഞ് ഒരു ഉപ്പു നിറച്ച ഒരു കൊച്ചുഭരണിയും. താണ തരം ഹോട്ടലുകളിൽ കാണുന്ന വില കുറഞ്ഞ ചില്ലുഭരണി. എവിടുന്നോ കട്ടതാവണം, ഞാൻ മനസ്സിൽ പറഞ്ഞു. കള്ളനാണയാൾ.
അയാൾ ഉപ്പുഭരണിയെടുത്ത് എന്റെ മൂക്കിനോടടുപ്പിച്ചു. അതിൽ ഉപ്പുണ്ടായിരുന്നു. അയാൾ അതിൽ നിന്നല്പം എന്‍റെ കൈവെള്ളയിലേക്കു തട്ടിയിട്ടു. ഒന്നു രുചിച്ചു നോക്കിയേ, അയാൾ പറഞ്ഞു, ഒന്നാന്തരം ഉപ്പ്. എന്‍റെ മുഖത്തെ രോഷം അയാൾ കണ്ടു. എന്‍റെ നാവിറങ്ങിപ്പോയി. അയാൾ പൊട്ടിച്ചിരിച്ചു. ആ അരിപ്പല്ലുകൾ കണ്ടപ്പോൾ എനിക്കറപ്പു തോന്നി.

അതെ, പിന്നെയും ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു, നിങ്ങളെ കൊന്നു തിന്നുന്നതിനെക്കാൾ നല്ലത് ജീവനോടെ ഉപ്പിലിടുന്നതാണ്‌.

അയാൾ സ്യൂട്ട്കേസടച്ചിട്ട് മറ്റൊരു സിഗററ്റിനു തീ കൊളുത്തി. മൂന്നര ആയിരിക്കുന്നു. ട്രെയിൻ പാളത്തിനു മേൽ കൂടി പറക്കുകയാണ്‌; പക്ഷേ അതെത്തിച്ചേരുന്നിടത്ത് പാരീസ് ഉണ്ടാവുകയില്ല. ഭൂമിയിലേതുമില്ല, സ്വർഗ്ഗത്തിലേതുമില്ല. ഞാൻ ഒരു കെണിയിൽ പെട്ടുപോയിരിക്കുന്നു. മരണം എല്ലാവർക്കും പറഞ്ഞിട്ടുള്ളതാണ്‌. അതേതു വിധത്തിലാണെന്നതിൽ ശരിക്കു പറഞ്ഞാൽ കാര്യമെന്തെങ്കിലുമുണ്ടോ? വണ്ടി കയറി മരിക്കാം, വെടിയേറ്റു മരിക്കാം, ഒരു പ്രായമെത്തുമ്പോൾ ഹൃദയം തളർന്നുപോകാൻ സാദ്ധ്യതയുണ്ട്, ഇക്കാലത്തു വ്യാപകമായപോലെ ശ്വാസകോശത്തിൽ ക്യാൻസർ വന്നും നിങ്ങൾ മരിച്ചേക്കാം. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ നിങ്ങളുടെ ചീട്ടും കീറാനുള്ളതാണ്‌. നൈസ്-പാരീസ് എക്സ്പ്രസ്സിൽ വച്ച് ഒരു ഭ്രാന്തന്റെ ഭക്ഷണവുമായിക്കൂടേ?
ഒക്കെയൊരു പൊള്ളത്തരമാണെന്നേ, അല്ലാതെന്ത്. നിങ്ങൾക്കു മരിക്കാതെ പറ്റില്ല, എന്നാൽ നിങ്ങൾക്കതിനാഗ്രഹമില്ല. നിങ്ങൾ ജീവിക്കേണ്ടതില്ല, എന്നാൽ അതിനാണു നിങ്ങൾക്കാഗ്രഹം. അവശ്യം വേണ്ടതേ നിലനില്ക്കേണ്ടു. വലിയ മീൻ ചെറുതിനെ തിന്നും, വാനമ്പാടി പുഴുവിനെ തിന്നും, എന്നിട്ടും എത്ര മധുരമായിട്ടാണതു പാടുന്നത്, പൂച്ച എലിയെ തിന്നും, അതിന്റെ പേരിൽ ആരും ഇന്നേ വരെ ഒരു പൂച്ചയെ കൊന്നിട്ടുമില്ല- ഏതു ജന്തുവും മറ്റൊരു ജന്തുവിനെ കൊല്ലുന്നത് സ്വന്തം ജീവൻ നിലനിര്‍ത്താൻ വേണ്ടി മാത്രമാണ്‌, മനുഷ്യൻ മനുഷ്യനെയും തിന്നും, അതിൽ അസ്വാഭാവികമായി എന്തിരിക്കുന്നു? അതിലും സ്വാഭാവികമാണോ, പന്നിയേയും പശുവിനെയും തിന്നുന്നത്? ‘എനിക്കു വേദനിക്കുന്നു’ എന്നു പറയാൻ കഴിയുന്നതുകൊണ്ടു മാത്രം വേദനയുടെ അളവു കൂടിയെന്നു വരുമോ? മൃഗങ്ങൾ കരയാറില്ല, സ്വന്തക്കാർ മരിക്കുമ്പോൾ മനുഷ്യർ കരയും, സ്വന്തം മരണത്തെച്ചൊല്ലി ആർക്കെങ്കിലും കരയാൻ പറ്റുമോ? അത്ര മമതയാണോ എനിക്കെന്നോട്? എങ്കിലത് പൊള്ളയായ ആത്മരതി ആയിരിക്കണം. സ്വന്തം മരണത്തെ പ്രതി ആരുടെയും ഹൃദയം നുറുങ്ങാറില്ല. അങ്ങനെയാണു കാര്യങ്ങളുടെ കിടപ്പ്.

എനിക്കു മനസ്സിൽ ഒരുന്മേഷം തോന്നി. ഇതാ ഒരു ഭ്രാന്തൻ, അയാൾക്കെന്നെ തിന്നണം. പക്ഷേ അയാൾക്ക് എന്തെങ്കിലും വേണമെന്ന ഒരു തോന്നലെങ്കിലുമുണ്ട്. എനിക്കെന്താണു വേണ്ടത്? ആരെയും തിന്നണമെന്നില്ല. അതിൽ കുലീനമെന്നു പറയാൻ എന്തിരിക്കുന്നു? ചെയ്യേണ്ടതു ചെയ്യാൻ നിങ്ങൾക്കാഗ്രഹമില്ലെങ്കില്പിന്നെ എന്താണു ശേഷിക്കുന്നത്?

ചെയ്യാൻ വെറുപ്പുള്ള കാര്യം നിങ്ങൾ ചെയ്യുന്നില്ലെങ്കിൽ ആ വെറുപ്പിനെന്തു പറ്റുന്നു? അതു നിങ്ങളുടെ തൊണ്ടയിൽ പറ്റിയിരിക്കുന്നു. സാങ്ക്റ്റ് പോൾട്ടെൻകാരനായ ഈ മനുഷ്യന്‍റെ തൊണ്ടയിൽ യാതൊന്നും പറ്റിയിരിക്കുന്നില്ല. അയാൾ അപ്പാടെ വിഴുങ്ങുകയാണ്‌.

വളരെ സൌമ്യമായ ഒരു സ്വരം ഞാൻ കേട്ടു; സ്നേഹം കൂടി ഞാനതിൽ കേട്ടു: നോക്കൂ, നിങ്ങൾക്കുറക്കം വരുന്നു, ചിന്തിച്ചതു കൊണ്ടാണത്. പാരീസിൽ നിന്നു നിങ്ങൾക്കെന്തു കിട്ടാനാണ്‌? പാരീസ് വെറുമൊരു നഗരമെന്നേയുള്ളു. നിങ്ങൾക്കാരെയാണു വേണ്ടത്, നിങ്ങളെ ആർക്കു വേണം? നിങ്ങൾ പാരീസിലേക്കു പോവുകയാണ്‌, സമ്മതിച്ചു. അതുകൊണ്ടെന്താ കാര്യം? കുടിയും പെണ്ണും കൊണ്ട് നിങ്ങളുടെ സന്തോഷം കൂടാൻ പോകുന്നില്ല. ജോലി കൊണ്ട് തീർച്ചയായുമില്ല. പണം കൊണ്ട് ഒരു തരി പ്രയോജനമില്ല. ജീവിതത്തിൽ നിന്ന് നിങ്ങൾക്കെന്തു കിട്ടാനാണ്‌? ഉറങ്ങെന്നേ. നിങ്ങൾ പിന്നെ ഉണരില്ല, ഞാനതു വാക്കു തരാം.

പക്ഷേ എനിക്കു മരിക്കണമെന്നില്ല, ഞാൻ മന്ത്രിച്ചു. അതിനു സമയമായിട്ടില്ല. 

എനിക്ക്...പാരീസിലൂടെ ഒന്നുലാത്തണം.

പാരീസിലൂടെ നടക്കണമെന്നോ? അതാണു വലിയ കാര്യം. അതുകൊണ്ടു നിങ്ങൾ ക്ഷീണിക്കുമെന്നേയുള്ളു. നടക്കാനും വായ നോക്കാനുമൊക്കെ എത്രയെങ്കിലും ആൾക്കാരുണ്ട്. റസ്റ്റാറണ്ടുകൾ നിറഞ്ഞുകവിയുകയാണ്‌. അതേപോലെതന്നെ വേശ്യാലയങ്ങളും. പാരീസിൽ ആർക്കും നിങ്ങളെ ആവശ്യമില്ല. എനിക്കൊരു സഹായം ചെയ്യെന്നേ, ഒന്നുറങ്ങിത്താ. രാത്രി തീരില്ലെന്നു കരുതിയോ? നിങ്ങളെ ഒറ്റയടിക്കെടുത്തു വിഴുങ്ങിയാൽ എനിക്കു വയറ്റുവേദന വരില്ലേ.
എനിക്കു നിങ്ങളെ തിന്നാതെ പറ്റില്ല. ഒന്നാമത്, ഞാൻ വിശന്നിരിക്കുകയാണ്‌, രണ്ടാമതാണെങ്കിൽ, എനിക്കു നിങ്ങളെ ഇഷ്ടവുമായി. കണ്ടപ്പോൾത്തന്നെ ഞാൻ പറഞ്ഞതല്ലേ, എനിക്കു നിങ്ങളെ ഇഷ്ടപ്പെട്ടുവെന്ന്; ഈയാൾക്കെന്തോ കുഴപ്പമുണ്ടെന്നാണു നിങ്ങൾ മനസ്സിൽ കരുതിയത്. ഇപ്പോൾ മനസ്സില്ലായല്ലോ, ഞാൻ വെറുമൊരു നരഭോജിയാണ്‌. അതൊരു തൊഴിലല്ല. അതൊരാവശ്യമാണ്‌. ദൈവമേ. ഞാൻ പറയുന്നതൊന്നു മനസ്സിലാക്കാൻ നോക്കൂ, മനുഷ്യാ: നിങ്ങൾക്കിപ്പോൾ ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടായിരിക്കുന്നു. നിങ്ങളുടെ ജീവിതം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെന്നായിരിക്കുന്നു, ഞാൻ കാരണം. എന്‍റെ കോച്ചിൽ തന്നെ നിങ്ങളും കയറിയത് വെറും യാദൃച്ഛികമായിരുന്നുവെന്നാണോ നിങ്ങളുടെ വിചാരം? യാദൃച്ഛികത എന്നൊരു സംഭവമേയില്ല. നൈസിലെ പ്ളാറ്റ്ഫോമിൽ വച്ച് ഞാൻ നിങ്ങളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. അപ്പോൾ നിങ്ങൾ എന്‍റെ കോച്ചിൽ തന്നെ കയറുകയും ചെയ്തു. എന്തുകൊണ്ട് മറ്റൊന്നിലും കയറാതെ എന്‍റെ കോച്ചിൽ തന്നെ കയറി? ഞാൻ കാണാൻ സുന്ദരനായതുകൊണ്ടോ? എന്നെ ചിരിപ്പിക്കരുതേ. സീൽ കാണാൻ അത്ര സുന്ദരനാണോ? നിങ്ങൾ ഇങ്ങോട്ടു കയറിവന്നത് ചെയ്യാൻ എന്തെങ്കിലും ഉണ്ടാവുമെന്ന് നിങ്ങൾക്കു മനസ്സിലായതു കൊണ്ടാണ്‌.

അയാൾ സാവധാനം സ്യൂട്ട്കേസ് തുറന്നു. ചുറ്റിക പുറത്തെടുത്തിട്ട് അയാൾ പെട്ടിയടച്ചു. അയാൾ ചുറ്റിക കൈയിലെടുത്തു.

അപ്പോൾ, എന്തു പറയുന്നു? അയാൾ ചോദിച്ചു.

ഒരു മിനുട്ട്, ഞാൻ പറഞ്ഞു. വെറുമൊരു മിനുട്ട്. എന്നിട്ട് പെട്ടെന്നു ഞാൻ ചാടിയെഴുന്നേറ്റു. ഞാൻ അതെങ്ങനെ സാധിച്ചുവെന്ന് ദൈവത്തിനേ അറിയൂ. ഞാൻ എഴുന്നേറ്റ് കൈ നീട്ടി. അപായച്ചങ്ങല പൊട്ടി താഴെവീണു, ട്രെയിൻ ചീറ്റുകയും ചൂളം വിളിക്കുകയും ചെയ്തു. അടുത്ത കോച്ചിന്‍റെ വാതിൽക്കൽ നിന്ന് കരച്ചിലും വിളിയും കേട്ടു. പിന്നെ ട്രെയിൻ നിശ്ചലമായി. സാങ്ക്റ്റ് പോൾട്ടെൻകാരനായ ആ മനുഷ്യൻ ചുറ്റിക പെട്ടെന്ന് പെട്ടിയിലേക്കിട്ടിട്ട് കോട്ടെടുത്തു ധരിച്ചു. നൊടിയിടയിൽ അയാൾ ഡോറിനടുത്തെത്തി. ഡോറു തുറന്നിട്ട് അയാൾ ചുറ്റും നോക്കി: എനിക്കു നിങ്ങളോടു സഹതാപം തോന്നുന്നു, അയാൾ പറഞ്ഞു. ഈ മണ്ടത്തരം കാണിച്ചതിന്‌ നിങ്ങൾക്കു പതിനായിരം ഫ്രാങ്ക് പിഴ കിട്ടാൻ പോവുകയാണ്‌; മരക്കഴുത, ഇനി നിങ്ങൾക്കു പാരീസിൽ തെണ്ടിത്തന്നെ നടക്കാം.

ആളുകൾ കോച്ചിലേക്കു തള്ളിക്കയറിവന്നു. ഒരു കണ്ടക്റ്ററും ഒരു പോലീസുകാരനും പ്രത്യക്ഷരായി. രണ്ടു പട്ടാളക്കാരും ഒരു ഗർഭിണിയും എന്നെ കൈ മുറുക്കി കാണിച്ചു.

സാങ്ക്റ്റ് പോൾട്ടെൻകാരനായ ആ സീൽ പുറത്തെത്തിക്കഴിഞ്ഞിരുന്നു, എന്‍റെ ജനാലയ്ക്കു തൊട്ടുതാഴെ. അയാൾ എന്തോ വിളിച്ചുപറഞ്ഞു. ഞാൻ ജനാല തുറന്നു: താനൊരു മരക്കഴുതയാണ്‌, അയാൾ ഉറക്കെപ്പറഞ്ഞു, ജീവിതകാലം മുഴുവൻ താൻ അതുതന്നെ ആയിരിക്കും. ജീവിക്കാൻ ആഗ്രഹമുള്ള ഒരാളെ കണ്ടില്ലേ. കാറിത്തുപ്പിക്കൊണ്ട് അയാൾ തോളു വെട്ടിച്ചു. വലതു കൈയിൽ സ്യൂട്ട്കേസുമെടുത്ത്, തിട്ടയിലേക്കു ശ്രദ്ധയോടെ കാലെടുത്തുവച്ചുകൊണ്ട് അയാൾ ഇരുട്ടിലേക്കു മറഞ്ഞു. ഗ്രാമത്തിലെ ഏതോ വീട്ടിൽ പ്രസവമെടുക്കാൻ പോകുന്ന ഡോക്ടറെപ്പോലെ.


yakov lind1

യാക്കോവ് ലിൻഡ് - Jakov Lind (1927-2007)

നാസി അധിനിവേശത്തെത്തുടർന്ന് ഏഴാം വയസ്സിൽ ഓസ്ട്രിയയിൽ നിന്നു പലായനം ചെയ്തു. 1954ൽ ലണ്ടനിൽ താമസമാക്കി. ജർമ്മനിലും പില്ക്കാലത്ത് ഇംഗ്ളീഷിലും കഥകളും നോവലുകളുമെഴുതി


A Short Film Based on the Story