കുട്ടിക്കാലത്ത് കടുവകളുടെ കടുത്ത ആരാധകനായിരുന്നു ഞാൻ- കടുവകൾ എന്നു പറഞ്ഞാൽ യഥാർത്ഥവ്യാഘ്രങ്ങൾ; ആനപ്പുറത്തെ തമ്പിന്മേലിരുന്ന് ആയുധധാരികൾക്കു മാത്രം നേരിടാൻ കഴിയുന്ന ഏഷ്യയിലെ വരയൻ ജാതികൾ; അല്ലാതെ കെട്ടുപിണഞ്ഞ ആമസോൺ കാടുകളിലും പരാനാ പുഴയിൽ ഒഴുകിനടക്കുന്ന കുളവാഴത്തുരുത്തുകളിലും കാണാൻ കിട്ടുന്ന ആ മഞ്ഞക്കടുവകൾ, ജഗ്വാറുകളല്ല. മൃഗശാലകളിലെ കൂടുകൾക്കു മുന്നിൽ മണിക്കൂറുകൾ ഞാൻ ചെലവഴിച്ചിട്ടുണ്ട്; വിപുലമായ വിജ്ഞാനകോശങ്ങൾക്കും പ്രകൃതിശാസ്ത്രഗ്രന്ഥങ്ങൾക്കും ഞാൻ മാർക്കിട്ടിരുന്നത് അവയിലെ കടുവകളുടെ പൊലിമ നോക്കിയിട്ടായിരുന്നു. (ആ ചിത്രങ്ങൾ ഇന്നും ഞാൻ ഓർക്കുന്നു, ഒരു സ്ത്രീയുടെ നെറ്റിത്തടമോ പുഞ്ചിരിയോ ശരിയായി ഓർത്തെടുക്കാൻ കഴിയാത്ത ഞാൻ.) ബാല്യം കഴിഞ്ഞതോടെ കടുവകളും എനിക്കവയോടുള്ള അഭിനിവേശവും മങ്ങിമാഞ്ഞുപോയി; പക്ഷേ അവ ഇന്നും എന്റെ സ്വപ്നങ്ങളിലുണ്ട്. ആ അടിക്കടലിൽ, അഥവാ അബോധത്തിൽ അവയുടെ സാന്നിദ്ധ്യം ഇന്നുമുണ്ട്. അങ്ങനെ, ഞാനുറങ്ങുമ്പോൾ, ഏതോ സ്വപ്നമെന്നെ വഴി തെറ്റിക്കുമ്പോൾ, പെട്ടെന്നെനിക്കു വെളിപാടുണ്ടാകുന്നു, ഇതൊരു സ്വപ്നമാണെന്ന്. ആ നിമിഷങ്ങളിൽ ഞാൻ പലപ്പോഴും ഇങ്ങനെ ചിന്തിക്കാറുണ്ട്: ഇതൊരു സ്വപ്നമാണ്, എന്റെ ഇച്ഛാശക്തിയുടെ കേവലമായ ഒരപഭ്രംശം. ഇപ്പോൾ ഞാൻ അതിരറ്റ ശക്തിക്കുടമയാണെന്നതിനാൽ ഞാനിതാ, ഒരു വ്യാഘ്രത്തെ സൃഷ്ടിക്കാൻ പോകുന്നു.
ഹാ, അശക്തൻ! ഞാൻ അത്രമേലാശിക്കുന്ന ആ ജന്തുവിനെ ജനിപ്പിക്കാൻ എന്റെ സ്വപ്നങ്ങൾക്കൊരിക്കലും കഴിയാത്തപോലെയാണ്. കടുവ പ്രത്യക്ഷമാകുന്നുണ്ട്; അതു പക്ഷേ, ആകെ മെലിഞ്ഞുണങ്ങിയതായിരിക്കും, അല്ലെങ്കിൽ തൊട്ടാൽ പൊടിയുന്ന പോലിരിക്കും, അല്ലെങ്കിൽ രൂപത്തിൽ അശുദ്ധമായ വ്യതിയാനം വന്നതായിരിക്കും, അല്ലെങ്കിൽ അസ്വീകാര്യമായ വലിപ്പമായിരിക്കും, അല്ലെങ്കിൽ തീരെ അല്പായുസ്സായി തോന്നും, അതുമല്ലെങ്കിൽ കടുവയെക്കാളേറെ നായയോ കിളിയോ പോലിരിക്കുന്നതായിരിക്കും.
(1960)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ