കല്ലു കൊണ്ടു പണിത പുത്തൻ പള്ളിയുടെ നിഴല്പാടിൽ നില്ക്കുന്ന ഒരു തൊഴുത്തിൽ നരച്ച കണ്ണുകളും നരച്ച താടിയുമുള്ള ഒരു മനുഷ്യൻ കാലിച്ചൂരിടയിൽ മലർന്നുകിടക്കുന്നു; ഉറക്കം വരാൻ കാത്തു കിടക്കുന്നതു പോലെ അയാൾ എളിമയോടെ മരണം വരാൻ കാത്തു കിടക്കുകയാണ്. ആ എളിയ കൂരയ്ക്കുള്ളിൽ പകൽ നിഗൂഢവും വിപുലവുമായ നിയമങ്ങൾക്കനുസൃതമായി നിഴലുകളെ സ്ഥാനം മാറ്റുകയും ഇടകലർത്തുകയും ചെയ്യുന്നു. പുറത്ത് ഉഴുത പാടങ്ങൾ, കരിയില വീണു മൂടിയ ഒരു കൈച്ചാൽ, കാടിനതിരിലെ കറുത്ത ചെളിയിൽ ഒരു ചെന്നായയുടെ മാഞ്ഞുതുടങ്ങിയ കാല്പാടുകൾ. വിസ്മൃതനായ ആ മനുഷ്യൻ ഉറങ്ങുകയും സ്വപ്നം കാണുകയുമാണ്. പള്ളിമണികളുടെ ശബ്ദം അയാളെ ഉണർത്തുന്നു. ഇംഗ്ളണ്ട് രാജ്യത്ത് മണിമുഴക്കങ്ങൾ സായാഹ്നത്തിലെ പതിവുകളിൽ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ ഈ മനുഷ്യൻ കുട്ടിയായിരിക്കുമ്പോൾ വോഡന്റെ മുഖം കണ്ടിട്ടുണ്ട്, ദിവ്യമായ ഭീതിയും ആനന്ദോന്മാദവും കണ്ടിട്ടുണ്ട്, റോമൻ നാണയങ്ങളും പട്ടും കൊണ്ടലങ്കരിച്ച ദാരുവിഗ്രഹം കണ്ടിട്ടുണ്ട്, കുതിരകളെയും നായ്ക്കളെയും തടവുകാരെയും ബലി കൊടുക്കുന്നതു കണ്ടിട്ടുണ്ട്. പുലർച്ചയ്ക്കു മുമ്പ് അയാൾ മരിക്കും; അയാൾക്കൊപ്പം ഇങ്ങിനി തിരിച്ചു വരാത്ത വണ്ണം പാഗൻ അനുഷ്ഠാനങ്ങളുടെ അവസാനത്തെ ദൃക്സാക്ഷിയും മരിക്കും; ഈ സാക്സൺ മരിക്കുന്നതോടെ ലോകം അല്പം കൂടി ദരിദ്രമാവുകയും ചെയ്യും.
സ്ഥലനിബദ്ധമായ സംഭവങ്ങൾ ഒരാൾ മരിക്കുന്നതോടെ അവസാനിക്കുന്നുവെന്നത് നമ്മെ അത്ഭുതപ്പെടുത്തിയേക്കാം- എന്നാൽ ഓരോ മരണത്തിലും എന്തെങ്കിലും ഒരു കാര്യം, അല്ലെങ്കിൽ എണ്ണമറ്റ കാര്യങ്ങൾ മരിക്കുന്നുണ്ട്; അങ്ങനെയല്ലാതാവണമെങ്കിൽ തിയോസഫിസ്റ്റുകൾ സങ്കല്പ്പിക്കുന്ന പോലെ ഒരു പ്രപഞ്ചസ്മൃതി ഉണ്ടാവണം.
ക്രിസ്തുവിനെ അവസാനമായി കണ്ട കണ്ണുകൾ അടഞ്ഞ ഒരു ദിവസം കാലത്തിൽ ഉണ്ടായിരുന്നു; ജുനിൻ യുദ്ധവും ഹെലന്റെ പ്രണയവും ഏതോ ഒരാളുടെ മരണത്തോടെ മരിച്ചു. ഞാൻ മരിക്കുമ്പോൾ എന്നോടൊപ്പം മരിക്കുന്നതെന്താവാം? ദയനീയമോ ദുർബ്ബലമോ ആയ ഏതു രൂപമാവാം ലോകത്തിനു നഷ്ടമാവുക? മാസിഡോണിയോ ഫെർണാണ്ടസിന്റെ ശബ്ദമോ? സെറാനോയ്ക്കും ചാർക്കാസിനുമടുത്തുള്ള ഒഴിഞ്ഞ സ്ഥലത്തു കണ്ട തവിട്ടുനിറമുള്ള കുതിരയുടെ ദൃശ്യമോ? ഒരു മഹോഗണിമേശയുടെ വലിപ്പിനുള്ളിലെ ഗന്ധകക്കട്ടയോ?
വോഡൻ - ആംഗ്ളോസാക്സൺ പാഗൻ മതത്തിലെ ഒരു ദേവത
ജൂനിൻ യുദ്ധം - 1824 ആഗസ്റ്റ് 6ന് പെറുവിന്റെ സ്വാതന്ത്ര്യസമരത്തോടു ബന്ധപ്പെട്ട് ജൂനിൻ പ്രവിശ്യയിൽ നടന്ന ഒരു യുദ്ധം
മാസിഡോണിയോ ഫെർണാണ്ടെസ്(1874-1952)- ബോർഹസിന്റെയും മറ്റു പല അർജന്റിനിയൻ എഴുത്തുകാരുടെയും ഗുരുസ്ഥാനീയനായിരുന്ന കവിയും ചിന്തകനും.
സെറാന, ചാർക്കാസ് - ബ്യൂണേഴ്സ് അയഴ്സിലെ തെരുവുകൾ
The Witness :: J. L. Borges
In a stable that stands almost within the shadow of the new stone church a gray-eyed, gray-bearded man, stretched out amid the odors of the animals, humbly seeks death as one seeks for sleep. The day, faithful to vast secret laws, little by little shifts and mingles the shadows in the humble nook. Outside are the plowed fields and a deep ditch clogged with dead leaves and an occasional wolf track in the black earth at the edge of the forest. The man sleeps and dreams, forgotten. The angelus awakens him. By now the sound of the bells is one of the habits of evening in the kingdoms of England. But this man, as a child, saw the face of Woden, the holy dread and exultation, the rude wooden idol weighed down with Roman coins and heavy vestments, the sacrifice of horses, dogs, and prisoners. Before dawn he will die, and in him will die, never to return, the last eye-witness of those pagan rites; the world will be a little poorer when this Saxon dies.
Events far-reaching enough to people all space, whose end is nonetheless tolled when one man dies, may cause us wonder. But something, or an infinite number of things, dies in every death, unless the universe is possessed of a memory, as the theosophists have supposed.
In the course of time there was a day that closed the last eyes to see Christ. The battle of Junin and the love of Helen each died with the death of some one man. What will die with me when I die, what pitiful or perishable form will the world lose? The voice of Macedonio Fernandez? The image of a roan horse on the vacant lot at Serrano and Charcas? A bar of sulpher in the drawer of a mahogany desk?
[From Dreamtigers, by Jorge Luis Borges, translated by Mildred Boyer]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ