റയില്‍വേസ്റ്റേഷനിലെ ചെറിയ ക്ലോക്കില്‍ സമയം രാത്രി പതിനൊന്നുമണി കഴിഞ്ഞിരുന്നു. ഞാന്‍ ഹോട്ടലിലേക്കു നടന്നു. മറ്റു പലപ്പോഴും എനിക്കനുഭവമുള്ളപോലെ, പരിചിതമായ സ്ഥലങ്ങള്‍ നമ്മിലുളവാക്കുന്ന ആശ്വാസവും മനോലാഘവവും എനിക്കപ്പോഴുണ്ടായി. വലിയ ഗേറ്റ് തുറന്നു കിടന്നിരുന്നു. കെട്ടിടം ഇരുട്ടിലായിരുന്നു.
ഞാന്‍ ഹാളിലേക്കു കയറി. അവിടെ മങ്ങിയ നീലക്കണ്ണാടികളില്‍ ചട്ടിയില്‍ വളരുന്ന ചെടികള്‍ പ്രതിഫലിച്ചു. അദ്ഭുതമെന്നു പറയട്ടെ, ഹോട്ടല്‍ക്കാരന്‍ എന്നെ തിരിച്ചറിഞ്ഞില്ല. അയാള്‍ എനിക്കു നേരെ രജിസ്റ്റര്‍ എടുത്തു നീട്ടി. ഞാന്‍ മേശപ്പുറത്തു കൊളുത്തിയിട്ടിരുന്ന പേനയെടുത്ത്, വെങ്കലംകൊണ്ടുള്ള മഷിക്കുപ്പിയില്‍ മുക്കി, തുറന്നുവച്ച പുസ്തകത്തിനു മീതെ കുനിഞ്ഞുനിന്നെഴുതാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ആ രാത്രി എനിക്കായി കരുതിവച്ചിരുന്ന അദ്ഭുതങ്ങളില്‍ ആദ്യത്തേതു സംഭവിക്കുന്നത്. എന്റെ പേര്, ജോര്‍ജ് ലൂയി ബോര്‍ഹസ്, ആ പേജില്‍ എഴുതിയിരിക്കുന്നു; മഷി ഉണങ്ങിയിട്ടുമില്ല.
'താങ്കള്‍ അല്പം മുമ്പ് മുകളിലേക്കു കയറിപ്പോയെന്നാണ് ഞാന്‍ കരുതിയത്.' ഹോട്ടല്‍ക്കാരന്‍ പറഞ്ഞു. പിന്നെ അയാള്‍ എന്നെ ഒന്നു സൂക്ഷിച്ചുനോക്കിയിട്ട് സ്വയം തിരുത്തി. 'ക്ഷമിക്കണം സാര്‍, മറ്റേയാളും കാഴ്ചയില്‍ ഏതാണ്ടു താങ്കളെപ്പോലെ തന്നെയായിരുന്നു; താങ്കള്‍ക്ക് അല്പംകൂടി ചെറുപ്പമാണെന്നേയുള്ളൂ.'
'അയാള്‍ ഏതു മുറിയിലാണ്?'
'പത്തൊമ്പതാം നമ്പര്‍ മുറിയാണ് അയാള്‍ ആവശ്യപ്പെട്ടത്' എന്നായിരുന്നു മറുപടി.
ഞാന്‍ പേടിച്ചതു പോലെ തന്നെ. ഞാന്‍ പേന ഇട്ടിട്ട് കോണിപ്പടി ഓടിക്കയറി മുകളിലെത്തി. പത്തൊമ്പതാം നമ്പര്‍ മുറി രണ്ടാമത്തെ നിലയിലാണ്. അവിടെ നിന്നു നോക്കിയാല്‍ ചെത്തിവാരാത്ത ഒരു മുറ്റം കാഴ്ചയില്‍ പെട്ടിരുന്നു. ഒരു വരാന്തയും ബഞ്ചും ഉണ്ടായിരുന്നതു പോലെയും തോന്നുന്നു. ഹോട്ടലിലെ ഏറ്റവും മുകളിലത്തെ മുറിയാണത്. ഞാന്‍ വാതില്പിടിയില്‍ കൈവച്ചു. വാതില്‍ തുറന്നു. ലൈറ്റ് അണച്ചിരുന്നില്ല. രൂക്ഷമായ വെളിച്ചത്തിനു കീഴെ ഞാന്‍ എന്നെ തിരിച്ചറിഞ്ഞു. ഞാന്‍ അതാ, ആ ചെറിയ ഇരുമ്പു കട്ടിലില്‍ മലര്‍ന്നു കിടക്കുന്നു - കിഴവനായി, ചടച്ചുണങ്ങി, വിളറിവെളുത്ത്, മച്ചിലേക്കു നോക്കി ഞാന്‍ കിടക്കുകയാണ്. ആ ശബ്ദം എന്റെയടുത്തെത്തി. അതെന്റേതുതന്നെയാണെന്ന് എനിക്ക് വിശ്വാസം വന്നില്ല. എന്റെ റെക്കോഡു ചെയ്ത സംഭാഷണങ്ങളിലെപ്പോലെ വിരസവും ഏകതാനവുമായിരുന്നു അത്.
'വിചിത്രം തന്നെ.' ആ ശബ്ദം പറഞ്ഞു. ‘നാം രണ്ടുപേരാണ്; അതേസമയം നാം ഒറ്റയാളുമാണ്. എന്നാല്‍ സ്വപ്നങ്ങളില്‍ എന്തു വൈചിത്ര്യവും സാദ്ധ്യമാണല്ലോ.'
'ഇതെല്ലാമൊരു സ്വപ്നമാണെന്നാണോ?' ഞാന്‍ പരിഭ്രാന്തനായി ചോദിച്ചു.
'ഇതെന്റെ അവസാനത്തെ സ്വപ്നം തന്നെയാണ്,' അയാള്‍ പറഞ്ഞു. എന്നിട്ട് അയാള്‍ മേശയുടെ മാര്‍ബിള്‍ തട്ടിന്മേലിരുന്ന ഒഴിഞ്ഞ കുപ്പി ചൂണ്ടിക്കാണിച്ചു.
'എന്നാല്‍ നിങ്ങള്‍ക്ക് ഈ രാത്രി വരുന്നതിനു മുമ്പ് ഒട്ടേറെ സ്വപ്നങ്ങള്‍ കാണാനുണ്ട്. നിങ്ങള്‍ക്കെത്ര വയസ്സായി?'
'ഇന്നലെ എന്റെ അറുപത്തൊന്നാം പിറന്നാള്‍ ആയിരുന്നു.' ഞാന്‍ അത്ര തീര്‍ച്ചയില്ലാതെ പറഞ്ഞു.
'നിങ്ങള്‍ക്ക് ഈ രാത്രിയെത്തുമ്പോള്‍ നിങ്ങളുടെ എമ്പത്തിനാലാം പിറന്നാള്‍ ഇന്നലെയായിരിക്കും. ഇന്ന് 1983 ആഗസ്റ്റ് 25 ആണ്.'
'അതിനിനി എത്രയോ കൊല്ലമുണ്ട്.' ഞാന്‍ പതുക്കെ പറഞ്ഞു.
'എനിക്കൊന്നുമെടുക്കാനില്ല,' അയാള്‍ പെട്ടെന്നു പറഞ്ഞു. 'ഇനി ഏതുനാള്‍ വേണമെങ്കിലും മരിക്കാന്‍ ഞാന്‍ തയ്യാറായിക്കഴിഞ്ഞു. എനിക്കജ്ഞാതമായ ആ ഒന്നിലേക്ക് ഞാന്‍ അലിഞ്ഞു ചേരും. എന്നിരുന്നാലും എനിക്ക് എന്റെ ഇരട്ടയെ സ്വപ്നം കണ്ടുകൊണ്ടിരിക്കാം. സ്റ്റീവന്‍സണും* കണ്ണാടികളും എനിക്കു സമ്മാനിച്ച ആ തേഞ്ഞ പ്രമേയം!'
സ്റ്റീവന്‍സണെ പരാമര്‍ശിച്ചത് ഒരു അവസാന വിടവാങ്ങലെന്ന നിലയ്ക്കാണ്, അല്ലാതെ പാണ്ഡിത്യപ്രകടനമായിട്ടല്ല എന്നെനിക്കു തോന്നി. ഞാന്‍ അയാള്‍ തന്നെയാണ്. ഞാന്‍ അതു മനസ്സിലാക്കി. എത്ര നാടകീയമായ ജീവിതമുഹൂര്‍ത്തമായാലും അതു മാത്രം പോരാ, അവിസ്മരണീയമായ വാക്യശകലങ്ങള് ഉരുവിടുന്ന ഒരു ഷേക്സ്പിയറെ സൃഷ്ടിക്കാന്‍. വിഷയം മാറ്റാനായി ഞാന്‍ ഇങ്ങനെ പറഞ്ഞു, 'നിങ്ങള്‍ക്കു വരാനിരിക്കുന്നതെന്താണെന്ന് എനിക്കറിയാം. ഇതേ സ്ഥലത്ത് , താഴത്തൊരു മുറിയില്‍ വച്ച് നാം ഈ ആത്മഹത്യയുടെ കഥ മിനഞ്ഞെടുക്കാന്‍ തുടങ്ങി.'
'അതെ,' മങ്ങിപ്പോയ ഓര്‍മ്മകള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതുപോലെ അയാള്‍ സാവധാനം പറഞ്ഞു. 'പക്ഷേ അതും ഇതും തമ്മില്‍ ഞാന്‍ സാദൃശ്യമൊന്നും കാണുന്നില്ല. ആ കഥയില്‍ ഞാന്‍ അഡ്‌റോയ്ഡിലേക്ക് ഒരു വണ്‍വേ ടിക്കറ്റെടുക്കുകയാണ്. അവിടെ ഹോട്ടല്‍ ലാ ഡെലിഷ്യായുടെ പത്തൊമ്പതാം നമ്പര്‍ മുറിയിലേക്കു ഞാന്‍ കയറുന്നു. അങ്ങേയറ്റത്തെ മുറി. അതിനുള്ളില്‍ വച്ച് ഞാന്‍ ആത്മഹത്യ ചെയ്യുന്നു.'
'അതിനാല്‍ത്തന്നെയാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്' ഞാന്‍ അയാളോടു പറഞ്ഞു.
'ഇവിടെയോ? നാം ഇവിടെ നിന്നു മാറിയിട്ടേയില്ലല്ലോ. കാലെ മെയ്പൂവിലെ വാടകവീട്ടില്‍ നിങ്ങളെ സ്വപ്നം കണ്ടുകൊണ്ട് ഞാന്‍ ഇതാ ഇവിടെയുണ്ട്. അമ്മ ഉപയോഗിച്ചിരുന്ന മുറിയില്‍ മരണം പ്രതീക്ഷിച്ചു കിടന്നുകൊണ്ട് ഞാന്‍ ഇതാ ഇവിടെയുണ്ട്.'
'അമ്മയുടെ മുറിയില്‍...' മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഞാന്‍ ആവര്‍ത്തിച്ചു; ‘ഈ ഹോട്ടലിന്റെ മുകളിലത്തെ നിലയിലെ പത്തൊമ്പതാം നമ്പര്‍ മുറിയില്‍വച്ച് ഞാന്‍ നിങ്ങളേയും സ്വപ്നം കാണുകയാണ്.'
'ആര് ആരെയാണ് സ്വപ്നം കാണുന്നത്? ഞാന്‍ നിങ്ങളെ സ്വപ്നം കാണുകയാണെന്ന് എനിക്കറിയാം. എന്നാല്‍ നിങ്ങള്‍ എന്നെ സ്വപ്നം കാണുകയാണോ എന്നു എനിക്കു തീര്‍ച്ചയില്ല. അഡ്‌റോഗിലെ ഹോട്ടല്‍ വളരെക്കാലം മുമ്പ് പൊളിച്ചിറക്കി. ഇരുപതോ മുപ്പതോ കൊല്ലം മുമ്പ്. ആര്‍ക്കറിയാം?'
'ഞാനാണ് സ്വപ്നം കാണുന്നത്,' കുതറുന്നപോലെ ഞാന്‍ പറഞ്ഞു.
'പക്ഷേ പ്രധാനപ്പെട്ട കാര്യം സ്വപ്നം കാണുന്നത് രണ്ടുപേരാണോ അതോ ഒറ്റയാളാണോ എന്നു കണ്ടുപിടിക്കുകയാണ്. അതു നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ?'
'ഞാന്‍ ബോര്‍ഹസ് ആണ്. രജിസ്റ്ററില്‍ നിങ്ങളുടെ പേരു കണ്ടിട്ട് ഈ മുറിയിലേക്കു കോണി കയറി ഞാന്‍ വന്നു.'
'ഞാനും ബോര്‍ഹസ് ആണ്. കാലെ മെയ്പൂവില്‍ മരണത്തോടടുത്തുകൊണ്ടിരിക്കുകയാണ് ഞാന്‍.'
ഒരു നിമിഷം മൂകത പരന്നു. പിന്നെ മറ്റയാള്‍ പറഞ്ഞു, 'നമുക്കൊന്നു പരീക്ഷിച്ചു നോക്കാം. നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും ഭീതി തോന്നിയ നിമിഷം ഏതായിരുന്നു?'
ഞാന്‍ അയാള്‍ക്കു മേല്‍ കുനിഞ്ഞുനിന്നു. ഞങ്ങള്‍ ഒരേസമയം സംസാരിച്ചു. ഞങ്ങള്‍ പറയുന്നത് കള്ളമാണെന്ന് എനിക്കറിയാമായിരുന്നു. ഒരു ക്ഷീണിച്ച മന്ദഹാസം ആ വൃദ്ധമുഖത്തു പരന്നു. അതേതോ തരത്തില്‍ എന്റെ പുഞ്ചിരിയെ പ്രതിഫലിപ്പിക്കുന്നതായി എനിക്കു തോന്നി.
'നാം പരസ്പരം കള്ളം പറഞ്ഞു,' അയാള്‍ പറഞ്ഞു, 'കാരണം നമ്മള്‍ രണ്ടു പേരാണെന്ന് നാം കരുതുന്നു. യഥാര്‍ത്ഥത്തില്‍ നമ്മള്‍ രണ്ടു പേരാണ്; അതേസമയം ഒറ്റയാളുമാണ്.'
ഈ സംഭാഷണം എനിക്കു മുഷിഞ്ഞു തുടങ്ങിയിരുന്നു. അതു ഞാന്‍ അയാളോടു പറയുകയും ചെയ്തു.
'1983 ല്‍ കിടക്കുന്ന നിങ്ങള്‍ക്ക് എനിക്കിനി വരാനുള്ള വര്‍ഷങ്ങളെക്കുറിച്ച് എന്തെങ്കിലും പറഞ്ഞുതന്നുകൂടേ?'
'എനിക്കെന്തു പറഞ്ഞു തരാനാവും എന്റെ പാവം ബോര്‍ഹസേ? നിങ്ങള്‍ക്കിതിനകം പൊരുത്തമായിക്കഴിഞ്ഞ ആ ദൗര്‍ഭാഗ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. നിങ്ങള്‍ അക്ഷരശൂന്യമായ ഗ്രന്ഥങ്ങളും *സ്വീഡന്‍ബര്‍ഗ് പതക്കവും ഫെഡറല്‍ കുരിശു വച്ച ചെപ്പും സ്പര്‍ശിച്ചറിയും. അന്ധത ഇരുട്ടല്ല, അത് ഏകാന്തതയുടെ മറ്റൊരു രൂപമത്രെ. നിങ്ങള്‍ ഐസ്‌ലണ്ടിലേക്കു മടങ്ങും.'
'ഐസ്‌ലണ്ടോ! കടലിന്റെ നടുക്കുള്ള...'
'റോമില്‍വച്ച് നിങ്ങള്‍ കീറ്റ്‌സിന്റെ ചില വരികള്‍ ചൊല്ലും. എല്ലാ പേരുകളുംപോലെ അദ്ദേഹത്തിന്റെ പേരും ജലരേഖയായിരുന്നു.'
'അതിന് ഞാന്‍ റോമില്‍ പോയിട്ടേയില്ലല്ലോ.'
'ഇനിയുമുണ്ട്. നിങ്ങള്‍ നമ്മുടെ ഏറ്റവും നല്ല കവിതയെഴുതും. അത് ഒരു വിലാപഗീതമായിരിക്കും.'
ആരുടെ മരണത്തെക്കുറിച്ചാണെന്നു പറയാനോങ്ങിയെങ്കിലും എനിക്കു ധൈര്യം വന്നില്ല.
'അല്ല, അവള്‍ക്കു നിങ്ങളേക്കാള്‍ ആയുസ്സുണ്ട്.' ഞങ്ങള്‍ നിശ്ശബ്ദരായി. പിന്നെ അയാള്‍ ഇങ്ങനെ തുടര്‍ന്നു. 'എഴുതുമെന്ന് നാം ഇത്രയുംകാലം സ്വപ്നം കണ്ടിരുന്ന ആ പുസ്തകം നിങ്ങള്‍ എഴുതും. സ്വന്തം കൃതികളെന്നു കരുതിപ്പോന്നവ വെറും രൂപരേഖകളും കരടുകളും മാത്രമായിരുന്നുവെന്ന് 1979 അടുപ്പിച്ച് നിങ്ങള്‍ക്കു ബോദ്ധ്യമാകും. തന്റെ മഹത്തായ ഒറ്റപ്പുസ്തകമെഴുതാനുള്ള അന്ധവും പൊള്ളയുമായ പ്രലോഭനത്തിന് നിങ്ങള്‍ വഴങ്ങിപ്പോകും. ഗെയ്ഥേയുടെ ഫൗസ്റ്റും, *സലാംബോയും, യുളീസസും നമ്മുടെ മേല്‍ വന്നുപതിക്കാന്‍ കാരണമായത് ആ അന്ധവിശ്വാസമാണ്. എനിക്കു തന്നെ അദ്ഭുതമായിരിക്കുന്നു, ഞാന്‍ ഇതിനകം വളരെയധികം പേജ് നിറച്ചു കഴിഞ്ഞു.'
'തോല്‍വിയിലും മോശമായ ചിലതാണ് സംഭവിച്ചത്. അത് ഒരു മാസ്റ്റര്‍പീസായിരുന്നു - ആ വാക്കിന്റെ ഏറ്റവും മോശമായ അര്‍ത്ഥത്തില്‍. എന്റെ നല്ല ഉദ്ദേശ്യങ്ങള്‍ ആദ്യത്തെ ചില പേജുകള്‍ക്കപ്പുറം പോയില്ല. മറ്റു പേജുകളില്‍ നിറഞ്ഞുകിടന്നത് കുടിലദുര്‍ഗ്ഗങ്ങളും കത്തികളും താന്‍ ഒരു സ്വപ്നമാണെന്നു കരുതുന്ന മനുഷ്യനും താന്‍ യഥാര്‍ത്ഥമാണെന്നു സ്വയം വിശ്വസിക്കുന്ന പ്രതിബിംബവും രാത്രി പോറ്റുന്ന കടുവകളും, ചോര വാറ്റുന്ന യുദ്ധങ്ങളും അന്ധനും മൃത്യുവശഗനുമായ *ജൂവാന്‍ മുരാനായും *മാസിഡോണിയോ ഫെര്‍ണാണ്ടസിന്‍റെ ശബ്ദവും മൃതരുടെ വിരല്‍നഖങ്ങളാല്‍ തീര്‍ത്ത നൗകയും ദീര്‍ഘകാലമായി പറഞ്ഞുപോരുന്ന സന്ധ്യക്ക് ഉരുവിട്ടു പഠിക്കുന്ന പഴയ ഇംഗ്ലീഷും മറ്റുമാണ്.'
'ആ കാഴ്ചബംഗ്ലാവ് എനിക്കു നല്ല പരിചയമാണ്.' ഒട്ടൊരുപഹാസത്തോടെ ഞാന്‍ പറഞ്ഞു.
'പിന്നെ, അയഥാര്‍ത്ഥമായ സ്മൃതികള്‍, പ്രതീകങ്ങളുടെ കള്ളക്കളി, നീണ്ട പട്ടികകള്‍, വിരസയാഥാര്‍ത്ഥ്യങ്ങള്‍ക്കു രചനാസൗഷ്ഠവം പകരാനുള്ള സാമര്‍ത്ഥ്യം, വിമര്‍ശകര്‍ ഒരിളിയോടെ കണ്ടെത്തുന്ന വികലമായ സമമിതികള്‍, എപ്പോഴും അജ്ഞാതമൂലമാകണമെന്നില്ലാത്ത ഉദ്ധരണികള്‍.'
'നിങ്ങള്‍ ആ പുസ്തകം പ്രസിദ്ധീകരിച്ചോ?'
'അതു തീയിലിട്ടോ മറ്റോ നശിപ്പിക്കുക എന്ന അതിനാടകീയമായ ആശയം ഞാന്‍ കുറേനാള്‍ മനസ്സില്‍ കൊണ്ടുനടന്നു. ഒടുവില്‍ മറ്റൊരു പേരുവച്ച് ഞാന്‍ അതു മാസ്‌റിഡില്‍നിന്നു പ്രസിദ്ധപ്പെടുത്തി. ബോര്‍ഹസിന്റെ ഒരു രണ്ടാംകിട അനുകര്‍ത്താവിന്റെ കൃതിയാണതെന്നും, മൂലമാതൃകയുടെ ഉപരിപ്ലവലക്ഷണങ്ങള്‍ അതിലാവര്‍ത്തിക്കപ്പെട്ടിരിക്കുന്നുവെന്നും അതിനെക്കുറിച്ചു വിമര്‍ശനമുണ്ടായി.'
'അതില്‍ അദ്ഭുതപ്പെടാനില്ല,' ഞാന്‍ പറഞ്ഞു. 'ഏതൊരെഴുത്തുകാരനും തന്റെ ഏറ്റവും മൂഢനായ ശിഷ്യനായിട്ടാണൊടുങ്ങുക.'
'എന്നെ ഈ രാത്രിയിലേക്കു നയിച്ച വഴികളില്‍ ഒന്ന് ആ പുസ്തകമായിരുന്നു. മറ്റുള്ളവയാണെങ്കില്‍, വാര്‍ദ്ധക്യത്തിന്റെ എളിമ, വരാനുള്ള നാളുകളൊക്കെ ജീവിച്ചു കഴിഞ്ഞവയാണെന്ന തീര്‍ച്ച...'
'ഞാന്‍ ആ പുസ്തകമെഴുതില്ല.' ഞാന്‍ വാശിയോടെ പറഞ്ഞു.
'നിങ്ങള്‍ അതെഴുതും. ഇപ്പോള്‍ വര്‍ത്തമാനകാലത്തിലുള്ള എന്റെ വാക്കുകള്‍ ഒരു സ്വപ്നത്തിന്റെ അവ്യക്തമായ ഓര്‍മ്മ മാത്രമായി മാറും.’
സിദ്ധാന്തം ഉറപ്പിച്ചു പറയുന്ന രീതിയിലുള്ള അയാളുടെ ആ ശബ്ദം (ക്ലാസ്സുമുറിയില്‍ ഞാന്‍ ഉപയോഗിക്കുന്നതും അതുതന്നെയാണ്) എന്നെ അസ്വസ്ഥനാക്കി. ഞങ്ങള്‍ തമ്മില്‍ അത്ര സാദൃശ്യമുണ്ടെന്നുള്ള വസ്തുതയും മരണാസന്നന്റെ സുരക്ഷാബോധത്തില്‍നിന്ന് അയാള്‍ മുതലെടുത്തേക്കാമെന്ന പേടിയും എന്നെ വ്യാകുലചിത്തനാക്കി. ഒരു തരം പ്രതികാരവാഞ്ഛയോടെ ഞാന്‍ അയാളോടു ചോദിച്ചു, 'മരണമടുത്തുവെന്ന് നിങ്ങള്‍ക്കത്ര തീര്‍ച്ചയായോ?'
'അതെ,' അയാള്‍ പറഞ്ഞു. 'ഇതിനുമുമ്പനുഭവിച്ചിട്ടില്ലാത്ത മധുരമായൊരു ശാന്തിയും അഴിവും എനിക്കിപ്പോള്‍ തോന്നുന്നു. എനിക്കതു പറഞ്ഞു ബോദ്ധ്യപ്പെടുത്താനാവില്ല. ഏതു വാക്കിനും അനുഭവത്തിന്റെ മാധ്യസ്ഥം വേണം. ഞാന്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങളെ അലോസരപ്പെടുത്തിയതായി തോന്നുന്നല്ലോ?'
'അതിനു കാരണം നാം തമ്മില്‍ യാതൊരു സാദൃശ്യവുമില്ല എന്നതുതന്നെ. എന്റെ മുഖത്തിന്റെ വികൃതാനുകരണമായ നിങ്ങളുടെ മുഖത്തെ ഞാന്‍ വെറുക്കുന്നു; എന്റെ ശബ്ദത്തെ കൊഞ്ഞനം കുത്തുന്ന നിങ്ങളുടെ ശബ്ദത്തെ ഞാന്‍ വെറുക്കുന്നു; എന്നെ അനുകരിക്കുന്ന നിങ്ങളുടെ ദയനീയമായ ഭാഷാപ്രയോഗത്തെയും ഞാന്‍ വെറുക്കുന്നു.'
'എനിക്കുമതു വെറുപ്പാണ്.' അയാള്‍ പറഞ്ഞു. 'അതുകൊണ്ടല്ലേ സ്വയം ജീവനെടുക്കാന്‍ ഞാന്‍ തീരുമാനിച്ചതും.'
തെരുവില്‍ ഒരു കിളി പാടി.
'അതവസാനത്തേതാണ്,’ അയാള്‍ പറഞ്ഞു.'
അയാള്‍ കൈകാട്ടി എന്നെ അടുത്തേക്കു വിളിച്ചു. അയാളുടെ കൈ എന്റെ കൈ പഠിക്കാന്‍ നീണ്ടു. രണ്ടു കൈകളും ഒട്ടിച്ചേര്‍ന്നൊന്നാകുമെന്നു പേടിച്ച് ഞാന്‍ പിന്നോട്ടു മാറി. അയാള്‍ പറഞ്ഞു:
'ഈ ജീവിതം വിട്ടുപോകുന്നതില്‍ ഖേദിക്കരുതെന്ന് *സ്റ്റോയിക്കുകള്‍ നമ്മെ പഠിപ്പിച്ചിട്ടുള്ളതാണല്ലോ. അവസാനം തടവറയുടെ കവാടങ്ങള്‍ തുറക്കപ്പെട്ടിരിക്കുന്നു - ജീവിതത്തെക്കുറിച്ച് ഞാനെന്നും ഈ രീതിയിലേ ചിന്തിച്ചിട്ടുള്ളു. പക്ഷേ ഭീരുത്വം കാരണം ഞാന്‍ അറച്ചുനില്‍ക്കുകയായിരുന്നു. ഏതാണ്ട് പന്ത്രണ്ടു ദിവസം മുമ്പ് ലാ പ്ലാറ്റായില്‍ വച്ച് ഞാന്‍ ഈനിഡിന്റെ ആറാം സര്‍ഗ്ഗത്തെക്കുറിച്ച് ഒരു പ്രഭാഷണം നടത്തുകയായിരുന്നു. അതിലെ ഒരു ശ്ലോകം ചൊല്ലവെ, പൊടുന്നനേ എന്റെ വഴിയേതെന്ന് എനിക്കു വെളിപാടുണ്ടായി. ഞാന്‍ അന്നു നിശ്ചയമെടുത്തു. ഇനി ഞാന്‍ അതീതനാണെന്ന് ആ നിമിഷം എനിക്കു തോന്നി. എന്റെ ഈ വിധി നിങ്ങള്‍ക്കുമുണ്ടാവും. വിര്‍ജിലിന്റെ കൃതി വായിച്ചു വരവേ, നിങ്ങള്‍ക്ക് ഈ വെളിപാടുണ്ടാവും. സ്ഥലകാലങ്ങളുടെ വിഭിന്നബിന്ദുക്കളില്‍ നടക്കുന്ന, കൗതുകപൂര്‍ണ്ണവും പ്രവചനാത്മകവുമായ ഈ സംഭാഷണം നിങ്ങള്‍ക്ക് അപ്പോള്‍ ഓര്‍മ്മയുണ്ടാവില്ല. നിങ്ങള്‍ ഇതു വീണ്ടും സ്വപ്നം കാണുമ്പോള്‍ നിങ്ങള്‍ ഞാനായിരിക്കും, ഞാന്‍ നിങ്ങളുടെ സ്വപ്നവും.'
'ഞാന്‍ ഇതു മറക്കില്ല. നാളെ ഞാന്‍ ഇതെഴുതിവയ്ക്കാന്‍ പോവുകയാണ്.’
‘ഇതു നിങ്ങളുടെ ഓര്‍മ്മയുടെ കയങ്ങളില്‍, സ്വപ്നത്തിന്റെ വേലിയേറ്റങ്ങള്‍ക്കുമടിയിലായി മുങ്ങിക്കിടക്കും. നിങ്ങള്‍ ഇതെഴുതുമ്പോള്‍ വിചിത്രമായ ഒരു കഥയുണ്ടാക്കുകയാണെന്നാവും നിങ്ങളുടെ വിചാരം. അതെഴുതുന്നത് നാളെയുമാവില്ല. അതിനിനിയും വര്‍ഷങ്ങള്‍ കഴിയണം.’
അയാള്‍ സംസാരിക്കുന്നതു നിര്‍ത്തി; അയാള്‍ മരിച്ചുവെന്നു ഞാന്‍ മനസ്സിലാക്കി. ഒരര്‍ത്ഥത്തില്‍ അയാള്‍ക്കൊപ്പം ഞാനും മരിച്ചിരിക്കുന്നു. ഞാന്‍ ഉത്ക്കണ്ഠയോടെ തലയണയ്ക്കു മുകളിലൂടെ കുനിഞ്ഞു നോക്കി; അവിടെ ആരുമുണ്ടായിരുന്നില്ല.
ഞാന്‍ മുറിയില്‍ നിന്നിറങ്ങിയോടി. വെളിയിലാകട്ടെ മുറ്റമില്ല, മാര്‍ബിള്‍ കോണിപ്പടികളില്ല, നിശ്ശബ്ദമായ ഹോട്ടലില്ല, യൂക്കാലിപ്റ്റസ് മരങ്ങളില്ല, പ്രതിമകളില്ല, കമാനങ്ങളില്ല, ജലധാരായന്ത്രങ്ങളില്ല, അഡ്‌റോഗിലെ ഗ്രാമീണ വസതിയുടെ പടിവാതിലുമില്ല.
വെളിയില്‍ മറ്റു സ്വപ്നങ്ങള്‍ എന്നെ കാത്തിരിക്കുകയായിരുന്നു.
*ഡോ. ജക്കൈലും മി. ഹൈഡും എഴുതിയ ആർ. എൽ. സ്റ്റീവൻസൺ
*സ്വീഡിഷ് ശാസ്ത്രജ്ഞനും ദാർശനികനും മിസ്റ്റിക്കുമായ സ്വീഡൻബോർഗ് (1688-1722)
*ഫ്ളാബേറിന്റെ നോവൽ
*പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അർജന്റൈൻ പയറ്റുകാരൻ
*(1874-1952)- അർജന്റൈൻ എഴുത്തുകാരൻ
* ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ ഏഥൻസിൽ ജീവിച്ചിരുന്ന സീനോയുടെ അനുയായികൾ
The Story in Spanish and English
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ