1871-ല്‍ ബ്യൂണേഴ്‌സ് അയഴ്‌സില്‍ ബോട്ടില്‍ വന്നിറങ്ങിയ ആ മനുഷ്യന്റെ പേര് യൊഹാനസ് ഡാല്‍മന്‍ എന്നായിരുന്നു. ഇവാഞ്‌ജെലിക്കല്‍ സഭയില്‍ പാതിരിയായിരുന്ന ഇദ്ദേഹത്തിന്റെ ഒരു ചെറുമകന്‍ ഹുവാന്‍ ഡാല്‍മന്‍ 1939-ല്‍ കൊര്‍ദോബാ തെരുവിലെ മുനിസിപ്പല്‍ ലൈബ്രറിയില്‍ സെക്രട്ടറിയായി ജോലി നോക്കിയിരുന്നു. താന്‍ കലര്‍പ്പില്ലാത്ത അര്‍ജന്റീനക്കാരനാണെന്നതില്‍ അയാള്‍ക്കു വലിയ അഭിമാനമായിരുന്നു. അമ്മവഴിക്ക് അയാളുടെ മുത്തച്ഛന്‍ കാലാള്‍പ്പടയുടെ രണ്ടാംനിരയില്‍പ്പെട്ട ഫ്രാന്‍സിസ്‌കോ ഫ്‌ളോറെസ് ആയിരുന്നു; ബ്യൂണേഴ്‌സ് അയഴ്‌സിലെ യുദ്ധമുന്നണിയില്‍വച്ച് റെഡ് ഇന്ത്യക്കാരുടെ കുന്തമുനയേറ്റാണ് അദ്ദേഹം മരിച്ചത്. ഈ വിരുദ്ധപൈതൃകങ്ങളില്‍ ഡാല്‍മന്‍ തിരഞ്ഞെടുത്തത്, അയാളിലെ ജര്‍മ്മാനിക് രക്തം കാരണമാവാം, ആ കാല്പനികപൂര്‍വ്വികന്റെ അല്ലെങ്കില്‍ ആ കാല്‍പനികമരണത്തിന്റെ പാരമ്പര്യമായിരുന്നു. ഒരു പഴയ വാള്, താടി വച്ച, നിർവികാരമായ ഒരു മുഖത്തിന്റെ ലിത്തോഗ്രഫ് അടക്കം ചെയ്ത ഒരു ലോക്കറ്റ് , ചില ഈണങ്ങളുടെ അഴകും ചുണയും, മാര്‍ട്ടിന്‍ ഫിയെറോയിലെ* ശീലമായിത്തീര്‍ന്ന ചില പദ്യശകലങ്ങള്‍, കടന്നുപോയ വര്‍ഷങ്ങള്‍, മടുപ്പും ഏകാന്തതയും-ഇവയൊക്കെ ഇച്ഛാപൂര്‍വ്വവും എന്നാല്‍ നാട്യപരത തീര്‍ത്തുമില്ലാത്തതുമായ ഈ ദേശീയവാദത്തിനു കളമൊരുക്കി. അസംഖ്യം ചെറുസുഖങ്ങള്‍ ബലികഴിച്ചുകൊണ്ടാണെങ്കിലും തെക്ക് ഫ്‌ളോറെസ് കുടുംബത്തിനവകാശപ്പെട്ട ഒരൊഴിഞ്ഞ കളപ്പുര അയാള്‍ സ്വന്തമാക്കിയിരുന്നു. ഔഷധഗന്ധം വമിക്കുന്ന യൂക്കാലിപ്റ്റസ് മരങ്ങളും മങ്ങിയ ചെങ്കല്‍നിറമുള്ള ഒരു വലിയ വീടും കൂടിച്ചേര്‍ന്ന ബിംബം അയാളുടെ ഓര്‍മ്മകളില്‍ നിത്യസാന്നിദ്ധ്യമായി. ജോലിപ്പാടുകള്‍, മടിയുമാവാം, അയാളെ നഗരത്തില്‍ത്തന്നെ കുടുക്കിയിട്ടു വേനല്ക്കാലങ്ങള്‍ കടന്നുപോയി. സമ്പാദ്യമെന്ന അമൂര്‍ത്താശയവും സമതലത്തിന്റെ മദ്ധ്യത്ത് ഒരു പ്രത്യേകസ്ഥാനത്ത് തന്റെ കളപ്പുര തന്നെ കാത്തുകിടക്കുകയാണെന്ന തീര്‍ച്ചയും കൊണ്ടുമാത്രം അയാള്‍ക്കു തൃപ്തനാകേണ്ടിവന്നു. എന്നാല്‍ 1939 ഫെബ്രുവരി അവസാനത്തോടെ ചിലതു സംഭവിച്ചു.
ഒരു മനുഷ്യന്റെ സകല വീഴ്ചകള്‍ക്കും നേരെ കണ്ണടയ്ക്കുന്ന വിധി ചെറിയൊരു ശ്രദ്ധക്കുറവിന്റെ പേരില്‍ അയാളുടെ മേല്‍ തന്റെ സര്‍വ്വക്രൂരതയും കാട്ടിയെന്നു വരാം. അന്നുച്ചതിരിഞ്ഞ്, വെയ്ല്‍സ് എഡിറ്റു ചെയ്ത 'ആയിരത്തൊന്നുരാവുകളു'ടെ ചില പേജുകള്‍ കീറിപ്പോയ ഒരു കോപ്പി അയാള്‍ എങ്ങനെയോ സമ്പാദിച്ചിരുന്നു. വായിക്കാനുള്ള വ്യഗ്രത കാരണം ലിഫ്റ്റിനുവേണ്ടി കാത്തുനില്ക്കാതെ അയാള്‍ കോണിപ്പടി ഓടിക്കയറുകയായിരുന്നു. ഇരുട്ടത്ത് അയാളുടെ നെറ്റിയില്‍ എന്തോ വന്നുരുമ്മി; വവ്വാലാണോ, കിളിയാണോ? വാതില്‍ തുറന്നുകൊടുത്ത സ്ത്രീയുടെ മുഖത്ത് ഭീതി കൊത്തിവെച്ചിരിക്കുന്നത് അയാള്‍ കണ്ടു. അയാള്‍ മുഖം തുടച്ച കൈ രക്തംപുരണ്ടു ചുവന്നു. ആരോ അടയ്ക്കാന്‍ വിട്ടുപോയ കതകിന്റെ വിളുമ്പാണ് അയാള്‍ക്ക് ഈ മുറിവുണ്ടാക്കിവച്ചത്. ഡാല്‍മന്‍ എങ്ങനെയോ ഉറങ്ങി. പക്ഷേ രാവിലെ ഉറക്കം വിട്ട നിമിഷം മുതല്‍ അയാള്‍ക്കെല്ലാ വസ്തുക്കളും ചവര്‍ത്തു. ജ്വരം അയാളെ അവശനാക്കി, 'ആയിരത്തൊന്നു രാവുകളി'ലെ ചിത്രങ്ങള്‍ അയാളുടെ പേക്കിനാവുകള്‍ക്ക് രൂപം കൊടുത്തു. സുഹൃത്തുക്കളും ബന്ധുക്കളും അയാളെ സന്ദര്‍ശിക്കാനെത്തി. വലിച്ചുനീട്ടിയ പുഞ്ചിരിയോടെ അവര്‍ അയാള്‍ക്കു കുശലം പറഞ്ഞു. ഒരുതരം ജാഡ്യത്തോടെ അയാള്‍ അതെല്ലാം കേട്ടു. താന്‍ നരകത്തില്‍ കിടക്കുകയാണെന്ന കാര്യം ഇവരെന്തേ മനസ്സിലാക്കുന്നില്ല! ഒരാഴ്ച, എട്ടുദിവസം, കടന്നുപോയി. അത് എട്ടു നൂറ്റാണ്ടുകള്‍പോലെയായിരുന്നു. ഒരു ദിവസം ഉച്ചതിരിഞ്ഞ് പതിവുഡോക്ടര്‍ പുതിയൊരു ഡോക്ടറേയും കൂട്ടിയെത്തി. അവര്‍ അയാളെ ഇക്വഡോര്‍ തെരുവിലെ ഒരു സാനിറ്റോറിയത്തിലേക്കു കൊണ്ടുപോയി. അയാളുടെ എക്‌സ്‌റേ എടുക്കേണ്ടതുണ്ടായിരുന്നു. ഒറ്റക്കുതിരവണ്ടിയില്‍ ഇരിക്കുമ്പോള്‍ ഡാല്‍മന്‍ ആശ്വസിച്ചു: അവസാനം തന്റേതല്ലാത്ത ഒരു മുറിയില്‍ തനിക്കുറങ്ങാമല്ലോ. അയാള്‍ക്കു സന്തോഷവും ഉത്സാഹവും തോന്നി. ലക്ഷ്യസ്ഥാനത്തെത്തിയപ്പോള്‍ അവര്‍ അയാളെ വിവസ്ത്രനാക്കി; തല മുണ്ഡനം ചെയ്തു; പിന്നെ ലോഹക്കൊളുത്തുകള്‍കൊണ്ട് ഒരു സ്‌ട്രെച്ചറില്‍ അയാളെ ബന്ധിച്ചു. തുടര്‍ന്ന് അവര്‍ അയാളുടെ മേല്‍ വിളക്കുകളുടെ രൂക്ഷപ്രകാശം വീഴ്ത്തി. അയാളുടെ കണ്ണുകള്‍ ഇരുട്ടടച്ചു; അയാള്‍ക്കു തല ചുറ്റി. മുഖാവരണം ധരിച്ച ഒരാള്‍ അയാളുടെ കൈയ്യില്‍ ഒരു സൂചി കുത്തിക്കയറ്റി. കിണറുപോലെ തോന്നിച്ച ഒരു മുറിയില്‍, മനംപുരട്ടലോടെ അയാളുണര്‍ന്നു. ശസ്ത്രക്രിയയെ തുടര്‍ന്നുവന്ന പകലുകളും രാത്രികളും സഹിക്കുമ്പോള്‍ അയാള്‍ക്കു മനസ്സിലായി താനിതുവരെ നരകത്തിന്റെ പ്രാന്തപ്രദേശത്തു മാത്രമായിരുന്നുവെന്ന്. ഈ നാളത്രയും ഡാല്‍മന്‍ തന്റെ ഓരോ അണുവും കണക്കറ്റു വെറുത്തു. തന്റെ സ്വത്വം. തന്റെ ശാരീരികാവശ്യങ്ങള്‍, താനനുഭവിക്കുന്ന അപമാനം, മുഖത്തുരുമ്മുന്ന അടി - എല്ലാമെല്ലാം അയാള്‍ വെറുത്തു. വേദനാജനകമായിരുന്ന ചികിത്സാവിധികളൊക്കെ അയാള്‍ സഹനത്തോടെ കൈക്കൊണ്ടു. എന്നാല്‍ രക്തദൂഷ്യം അധികരിച്ച് താന്‍ മരിക്കാറായതായിരുന്നുവെന്ന് സര്‍ജന്‍ പറഞ്ഞപ്പോള്‍ ആത്മാനുപാതംകൊണ്ട് ഡാല്‍മനു കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. ശാരീരികമായ അവശതയും ഭീതിദമായ രാത്രികളെക്കുറിച്ചുള്ള നിരന്തരചിന്തയും കാരണം മരണംപോലെ അത്ര അമൂര്‍ത്തമായ ഒന്നിനെക്കുറിച്ചു ചിന്തിക്കാന്‍ അയാള്‍ക്കു നേരം കിട്ടിയിരുന്നില്ലല്ലോ. മറ്റൊരു ദിവസം സര്‍ജന്‍ വന്നു പറഞ്ഞു, അയാള്‍ സുഖപ്പെടുകയാണെന്ന്, വിശ്രമമെടുക്കാനായി അയാള്‍ക്കിനി തന്റെ കളപ്പുരയിലേക്കു പോകാമെന്ന്. അവിശ്വസനീയമായ വേഗതയോടെ ആ വാഗ്ദത്തദിനം വന്നുചേര്‍ന്നു.
സമമിതികളേയും ചില്ലറ അകാലികതകളേയും പിന്തുണയ്ക്കുന്ന സ്വഭാവമുണ്ട് യാഥാര്‍ത്ഥ്യത്തിന്. ഡാല്‍മന്‍ സാനിറ്റോറിയത്തിലെത്തിയത് ഒറ്റക്കുതിരവണ്ടിയിലായിരുന്നു. ഇപ്പോള്‍ അയാളെ കോണ്‍സ്റ്റിറ്റ്യൂസിയോന്‍ റയില്‍വേസ്റ്റേഷനിലേക്കു വഹിച്ചുകൊണ്ടോടുന്നതും ഒരൊറ്റക്കുതിരവണ്ടി തന്നെയാണ്. വേനലിന്റെ ക്രൂരതകള്‍ക്കുശേഷം ശരത്കാലത്തിന്റെ കുളിരുന്ന നവഗന്ധം തന്റെ ഇപ്പോഴത്തെ സ്ഥിതിയുടെ പ്രതീകമാണെന്ന് ഡാല്‍മനു തോന്നി. ജ്വരത്തില്‍നിന്നും മരണത്തില്‍നിന്നും താന്‍ വിടുതി നേടിയതിന്റെ പ്രകൃതിയിലെ പ്രതീകം. രാത്രിയില്‍ നഗരങ്ങള്‍ ജീര്‍ണ്ണഭവനങ്ങള്‍ പോലെയാണ്; കാലത്തേഴു മണിയായിട്ടും ആ പഴക്കച്ചുവ തങ്ങിനിന്നിരുന്നു: തെരുവുകള്‍ നീണ്ട ഇടനാഴികള്‍പോലെ തോന്നിച്ചു. നാല്ക്കവലകള്‍ നടുമുറ്റങ്ങളായിരുന്നു. തലചുറ്റിക്കുന്ന ആഹ്ലാദത്തോടെ ഡാല്‍മന്‍ തന്റെ നഗരം തിരിച്ചറിഞ്ഞു. കണ്ണുകള്‍ കാണുന്നതിനൊരു നിമിഷം മുമ്പേ ഓര്‍മ്മയില്‍ അയാള്‍ തെരുവുമൂലകള്‍ കണ്ടെടുത്തു, പരസ്യപ്പലകകള്‍ കണ്ടെടുത്തു, ബ്യൂണേഴ്‌സ് അയഴ്‌സിന്റെ എളിയ വൈവിദ്ധ്യം കണ്ടെടുത്തു. പുതിയൊരു പകലിന്റെ മഞ്ഞവെളിച്ചത്തില്‍ എല്ലാ വസ്തുക്കളും അയാളിലേക്കു തിരിച്ചുചെന്നു.
തെക്ക് തുടങ്ങുന്നത് അവെനീഡാ റിവാഡാവിയായുടെ അങ്ങേപ്പുറത്തു നിന്നാണെന്ന് ഏതര്‍ജന്റീനാക്കാരനുമറിയാം. ആ തെരുവു മുറിച്ചു കടക്കുന്നയാള്‍ കൂടുതല്‍ പുരാതനവും കര്‍ക്കശവുമായ ഒരു ലോകത്തിലേക്കാണു പ്രവേശിക്കുന്നതെന്ന് ഡാല്‍മന്‍ പറയാറുണ്ടായിരുന്നു. വണ്ടിക്കുള്ളിലിരുന്നുകൊണ്ട് വെളിയിലെ പുതിയ കെട്ടിടങ്ങള്‍ക്കിടയില്‍ ഡാല്‍മന്‍ പലതും തേടി: ഇരുമ്പഴിയിട്ട ഒരു ജനാല, ഒരു പിത്തള വാതില്‍പ്പിടി, ഒരു വളച്ചുവാതില്‍, സ്വകാര്യതകള്‍ സൂക്ഷിക്കുന്ന ഒരു നടുമുറ്റം.
ട്രയിന്‍ വിടാന്‍ അരമണിക്കൂര്‍ കഴിയേണ്ടിയിരുന്നു. പെട്ടെന്നയാള്‍ക്ക് ബ്രസീല്‍ തെരുവിന്റെ (യിറിഗോഷന്റെ വീട്ടിനല്പമകലെയായുള്ള) ഒരു കാപ്പിക്കടയെക്കുറിച്ചോര്‍മ്മ വന്നു. ഉദ്ധതനായ ഒരു ദേവനെപ്പോലെ ആളുകള്‍ക്കു തലോടാന്‍ കിടന്നുകൊടുക്കുന്ന ഒരു പൂച്ച അവിടെയുണ്ടായിരുന്നു. അയാള്‍ കാപ്പിക്കടയിലേക്കു കയറി. പൂച്ച അവിടെക്കിടന്നു മയങ്ങുന്നുണ്ടായിരുന്നു. അയാള്‍ ഒരു കാപ്പി വരുത്തി സാവധാനം മൊത്തിക്കുടിച്ചു (ഈ ആനന്ദം സാനിറ്റോറിയത്തില്‍ അയാള്‍ക്കു നിഷേധിക്കപ്പെട്ടതായിരുന്നല്ലോ.) പൂച്ചയുടെ കറുത്ത രോമക്കുപ്പായം തലോടുമ്പോള്‍ അയാളോര്‍ത്തു: ഈ രണ്ടു സത്തകളും, പൂച്ചയും മനുഷ്യനും, ഒരു സ്ഫടികഭിത്തിയാല്‍ വേര്‍തിരിക്കപ്പെട്ടപോലെയാണ്. കാരണം മനുഷ്യന്‍ ജീവിക്കുന്നത് കാലത്തിലാണ്, തുടര്‍ച്ചയിലാണ്; എന്നാല്‍ ഈ മാന്ത്രികജീവിയുടെ ജീവിതം വര്‍ത്തമാനത്തിലാണ്, ഇക്ഷണത്തിന്റെ നിത്യതയിലാണ്.
ഒടുവിലത്തേതിനിപ്പുറത്തുള്ള പ്ലാറ്റ്‌ഫോമില്‍ ട്രയിന്‍ കാത്തുകിടന്നു. മിക്കവാറും ഒഴിഞ്ഞ ഒരു കോച്ച് കണ്ടെത്തി അയാള്‍ തന്റെ പെട്ടികളൊക്കെ അടുക്കിവച്ചു. ട്രയിന്‍ പുറപ്പെട്ടപ്പോള്‍ അയാള്‍ സഞ്ചി തുറന്ന്, ഒന്നു മടിച്ച ശേഷം, 'ആയിരത്തൊന്നു രാവുകളു'ടെ ഒന്നാം വാല്യം പുറത്തെടുത്തു. തന്റെ നിര്‍ഭാഗ്യങ്ങളുടെ ചരിത്രവുമായി അത്ര അടുത്ത ബന്ധമുള്ള ഈ പുസ്തകവുമായി യാത്ര ചെയ്യുക എന്നത് തന്റെ പീഡനപര്‍വ്വം അവസാനിച്ചിരിക്കുന്നു എന്നതിനൊരു സ്ഥിരീകരണമാണെന്ന് ഡാല്‍മനു തോന്നി. തിന്മയുടെ തോറ്റ ശക്തികള്‍ക്കെതിരെ ഗൂഢവും ആഹ്ളാദം നിറഞ്ഞതുമായ ഒരു വെല്ലുവിളിയാണത്.
ട്രയിനിനിരുപുറവും നഗരം നഗരപ്രാന്തങ്ങളായി ചിതറി. ആ കാഴ്ചയും പിന്നെ, പൂന്തോട്ടങ്ങളും ബംഗ്ലാവുകളും അയാളുടെ വായന തുടങ്ങാന്‍ താമസം വരുത്തി. യഥാര്‍ത്ഥത്തില്‍ അയാള്‍ അത്രയധികം വായിച്ചതുമില്ല. കാന്തശക്തിയുള്ള പര്‍വ്വതവും തന്റെ ഉപകര്‍ത്താവിനെ കൊല്ലാനടുത്ത ജിന്നുമൊക്കെ വിസ്മയാവഹങ്ങള്‍ തന്നെയാണെന്നു സമ്മതിക്കുന്നു. പക്ഷേ, ഈ പ്രഭാതവും ജീവിക്കുക എന്ന വെറും വസ്തുതയും നല്കുന്ന വിസ്മയത്തിനു മുന്നില്‍ അവയെവിടെ? ഡാല്‍മന്‍ പുസ്തകം അടച്ചുവച്ചു.
ഉച്ചഭക്ഷണം - ബാല്യകാലത്തെ വിദൂരമായ വേനലുകളിലെന്നപോലെ തിളങ്ങുന്ന ലോഹക്കോപ്പകളില്‍ വിളമ്പിയ സൂപ്പ് - പ്രശാന്തവും സഫലവുമായ മറ്റൊരാനന്ദമായിരുന്നു.
നാളെ ഞാനെന്റെ കളപ്പുരയില്‍ ഉറക്കമുണരും, അയാളോര്‍ത്തു. അയാള്‍ ഒരേസമയം രണ്ടുപേരായിരുന്നപോലെയായിരുന്നു: ഒരാള്‍ ശരത്കാലത്തെ ഒരു പകല്‍നേരം ജന്മഭൂമിയുടെ ഭൂമിശാസ്ത്രത്തിലൂടെ സഞ്ചരിക്കുകയായിരുന്നു; മറ്റേയാള്‍ ഒരു സാനിറ്റോറിയത്തിന്റെ തടവില്‍ കിടന്ന് കടുത്ത പഥ്യാചരണത്തിനു വിധേയനാവുകയും.
കുമ്മായം തേക്കാത്ത നീണ്ടേങ്കോണിച്ച വീടുകള്‍ തീവണ്ടികള്‍ വരുന്നതും പോകുന്നതും കണ്ട് കാലമറ്റ നില്പു തുടരുന്നതയാള്‍ കണ്ടു; ചളി കുഴഞ്ഞ പാതകളിലൂടെ കുതിരസവാരിക്കാര്‍ ഓടിച്ചുപോകുന്നത് അയാള്‍ കണ്ടു; തോടുകളും ചിറകളും മേച്ചില്‍പ്പുറങ്ങളുമയാള്‍ കണ്ടു; വെണ്ണക്കല്ലുപോലെ തിളങ്ങുന്ന മഹാമേഘങ്ങള്‍ അയാള്‍ കണ്ടു; ഈ വസ്തുക്കളൊക്കെയും യാദൃച്ഛികമായിരുന്നു; അകാരണമായിരുന്നു - സമതലത്തിന്റെ സ്വപ്നങ്ങള്‍പോലെ. മരങ്ങളും വിളകളും താന്‍ തിരിച്ചറിഞ്ഞതായി അയാള്‍ കരുതി. എന്നാല്‍ അവയുടെ പേരു പറയാന്‍ അയാള്‍ക്കു കഴിയുമായിരുന്നില്ല. കാരണം നാട്ടിന്‍പുറത്തെക്കുറിച്ചുള്ള അയാളുടെ യഥാര്‍ത്ഥജ്ഞാനം അതിനെക്കുറിച്ച് അയാള്‍ക്കുണ്ടായിരുന്ന ഗൃഹാതുരവും സാഹിത്യപരവുമായ ജ്ഞാനത്തേക്കാള്‍ എത്രയോ താഴ്ന്നതായിരുന്നു.
ഇടയ്ക്കിടെ അയാള്‍ മയങ്ങി. ട്രയിനിന്റെ ഇളക്കങ്ങള്‍ അയാളുടെ സ്വപ്നങ്ങളെ ചലനാത്മകമാക്കി. നട്ടുച്ചയ്ക്കത്തെ അസഹ്യമായ വെണ്‍സൂര്യന്‍ ഇരുട്ടു വീഴും മുമ്പത്തെ മഞ്ഞസൂര്യനായി മാറിക്കഴിഞ്ഞിരുന്നു. വൈകാതെ അത് ചുവന്ന സൂര്യനായി മാറും. തീവണ്ടിയും ഇപ്പോള്‍ ഭാവം പകര്‍ന്നുകഴിഞ്ഞിരുന്നു. കോണ്‍സ്റ്റിറ്റ്യൂസിയോന് സ്റ്റേഷന്‍ വിട്ട അതേ വണ്ടിയായിരുന്നില്ല ഇപ്പോഴത്. സമതലവും കഴിഞ്ഞ നേരവും കൂടി അതിന്റെ രൂപം മാറ്റിത്തീര്‍ത്തിരുന്നു. വെളിയില്‍, തീവണ്ടിയുടെ ചലിക്കുന്ന നിഴല്‍ ചക്രവാളത്തിലേക്കു നീണ്ടുകിടന്നു. അവ്യാകൃതമായ ഭൂമിയെ പാര്‍പ്പിടമോ മറ്റു മനുഷ്യസാന്നിദ്ധ്യങ്ങളോ അലോസരപ്പെടുത്തിയില്ല. നാട്ടിന്‍പുറം വിപുലവും അതേസമയം അടുപ്പം കാട്ടുന്നതും കുറേയൊക്കെ നിഗൂഢവുമായിരുന്നു. സീമയറ്റ നാട്ടിന്‍പുറം ചിലപ്പോഴൊക്കെ ഏകാകിയായ ഒരു കുതിര മാത്രം ഉള്‍ക്കൊള്ളുന്നതായിരുന്നു. ഏകാന്തത പരിപൂര്‍ണ്ണവും പീഡിപ്പിക്കുന്നതുമായിരുന്നു. വെറും തെക്കോട്ടല്ല, ഭൂതകാലത്തിലേക്കു തന്നെയാണ് താന്‍ യാത്ര ചെയ്യുന്നതെന്ന് ഡാല്‍മനു തോന്നിയിരിക്കണം. ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ അയാളെ ചിന്തകളില്‍നിന്നുണര്‍ത്തി. ടിക്കറ്റ് വാങ്ങി നോക്കിയിട്ട്, ഡാല്‍മന് തന്റെ സ്റ്റേഷനില്‍ ഇറങ്ങാന്‍ പറ്റില്ലെന്നും അതിനു തൊട്ടുമുമ്പുള്ള സ്റ്റേഷനില്‍ ഇറങ്ങേണ്ടിവരുമെന്നും അയാള്‍ പറഞ്ഞു. ഡാല്‍മന് ആ സ്റ്റേഷനെപ്പറ്റി ഒരു വിവരവുമുണ്ടായിരുന്നില്ല. (ഈ അസൗകര്യത്തിന് ഇന്‍സ്‌പെക്ടര്‍ എന്തോ വിശദകരണവും നല്‍കിയിരുന്നു. ഡാല്‍മന്‍, പക്ഷേ, അതു മനസ്സിലാക്കാന്‍ മിനക്കെട്ടുമില്ല. സംഭവങ്ങളുടെ പ്രവര്‍ത്തനക്രമം അയാളെ അലട്ടിയതേയില്ല.)
ട്രയിന്‍ ഞരങ്ങിക്കൊണ്ടു നിന്നു; സമതലത്തിന്റെ മദ്ധ്യത്തു തന്നെ എന്നുപറയാം. സ്റ്റേഷന്‍ പാളത്തിനങ്ങേപ്പുറമായിരുന്നു. ഒരു സൈഡിംഗും ഒരു ഷെഡ്ഡും എന്നതില്‍ക്കവിഞ്ഞൊന്നുമില്ല. വാഹനങ്ങള്‍ ഒന്നും കാണപ്പെട്ടില്ല. അല്പം നടന്നാല്‍ ഒരു ജനറല്‍ സ്റ്റോര്‍ കാണാമെന്നും അവിടെ ഏതെങ്കിലും വണ്ടി കണ്ടേക്കാമെന്നും സ്റ്റേഷന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.
ഒരു ചെറിയ സാഹസം എന്ന നിലയില്‍ ഡാല്‍മന്‍ നടക്കാന്‍ തീരുമാനിച്ചു. സൂര്യന്‍ കാഴ്ചപ്പാടില്‍നിന്നു മറഞ്ഞിരുന്നു. എങ്കിലും ഒരന്ത്യപ്രതാപം മൂകവും ഉജ്ജ്വലവുമായ സമതലത്തിനുമേല്‍ പ്രഭാവം പരത്തിനിന്നു.
ജനറല്‍ സ്റ്റോര്‍, ഒരു കാലത്ത് കടുത്ത ചുവപ്പുനിറം അടിച്ചതായിരുന്നിരിക്കണം. എന്നാല്‍ കഴിഞ്ഞുപോയ കാലം അതിന്റെ ഹിംസ്രസ്വഭാവത്തിനു മയം വരുത്തിയിരുന്നു. കെട്ടിടത്തിന്റെ താണതരം വാസ്തുവിദ്യ ഒരു പഴയ ചിത്രത്തിന്റെ ഓര്‍മ്മയുണര്‍ത്തി. ഒരുപക്ഷേ 'പൗലോസും കന്യാമേരിയും' എന്ന ചിത്രത്തിന്റെ ഒരു പഴയ പതിപ്പിനെയാകാം. ഒരു കൂട്ടം കുതിരകളെ തൂണുകളില്‍ കെട്ടിയിരുന്നു. ഉള്ളിലേക്കു കടന്നപ്പോള്‍ കടക്കാരനെ താന്‍ എവിടെയോ കണ്ടിട്ടുണ്ടെന്ന് ഡാല്‍മനു തോന്നി. പെട്ടെന്നു തന്നെ അയാള്‍ക്കു തന്റെ അബദ്ധം മനസ്സിലായി. ആശുപത്രിയിലെ ഒരു അറ്റന്‍ഡറുമായി ഇയാള്‍ക്കു മുഖസാമ്യം ഉണ്ടായിരുന്നുവെന്നേയുള്ളൂ. ഡാല്‍മന്റെ അപേക്ഷ കേട്ടപ്പോള്‍ ഒരു വണ്ടി ശരിപ്പെടുത്തിക്കൊടുക്കാമെന്ന് കടക്കാരന്‍ പറഞ്ഞു. അന്നാളത്തെ കണക്കിലേക്ക് ഒരു സംഭവം കൂടി ചേര്‍ക്കാം, പിന്നെ സമയവും പോകുമല്ലോ എന്നു കരുതി ജനറല്‍ സ്റ്റോറില്‍ നിന്നു ഭക്ഷണം കഴിക്കാമെന്ന് ഡാല്‍മന്‍ തീരുമാനിച്ചു.
ചില നാട്ടുറൗഡികള്‍ തീറ്റയും കുടിയുമായി ഒരു മേശയ്ക്ക് ചുറ്റുമിരുപ്പുണ്ടായിരുന്നു. ഡാല്‍മന്‍ ആദ്യം അവരെ അത്ര ശ്രദ്ധിക്കാന്‍ പോയില്ല. ബാറിനോടു ചേര്‍ന്ന് തറയില്‍ ഒരു വസ്തുവെന്നോണം അനക്കമറ്റ് ഒരു കിഴവന്‍ ഇരുപ്പുണ്ടായിരുന്നു. ഒഴുക്കില്‍പ്പെട്ട ശിലാഖണ്ഡംപോലെയോ, തലമുറകള്‍ കൈമറിഞ്ഞ ഒരു വാക്യംപോലെയോ തേഞ്ഞു മിനുസമായ ഒരു മനുഷ്യന്‍; ഇരുണ്ടുണങ്ങി, ഉള്ളിലേക്കു വലിഞ്ഞ ഒരു ജീവി. അയാള്‍ കാലത്തിനു വെളിയില്‍, നിത്യതയിലാണ് സ്ഥിതിചെയ്യുന്നതെന്നു തോന്നി. ഡാല്‍മന്‍ തൃപ്തിയോടെ അയാളുടെ തൂവാല കണ്ടു, കനത്ത മേലങ്കി കണ്ടു, അടിപൊങ്ങിയ ബൂട്ടുകണ്ടു. ഇത്തരം ഗൌച്ചോകളെ തെക്കുല്ലാതെ കാണാന്‍ കിട്ടുകയില്ലെന്ന് അയാള്‍ മനസ്സില്‍ പറഞ്ഞു.
ജനാലയ്ക്കടുത്തായി ഡാല്‍മന്‍ ഇരുന്നു, ഇരുട്ട് സമതലത്തെ കീഴടക്കാന്‍ തുടങ്ങിയിരുന്നു. എന്നിട്ടും ഭൂമിയുടെ ഗന്ധവും ശബ്ദവും ജനാലയുടെ ഇരുമ്പഴികള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്നുണ്ടായിരുന്നു. കടക്കാരന്‍ അയാള്‍ക്ക് മീനും ഇറച്ചി പൊരിച്ചതും കൊണ്ടുവച്ചു. വൈന്‍ഗ്ലാസ്സുകള്‍ കാലിയാക്കിക്കൊണ്ട് അയാള്‍ ഭക്ഷണം കഴിച്ചു. മയങ്ങിത്തുടങ്ങിയ കണ്ണുകള്‍ കടയ്ക്കുള്ളില്‍ അലഞ്ഞു. തുലാത്തില്‍നിന്ന് ഒരു റാന്തല്‍ തൂങ്ങിക്കിടപ്പുണ്ടായിരുന്നു. മറ്റേ മേശയ്ക്കരികില്‍ മൂന്നുപേരിരുപ്പുണ്ടായിരുന്നു. രണ്ടുപേര്‍ പാടത്തു പണിക്കാരാണെന്നു തോന്നി. കാഴ്ചയ്ക്കു ചീനക്കാരനെപ്പോലിരുന്ന മൂന്നാമന്‍ തൊപ്പിയൂരാതെ തന്നെ കുടിക്കുയായിരുന്നു. പെട്ടെന്ന്‍ ഡാല്‍മന് തന്റെ കവിളിലെന്തോ വന്നുരുമ്മിയപോലെ തോന്നി. കൊഴുത്ത വീഞ്ഞിന്റെ ഗ്ലാസിനരികെ, മേശവിരിപ്പിന്റെ മേല്‍ തുപ്പലില്‍ കുതിര്‍ന്ന ഒരു റൊട്ടിക്കഷണം കിടന്നിരുന്നു. അത്രേയുള്ളു. പക്ഷേ അതാരോ എറിഞ്ഞതാണ്.
മറ്റേ മേശയ്ക്കരികിലിരുന്നവര്‍ അയാളുമായി യാതൊരു ബന്ധവുമില്ലാത്തതുപോലെ കാണപ്പെട്ടു. അസ്വസ്ഥനായ ഡാല്‍മന്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നു സമാധാനിക്കാന്‍ ശ്രമിച്ചു. യാഥാര്‍ത്ഥ്യത്തെ അടക്കിവയ്ക്കാന്‍ ഒരുപാധിയായി അയാള്‍ 'ആയിരത്തൊന്നു രാവുകള്‍' എടുത്തു തുറന്നു. അല്പനിമിഷങ്ങള്‍ക്കുശേഷം മറ്റൊരു റൊട്ടിക്കഷണം മേശപ്പുറത്തു വന്നുവീണു. ഇപ്പോള്‍ അവര്‍ വെളിവായി ചിരിക്കുക തന്നെയായിരുന്നു. താന്‍ പേടിച്ചിട്ടല്ല എന്ന് അയാള്‍ സ്വയം പറഞ്ഞു. പക്ഷേ, രോഗം മാറി വിശ്രമമെടുക്കേണ്ട താന്‍ അപരിചിതരായ ചിലരുമായി കാര്യമില്ലാത്തൊരു വഴക്കിനു നിന്നു കൊടുത്താല്‍ അതു വലിയൊരബദ്ധമായിപ്പോകും. ഡാല്‍മന്‍ അവിടെനിന്നുമിറങ്ങിപ്പോകാന്‍ തീരുമാനിച്ചു. അയാള്‍ എഴുന്നേറ്റപ്പോഴേക്കും കടക്കാരന്‍ ഓടിയെത്തി ക്ഷമാപണം പറഞ്ഞു:
’സെനോര്‍ ഡാല്‍മന്‍, ആ പയ്യന്മാരെ കാര്യമാക്കണ്ട, അവന്മാര്‍ അല്പം കൂടുതല്‍ അകത്താക്കിയിരിക്കുന്നു.’
കടക്കാരന് തന്റെ പേരറിയാമായിരുന്നു എന്നത് ഡാല്‍മനെ ആശ്ചര്യപ്പെടുത്തിയില്ല. പക്ഷേ ഈ അനുരഞ്ജനവാക്കുകള്‍ സ്ഥിതി വഷളാക്കിയതേയുള്ളു എന്ന് അയാള്‍ക്ക് തോന്നി. ഈ നിമിഷത്തിനു മുമ്പ് അവരുടെ പ്രകോപനം ഒരജ്ഞാതമുഖത്തിനു നേരെയായിരുന്നു, ആരോടുമല്ലായിരുന്നു; പക്ഷേ ഇപ്പോള്‍ അത് അയാള്‍ക്കു നേരെയുള്ള ഒരാക്രമണമാണ്; തന്റെ പേരിനു നേരെയുള്ളതാണത്. തന്റെ ചുറ്റുമുള്ളവര്‍ അതറിഞ്ഞുമിരിക്കുന്നു. കടക്കാരനെ തള്ളിമാറ്റിക്കൊണ്ട് ഡാല്‍മന്‍ റൗഡികളെ നേരിട്ടു. തന്നെക്കൊണ്ട് അവര്‍ക്കെന്താണു വേണ്ടതെന്ന് അയാള്‍ ആവശ്യപ്പെട്ടു.
ചീനന്റെ ലക്ഷണങ്ങളുള്ള മുരടന്‍ ഉറയ്ക്കാത്ത കാലുകളില്‍ എഴുന്നേറ്റുനിന്നു. ഹുവാന്‍ഡാല്‍മന്റെ മുഖത്തുനോക്കി അവന്‍ അസഭ്യങ്ങള്‍ വിളിച്ചു പറഞ്ഞു. അവന്‍ തന്റെ ലഹരിയെ പെരുപ്പിച്ചു കാട്ടുകയായിരുന്നു. പക്ഷേ ഈ പ്രകടനം ക്രൂരമായൊരു നാട്യമായിരുന്നു. ശാപവചനങ്ങള്‍ക്കും തെറികള്‍ക്കുമിടയില്‍ അവന്‍ നീണ്ടൊരു കത്തി വായുവില്‍ എറിഞ്ഞുപിടിച്ചു. അതുകൊണ്ട് കൈയടക്കം കളിച്ചുകൊണ്ട് അവന്‍ ഡാല്‍മനെ ഒരു കത്തിപ്പയറ്റിനു വെല്ലുവിളിച്ചു. കടക്കാരന്‍ വിറച്ചുകൊണ്ടു തടസ്സം പറഞ്ഞു - ഡാല്‍മന്‍ നിരായുധനാണ്. ആ നേരത്ത് മുന്‍കൂട്ടിക്കാണാനാവാത്ത ഒന്നു സംഭവിച്ചു.
മുറിയുടെ മൂലയില്‍നിന്ന് ആ കിഴവന്‍ ഗൌച്ചോ, തെക്കിന്റെ (തന്റെ തെക്കിന്റെ) പ്രതീകമായിഡാല്‍മന്‍ കണ്ട ആ മനുഷ്യന്‍, അയാള്‍ക്ക് ഉറയൂരിയ ഒരു കത്തി എറിഞ്ഞുകൊടുത്തു. അത് അയാളുടെ കാല്‍ക്കല്‍ വന്നുവീണു. ഡാല്‍മന്‍ വെല്ലുവിളി സ്വീകരിക്കണമെന്ന് തെക്ക് തീരുമാനിച്ചുറച്ചപോലെയായിരുന്നു. കുനിഞ്ഞു കത്തിയെടുക്കുമ്പോള്‍ ഡാല്‍മനു രണ്ടു കാര്യങ്ങള്‍ ബോദ്ധ്യമായി: ഒന്നാമത്, മിക്കവാറും അബോധപൂര്‍വ്വമായ തന്റെയീ പ്രവൃത്തി തന്നെ പോരിനു കടപ്പെടുത്തുന്നുവെന്നും, രണ്ടാമത് തന്റെ ബലംകെട്ട കൈകളില്‍ ആയുധം ഒരു പ്രതിരോധമല്ലെന്നും കൊലയാളിക്കൊരു നീതീകരണം മാത്രമാണതെന്നും. എല്ലാവരേയുംപോലെ അയാളും ഒരിക്കല്‍ കത്തികൊണ്ടു കളിച്ചിട്ടുള്ളതാണ്. പക്ഷേ മല്‍പ്പിടുത്തത്തെയും കഠാരക്കളിയെയും കുറിച്ചുള്ള അയാളുടെ അറിവ് ചില ഉപരിപ്ലവധാരണകള്‍ക്കപ്പുറം പോയില്ല.
ആശുപത്രിയിലായിരുന്നുവെങ്കില്‍ ഇതൊന്നും തനിക്കു വന്നുപെടുമായിരുന്നില്ല, അയാളോര്‍ത്തു.
'നമുക്കിറങ്ങാം' മറ്റേയാള്‍ പറഞ്ഞു.
അവര്‍ വെളിയിലേക്കിറങ്ങി. ഡാല്‍മന് ആശയില്ലായിരുന്നുവെന്നതുപോലെ ഭയവുമില്ലായിരുന്നു. വാതില്‍ കടക്കുമ്പോള്‍ അയാളോര്‍ത്തു: സാനിറ്റോറിയത്തിലെ ആദ്യരാത്രിയില്‍ അവര്‍ അയാള്‍ക്കുമേല്‍ സൂചി കുത്തിയിറക്കുമ്പോഴായിരുന്നുവെങ്കില്‍, തുറന്ന ആകാശത്തിനുകീഴെയുള്ള ഈ മരണം, പ്രതിയോഗിയുമായുള്ള മല്‍പിടുത്തം, ഒരു മോചനമായേനെ; ഒരാഹ്ലാദവും ഉത്സവാവേളയുമായേനെ. ആ രാത്രിയില്‍ തന്റെ മരണം തിരഞ്ഞെടുക്കാനോ സ്വപ്നം കാണാനോ കഴിഞ്ഞിരുന്നെങ്കില്‍ താന്‍ തിരഞ്ഞെടുക്കുക, അല്ലെങ്കില്‍ സ്വപ്നം കാണുക, ഈ മരണമായേനേയെന്ന്‍ അയാളോര്‍ത്തു.
കത്തി മുറുകെപ്പിടിച്ചുകൊണ്ട്, ഒരുപക്ഷേ അതെങ്ങനെ പ്രയോഗിക്കണമെന്ന് അയാള്‍ക്കറിവില്ലെന്നും വരാം, ഡാല്‍മന്‍ സമതലത്തിലേക്കിറങ്ങിപ്പോയി.
മാർട്ടിൻ ഫിയെറോ - ഹൊസേ ഹെർണാണ്ടെഥ് എന്ന അർജന്റൈൻ കവിയുടെ ‘മാർട്ടിൻ ഫിയെറോ’ എന്ന ഇതിഹാസം.
ഗൌച്ചോ- തെക്കേ അമേരിക്കയിലെ യൂറോപ്യന്‍ - റഡ് ഇന്ത്യന്‍ സങ്കരവര്‍ഗ്ഗക്കാരായ കാലിമേയ്പുകാര്‍.
The South
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ