അനന്തമായ ബിന്ദുക്കളടങ്ങിയത് രേഖ; അനന്തമായ രേഖകളടങ്ങിയത് പ്രതലം; അനന്തമായ പ്രതലങ്ങളടങ്ങിയത് വ്യാപ്തം; അനന്തമായ വ്യാപ്തങ്ങളടങ്ങിയത് അതിവ്യാപ്തം... അല്ല, നിസ്സംശയമായും ഈ യൂക്ളിഡിയന്‍ രീതിയല്ല, എന്റെ കഥ ആരംഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. ഒരു കഥ കെട്ടിച്ചമച്ചിട്ട് അതു യഥാര്‍ത്ഥമാണെന്നവകാശപ്പെടുന്നതാണല്ലോ, ഇക്കാലത്തെ കീഴ്‌വഴക്കം. എന്റേത്, പക്ഷേ, യഥാര്‍ത്ഥമാണ്.
ബ്യൂണേഴ്സ് അയഴ്‌സിലെ ബല്‍ഗ്രാനോ തെരുവില്‍ ഒരു മൂന്നാംനില ഫ്‌ളാറ്റില്‍ ഞാന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. കുറച്ചുമാസങ്ങള്‍ക്കു മുമ്പ് ഒരു ദിവസം സന്ധ്യക്ക്, ആരോ കതകില്‍ മുട്ടുന്നത് ഞാന്‍ കേട്ടു. വാതില്‍ തുറന്നുനോക്കുമ്പോള്‍ പുറത്ത് ഒരപരിചിതന്‍ നില്പുണ്ടായിരുന്നു. നല്ല പൊക്കമുള്ള ഒരാള്‍; ഇന്നതെന്നു പറയാനാവാത്ത മുഖലക്ഷണം - ഒരുപക്ഷേ വെള്ളെഴുത്തുമൂലം എനിക്കങ്ങനെ തോന്നിയതാണെന്നും വരാം. ചാരനിറത്തിലുള്ള വേഷമാണ് ധരിച്ചിരുന്നത്; ചാരനിറത്തിലുള്ള ഒരു സ്യൂട്ട്‌കേയ്‌സ് കൈയ്യിലുണ്ടായിരുന്നു. ഒരു നാട്യവുമില്ലാത്ത രീതി. ആള്‍ വിദേശിയാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലായി. ആദ്യം കണ്ടപ്പോള്‍ വൃദ്ധനെപ്പോലെ തോന്നിയെങ്കിലും പിന്നീടേ എനിക്കെന്റെ പിശകു ബോദ്ധ്യപ്പെട്ടുള്ളു. സ്‌കാന്‍ഡിനേവിയാക്കാരുടെ രീതിയില്‍ മിക്കവാറും വെളുത്ത, ആ നനുത്ത സ്വര്‍ണ്ണമുടിയാണ് എന്നെ തെറ്റിദ്ധരിപ്പിച്ചത്. ഞങ്ങളുടെ സംഭാഷണത്തിനിടയ്ക്ക് - അത് ഒരു മണിക്കൂര്‍ നീണ്ടുനിന്നില്ല - അയാള്‍ ഓര്‍ക്ക്‌നിക്കാരനാണെന്നും ഞാന്‍ മനസ്സിലാക്കി.
ഞാന്‍ അയാളെ അകത്തേക്കു ക്ഷണിച്ച് ഒരു കസേര കൊടുത്തിരുത്തി. സംസാരിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് അയാള്‍ നിമിഷനേരം നിശ്ശബ്ദനായി ഇരുന്നു. അയാളില്‍നിന്ന് ഒരു തരം മ്ലാനത പ്രസരിച്ചുകൊണ്ടിരുന്നു, ഇപ്പോള്‍ എന്നില്‍ നിന്നെന്നപോലെ.
'ഞാന്‍ ബൈബിള്‍ വില്പനക്കാരനാണ്,' ഒടുവില്‍ അയാള്‍ പറഞ്ഞു.
അല്പം പാണ്ഡിത്യഗര്‍വ്വോടെ ഞാന്‍ മറുപടി പറഞ്ഞു. 'ഈ വീട്ടില്‍ ഇംഗ്ലീഷ് ബൈബിള്‍ പലതുണ്ട് - ഏറ്റവും ആദ്യത്തേത്, ജോണ്‍ വൈക്ലിഫിന്റേതുള്‍പ്പെടെ. അതുകൂടാതെ എന്റെ കൈവശം സിപ്രിയാനോ ഡി വലേറായുടേതുണ്ട്. ലൂതറിന്റേതുണ്ട് (സാഹിത്യദൃഷ്ട്യ നോക്കിയാല്‍ മഹാമോശമാണത്). പിന്നെ കത്തോലിക്കാ ബൈബിളിന്റെ ലത്തീന്‍ പതിപ്പുമുണ്ട്. എനിക്കിപ്പോള്‍ ബൈബിളല്ല അത്ര ആവശ്യമായിരിക്കുന്നതെന്ന് മനസ്സിലായിക്കാണുമല്ലോ.'
അല്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം അയാള്‍ ഇങ്ങനെ പറഞ്ഞു, 'ബൈബിള്‍ മാത്രമല്ല എനിക്കു വില്ക്കാനുള്ളത്. ബിക്കാനീറിന്റെ പ്രാന്തപ്രദേശത്തുനിന്നു കിട്ടിയ ഒരു പുണ്യഗ്രന്ഥം ഞാന്‍ കാണിച്ചു തരാം. നിങ്ങളെപ്പോലൊരാള്‍ക്ക് അതില്‍ താല്പര്യം കണ്ടേക്കും.'
അയാള്‍ പെട്ടി തുറന്ന് പുസ്തകമെടുത്തു മേശപ്പുറത്തുവച്ചു. ഒക്ടേവോ വലിപ്പത്തില്‍, കാലിക്കോ ബയന്റിട്ട ഒരു പുസ്തകം. അത് പലകൈ മറിഞ്ഞതാണെന്നതില്‍ സംശയമേ വേണ്ട. അതു കയ്യിലെടുത്തു പരിശോധിക്കവെ അതിന്റെ അസാധാരണമായ ഭാരം കണ്ട് എനിക്കദ്ഭുതം തോന്നി. പുസ്തകത്തിന്റെ മൂട്ടില്‍ 'വിശുദ്ധ വേദപുസ്തകം' എന്നും അതിനു ചുവടെയായി 'ബോംബെ' എന്നും അടിച്ചിരുന്നു.
'പത്തൊമ്പതാം നൂറ്റാണ്ടിലേതാവണം,' ഞാന്‍ അഭിപ്രായം പറഞ്ഞു.
'അതെനിക്കറിയില്ല,' എന്നായിരുന്നു മറുപടി. 'അത് എനിക്കിതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.'
ഞാന്‍ പുസ്തകം കയ്യിലെടുത്ത് വെറുതേമറിച്ചു തുറന്നു നോക്കി. ലിപി എനിക്കു പരിചയമില്ലാത്തതായിരുന്നു. മുദ്രണപരമായി നോക്കിയാല്‍ അത്ര ഭംഗിയില്ലാത്ത പേജുകള്‍ തേഞ്ഞ ടൈപ്പുകളില്‍, ബൈബിള്‍ അച്ചടിക്കുന്നതുമാതിരി രണ്ടുകോളം നിരത്തി അടിച്ചിരിക്കുകയായിരുന്നു. പേജുകളുടെ മുകളറ്റം മൂലയ്ക്കായി അറബി അക്കങ്ങളില്‍ പേജുനമ്പറിട്ടിരുന്നു. അതില്‍ ഞാനൊരു വിശേഷം കണ്ടു. ഇടത്തേ പേജിന്റെ നമ്പര്‍, ഉദാഹരണത്തിന്, 40514 ആണെങ്കില്‍ എതിരേയുള്ള പേജ് നമ്പര്‍ 999 ആയിരുന്നു. ഞാന്‍ ആ താളു മറിച്ചു: അതിന്റെ നമ്പരിന് എട്ടക്കങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ചെറിയൊരു ചിത്രവുമുണ്ടായിരുന്നു. നിഘണ്ടുക്കളില്‍ കാണാറുള്ള തരത്തിലൊരെണ്ണം; ഒരു സ്‌കൂള്‍ കുട്ടിയുടെ അവിദഗ്ദ്ധമായ കൈകൊണ്ടു വരച്ചപോലെ, ഒരു നങ്കൂരത്തിന്റെ പടം.
ഈ സമയത്താണ്, അയാള്‍ പറഞ്ഞത്, 'ആ ചിത്രം ഒന്നുകൂടി സൂക്ഷിച്ചുനോക്കൂ. ഇനിയതു കാണാന്‍ കിട്ടില്ല.'
ശബ്ദത്തിനില്ലെങ്കിലും ആ വാക്കുകള്‍ക്ക് ഒരു ഭീഷണിയുടെ ചുവയുണ്ടായിരുന്നു.
ഞാന്‍ ആ പേജുനമ്പര്‍ മനസ്സില്‍ കുറിച്ചിട്ടശേഷം പുസ്തകമടച്ചു. തൊട്ടുപിമ്പേ, ഞാനതു തുറക്കുകയും ചെയ്തു. ഞാന്‍ താളുകള്‍ മറിച്ചുമറിച്ച് ആ നങ്കൂരത്തിന്റെ പടത്തിനുവേണ്ടി പരതിയത് വെറുതെയായി.
'ഇതേതോ ഇന്ത്യന്‍ഭാഷയിലെ വേദപുസ്തകതര്‍ജ്ജമയാണെന്നു തോന്നുന്നു, അല്ലെ?'' ഞാന്‍ എന്റെ ഇച്ഛാഭംഗം മറയ്ക്കാനായി ചോദിച്ചു.
'അല്ല' അയാള്‍ പറഞ്ഞു. പിന്നെ, എന്തോ രഹസ്യം പറയാനാണെന്നപോലെ അയാള്‍ ഒച്ച താഴ്ത്തി. 'സമതലത്തിലെ ഒരു പട്ടണത്തില്‍വച്ച് കുറച്ചു രൂപയും ഒരു ബൈബിളും കൊടുത്തിട്ടാണ് ഞാന്‍ ഈ പുസ്തകം സമ്പാദിച്ചത്. ഇതിന്റെ ഉടമസ്ഥന് വായിക്കാനറിയില്ലായിരുന്നു. അയാള്‍ ഈ പുസ്തകങ്ങളുടെ പുസ്തകം ഏതോ മന്ത്രരക്ഷപോലെ ഉപയോഗിക്കുകയായിരുന്നു എന്നാണ് എന്റെ സംശയം. അയാള്‍ ഏറ്റവും താണജാതിയില്‍പ്പെട്ടയാളായിരുന്നു; അയാളുടെ നിഴല്‍ വീണാല്‍ ശുദ്ധം മാറാത്തവരായി മറ്റു തൊട്ടുകൂടാത്തവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അയാള്‍ എന്നോടു പറഞ്ഞത് ഈ പുസ്തകത്തിന്റെ പേര് “മണലുകൊണ്ടുള്ള പുസ്തകം” എന്നാണ്; കാരണം, ഈ പുസ്തകവും മണല്‍ത്തരികളും ഒന്നുപോലെ ആദിയും അന്ത്യവുമില്ലാത്തവയാണല്ലോ.'
പുസ്തകത്തിന്റെ ആദ്യത്തെ പേജു കണ്ടുപിടിക്കാന്‍ അയാള്‍ എന്നോടു പറഞ്ഞു.
ഞാന്‍ ഇടതുകൈ പുസ്തകത്തിന്റെ കവറില്‍ വച്ചിട്ട്, തള്ളവിരല്‍ ആദ്യത്തെ താളില്‍ കൊള്ളിച്ചുവയ്ക്കാന്‍ നോക്കിക്കൊണ്ട് പുസ്തകം തുറന്നു. അതു ഫലവത്തായില്ല. ഓരോ തവണ ശ്രമിക്കുമ്പോഴും കവറിനും തള്ളവിരലിനുമിടയില്‍ കുറേ പേജുകള്‍ ഉണ്ടാവും. അവ പുസ്തകത്തില്‍നിന്നു വളര്‍ന്നു പെരുകുന്നതുപോലെയായിരുന്നു.
'ഇനി അവസാനത്തെ പുറം കണ്ടുപിടിക്കൂ.'
അതിലും ഞാന്‍ പരാജയപ്പെട്ടു. എന്റേതായി എനിക്കു തോന്നാത്ത ഒരൊച്ചയില്‍ ഞാന്‍ വിക്കിവിക്കി പറഞ്ഞൊപ്പിച്ചു. 'ഇങ്ങനെ വരാന്‍ വഴിയില്ല.'
ഒച്ച താഴ്ത്തിത്തന്നെ അയാള്‍ പറഞ്ഞു, ‘ഇങ്ങനെ വരാന്‍ വഴിയില്ല; പക്ഷേ ഇങ്ങനെയാണ് വന്നിരിക്കുന്നത്. ഈ പുസ്തകത്തിലെ പേജുകളുടെ എണ്ണം അനന്തതയില്‍ കുറവുമല്ല, കൂടുതലുമല്ല. ഒരു പേജും ആദ്യത്തെ പേജല്ല, ഒരു പേജും അവസാനത്തേതുമല്ല. പേജുനമ്പരുകള്‍ ഇങ്ങനെ ഒരു വ്യവസ്ഥയുമില്ലാതെ ഇട്ടിരിക്കുന്നതിന്റെ കാരണമെന്താണെന്ന് എനിക്കറിയില്ല. ഒരു പക്ഷേ, ഒരനന്തശ്രേണിയില്‍ സംഖ്യകള്‍ ഏതു ക്രമത്തിലുമാകാമെന്നു സൂചിപ്പിക്കാനാവാം.'
പിന്നെ, ഉറക്കെ ചിന്തിക്കുന്നതുപോലെ, അയാള്‍ ഇങ്ങനെ പറഞ്ഞു, 'സ്ഥലരാശി അനന്തമാണെങ്കില്‍ നാമതിന്റെ ഏതൊരു ബിന്ദുവിലുമാകാം. കാലം അനന്തമാണെങ്കില്‍ നാമതിന്റെ ഏതൊരു ബിന്ദുവിലുമാകാം.'
അയാളുടെ ഈ സൈദ്ധാന്തികവിചാരങ്ങള്‍ എന്നെ വെറി പിടിപ്പിച്ചു. 'നിങ്ങള്‍ മതവിശ്വാസിയാണല്ലോ, അല്ലേ?' ഞാന്‍ അയാളോടു ചോദിച്ചു.
'അതേ, ഞാന്‍ പ്രെസ്ബിറ്റേറിയന്‍ സഭക്കാരനാണ്. എനിക്കു യാതൊരു മനഃസാക്ഷിക്കുത്തുമില്ല. ആ നാട്ടുകാരന് ഈ പൈശാചികഗ്രന്ഥത്തിനു പകരംദൈവവചനം കൊടുത്തപ്പോള്‍ ഞാന്‍ അയാളെ കബളിപ്പിക്കുകയായിരുന്നില്ല എന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്.'
ഇക്കാര്യത്തില്‍ കുറ്റബോധം തോന്നേണ്ട കാര്യമൊന്നുമില്ലെന്നു പറഞ്ഞ് ഞാനയാളെ ആശ്വസിപ്പിച്ചു; അയാള്‍ ഈ ഭാഗത്തുകൂടി കടന്നുപോകാന്‍ ഇടയായതേയുള്ളോ എന്നു ഞാനാരാഞ്ഞു. കുറച്ചുനാളുകള്‍ക്കുള്ളില്‍ നാട്ടിലേക്കു മടങ്ങാനാണ് തന്റെ പ്ലാനെന്ന് അയാള്‍ മറുപടി പറഞ്ഞു. അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത് അയാള്‍ ഓര്‍ക്ക്‌നി ദ്വീപുകാരനായ സ്‌കോട്ടുലണ്ടുകാരന്‍ ആണെന്ന്. സ്റ്റീവന്‍സണ്‍, ഹ്യും എന്നിവരുടെ നാടെന്ന നിലയില്‍ എനിക്കു സ്‌കോട്ടുലണ്ടിനോടു പ്രത്യേകിച്ചൊരു മമതയുണ്ടെന്നു ഞാന്‍ പറഞ്ഞു.
' പിന്നെ റോബ്ബി ബേണ്‍സും.'
സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഞാന്‍ ആ അനന്തമായ പുസ്തകത്തിന്മേല്‍ പര്യവേക്ഷണം നടത്തുകയായിരുന്നു.
അലക്ഷ്യഭാവം നടിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു, 'നിങ്ങള്‍ ഈ കൗതുകവസ്തു ബ്രിട്ടീഷ് മ്യൂസിയത്തിനു സംഭാവന ചെയ്യാനാണോ ഉദ്ദേശിച്ചിരിക്കുന്നത്?''
'അല്ല ഞാനിതു നിങ്ങള്‍ക്കു നല്‍കാന്‍ പോവുകയാണ്,' എന്നയാള്‍ പറഞ്ഞു. എന്നിട്ട് വലിയൊരു തുക വില പറയുകയും ചെയ്തു.
അത്രയും വലിയൊരു തുക എന്റെ കഴിവിനതീതമാണെന്ന് ഞാന്‍ തുറന്നുപറഞ്ഞു.
ഞാനിരുന്നാലോചിച്ചു. ഒന്നുരണ്ടു മിനിട്ടു കഴിഞ്ഞിട്ട് ഞാന്‍ ഒരു നിര്‍ദ്ദേശം വച്ചു.
'നമുക്കൊരു മാറ്റക്കച്ചവടം നടത്താം,' ഞാന്‍ പറഞ്ഞു, ‘കുറച്ചുരൂപയും ഒരു ബൈബിളും കൊടുത്തിട്ടാണല്ലോ നിങ്ങള്‍ക്കീ പുസ്തകം കിട്ടിയത്. നിങ്ങള്‍ക്കു ഞാന്‍ ഇന്നുമാറിയ പെന്‍ഷന്‍ ചെക്കിന്റെ തുകയും എന്റെ ബ്ലായ്ക്ക് ലറ്റര്‍ വൈക്ലിഫ് ബൈബിളും തരാം. എനിക്കു പിതൃസ്വത്തായി കിട്ടിയതാണ് ആ ബൈബിള്‍.'
'ബ്ലാക്ക് ലറ്റര്‍ വൈക്ലിഫ്!' അയാള്‍ മന്ത്രിച്ചു.
ഞാന്‍ കിടപ്പുമുറിയിലേക്കു പോയി പണവും പുസ്തകവുമെടുത്തുകൊണ്ടുവന്ന് അയാള്‍ക്കു കൊടുത്തു. അയാള്‍ പുസ്തകത്തിന്റെ താളുകള്‍ മറിച്ചുനോക്കിയിട്ട്, ഒരു യഥാര്‍ത്ഥപുസ്തകപ്രേമിയുടെ ആവേശത്തോടെ അതിന്റെ ആദ്യതാള്‍ നോക്കിപ്പഠിച്ചു.
'സമ്മതിച്ചു,’ അയാള്‍ പറഞ്ഞു.
അയാള്‍ വില പേശാന്‍ നിന്നില്ലായെന്നത് എന്നെ അദ്ഭുതപ്പെടുത്തി. പിന്നീടേ എനിക്കു മനസ്സിലായുള്ളൂ, അയാള്‍ എന്റെ വീട്ടിലേക്കു കയറിവന്നത് പുസ്തകം എനിക്കു വില്ക്കാന്‍ തീരുമാനിച്ചുറച്ചുകൊണ്ടുതന്നെയാണെന്ന്. പണം എണ്ണിനോക്കാതെ തന്നെ അയാള്‍ കീശയിലേക്കിട്ടു.
പിന്നെ ഞങ്ങള്‍ ഇന്ത്യയെക്കുറിച്ചും, ഓര്‍ക്ക്‌നിയെക്കുറിച്ചും, ഒരുകാലത്ത് അവിടം ഭരിച്ചിരുന്ന നോര്‍വേക്കാര്‍ പ്രഭുക്കളെക്കുറിച്ചും സംസാരിച്ചു. അയള്‍ ഇറങ്ങുമ്പോള്‍ രാത്രിയായിക്കഴിഞ്ഞിരുന്നു. ഞാന്‍ അയാളെ പിന്നെ കണ്ടിട്ടില്ല; അയാളുടെ പേരും എനിക്കറിയില്ല.
മണല്‍ കൊണ്ടുള്ള പുസ്തകം ഷെല്‍ഫില്‍ വൈക്ലിഫ് വച്ചിരുന്ന സ്ഥലത്തു വയ്ക്കാമെന്ന് ഞാന്‍ ആദ്യം കരുതി. പിന്നെ ഞാന്‍ തീരുമാനിച്ചു; ചില വാല്യങ്ങള്‍ വിട്ടുപോയ ആയിരത്തൊന്നു രാവുകള്‍ ഒരു സെറ്റുണ്ടായിരുന്നതിന്റെ പിന്നില്‍ ഒളിപ്പിച്ചുവയ്ക്കാമെന്ന്. ഞാന്‍ ഉറങ്ങാന്‍ കിടന്നു, പക്ഷേ ഉറക്കം വന്നില്ല. പുലര്‍ച്ചെ മൂന്നോ നാലോ മണിയായപ്പോള്‍ ഞാന്‍ എഴുന്നേറ്റു ലൈറ്റിട്ടു. ആ അസാദ്ധ്യഗ്രന്ഥം എടുത്തുകൊണ്ടുവന്നിട്ട് ഞാന്‍ അതിന്റെ താളുകള്‍ മറിച്ചു. ഒരു പേജില്‍ ഞാന്‍ ഒരു മുഖംമൂടിയുടെ ആലേഖനം കണ്ടു. പേജിന്റെ മുകളറ്റം മൂലയ്ക്ക് ഒരു നമ്പരുണ്ടായിരുന്നു (എത്രയാണെന്നു ഞാന്‍ മറന്നുപോയി) -ഒമ്പതാം ഘാതത്തിലേക്കു പെരുക്കിയത്.
ഞാന്‍ എന്റെ നിധി വെളിയില്‍ കാണിച്ചില്ല. അതു സ്വന്തമാവുക എന്ന ഭാഗ്യത്തോടൊപ്പം, അതു മോഷ്ടിച്ചതായേക്കാമെന്ന പേടിയും, അതൊരുപക്ഷേ യഥാര്‍ത്ഥത്തില്‍ അനന്തമായേക്കാനിടയില്ല എന്ന ആശങ്കയും കൂടിക്കലര്‍ന്നു. ഈ രണ്ടു മനഃശല്യങ്ങളും കൂടി എനിക്കു നേരത്തേ തന്നെയുണ്ടായിരുന്ന മനുഷ്യവിദ്വേഷത്തെ തീവ്രതരമാക്കി. എനിക്കു ചുരുക്കം ചില സുഹൃത്തുക്കളേ ശേഷിച്ചിരുന്നുള്ളൂ; ഞാന്‍ അവരെപ്പോലും കാണാന്‍ പോകാതെയായി. ആ പുസ്തകത്തിന്റെ തടവുകാരനായി മാറിയ ഞാന്‍ പുറത്തേക്കിറങ്ങാതെയായി. പുസ്തകത്തിന്റെ തേഞ്ഞ മൂടും പുറംചട്ടയും ഭൂതക്കണ്ണാടികൊണ്ടു പരിശോധിച്ചപ്പോള്‍, അതേതെങ്കിലും തരത്തിലുള്ള സൂത്രപ്പണിയാകാന്‍ സാദ്ധ്യതയില്ലെന്ന് എനിക്കു ബോദ്ധ്യപ്പെട്ടു. ആ കൊച്ചു ചിത്രങ്ങള്‍ രണ്ടായിരം പേജ് ഇടവിട്ടാണു വരുന്നതെന്നു ഞാന്‍ കണ്ടുപിടിച്ചു. ഞാനവയെ ഒരു നോട്ടുബുക്കില്‍ അക്ഷരമാലാക്രമത്തില്‍ അടുക്കിയെഴുതി; ബുക്കു നിറയാന്‍ അധികനേരമെടുത്തില്ല. ഒരു ചിത്രവും ആവര്‍ത്തിക്കപ്പെട്ടിരുന്നില്ല. രാത്രിയില്‍, നിദ്രാരാഹിത്യം കനിഞ്ഞരുളിയ അപൂര്‍വമായ ഇടവേളകളില്‍ ഞാന്‍ ആ പുസ്തകം സ്വപ്നം കണ്ടു.
വേനല്‍ അവസാനിക്കുകയായിരുന്നു; ആ പുസ്തകം രാക്ഷസീയമാണെന്ന്, പ്രകൃതിയുടെ വൈലക്ഷണ്യമാണെന്ന് എനിക്കു ബോദ്ധ്യമായി. ആ പുസ്തകത്തെ സ്വന്തം കണ്ണുകൊണ്ടു കണ്ട ഞാന്‍, അതിനെ കയ്യിലെടുത്ത ഞാന്‍, അതിനേക്കാള്‍ രാക്ഷസീയത കുറഞ്ഞവനാണെന്ന ചിന്തകൊണ്ട് എനിക്കെന്തു ഗുണമുണ്ടായി? അതൊരു ദുഃസ്വപ്നമാണെന്ന് എനിക്കു തോന്നി: യാഥാര്‍ത്ഥ്യത്തെത്തന്നെ അപമാനിക്കുകയും മലിനപ്പെടുത്തുകയും ചെയ്യുന്ന ഒരു മ്ലേച്ഛവസ്തു.
അതു തീയിലിട്ടു ചുട്ടുകളഞ്ഞാലോ എന്നു ഞാന്‍ ആലോചിച്ചു. പക്ഷേ അനന്തമായ ഒരു ഗ്രന്ഥത്തിന്റെ ദഹനം തന്നെ അനന്തമായി മാറിയേക്കാമെന്നും അതീ ഗ്രഹത്തെ പുകകൊണ്ടു ശ്വാസം മുട്ടിച്ചേക്കാമെന്നും എനിക്കു പേടിയായി. ഒരില ഒളിപ്പിക്കാനുള്ള ഏറ്റവും നല്ലയിടം കാടാണെന്ന് എവിടെയോ വായിച്ചതായി ഞാനോര്‍ത്തു. പെന്‍ഷനാകുന്നതിനു മുമ്പ് ഞാന്‍ ജോലി ചെയ്തിരുന്നത് മെക്‌സിക്കോ തെരുവില്‍, ഒമ്പതുലക്ഷം പുസ്തകങ്ങളുള്ള അര്‍ജെന്റൈന്‍ ദേശീയഗ്രന്ഥശാലയിലാണ്. കയറിച്ചെല്ലുന്നതിനു വലതുവശത്തായി, നിലവറയിലേക്കിറങ്ങാന്‍ ഒരു പിരിയന്‍ കോണിയുള്ളത് എനിക്കറിയാമായിരുന്നു; പുസ്തകങ്ങളും ഭൂപടങ്ങളും പത്രമാസികകളും സൂക്ഷിക്കുന്നത് അതിനുള്ളിലാണ്. ഒരു ദിവസം ഞാന്‍ അവിടെ ചെന്ന് ഒരു ജീവനക്കാരന്റെ കണ്ണുവെട്ടിച്ചു പോയി, വാതിലില്‍നിന്ന് എത്രയകലത്തിലും ഉയരത്തിലുമാണെന്ന് മനഃപൂര്‍വ്വം ശ്രദ്ധിക്കാതെ, നിലവറയിലെ പൊടിപിടിച്ച അലമാരകളിലൊന്നിലേക്ക് ആ മണലിന്റെ പുസ്തകം നഷ്ടപ്പെടുത്തി.
ഇപ്പോള്‍ എന്റെ മാനസികാവസ്ഥ അല്പമൊന്നു ഭേദപ്പെട്ടിരിക്കുന്നു; എന്നാല്‍ക്കൂടി ആ ഗ്രന്ഥശാല നില്‍ക്കുന്ന തെരുവിലൂടെ നടക്കാന്‍ കൂടി ഞാന്‍ കൂട്ടാക്കാറില്ല.
*റോബ്ബി ബേണ്‍ – സ്കോട്ട്ലണ്ടുകാരുടെ പ്രിയപ്പെട്ട ദേശീയകവി റോബര്‍ട്ട് ബേണ്‍സ്
*'ബ്ലാക്ക് ലറ്റര്‍ വൈക്ലിഫ് - പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ പശ്ചിമയൂറോപ്പില്‍ പ്രചാരത്തിലിരുന്ന ഗോഥിക് ലിപിയില്‍ അടിച്ച ബൈബിള്‍
The Book of Sand
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ