ഫ്‌ളോറിഡാ തെരുവില്‍ പെയ്ഡാഡിനടുത്തുള്ള പഴയ കോണ്‍ഫിറ്റേറിയം ഡെല്‍ അഗ്വിലായില്‍ വച്ച് വളരെക്കൊല്ലം മുമ്പാണ് ഞങ്ങള്‍ ഈ കഥ കേള്‍ക്കുന്നത്. ഞങ്ങള്‍ ജ്ഞാനസിദ്ധാന്തത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുകയായിരുന്നു. നാം സര്‍വ്വതും ഒരു പൂര്‍വ്വലോകത്തു ദര്‍ശിച്ചു കഴിഞ്ഞിരിക്കുന്നുവെന്നും അതിനാല്‍ അറിയുക എന്നാല്‍ തിരിച്ചറിയുക എന്നാണര്‍ത്ഥമെന്നുമുള്ള പ്ലേറ്റോയുടെ സിദ്ധാന്തം ആരോ എടുത്തിട്ടു. അറിവ് ഓര്‍മ്മയാണെങ്കില്‍ അജ്ഞത മറവിയാണെന്ന് ബേക്കണ്‍ എഴുതിയിട്ടുള്ളതായി എന്റെ അച്ഛന്‍, എന്നാണെന്റെ തോന്നല്‍, അപ്പോള്‍ പറഞ്ഞു. മറ്റൊരാള്‍ - വാര്‍ദ്ധക്യത്തോടടുക്കുന്ന ഒരു മനുഷ്യന്‍; അയാള്‍ക്ക് ഈ തത്ത്വശാസ്ത്രമൊന്നും ദഹിക്കുന്നതായി തോന്നിയില്ല - ചര്‍ച്ചയിലിടപെടാന്‍ തീരുമാനിച്ചു. സാവധാനം, ചിന്താപൂര്‍വ്വം അയാള്‍ പറഞ്ഞതിതായിരുന്നു:
തുറന്നുപറഞ്ഞാല്‍, പ്ലേറ്റോയുടെ ആദിരൂപങ്ങളെപ്പറ്റിയുള്ള ഈ സംസാരമൊന്നും എനിക്കു മനസ്സിലാകുന്നില്ല. താന്‍ ആദ്യം മഞ്ഞനിറമോ കറുപ്പുനിറമോ കണ്ടതെന്നാണെന്നോ, അല്ലെങ്കില്‍ ഏതെങ്കിലും പഴം ആദ്യം രുചിച്ചു നോക്കിയതെന്നാണെന്നോ ആര്‍ക്കും ഓര്‍മ്മയുണ്ടാവാറില്ല. ഇതിനു കാരണം, നാമന്നു വളരെ ചെറുപ്പമാകയാല്‍ സുദീര്‍ഘമായൊരു പരമ്പര തുടങ്ങിവയ്ക്കുകയാണെന്നറിയാന്‍ നമുക്കു കഴിയാതെ പോകുന്നതാകാം. അതേസമയം ആരും മറക്കാത്ത മറ്റുചില ആദ്യമുഹൂര്‍ത്തങ്ങളുണ്ട്. എന്റെ ജീവിതത്തിലെ ഒരു പ്രത്യേക രാത്രി എനിക്കു നല്‍കിയതെന്താണെന്ന് ഞാന്‍ നിങ്ങളോടു പറയാം: ഞാന്‍ പലപ്പോഴും ഓര്‍ക്കുന്ന ഒരു രാത്രി: 1874 ഏപ്രില്‍ മുപ്പതാം തീയതി രാത്രി.
അന്നൊക്കെ വേനലവധി കൂടുതല്‍ നാളുണ്ടായിരുന്നു; പക്ഷേ ഞങ്ങള്‍ ആ ദിവസം വരെ ബ്യൂണേഴ്‌സ് അയഴ്‌സില്‍നിന്നു മാറിനിന്നതെന്തിനാണെന്ന് എനിക്കറിയില്ല. ഞങ്ങള്‍ അമ്മാവന്റെ മക്കളായ ഡോര്‍ണാകളുടെ കൃഷിക്കളത്തിലായിരുന്നു താമസം; ലോ ബോസില്‍നിന്ന് അധികം ദൂരമില്ല. ആ സമയത്ത് കാലിനോട്ടക്കാരില്‍ ഒരാളായ റുഫിനോ എനിക്ക് നാട്ടുമ്പുറത്തെ കാര്യങ്ങള്‍ പരിചയപ്പെടുത്തിത്തന്നു. ഞാന്‍ പതിമൂന്നിലേക്കു കടക്കുകയാണ്. അവന് എന്നേക്കാള്‍ അല്പം പ്രായം കൂടും; സാഹസക്കാരനെന്ന ഖ്യാതിയും അവനുണ്ടായിരുന്നു. ചുണയും മെയ്‌വഴക്കവുമുള്ളവന്‍. പിള്ളേര്‍ കരിഞ്ഞ കമ്പുകള്‍കൊണ്ട് കത്തിപ്പയറ്റു കളിക്കുമ്പോള്‍ മുഖത്തു കരി പുരളുന്നത് എപ്പോഴും റുഫിനോയുടെ പ്രതിയോഗിക്കായിരിക്കും. ഒരു വെള്ളിയാഴ്ച ദിവസം റുഫിനോ ഒരു നിര്‍ദ്ദേശം വച്ചു. അല്പം നേരംപോക്കിനുവേണ്ടി പിറ്റേന്നു രാത്രി പട്ടണത്തില്‍ പോകാമെന്ന്. ഞാന്‍ അതില്‍ കയറിപ്പിടിച്ചുവെന്നു പറയേണ്ടതില്ലല്ലോ; അതേസമയം അതിന്റെ സംഗതികളെക്കുറിച്ച് എനിക്കത്ര പിടിയൊന്നും ഉണ്ടായിരുന്നതുമല്ല. എനിക്കു നൃത്തം ചെയ്യാന്‍ അറിയില്ലെന്ന് ഞാന്‍ മുന്‍കൂട്ടിത്തന്നെ അവനോടു പറഞ്ഞിരുന്നു. അതു പഠിക്കാന്‍ എളുപ്പമാണെന്നായിരുന്നു അവന്റെ മറുപടി.
ശനിയാഴ്ച അത്താഴം കഴിഞ്ഞ് ഏഴരയായപ്പോള്‍ ഞങ്ങള്‍ പുറപ്പെട്ടു. റുഫിനോ ഏതോ വിരുന്നിനു പോകുന്നവനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നു; ബല്‍റ്റില്‍ അവന്‍ ഒരു വെള്ളിക്കത്തിയും തിരുകിയിരുന്നു. അതുപോലെ ഒരു ചെറുകത്തി എനിക്കുമുണ്ടായിരുന്നു; എങ്കിലും, ആളുകള്‍ കണ്ടാല്‍ ചിരിക്കുമെന്നു പേടിച്ച് ഞാന്‍ അതെടുത്തില്ല. അധികനേരം കഴിയുംമുമ്പ് വീടുകള്‍ കണ്ടുതുടങ്ങി. നിങ്ങളില്‍ ആരെങ്കിലും ലോബോസില്‍ പോയിട്ടുണ്ടാവുമെന്ന് എനിക്കു തോന്നുന്നില്ല. അതില്‍ എന്തെങ്കിലും കാര്യമുണ്ടെന്നല്ല. ഒന്നു മറ്റൊന്നു കണക്കെയല്ലാത്ത ഏതെങ്കിലും കൊച്ചുപട്ടണം അര്‍ജന്റീനയിലുണ്ടോ? എന്തിന്, മറ്റുള്ളവയില്‍നിന്നു വ്യത്യസ്തമാണെന്നു ചിന്തിക്കുന്നതുപോലും അവയുടെ പൊതുലക്ഷണമാണ്! എല്ലാറ്റിനും അതേ നിരപ്പില്ലാത്ത ഇടവഴികള്‍, അതേ വെളിസ്ഥലങ്ങള്‍, അതേ ഒറ്റനില വീടുകള്‍. ഇതിനൊക്കെയിടയില്‍ ഒരു കുതിരസവാരിക്കാരനു പ്രാധാന്യം വന്നുപോകും.
ഞങ്ങള്‍ ഏതോ തെരുവിന്റെ വളവില്‍ ഇളംനീലയോ ഇളംചുവപ്പോ ചായമടിച്ച ഒരു വീടിനു മുന്നില്‍ ചെന്നിറങ്ങി; ലാ എസ് ട്രെലാ എന്നൊരു ബോര്‍ഡും വീടിനു മുന്നിലുണ്ടായിരുന്നു. കുതിരകളെ കെട്ടുന്ന തൂണില്‍ നല്ല ജീനിയുള്ള ചില കുതിരകളെ കെട്ടിയിരുന്നു. പാതി തുറന്നു കിടന്ന മുന്‍വാതിലിലൂടെ ഒരു വെളിച്ചത്തിന്റെ ചീളു കണ്ടു. നടന്നു ചെല്ലുന്നതിനൊടുവിലായി, ഇരുവശം തടിബഞ്ചുകള്‍ ഇട്ടിരുന്ന, ഒരു വലിയ മുറി; ബഞ്ചുകള്‍ക്കിടയില്‍ എങ്ങോട്ടു തുറക്കുന്നതെന്നറിയാത്ത കുറേ ഇരുളടഞ്ഞ വാതിലുകള്‍. മഞ്ഞപ്പൂടയുള്ള ഒരു കൊച്ചു നായ്ക്കുട്ടി എന്നെ സ്വാഗതം ചെയ്യാന്‍ കുരച്ചുകൊണ്ട് അടുത്തേക്കോടി വന്നു. പൂക്കളുടെ പടമുള്ള ഗൗണുകള്‍ ധരിച്ച അരഡസനോളം പെണ്ണുങ്ങള്‍ മുറിക്കുള്ളിലേക്കു വരികയും പുറത്തേക്കു പോവുകയും ചെയ്തുകൊണ്ടിരുന്നു. ആപാദചൂഡം കറുത്തവസ്ത്രം ധരിച്ച ഒരു മാന്യസ്ത്രീയാണെന്നു തോന്നി വീട്ടുടമസ്ഥ. റുഫിനോ അവരോടു പറഞ്ഞു. ''ഞാനൊരു പുതിയ ചങ്ങാതിയെ കൊണ്ടുവന്നിട്ടുണ്ട്; പക്ഷേ അവന്‍ അത്ര വലിയ സവാരിക്കാരനൊന്നുമല്ല.''
''സാരമില്ല,'' ആ സ്ത്രീ പറഞ്ഞു. “അവന്‍ പെട്ടെന്നു പഠിച്ചെടുത്തോളും.''
എനിക്കു നാണക്കേടു തോന്നി. അവരുടെ ശ്രദ്ധ തിരിക്കാനായി, അതല്ലെങ്കില്‍ ഞാനിനിയും കുട്ടിപ്രായം കടന്നിട്ടില്ലെന്ന് അവരെ കാണിക്കാനാകാം, ഞാന്‍ ഒരു ബഞ്ചിന്റെ അറ്റത്തിരുന്ന് നായ്ക്കുട്ടിയെ കളിപ്പിക്കാന്‍ തുടങ്ങി. ഒരു മേശപ്പുറത്ത് കുറെ മെഴുകുതിരികള്‍ കത്തുന്നുണ്ടായിരുന്നു; പിന്നിലായി ഒരു കോണില്‍ ഒരു സ്റ്റൌവുണ്ടായിരുന്നതായും ഞാന്‍ ഓര്‍ക്കുന്നുണ്ട്. എതിരെയുള്ള വെള്ളയടിച്ച ചുവരില്‍ സഹായമാതാവിന്റെ ഒരു ചിത്രമുണ്ടായിരുന്നു.
തമാശപറച്ചിലുകള്‍ക്കിടയില്‍ ഒരാള്‍ ഒരു ഗിത്താറില്‍ ശ്രുതിയിടാന്‍ പണിപ്പെടുകയായിരുന്നു. വെറും ധൈര്യക്കുറവുകൊണ്ടാണ്, എനിക്കു നേരെ ഒരു ഗ്ലാസ്സ് ജിന്‍ വച്ചു നീട്ടിയപ്പോള്‍ ഞാന്‍ അതു നിരസിച്ചില്ല. കനലുപോലെ അതെന്റെ വായ പൊള്ളിച്ചു. സ്ത്രീകളുടെ കൂട്ടത്തില്‍ ഒരുത്തിയെ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു; അവള്‍ മറ്റുള്ളവരില്‍നിന്നും വേറിട്ടു നില്‍ക്കുന്നതുപോലെ കാണപ്പെട്ടു. അവളുടെ പേര് മറ്റുള്ളവര്‍ പറഞ്ഞുകേട്ടത് ലാ കാറ്റീവാ - തടവുകാരി - എന്നാണ്. റെഡ് ഇന്ത്യക്കാരുടേതായ എന്തോ ഒന്ന് അവളെ ചൂഴ്ന്നു നില്‍പ്പുണ്ടായിരുന്നു; പക്ഷേ അവളുടെ മുഖം ചിത്രത്തിലെഴുതിയപോലിരുന്നു; കണ്ണുകള്‍ വിഷാര്‍ദാര്‍ദ്രങ്ങളായിരുന്നു. ഞാന്‍ അവളെ നോക്കിനില്‍ക്കുന്നത് റൂഫിനോ കണ്ടു.
'ആ ആക്രമണത്തിന്റെ കഥ ഒന്നുകൂടി പറയൂ - ഞങ്ങള്‍ ഒന്നോര്‍മ്മ പുതുക്കട്ടെ,'' അവന്‍ അവളോടു പറഞ്ഞു.
തനിക്കു ചുറ്റും ആരുമില്ലെന്നപോലെ അവള്‍ പറഞ്ഞുതുടങ്ങി. അവള്‍ക്കു മറ്റൊരു ചിന്തയില്ലെന്നും അവളുടെ ജീവിതത്തില്‍ ഇതൊന്നേ സംഭവിച്ചിട്ടുള്ളുവെന്നും എനിക്കെന്തുകൊണ്ടോ തോന്നിപ്പോയി.
“അവരെന്നെ കാറ്റാമാര്‍കായില്‍നിന്നു കൊണ്ടുവരുമ്പോള്‍ ഞാന്‍ തീരെ ചെറുപ്പമായിരുന്നു,” അവള്‍ പറഞ്ഞു. “റെഡ്ഇന്ത്യക്കാരുടെ ആക്രമണങ്ങളെക്കുറിച്ച് എനിക്കെന്തറിയാം? സാന്താ ഐറിനില്‍വച്ച് ഞങ്ങള്‍ അത്തരം കാര്യങ്ങളെക്കുറിച്ചു മിണ്ടാറുതന്നെയില്ലായിരുന്നു; ഞങ്ങള്‍ക്കത്ര പേടിയായിരുന്നു. ഒടുവില്‍, ഒരു രഹസ്യം മറനീക്കിയെടുക്കുന്നതുപോലെ ഞാന്‍ അതു കണ്ടുപിടിച്ചു: റെഡ് ഇന്ത്യക്കാര്‍ ഒരു മേഘപടലം പോലെ വന്നിറങ്ങി ആളുകളെ കൊന്നൊടുക്കുകയും കാലികളെ മോഷ്ടിച്ചുകൊണ്ടുപോവുകയും ചെയ്യും. സ്ത്രീകളെ അവര്‍ പമ്പായിലേക്കെടുത്തുകൊണ്ടുപോകും. ഇതൊന്നും വിശ്വസിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്റെ സഹോദരന്‍ ലൂക്കാസ് - റെഡ് ഇന്ത്യക്കാര്‍ പിന്നീടവനെ കുന്തംകൊണ്ടു കുത്തിക്കൊന്നു - ഇതൊക്കെ നുണയാണെന്ന് ആണയിട്ടു പറഞ്ഞു. പക്ഷേ ഒന്നുണ്ട്; ഒരു സംഗതി സത്യമാണെന്നുണ്ടെങ്കില്‍, അതൊരിക്കല്‍ കേട്ടാല്‍ മതി, നിങ്ങള്‍ക്കതു സത്യമാണെന്നു ബോദ്ധ്യമാകും. റെഡ് ഇന്ത്യക്കാരെ പ്രീതിപ്പെടുത്താന്‍ ഗവണ്മെന്റ് മദ്യവും ചായയുമൊക്കെ നല്‍കിയിട്ടെന്താ, എന്തു ചെയ്യണമെന്ന് അവരെ ഉപദേശിക്കാന്‍ കൗശലക്കാരായ മന്ത്രവാദികളുണ്ട്. അവരുടെ നേതാവിന്റെ ഒരു വാക്കു മതി, കോട്ടകള്‍ക്കിടയില്‍ വളരെയകലത്തായി കിടക്കുന്ന ഒരു കൃഷിക്കളത്തെ വന്നാക്രമിക്കാന്‍. അതിനെക്കുറിച്ചുതന്നെ ചിന്തിച്ചു ചിന്തിച്ച് ഒടുവില്‍ അവരിങ്ങു വന്നെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുന്നോ എന്നുപോലും തോന്നിപ്പോയി. അസ്തമയസൂര്യന്റെ ദിശയില്‍ അവരുടെ വരവു നോക്കിനില്‍ക്കാനും ഞാന്‍ പഠിച്ചു.”
ഒരു നിമിഷനേരം ചിന്തയില്‍ മുഴുകി അവള്‍ നിന്നു: പിന്നെ അവള്‍ വീണ്ടും പറഞ്ഞുതുടങ്ങി. “തെക്കന്‍കാറ്റ് അവരെ കൂട്ടിക്കൊണ്ടുവന്ന മാതിരിയായിരുന്നു. ഒരു ചളിക്കുളത്തില്‍ ഞെരിഞ്ഞില്‍ വളര്‍ന്നുനില്ക്കുന്നതു ഞാന്‍ കണ്ടു; അന്നു രാത്രി ഞാന്‍ റെഡ്ഇന്ത്യക്കാരെ സ്വപ്നം കണ്ടു പുലര്‍ച്ചയ്ക്കാണ് അതു സംഭവിച്ചത്. ഞങ്ങളറിയുന്നതിനുമുമ്പേ മൃഗങ്ങള്‍ അതറിഞ്ഞിരുന്നു - ഭൂകമ്പമുണ്ടാകുമ്പോള്‍ നടക്കുന്നതുപോലെതന്നെ. മാടുകള്‍ അസ്വസ്ഥരായിരുന്നു; പക്ഷികള്‍ ആകാശത്തു വട്ടം ചുറ്റിപ്പറന്നു. ഞാനെപ്പോഴും നോക്കിനില്ക്കാറുണ്ടായിരുന്ന ദിക്കിലേക്ക് ഞങ്ങള്‍ ഓടിവന്നു നോക്കി.”
“ആരാണു നിനക്കു മുന്നറിയിപ്പു തന്നത്?” ആരോ ചോദിച്ചു.
അവള്‍ വിദൂരമനസ്‌കയായി അവസാനവാക്യം ആവര്‍ത്തിച്ചു, “ഞാനെപ്പോഴും നോക്കിനില്ക്കാറുണ്ടായിരുന്ന ദിക്കിലേക്ക് ഞങ്ങള്‍ ഓടിവന്നുനോക്കി. മരുഭൂമിയൊന്നാകെ ചലിച്ചുതുടങ്ങിയതു പോലെയായിരുന്നു. ജനലഴികള്‍ക്കിടയിലൂടെ അവരേക്കാള്‍ മുമ്പേ അവരുയര്‍ത്തിയ പൊടിപടലത്തിന്റെ മേഘം ഞങ്ങള്‍ കണ്ടു. അത് ആക്രമിക്കാന്‍ വരുന്ന ഒരു സംഘമായിരുന്നു. വായില്‍ കൈ കൊണ്ടടിച്ചു കുരവയിട്ടുകൊണ്ട് അവര്‍ പാഞ്ഞടുക്കുകയായിരുന്നു. ഞങ്ങളുടെ പക്കല്‍ ചില തോക്കുകളുണ്ടായിരുന്നു; അവ പക്ഷേ ഒച്ചയുണ്ടാക്കാനും, അങ്ങനെ ഇന്ത്യക്കാരെ കൂടുതല്‍ കിരാതന്മാരാക്കാനുമേ ഉപകരിക്കൂ.”
മനഃപാഠമാക്കിയ ഏതോ പ്രാര്‍ത്ഥന ഉരുവിടുകയാണെന്നപോലെ ലാ കാറ്റീവ കഥ തുടരുകയായിരുന്നു; പക്ഷേ തെരുവില്‍ മരുഭൂമിയിലെ ഇന്ത്യക്കാര്‍ വന്നിറങ്ങുന്നതും അവരുടെ പോര്‍വിളികളും ഞാന്‍ കേട്ടു. ഒരു പൊട്ടിത്തെറി കേട്ടു; അതിനുപിന്നാലെ ഏതോ സ്വപ്നശകലത്തിലെ അശ്വാരൂഢരെപ്പോലെ അവര്‍ മുറിക്കുള്ളിലെത്തിക്കഴിഞ്ഞു. അവര്‍ സ്ഥലത്തെ ചട്ടമ്പികളായിരുന്നു. ഇപ്പോള്‍, എന്റെ ഓര്‍മ്മയില്‍, അവര്‍ നല്ല പൊക്കമുള്ളവരായി കാണപ്പെടുന്നു. അവരുടെ തലവനായി വന്നയാള്‍ വാതില്ക്കല്‍ നിന്ന റൂഫിനോവിനെ തള്ളിമാറ്റി കടന്നുവന്നു. റുഫിനോയുടെ മുഖം വിളറി; അവന്‍ വഴിയില്‍നിന്നു മാറിനിന്നു. അതേവരെ ഇളകാതിരിക്കുകയായിരുന്ന ആ കറുത്തവസ്ത്രക്കാരി ഇരുന്നിടത്തു നിന്നെഴുന്നേറ്റു.
“അല്ലാ, ഇതു ജൂവാന്‍ മൊരെയ്‌രാ ആണല്ലോ!” അവര്‍ പറഞ്ഞു,
ഇത്രയുംകാലം കഴിഞ്ഞിരിക്കുന്നതിനാല്‍, എന്റെ ഓര്‍മ്മയില്‍ ഇന്നുള്ളത് ഞാനന്നു രാത്രി കണ്ട മനുഷ്യന്‍ - കവര്‍ച്ചക്കാരന്‍ മൊരെയ്‌രാ ആണോ, അതോ പിന്നീടു പലപ്പോഴും കാലിച്ചന്തകളില്‍ കാണാറുള്ള മറ്റൊരാളാണോയെന്ന് എനിക്കറിയാനാവുന്നില്ല. മൊരെയ്‌രായെക്കുറിച്ചുള്ള നാടകങ്ങളിലെ കഥാപാത്രത്തിന്റെ നീണ്ടിടതൂര്‍ന്ന മുടിയും കറുത്ത താടിയും എന്റെ ഓര്‍മ്മയില്‍ വരുന്നുണ്ട്; അതേസമയം തന്നെ വസൂരിക്കല കുത്തിയ ഒരു തുടുത്ത മുഖവും ഞാനോര്‍ക്കുന്നു. ആ കൊച്ചു നായ്ക്കുട്ടി അയാളെ സ്വാഗതം ചെയ്യാനായി തിരക്കിട്ടോടിച്ചെന്നു. ഒരൊറ്റ ചാട്ടവാറടികൊണ്ട് അയാള്‍ അതിനെ തറയില്‍ അടിച്ചുമലര്‍ത്തിയിട്ടു. അത് വായുവില്‍ കാലുകളിട്ടു തൊഴിച്ചുകൊണ്ടു ചത്തുവീണു. ഇവിടെയാണ് എന്റെ കഥ യഥാര്‍ത്ഥത്തില്‍ തുടങ്ങുന്നത്.
ശബ്ദം കേള്‍പ്പിക്കാതെ ഞാന്‍ ഒരു വാതിലിനടുത്തേക്കു നീങ്ങി; വാതിലിനപ്പുറം ഇടുങ്ങിയ ഒരു നടവഴിയും ഒരു കോണിപ്പടിയുമുണ്ടായിരുന്നു. മുകള്‍നിലയിലെത്തി ഞാന്‍ ഇരുട്ടടച്ച ഒരു മുറിയില്‍ കയറിയൊളിച്ചു. തീരെ പൊക്കം കുറഞ്ഞ ഒരു കട്ടിലൊഴിച്ചാല്‍ ആ മുറിയില്‍ പിന്നെ മറ്റെന്തൊക്കെയുണ്ടായിരുന്നുവെന്ന് എനിക്കിന്നുമറിയില്ല. ഞാന്‍ കിടുങ്ങി വിറയ്ക്കുകയായിരുന്നു. താഴെ ഒച്ചവയ്പു നിലച്ചിരുന്നില്ല; ചില്ലു പൊട്ടിത്തകരുന്നതും കേട്ടു. ഒരു സ്ത്രീയുടെ കാല്‍ച്ചുവടുകള്‍ കോണി കയറിവരുന്നതു ഞാന്‍ കേട്ടു; വെളിച്ചത്തിന്റെ ഒരു കീറ് മിന്നിമറഞ്ഞു. പിന്നെ ലാ കാറ്റീവായുടെ ശബ്ദം എന്നെ അടക്കത്തില്‍ വിളിച്ചു. “ഞാനിവിടെയുള്ളത് ആളുകളെ സല്‍ക്കരിക്കാന്‍ തന്നെയാണ് - പക്ഷേ സമാധാനപ്രിയരെ മാത്രം,” അവള്‍ പറഞ്ഞു. “അടുത്തു വരൂ. ഞാന്‍ നിന്നെ ഉപദ്രവിക്കുകയൊന്നുമില്ല.” അവള്‍ ഗൗണ്‍ ഊരിമാറ്റിയിരുന്നു. ഞാന്‍ അവളുടെ അരികത്തുകിടന്നുകൊണ്ട് വിരലുകളാല്‍ അവളുടെ മുഖം പരതി. എത്ര സമയം കഴിഞ്ഞുവെന്ന് എനിക്കൊരൂഹവും ഉണ്ടായില്ല. ഞങ്ങള്‍ ഒരു വാക്കോ ഒരു ചുംബനമോ കൈമാറിയില്ല. ഞാന്‍ അവളുടെ മുടിയുടെ പിന്നലഴിച്ചു; എന്റെ കൈകള്‍ അവളുടെ നീണ്ട മുടിയിഴകളില്‍ വിഹരിച്ചു, അതിപ്പിന്നെ ഞങ്ങള്‍ അന്യോന്യം കണ്ടിട്ടില്ല; അവളുടെ യഥാര്‍ത്ഥമായ പേരെന്താണെന്ന് എനിക്കിന്നുമറിയില്ല.
ഒരു വെടിയൊച്ച ഞങ്ങളെ ഞെട്ടിച്ചു. ലാ കാറ്റീവ പറഞ്ഞു. “നീ മറ്റേ കോണി വഴി രക്ഷപ്പെട്ടോളൂ.”
ഞാന്‍ അതുവഴിയിറങ്ങി; ചെന്നെത്തിയത് അഴുക്കുനിറഞ്ഞ ഒരിടവഴിയിലാണ്. നല്ല നിലാവുള്ള രാത്രിയായിരുന്നു. ആന്ദ്രേ ചിരിനോ എന്ന പൊലീസ് സാര്‍ജന്റ് ബയണറ്റുറപ്പിച്ച റൈഫിളുമായി മതിലിനരികില്‍ കാത്തുനില്ക്കുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ അയാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: “താന്‍ ഇത്ര നേരത്തെ എഴുന്നേല്ക്കുന്നയാളാണല്ലേ.”
ഞാന്‍ എന്തോ മറുപടി പറഞ്ഞിരിക്കണം; പക്ഷേ അയാള്‍ അതു ശ്രദ്ധിക്കുകയായിരുന്നില്ല. ഒരാള്‍ ഭിത്തിക്കു മുകളില്‍നിന്നു താഴേയ്ക്കു നിരങ്ങിയിറങ്ങുകയായിരുന്നു. സാര്‍ജന്റ് ഒറ്റക്കുതിപ്പിന് ബയണറ്റ് അയാളുടെ മാംസത്തില്‍ കുത്തിയിറക്കി. അയാള്‍ താഴേക്കു ചടഞ്ഞുവീണു; വീണിടത്തു മലര്‍ന്നുകിടന്ന് അയാള്‍ ഞരങ്ങി; മുറിവില്‍നിന്നു ചോര കുത്തിയൊലിച്ചു. ഞാന്‍ ആ നായ്ക്കുട്ടിയെ ഓര്‍ത്തു. ആ മനുഷ്യന്റെ കഥ തീര്‍ക്കാനായി ചിരിനൊ വീണ്ടും ബയണറ്റ് കുത്തിയിറക്കി.
“ഇത്തവണ നീ രക്ഷപ്പെടില്ല. മൊരെയ്‌രാ,” ആഹ്ലാദത്തോടെ അയാള്‍ പറഞ്ഞു.
വീടു വളഞ്ഞിരിക്കുകയായിരുന്ന പോലീസുകാര്‍ നാലുചുറ്റും നിന്ന് ഓടിയെത്തി; അവര്‍ക്കു പിന്നാലെ അയല്‍വാസികളും വന്നുകൂടി. സാര്‍ജന്റ് ബയണറ്റ് വലിച്ചൂരിയത് നല്ലൊരു ശ്രമത്തിനുശേഷമാണ്. സകലര്‍ക്കും അയാളുടെ കൈ പിടിച്ച് ഒന്നു കുലുക്കിയേ പറ്റൂ.
ഞാന്‍ കണ്ടതൊക്കെ അവിടെ കൂടിയവരോടു പറഞ്ഞുനടന്നു. പിന്നെ പെട്ടെന്നെനിക്കു ക്ഷീണം തോന്നി; നേരിയ പനി തന്നെയുണ്ടായിരിക്കണം. ഞാന്‍ അവിടെനിന്നൂരിപ്പോന്ന്, റൂഫിനോവിനേയും കണ്ടുപിടിച്ചു വീട്ടിലേക്കു തിരിച്ചു. കുതിരപ്പുറത്തിരുന്നുകൊണ്ട് ഞങ്ങള്‍ വിളറിയ പുലരിവെളിച്ചം കണ്ടു. എനിക്കു ക്ഷീണമായിരുന്നില്ല: സംഭവങ്ങളുടെ ആ കുത്തൊഴുക്കില്‍പ്പെട്ട് എന്റെ തല ചുറ്റിപ്പോവുകയായിരുന്നു.
“ആ രാത്രിയുടെ മഹാനദിയില്‍പെട്ട്,” അയാള്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ എന്റെ അച്ഛന്‍ പറഞ്ഞു.
“അതു ശരിയാണ്,” അയാള്‍ സമ്മതിച്ചു. “ഏതാനും ചില മണിക്കൂറുകളുടെ ഹ്രസ്വമായ ഇടവേള കൊണ്ട് ഞാന്‍ പ്രണയമെന്താണെന്നറിഞ്ഞു, മരണം നേരില്‍ കാണുകയും ചെയ്തു. സര്‍വ്വമനുഷ്യര്‍ക്കും സര്‍വ്വകാര്യങ്ങളും വെളിപ്പെട്ടുകിട്ടുന്നു - എല്ലാമില്ലെങ്കില്‍ മനുഷ്യനറിയാന്‍ അനുമതിയുള്ള കാര്യങ്ങളെങ്കിലും. പക്ഷേ എന്റെ കാര്യത്തിലാകട്ടെ, രണ്ടടിസ്ഥാനസംഗതികള്‍ ഒറ്റരാത്രിയില്‍ത്തന്നെ എനിക്കു വെളിപ്പെട്ടുകിട്ടി. ഇപ്പോന്ന വര്‍ഷങ്ങളുടനീളം ഞാന്‍ ഇക്കഥ എത്രയോ തവണ പറഞ്ഞുകേള്‍പ്പിച്ചിരിക്കുന്നു. ഇന്നിപ്പോള്‍, എന്റെ ഓര്‍മ്മയിലുള്ളത് അന്നു നടന്നതു തന്നെയാണോ അതോ എന്റെ വാക്കുകളാണോ എന്ന്‍ എനിക്കറിയാതായിരിക്കുന്നു. ആ റെഡ് ഇന്ത്യന്‍ ആക്രമണത്തിന്റെ കാര്യത്തില്‍ ലാ കാറ്റീവക്കും ഇതുതന്നെയാവാം സംഭവിച്ചിരിക്കുക. മൊരിയേരായെ കൊല്ലുന്നതു കണ്ടുനിന്നത് ഞാന്‍ തന്നെയാണോ അതോ മറ്റൊരാളായിരുന്നോ എന്നതും ഇപ്പോള്‍ പ്രശ്‌നമല്ല.”
The Story in English
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ