2016, മാർച്ച് 6, ഞായറാഴ്‌ച

ബോര്‍ഹസ് - ഇടയ്ക്കു കയറിയവള്‍

jorge-luis-borges



                                                                               ...നിന്‍പ്രേമം കളത്രപ്രേമത്തിലും വിസ്മയമേറിയത്.
                                                                                                                                 2 ശമുവേല്‍ 1:26
ഈ കഥ ആദ്യം പറയുന്നത് നെല്‍സണ്‍ സഹോദരങ്ങളില്‍ ഇളയ ആളായ എഡ്വാര്‍ഡോ ആണെന്നും, മൊറോണ്‍ ജില്ലയില്‍ വച്ച് കുറേക്കാലം മുമ്പ് (തൊണ്ണൂറിനിപ്പുറം) ഉറക്കത്തില്‍ മരിച്ചുപോയ ജ്യേഷ്ഠന്‍ ക്രിസ്റ്റ്യന്റെ ജഡത്തിനു മുന്നില്‍ ഉറക്കമൊഴിച്ചിരിക്കുന്ന വേളയിലാണ് അവന്‍ ഇതു പറഞ്ഞതെന്നുമാണ് ജനസംസാരം. പക്ഷേ അങ്ങനെ വരാന്‍ വഴി കാണുന്നില്ല. യഥാര്‍ത്ഥത്തില്‍ നടന്നതിതാണ്: നീണ്ടുനീണ്ടുപോയതും, ഇന്നു തെളിച്ചം മങ്ങിക്കാണപ്പെടുന്നതുമായ ആ രാത്രിയില്‍, കരിഞ്ചായ മൊത്തിക്കുടിക്കുന്നതിനിടയില്‍, ആരോ ഒരാള്‍ക്ക് മറ്റൊരാളില്‍നിന്ന് ഈ കഥ പകര്‍ന്നു കിട്ടി; അയാള്‍ അത് സാന്തിയാഗോ ദബോവേയോടു പറഞ്ഞു; സാന്തിയാഗോയില്‍നിന്നാണ് ഞാന്‍ ഇതു കേട്ടത്. വര്‍ഷങ്ങള്‍ക്കുശേഷം, ഈ കഥ നടന്ന ട്യൂര്‍ഡെറായില്‍വച്ച് ഞാന്‍ ഇതു വീണ്ടും കേട്ടു. ഈ രണ്ടാമതു കേട്ട, കൂടുതല്‍ വിപുലമായ രൂപം സാന്തിയാഗോ പറഞ്ഞതിനെ പിന്‍പറ്റുന്നതു തന്നെയായിരുന്നു; പിന്നെ, പതിവുള്ള ചില്ലറ വ്യതിയാനങ്ങളും വൈരുദ്ധ്യങ്ങളും അടങ്ങിയിരുന്നുവെന്നേയുള്ളു. ഞാന്‍ ഇപ്പോള്‍ ഈ കഥ പകര്‍ത്തിവയ്ക്കുന്നതിന്റെ കാരണം, - എനിക്കു തെറ്റുപറ്റിയിട്ടില്ലെന്നു കരുതട്ടെ - ഈ നൂറ്റാണ്ടു തുടങ്ങുന്നതിനു മുമ്പ് ബ്യൂണേഴ്‌സ് അയഴ്‌സിന്റെ അരികു പറ്റി ജീവിച്ചിരുന്ന, ആ പരുക്കന്‍ മനുഷ്യരുടെ സ്വഭാവത്തിന്റെ സംക്ഷിപ്തവും ദുരന്തപൂര്‍ണ്ണവുമായ പ്രതിഫലനം ഞാനിതില്‍ കാണുന്നു എന്നതാണ്. വളച്ചുകെട്ടില്ലാതെ പറഞ്ഞുപോകണം എന്നാണ് എന്റെ ആഗ്രഹമെങ്കിലും, ചില വിശദാംശങ്ങള്‍ ഊന്നിപ്പറയാനോ തിരുകിക്കയറ്റാനോ ഒരെഴുത്തുകാരനെന്ന നിലയില്‍ ഉണ്ടാകാവുന്ന പ്രലോഭനത്തിന് ഞാന്‍ വഴങ്ങിപ്പോയേക്കുമെന്നുള്ളതും എനിക്കു മുന്‍കൂട്ടിക്കാണാന്‍ കഴിയുന്നുണ്ട്.

ഇവര്‍ താമസിച്ചിരുന്ന ട്യൂര്‍ഡെറായില്‍ ആള്‍ക്കാര്‍ ഇവരെ വിളിച്ചിരുന്നത് നില്‍സണ്മാര്‍ എന്നായിരുന്നു. തന്റെ മുന്‍ഗാമിക്ക് ഇക്കൂട്ടരുടെ വീട്ടില്‍ (ഒരതിശയംപോലെ) ഒരു ബൈബിള്‍ കണ്ട കാര്യം ഓര്‍മ്മയുള്ളതായി അവിടത്തെ വികാരി എന്നോടു പറയുകയുണ്ടായി. ബ്ലാക്ക് ലറ്റര്‍ ടൈപ്പിലടിച്ച്, കറുത്ത പുറംചട്ടയിട്ട, ഉപയോഗിച്ചു പഴകിയ ഒരു ഗ്രന്ഥം: ഒടുവിലത്തെ ഒഴിഞ്ഞ താളില്‍ ചില പേരുകളും തീയതികളും കുറിച്ചിട്ടിരുന്നത് അദ്ദേഹത്തിന്റെ കണ്ണില്‍പ്പെട്ടിരുന്നു. ആ വീട്ടില്‍ ആകെക്കൂടിയുണ്ടായിരുന്ന പുസ്തകം അതായിരുന്നു: നില്‍സണ്‍മാരുടെ നാടുതെണ്ടുന്ന ചരിത്രരേഖ. സര്‍വ്വ വസ്തുക്കള്‍ക്കും വരാനുള്ള ഗതിപോലെ അതും ഒരുനാള്‍ കാണാതെയായി. പൊളിഞ്ഞുവീഴാറായ ആ പഴയവീട് - അതിന്നില്ല - തേയ്ക്കാതെ കട്ട കെട്ടിയതായിരുന്നു; കയറിച്ചെല്ലുന്ന വളച്ചുവാതിലിലൂടെ നോക്കിയാല്‍ ചുവന്ന തറയോടു പാകിയ ഒരു നടുമുറ്റവും, അതിനുമുള്ളില്‍ മണ്ണിട്ടുറപ്പിച്ച മറ്റൊരു നടുമുറ്റവും കാണാം. വളരെ ചുരുക്കം പേരേ, എന്തൊക്കെയായാലും, അതിനുള്ളില്‍ കാലുകുത്തിയിട്ടുള്ളു. നില്‍സണ്‍മാര്‍ ആരോടും അടുപ്പത്തിനു പോയില്ല. കിടക്കാനുള്ള കട്ടിലൊഴിച്ചാല്‍ മുറികള്‍ മിക്കവാറും ഒഴിഞ്ഞവയായിരുന്നു. അവരുടെ ധാരാളിത്തങ്ങള്‍ എന്നുപറയാവുന്നത് കുതിരകളും, കസവുകര പിടിപ്പിച്ച സവാരിവേഷവും, വായ്ത്തല കുറുകിയ കഠാരയും, ശനിയാഴ്ച രാത്രിയിലെ അണിഞ്ഞൊരുങ്ങലുമായിരുന്നു. അന്നവര്‍ ധൂര്‍ത്തന്മാരാവുകയും, മദ്യലഹരിയില്‍ വക്കാണത്തിനു പോവുകയും ചെയ്യും. എനിക്കറിയാവുന്നതാണ്, രണ്ടുപേരും നല്ല പൊക്കക്കാരായിരുന്നു;  ചുവന്നമുടി നീട്ടിവളര്‍ത്തിയിട്ടിരുന്നു. അവര്‍‍ കേള്‍ക്കാനേയിടയില്ലാത്ത ഡെന്മാര്‍ക്കോ ഐര്‍ലണ്ടോ ഈ രണ്ട് അര്‍ജന്റീനക്കാര്‍ സഹോദരന്മാരുടെ രക്തത്തില്‍ കലര്‍ന്നൊഴുകുകയായിരുന്നു. ആ ചുറ്റുവട്ടത്തിന് ഈ ചെമ്പന്‍മുടിക്കാരെ ഭയമായിരുന്നു; അവരില്‍ ഒരാളെങ്കിലും ഒരു കൊല നടത്തിയിട്ടുണ്ടാവണം. ഒരിക്കല്‍ അവര്‍ പോലീസുകാരുമായി നേര്‍ക്കുനേര്‍ നിന്നതുമാണ്. ഇളയയാള്‍ ഒരു ദിവസം ജൂവാന്‍ ഐബേരായുമായി ഒന്നിടഞ്ഞതായും അതിലവന്‍ മോശം പറ്റാതെ നോക്കിയതായും പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇവര്‍ കാലിതെളിപ്പുകാരും, ഉഴവുകാരും, കുതിരമോഷ്ടാക്കളുമൊക്കെയായിരുന്നു; അങ്ങനെയിരിക്കെ പണംവച്ചു ചൂതുകളിക്കാനും പോകും. പിശുക്കരാണെന്ന ഒരു ഖ്യാതിയും ഇവര്‍ക്കുണ്ടായിരുന്നു; കുടിയും ചീട്ടുകളിയും മാത്രമേ അവരെ ധാരാളികളാക്കിയുള്ളു. ഇവരുടെ ബന്ധുക്കളെക്കുറിച്ചോ, ഇവര്‍ തന്നെ എവിടത്തുകാരാണെന്നതിനെക്കുറിച്ചോ ആര്‍ക്കും ഒന്നുമറിയില്ല. ഒരു വണ്ടിയും ഒരു ജോഡി കാളകളും അവര്‍ക്കു സ്വന്തമായിട്ടുണ്ടായിരുന്നു.

ഇവരുടെ ശരീരപ്രകൃതി കോസ്റ്റാ ബ്രാവായ്ക്കു കുഖ്യാതി നേടിക്കൊടുത്ത മറ്റു മുഷ്‌ക്കന്മാരില്‍നിന്നു ഭിന്നമായിരുന്നു. ഇതെന്നപോലെ, നമുക്കറിവില്ലാത്ത മറ്റുപലതും, ഇവര്‍ തമ്മിലുള്ള ഗാഢമായ അടുപ്പം മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്നു. അവരില്‍ ഒരാളുമായി ഇടയുക എന്നതിന് രണ്ടു ശത്രുക്കളെ സമ്പാദിക്കുക എന്നാണര്‍ത്ഥം.

ഉടലിന്റെ ആനന്ദങ്ങള്‍ തേടിപ്പോകുന്നവരായിരുന്നു നിത്സണ്‍മാര്‍; എന്നാല്‍ അന്നാള്‍വരെ അവരുടെ ശൃംഗാരനാടകങ്ങള്‍ അരങ്ങേറിയിരുന്നത് ഇരുളടഞ്ഞ ഇടനാഴികളിലോ വേശ്യാലയങ്ങളിലോ ആയിരുന്നു. അങ്ങനെയിരിക്കുന്ന സ്ഥിതിക്ക്, ക്രിസ്റ്റ്യന്‍, ജൂലിയാന ബര്‍ഗസിനെ കൂടെ താമസിക്കാന്‍ വിളിച്ചുകൊണ്ടുവന്നപ്പോള്‍ അതു വലിയൊരു സംസാരവിഷയം തന്നെയായി. ഇതുവഴി അയാള്‍ ഒരു വേലക്കാരിയുടെ കുറവു നികത്തുകയായിരുന്നു എന്നു പറയുന്നതില്‍ കാര്യമില്ലാതില്ല; എന്നാല്‍ മറ്റൊരു വസ്തുതയുണ്ട്: അയാള്‍ അവള്‍ക്കു കണ്ണില്‍ക്കണ്ടതൊക്കെ വാങ്ങിക്കൊടുക്കാനും, മുഷിഞ്ഞതും ഇടുങ്ങിയതുമായ വാടകവീടുകളില്‍ നടന്നിരുന്ന വിരുന്നുകളില്‍ അവളെയും കൂട്ടിപ്പോകാനും തുടങ്ങി എന്നതാണത്; മുഷിഞ്ഞതും ഇടുങ്ങിയതുമായ വാടകവീടുകളില്‍ നടത്തിയിരുന്ന ആ വിരുന്നുകളില്‍ ചില ടാംഗോ ചുവടുകള്‍ക്കു വിലക്കുണ്ടായിരുന്നു, ആണും പെണ്ണും മുട്ടിയുരുമ്മി നൃത്തം ചെയ്തിരുന്നതുമില്ല. വലിയ, വിടര്‍ന്ന കണ്ണുകളുള്ള ജൂലിയാന ഇരുണ്ട നിറക്കാരിയായിരുന്നു. ആരെങ്കിലും ഒന്നു നോക്കിയാല്‍ മതി, അവള്‍ക്കു ചിരി പൊട്ടും. ദുരിതവും അവഗണനയും കൂടി സ്ത്രീകളെ പിഴിഞ്ഞൂറ്റുന്ന ദരിദ്രമായൊരു ചുറ്റുവട്ടത്തെ സംബന്ധിച്ചിടത്തോളം ജൂലിയാനോ കാണാന്‍ ഒട്ടും മോശക്കാരിയായിരുന്നില്ല.
ആദ്യമൊക്കെ എഡ്വാര്‍ഡോയും അവര്‍ക്കൊപ്പം പോകാറുണ്ടായിരുന്നു. പിന്നീട് ഒരു ദിവസം വടക്ക് അരേസിഫസില്‍ എന്തോ വ്യാപാരാവശ്യത്തിനു പോയവന്‍ മടങ്ങിയെത്തിയത് ഏതോ ഒരു പെണ്ണിനേയും കൂട്ടിയാണ്. പക്ഷേ അധികനാള്‍ കഴിയുംമുമ്പേ അവന്‍ അവളെ അടിച്ചു പുറത്താക്കി. അവന്‍ ഒന്നും മിണ്ടാതെ മ്ലാനിയായി നടന്നു; ഒപ്പം മൂലയ്ക്കുള്ള മദ്യഷാപ്പില്‍ ഒറ്റയ്ക്കിരുന്നു കുടിയും തുടങ്ങി;  ആരോടും ഇടപഴകാതെയുമായി. അവന്‍ ക്രിസ്റ്റ്യന്റെ പെണ്ണുമായി പ്രേമത്തിലായിക്കഴിഞ്ഞിരുന്നു. അവനേക്കാള്‍ മുമ്പ് ഇക്കാര്യം മനസ്സിലാക്കിയിരിക്കാവുന്ന ആ ചുറ്റുവട്ടമാകെ രണ്ടു സഹോദരന്മാര്‍ക്കുമിടയ്ക്കു വൈരം പൊട്ടിമുളയ്ക്കുന്നതും കാത്ത് ഉത്സാഹവും ദുഷ്ടബുദ്ധിയും പൂണ്ടു നോക്കിയിരുന്നു.

ഒരു ദിവസം രാത്രി എഡ്വാര്‍ഡോ കുടിയും കഴിഞ്ഞ് വളരെ വൈകി വീട്ടിലെത്തുമ്പോള്‍ ക്രിസ്റ്റ്യന്റെ കുതിരയെ മുറ്റത്തെ കുറ്റിയില്‍ കെട്ടിയിരിക്കുന്നതു കണ്ടു. അകത്ത്, നടുമുറ്റത്ത്, തന്റെ ഏറ്റവും നല്ല വേഷവുമണിഞ്ഞ് ജ്യേഷ്ഠന്‍ അനുജനേയും കാത്തിരിക്കുകയായിരുന്നു. അവര്‍ക്കു ചായ പകര്‍ന്നു കൊടുത്തുകൊണ്ട് ജൂലിയാനാ തിരക്കുപിടിച്ചു. ക്രിസ്റ്റ്യന്‍ എഡ്വാര്‍ഡോയോടു പറഞ്ഞു; 'എനിക്കു ഫരിയായുടവിടെ ഒരു വിരുന്നിനു പോകണം. ജൂലിയാനാ ഇവിടെ നിന്റെ കൂടെ നില്ക്കട്ടെ. നിനക്കു വേണമെന്നുണ്ടെങ്കില്‍ അവളെ ഉപയോഗിച്ചോളു.'

അയാളുടെ സ്വരം പകുതി ആജ്ഞയും പകുതി സൗഹൃദഭാവത്തിലുമായിരുന്നു. എഡ്വാര്‍ഡോ എന്തു ചെയ്യണമെന്നറിയാതെ അയാളെ ഉറ്റുനോക്കിക്കൊണ്ട് അല്പനേരം നിന്നു. ക്രിസ്റ്റ്യന്‍ എഴുന്നേറ്റ് യാത്ര പറഞ്ഞിട്ട് - അനുജനോടാണ്, ജൂലിയാനയോടല്ല, (അവള്‍ ഒരു വസ്തുവില്‍ക്കവിഞ്ഞൊന്നുമായിരുന്നില്ലല്ലോ) - കുതിരപ്പുറത്തു കയറി ഒന്നും സംഭവിക്കാത്തപോലെ ഓടിച്ചുപോയി.

അന്നുരാത്രി മുതല്‍ അവര്‍ അവളെ പങ്കുവയ്ക്കാന്‍ തുടങ്ങി. കോസ്റ്റാ ബ്രാവായ്ക്കുപോലും സഭ്യതയുടെ അതിരുകടന്നതായിത്തോന്നിയ ആ കുത്സിതമായ പങ്കുപറ്റലിന്റെ വിശദാംശങ്ങള്‍ ഒരാളും ഒരുനാളും അറിയാന്‍ പോകുന്നില്ല. ഈ സംവിധാനം കുറെ ആഴ്ചകളോളം ഭംഗിയായി നടന്നുപോയി; പക്ഷേ അതു നീണ്ടുനിന്നില്ല. തമ്മില്‍ സംസാരിക്കുമ്പോള്‍ അവര്‍ ഒരിക്കലും, അവളെ വിളിക്കാന്‍കൂടിപ്പോലും, അവളുടെ പേരുപയോഗിച്ചിരുന്നില്ല. പക്ഷേ അവര്‍ തമ്മില്‍ ഇടയാന്‍ കാരണം നോക്കിയിരിക്കുകയായിരുന്നു; അത് അവര്‍ കണ്ടെത്തുകയും ചെയ്തുകൊണ്ടിരുന്നു. ഒരിക്കല്‍ അവര്‍ എന്തോ തുകലിന്റെ വില്പനയെച്ചൊല്ലി തര്‍ക്കിച്ചു; പക്ഷേ അവര്‍ യഥാര്‍ത്ഥത്തില്‍ തര്‍ക്കിച്ചത് മറ്റെന്തിനെയോ ചൊല്ലിയായിരുന്നു, ക്രിസ്റ്റ്യന്‍ ഒച്ചയെടുക്കാന്‍ തുടങ്ങി; എഡ്വാര്‍ഡോ മിണ്ടാതെയായി. തങ്ങളറിയാതെ അവര്‍ അസൂയാലുക്കളാവുകയായിരുന്നു. ആ പരുക്കന്‍ ചേരിപ്രദേശങ്ങളില്‍ ഒരാണും സമ്മതിച്ചു തരില്ല - തന്നോടുപോലും സമ്മതിക്കുകയില്ല - സ്ത്രീ ഭോഗിക്കാനും അവകാശം പറയാനുമുള്ള ഒരു വസ്തുവല്ലാതെ മറ്റെന്തെങ്കിലുമാണെന്ന്; പക്ഷേ ഈ രണ്ടു സഹോദരന്മാര്‍ പ്രേമത്തിലായിരുന്നു. അത്, ഏതോ തരത്തില്‍, അവര്‍ക്കു ലജ്ജാവഹമായി തോന്നുകയും ചെയ്തു.
ഒരു ദിവസം വൈകിട്ട് എഡ്വാര്‍ഡോ ലോമാസിലെ കവലയിലൂടെ പോകുമ്പോള്‍ എതിരെ ജൂവാന്‍ ഐബേരാ വന്നു. ഒരു ‘ചരക്കി'നെ കൈക്കലാക്കിയ കാര്യവും പറഞ്ഞ് അവന്‍ അഭിനന്ദിച്ചെന്തോ പറഞ്ഞു. അപ്പോഴാണെന്നു തോന്നുന്നു എഡ്വാര്‍ഡോ അവനെ കേറിയടിച്ചത്. ഒരാളും അതും തന്റെ മുമ്പില്‍വച്ച് - ക്രിസ്റ്റ്യനെ കളിയാക്കാന്‍ പോകുന്നില്ല.

ആ സ്ത്രീ ഇരുവരുടേയും ആവശ്യങ്ങള്‍ ജന്തുസഹജമായ ഒരു വിധേയതയോടെ നിര്‍വ്വഹിച്ചു കൊടുത്തുപോന്നു. എന്നിരുന്നാലും ഒരിഷ്ടക്കൂടുതല്‍, പ്രായം കുറഞ്ഞയാളിനോടാവണം, മറച്ചുവയ്ക്കാന്‍ അവള്‍ക്കായില്ല; അവളെ പങ്കുപറ്റാന്‍ മടി കാണിച്ചില്ലെങ്കിലും, അതു തുടങ്ങിവച്ചതും അവനായിരുന്നില്ലല്ലോ.

ഒരു ദിവസം അവര്‍ ജൂലിയാനയോട് പുറത്തെ നടുമുറ്റത്ത് രണ്ടു കസേര കൊണ്ടിടാന്‍ ആജ്ഞാപിച്ചു. തങ്ങള്‍ക്കു ചില കാര്യങ്ങള്‍ സംസാരിച്ചു തീര്‍ക്കാന്‍ ഉള്ളതുകൊണ്ട് കുറച്ചുനേരത്തേക്ക് അവളുടെ മുഖം പുറത്തുകാണിക്കാനും പാടില്ല. അവരുടെ സംസാരം തീരാന്‍ കുറേസമയം പിടിക്കുമെന്ന ധാരണയില്‍ അവള്‍ ഒന്നു മയങ്ങാനായി കിടന്നു; പക്ഷേ അധികനേരം കഴിഞ്ഞില്ല, അവര്‍ അവളെ വിളിച്ചുണര്‍ത്തി. അവള്‍ക്കു സ്വന്തമായിട്ടുള്ളതൊക്കെ ഒരു ചാക്കില്‍ കെട്ടിയെടുക്കാന്‍ അവര്‍ അവളോടാവശ്യപ്പെട്ടു. പളുങ്കുകൊണ്ടുള്ള കൊന്തമാലയും അമ്മ കൊടുത്ത കൊച്ചു കുരിശുരൂപവുമൊന്നും ബാക്കിവയ്ക്കരുത്. വിശദീകരണത്തിനൊന്നും നില്ക്കാതെ അവളെ കാളവണ്ടിയില്‍ കയറ്റി അവര്‍ സുദീര്‍ഘവും, പരിക്ഷീണവും, നിശ്ശബ്ദവുമായ ഒരു യാത്ര പുറപ്പെട്ടു. മഴ പെയ്തിരുന്നു; വഴി ചെളി കുഴഞ്ഞുകിടക്കുകയായിരുന്നു. അവര്‍ മൊറോണിലെത്തുമ്പോള്‍ നേരം പുലര്‍ച്ചയാകാറായിരുന്നു. അവിടെ അവര്‍ അവളെ വേശ്യാലയം നടത്തുന്ന ഒരു സ്ത്രീക്കു വിറ്റു. ഇടപാടൊക്കെ നേരത്തേ പറഞ്ഞുറപ്പിച്ചിരുന്നു. ക്രിസ്റ്റ്യന്‍ പണം പോക്കറ്റിലിട്ടു; പിന്നീട് അയാള്‍ അത് അനുജനുമായി പങ്കിട്ടു.

നില്‍സണ്‍മാര്‍ ട്യൂര്‍സെറായില്‍ മടങ്ങിയെത്തി. അന്നേ വരെ വിലക്ഷണമായ ആ പ്രേമബന്ധത്തിന്റെ വലയില്‍ (അതൊരു നിഷ്ഠ കൂടിയായിരുന്നു) കുടുങ്ങിക്കിടക്കുകയായിരുന്നവര്‍ ആണുങ്ങള്‍ക്കിടയില്‍ ആണുങ്ങളുടേതായ ആ പഴയ ജീവിതം വീണ്ടെടുക്കാന്‍ ശ്രമിച്ചു. ചീട്ടുകളിയും, കോഴിപ്പോരും, ശനിയാഴ്ചത്തെ കുടിച്ചുമറിയലും നിറഞ്ഞ ആ ലോകത്തേക്ക് അവര്‍ തിരിച്ചുപോയി. തങ്ങള്‍ രക്ഷിക്കപ്പെട്ടതായി ഇടയ്‌ക്കൊക്കെ അവര്‍ക്കു തോന്നിയിട്ടുണ്ടാവണം. പക്ഷേ അവര്‍ പലപ്പോഴും - ഓരോരുത്തരും സ്വന്തനിലയില്‍ - വിശദീകരണമില്ലാത്ത, അല്ലെങ്കില്‍ വിശദീകരണമേ ആവശ്യമില്ലാത്ത, നിലയില്‍ അപ്രത്യക്ഷരാകാറുണ്ടായിരുന്നു. അക്കൊല്ലം തീരുന്നതിനല്പം മുമ്പ് ഒരു ദിവസം തനിക്ക് നഗരത്തില്‍ ഒരു കച്ചവടക്കാര്യമുണ്ടെന്നു പറഞ്ഞ് അനുജന്‍ പോയി. തൊട്ടുപുറകേ ക്രിസ്റ്റ്യന്‍ മൊറോണിലേക്കു ചെന്നു; വേശ്യാലയത്തിനു വെളിയില്‍ എഡ്വാര്‍ഡോയുടെ പുള്ളിക്കുതിരയെ അയാള്‍ തിരിച്ചറിഞ്ഞു. ക്രിസ്റ്റ്യന്‍ അകത്തേക്കു ചെന്നു; പ്രതീക്ഷിച്ചപോലെ തന്റെ ഊഴവും കാത്ത് അനുജന്‍‍ അവിടെ നില്‍പ്പുണ്ടായിരുന്നു. ക്രിസ്റ്റ്യന്‍ അവനോട് ഇങ്ങനെ പറഞ്ഞുവെന്നാണ് കേള്‍വി: 'ഇങ്ങനെപോയാല്‍ നമ്മള്‍ കുതിരകളുടെ മുതുകൊടിക്കുകയേയുള്ളു. അവളെ കൈയ്യകലത്തു വയ്ക്കുകയാണ് നമുക്കു നല്ലത്.'

അയാള്‍ നടത്തിപ്പുകാരിയോടു സംസാരിച്ചിട്ട്‌ പേഴ്സില്‍നിന്ന് ഒരുപിടി നാണയം വാരികൊടുത്തു. എന്നിട്ടവര്‍ പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ടുപോന്നു. ജൂലിയാനാ ക്രീസ്റ്റ്യനോടൊപ്പമാണിരുന്നത്. അവര്‍ ഒരുമിച്ചിരിക്കുന്നതു കാണാന്‍ ഇഷ്ടമില്ലാതെ എഡ്വാര്‍ഡോ കുതിരയെ കുതിച്ചോടിപ്പിച്ചു.

മുമ്പു പറഞ്ഞതിലേക്ക് അവര്‍ തിരിച്ചുപോയി. അവരുടെ പ്രശ്‌നപരിഹാരം പരാജയത്തില്‍ കലാശിച്ചിരുന്നു; ഇപ്പോള്‍ ഇരുവരും അന്യോന്യം വഞ്ചിക്കാനും തുടങ്ങി. കായീന്‍ വിഹാരം നടത്തുകയായിരുന്നു. പക്ഷേ നില്‍സണ്‍മാര്‍ തമ്മിലുള്ള സ്‌നേഹം അത്ര വലുതായിരുന്നു - അവര്‍ ഒരുമിച്ച് എന്തൊക്കെ കഷ്ടകാലങ്ങളും അപകടങ്ങളും നേരിട്ടുവെന്ന് ആരു കണ്ടു! - അതിനാല്‍ അവര്‍ തങ്ങളുടെ ക്ഷോഭം തിരിച്ചുവിട്ടത് മറ്റുള്ളവരിലേക്കാണ്. അപരിചിതരില്‍, നായ്ക്കളില്‍, തങ്ങള്‍ക്കിടയില്‍ ഈ വിടവു വരുത്തിവച്ച ജൂലിയാനയില്‍.

മാര്‍ച്ചുമാസം അവസാനിക്കാറായിരുന്നു; എന്നിട്ടും ചൂടുകുറയുന്ന ലക്ഷണം കണ്ടില്ല. ഒരു ഞായറാഴ്ച ദിവസം (ഞായറാഴ്ച ആളുകള്‍ നേരത്തെ കിടക്കാറുണ്ടല്ലോ) എഡ്വാര്‍ഡോ മദ്യഷാപ്പില്‍നിന്ന് വീട്ടിലേക്കു ചെല്ലുമ്പോള്‍ ക്രിസ്റ്റ്യന്‍ വണ്ടിയില്‍ കാളകളെ പൂട്ടുന്നതു കണ്ടു. ക്രിസ്റ്റ്യന്‍ അവനോടിങ്ങനെ പറഞ്ഞു, നീയും വരൂ. പാര്‍ദോയുടെയവിടെ കുറച്ചു തുകലു കൊണ്ടുപോകാനുണ്ട്. ഞാന്‍ അതു മുഴുവന്‍ കേറ്റിക്കഴിഞ്ഞു. ഇപ്പോഴേ ഇറങ്ങിയാല്‍ പുലര്‍ച്ചയ്ക്കു മുമ്പ് അങ്ങെത്താം.

പാര്‍ദോയുടെ ഗുദാം, എനിക്കു തോന്നുന്നത്, കുറച്ചുകൂടി തെക്കാണെന്നാണ്. അവര്‍ കന്നുകാലികള്‍ പോകുന്ന പഴയ വഴിത്താരയിലൂടെ പോയിട്ട് ഒരിടവഴിയിലേക്ക് തിരിഞ്ഞു. ഇരുട്ടു വീണതോടെ നാട്ടിന്‍പുറം വിസ്തൃതമായി വന്നു.

അവര്‍ ഒരു മുളങ്കാട് വളഞ്ഞു കടന്നുപോയി. ക്രിസ്റ്റ്യന്‍ അല്പം മുമ്പു കത്തിച്ച ചുരുട്ട് വലിച്ചെറിഞ്ഞിട്ട് അലക്ഷ്യമട്ടില്‍ പറഞ്ഞു, ‘അനിയാ, നമുക്കപ്പോള്‍ കാര്യം നടത്താം; ബാക്കിപ്പണി കഴുകന്മാര്‍ ചെയ്തോളും. ഇന്നു വൈകിട്ട് ഞാന്‍ അവളെ കൊന്നു. പണ്ടങ്ങളും കൊണ്ട് അവളിവിടെ കിടക്കട്ടെ. നമുക്കിനി അവള്‍ ഒരു ശല്യമേ ആകില്ല.’
കണ്ണീരിന്റെ വക്കത്തെത്തി അവര്‍ കെട്ടിപ്പുണര്‍ന്നു. ഇപ്പോള്‍ ഒരു കണ്ണികൂടി അവരെ ബന്ധിക്കാനുണ്ടായിരുന്നു - തങ്ങള്‍ ദാരുണമായി കുരുതികൊടുത്ത സ്ത്രീയും, അവളെ മറക്കുക എന്ന ഇരുവരുടെയും ബാദ്ധ്യതയും.clip_image001





















അഭിപ്രായങ്ങളൊന്നുമില്ല: