2016, മാർച്ച് 26, ശനിയാഴ്‌ച

ബോൾസ്ലാവ് ലെസ്മിയൻ - ഇനിയൊരിക്കൽക്കൂടി...

            Boleslaw_Lesmian
            ഇനിയൊരിക്കൽക്കൂടി


          ഇനിയൊരിക്കൽക്കൂടി നിന്നെ ഞാനാദ്യമായിക്കണ്ടുവെന്നിരിക്കട്ടെ,
          എന്നാൽ മറ്റൊരു മരത്തോപ്പിൽ, മറ്റൊരു കാട്ടിനുള്ളിൽ-
          മഞ്ഞിന്റെ മൂടുപടത്തിനുള്ളിലനന്തതയിലേക്കു നീളവെ
          മരങ്ങൾ നമുക്കായി നെടുവീർപ്പിടുക മറ്റൊരു വിധമായെന്നുവരാം...

          പച്ചപ്പിന്‍റെ ചാലുകള്‍ക്കുള്ളിൽ  നിന്റെ കൈകളെത്തിപ്പിടിക്കുക
          വിറപൂണ്ട കിളികളെപ്പോലെ മറ്റു പൂക്കളെയാണെന്നു വരാം-
          അജ്ഞവും മുഗ്ധവുമായ നിന്റെ ചുണ്ടുകളിൽ നിന്നുതിരുക
          മറ്റു ചില വാക്കുകളായെന്നുവരാം- മറ്റു ചില വാക്കുകൾ...

          ജ്വലിക്കുന്ന പനിനീർപ്പൂക്കളുടെ നിർഝരി പോലെ
          വെളിച്ചത്തില്‍ നമ്മുടെയാത്മാക്കള്‍ പൊട്ടിത്തകര്‍ന്നുവെന്നും വരാം.
          ഇനിയൊരിക്കൽക്കൂടി നിന്നെ ഞാനാദ്യമായിക്കണ്ടുവെന്നിരിക്കട്ടെ,
          എന്നാൽ മറ്റൊരു മരത്തോപ്പിൽ, മറ്റൊരു കാട്ടിനുള്ളിൽ...









            ബോൾസ്ലാവ് ലെസ്മിയൻ Boleslaw Lesmian (1877-1937) - സിംബലിസവും എക്സ്പ്രഷനിസവും പോളിഷ് കവിതയിലെത്തിച്ച കവി. ഉക്രെയിനിലെ കീവിൽ ഒരു ജൂതകുടുംബത്തിൽ ജനിച്ചു. വളരെ കുറച്ചു കവിതകളേ പ്രസിദ്ധപ്പെടുത്തിയുള്ളു; അവ തന്നെയും ശ്രദ്ധിക്കപ്പെട്ടുമില്ല. പോളിഷ് നാടോടിപ്പാരമ്പര്യവും വൈചിത്ര്യങ്ങളുടെ യഥാതഥമായ വിവരണവുമൊക്കെക്കലർന്ന കവിതാശൈലി പിന്നീടദ്ദേഹത്തെ പോളിഷ് കവിതയിലെ അതിപ്രമുഖരിലൊരാളാക്കി.

          അഭിപ്രായങ്ങളൊന്നുമില്ല: