2016, മാർച്ച് 17, വ്യാഴാഴ്‌ച

ബെറ്റി ആൽവെർ - കവിതകള്‍

betti alver



ഇരുമ്പിന്റെ ഞരമ്പുകൾ


ജീവിതം നരകമാവുമ്പോൾ
കവി വിധിയോടു യാചിക്കുന്നു:
“എനിക്കിരുമ്പിന്റെ ഞരമ്പുകൾ നൽകേണമേ!”
ഒരു കള്ളച്ചിരിയോടെ വിധി വഴങ്ങുന്നു:
“പകരത്തിനു പകരമായിക്കോട്ടെ!
നീ സമാധാനത്തോടെ പൊയ്ക്കോ.
ഇനിമേൽ ഞരമ്പുകളിരുമ്പു തന്നെയാവും നിനക്ക്;
ഭാഗ്യവാനേ, നിന്റെ കവിത്വം പക്ഷേ, പൊയ്പ്പോയിരിക്കും!”


ദുഃഖമെന്ന തുന്നല്ക്കാരൻ


ഇന്നലെ വഴിയിൽ മഴ പൊടിയുമ്പോൾ
തുറന്നുപിടിച്ച കത്രികയുമായി
വിഷാദം കയറിവന്നു.
കുട്ടികളെ അയാൾ
ശോകത്തിന്റെ ഉടുപ്പുകളണിയിച്ചു,
മറ്റുള്ളവരുടെ ജിവിതങ്ങളിൽ
അടയാളങ്ങൾ തുന്നിച്ചേർത്തു.
ചുവന്നുതുടുത്ത മുഖങ്ങളെ
ദുഃഖമെന്ന തുന്നല്ക്കാരൻ
ശവക്കോടി കൊണ്ടു മൂടി,
അവയുടെ കറുത്ത മുടിയിൽ
വെളുത്ത നാരു കൊണ്ടിഴയിടുകയും ചെയ്തു.


ബെറ്റി ആൽവെർ Betti (Elisaveth) Alver (1906-1989)- എസ്തോണിയൻ ഭാഷയിലെ കവിയും വിവർത്തകയും. ചെറുകഥയിലും നോവലിലുമാണ്‌ സാഹിത്യജീവിതത്തിന്റെ തുടക്കമെങ്കിലും പിന്നീടവർ കവിതയിലേക്കു തിരിഞ്ഞു. 1945ൽ ഭർത്താവും കവിയുമായ ഹെയ്റ്റി റ്റാൽവിക്ക് (Heiti Talvik)സോവിയറ്റ് ഭരണകൂടത്തിന്റെ അപ്രീതിക്കിരയായി സൈബീരിയയിൽ വച്ചു മരണമടഞ്ഞതോടെ അവർ നിശ്ശബ്ദയായി. ഇക്കാലത്താണ്‌ അവർ വിവർത്തനത്തിൽ ശ്രദ്ധ കൊടുക്കുന്നത്. അവരുടെ പുഷ്കിൻ വിവർത്തനങ്ങൾ ,യൂജിൻ ഒനെയ്ഗിൻ പ്രത്യേകിച്ചും, ഒരു ക്ളാസ്സിക് ആയി കരുതപ്പെടുന്നു. 1960നു ശേഷമാണ്‌ അവർ പിന്നീട് കവിതയിലേക്കു തിരിച്ചു വരുന്നത്.



Link to Betti Alver

അഭിപ്രായങ്ങളൊന്നുമില്ല: