മിഷേൽ ദെ മൊണ്ടെയ്ൻ Michel de Montaigne(1533-1592) - ഫ്രഞ്ച് നവോത്ഥാനകാലത്തെ ഏറ്റവും പ്രമുഖനായ എഴുത്തുകാരൻ; ഉപന്യാസം ഒരു സാഹിത്യരൂപം എന്ന നിലയിൽ വ്യതിരിക്തത നേടുന്നത് ഇദ്ദേഹത്തിന്റെ രചനകളിലൂടെയാണ്; അജ്ഞേയതാവാദത്തിന്റെ പിതാവെന്ന നിലയിലും അറിയപ്പെടുന്നു. Essais (ശ്രമങ്ങൾ) പ്രധാനകൃതി.
എനിക്കെന്തറിയാം? അജ്ഞേയതാവാദത്തെക്കുറിച്ചൊരു ധാരണ കിട്ടാൻ ഈ ചോദ്യം ചോദിച്ചാൽ മതി.
*
ഞാൻ ഏറ്റവും പേടിക്കുന്നത് പേടിയെത്തന്നെ.
*
മരണം കയറിവരുന്ന സമയത്ത് ഞാൻ കാബേജിനു നനച്ചുകൊണ്ടിരിക്കുന്നതായി കാണപ്പെടണമെന്നാണ് എന്റെ ആഗ്രഹം.
*
മനുഷ്യനെ മരിക്കാൻ പഠിപ്പിക്കുന്നവൻ അവനെ ജീവിക്കാനും പഠിപ്പിക്കും.
*
നിങ്ങൾ ജനിച്ച ദിവസം ജീവിതത്തിലേക്കെന്നപോലെ മരണത്തിലേക്കും നിങ്ങളെ നയിക്കും.
*
ഇഷ്ടമുള്ളത്ര കാലം ജീവിക്കുക; നിങ്ങളുടെ മരണാനന്തരജീവിതത്തിൽ നിന്ന് ഒരു ദിവസം പോലും അതുകൊണ്ടു കുറയാൻ പോകുന്നില്ല.
*
എല്ലാ ദിവസങ്ങളും മരണത്തിലേക്കു യാത്ര ചെയ്യുന്നു; അവസാനത്തേത് അവിടെ എത്തിക്കഴിഞ്ഞു.
*
എന്റെ വാക്കുകൾ ഒന്നുകൂടി വ്യക്തമാക്കാനല്ലെങ്കിൽ അന്യരുടെ വാക്കുകൾ ഞാൻ കടമെടുക്കാറില്ല.
*
ഞാൻ അയാളെ എന്തിനു സ്നേഹിച്ചു എന്നാണു നിങ്ങൾ ചോദിക്കുന്നതെങ്കിൽ അയാൾ അയാളായിരുന്നു, ഞാൻ ഞാനും എന്നതാണതിനു മറുപടി.
*
അത്രയുമുറച്ചൊന്നിൽ നാം വിശ്വസിക്കുന്നെങ്കിൽ നമുക്കൊട്ടുമറിയാത്തതൊന്നിലായിരിക്കുമത്.
*
ഞാൻ എന്റെ പൂച്ചയെ കളിപ്പിക്കുമ്പോൾ എനിക്കവളെന്നതിനെക്കാൾ ഞാനവൾക്കാണു നേരമ്പോക്കിനു കാരണമാകുന്നതെന്നു വന്നുകൂടേ?
*
ചക്രവർത്തിയായാലും ചെരുപ്പുകുത്തിയായാലും ആത്മാക്കൾ ഒരേ മൂശയിൽ വാർത്തതു തന്നെ. നാം അയൽക്കാരനു നേർക്കു കത്തിയെടുക്കുന്ന പോലെയേയുള്ളു, രാജാക്കന്മാർ യുദ്ധത്തിനിറങ്ങുന്നതും.
*
മനുഷ്യന്റെ ബുദ്ധിക്കു കുഴപ്പമില്ലെന്നാരു പറഞ്ഞു: അവനിതേവരെ ഒരു ചെള്ളിനെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല; എന്നിട്ടെത്ര ദൈവങ്ങളെയാണ് അവൻ ഉണ്ടാക്കിവച്ചിരിക്കുന്നത്!
*
സ്വന്തം സല്പേരിനെ അതിജീവിച്ച എത്ര ധീരന്മാരെ നമുക്കറിയാം?
*
വൈദ്യന്മാർക്ക് ഒരാനുകൂല്യമുണ്ട്: അവരുടെ വിജയങ്ങൾ പകൽവെളിച്ചത്തിൽ ഇറങ്ങിനടക്കും; അവരുടെ പരാജയങ്ങളെ മണ്ണു മറച്ചുവയ്ക്കുകയും ചെയ്യും.
*
ഒന്നിനെക്കുറിച്ചു ചിന്തിക്കാൻ ധൈര്യപ്പെട്ടുവെങ്കിൽ അതിനെക്കുറിച്ചു പറയാനും ധൈര്യപ്പെടൂ.
*
കൂടും കിളിയും പോലെതന്നെ കല്യാണക്കാര്യവും: അകത്തുള്ളതിന് പുറത്തു പോകാനുള്ള വെപ്രാളം; പുറത്തുള്ളതിന് അകത്തു കടക്കാനുള്ള തിടുക്കവും.
*
വസ്തുക്കളെ വ്യാഖാനിക്കുക എന്നതിനെക്കാൾ വ്യാഖ്യാനങ്ങളെ വ്യാഖ്യാനിക്കുക എന്ന പണിയാണ് ഇന്നു കൂടുതൽ നടക്കുന്നത്; മറ്റേതു വിഷയത്തിലുമധികമാണ്, പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ: അന്യോന്യം ഭാഷ്യമെഴുതുകയല്ലാതെ നാമൊന്നും ചെയ്യുന്നില്ല.
*
ഏതു പൊയ്ക്കാലിൽ കയറി നടന്നാലും ഒടുവിൽ നമുക്കു സ്വന്തം കാലിൽ ഇറങ്ങിനടക്കേണ്ടിവരും. ലോകത്തേറ്റവും ഉയരം കൂടിയ സിംഹാസനമായാലും, സ്വന്തം ആസനം വച്ചല്ലേ അതിലിരിക്കാൻ പറ്റൂ.
*
പ്രകൃതിക്ക് ഒരവസരം കൊടുത്തുനോക്കൂ: തന്റെ സംഗതികൾ നമ്മെക്കാൾ നന്നായി അറിയുക അവൾക്കല്ലേ.
*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ