(എഛ്. പി. ലവ്ക്രാഫ്റ്റിന്റെ ഓർമ്മയ്ക്ക്)*
ഓസ്റ്റിനിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിൽ എന്റെ അവസാനത്തെ പരീക്ഷയെഴുതാൻ തയാറെടുക്കുന്ന അവസരത്തിലാണ് അമ്മാവനായ എഡ്വിൻ ആർണെറ്റ് തെക്കേ അമേരിക്കയുടെ വിദൂരമായ ഒരു കോണിൽ വച്ച് ധമനിവീക്കം വന്നു മരണമടഞ്ഞ വിവരം ഞാൻ അറിയുന്നത്. ആരെങ്കിലും മരിച്ചുവെന്നറിയുമ്പോൾ നമുക്കെല്ലാം തോന്നുന്ന ആ പശ്ചാത്താപം എനിക്കപ്പോൾ തോന്നി- അല്പം കൂടി ദയവു കാണിക്കാതിരുന്നതിന്റെ പേരിൽ, ഇനി പറഞ്ഞിട്ടു കാര്യമില്ലാത്ത ഒരു പശ്ചാത്താപം. നാമൊക്കെത്തന്നെ മരിച്ചവരുമായി കാര്യങ്ങൾ പറഞ്ഞിരിക്കുന്ന മരിച്ചവർ തന്നെയാണെന്ന വാസ്തവം നാം മറക്കുന്നു. എന്റെ പഠനവിഷയം തത്ത്വശാസ്ത്രമായിരുന്നു. ബ്യൂണേഴ്സ് അയേഴ്സിന്റെ പ്രാന്തപ്രദേശത്തുള്ള ലോമാസിനു സമീപം കാസ കോളൊറാഡ എന്ന വീട്ടിൽ വച്ച് എന്റെ അമ്മാവനാണ് എനിക്കാദ്യമായി തത്ത്വശാസ്ത്രത്തിലെ മനോഹരമായ പ്രഹേളികകൾ വെളിവാക്കിത്തരുന്നതെന്ന കാര്യം ഞാൻ ഓർത്തു. ഇതിനാകട്ടെ, ഒരൊറ്റ സംജ്ഞാനാമത്തിന്റെ സഹായം പോലും അദ്ദേഹത്തിനു വേണ്ടിവന്നതുമില്ല. ബർക്ക്‌ലിയുടെ* ആശയവാദം എനിക്കു പരിചയപ്പെടുത്തിത്തരാൻ അത്താഴമേശയിലെ ഒരോറഞ്ചായിരുന്നു അദ്ദേഹത്തിന്റെ ഉപാധി; എലിയാറ്റിക്കുകളുടെ* വിരോധാഭാസങ്ങൾ വിശദീകരിക്കാൻ ഒരു ചെസ്സ് ബോർഡ് ധാരാളമായിരുന്നു. വർഷങ്ങൾക്കു ശേഷം അദ്ദേഹമെനിക്ക് സ്ഥലരാശിയ്ക്ക് നാലാമതൊരു മാനമുണ്ടെന്നു തെളിയിക്കാൻ ശ്രമിക്കുന്ന ഹിന്റന്റെ* പ്രബന്ധങ്ങൾ വായിക്കാൻ തന്നു; പല നിറങ്ങളിലുള്ള ചതുരക്കട്ടകൾ ഉപയോഗിച്ചു നടത്തുന്ന സങ്കീർണ്ണമായ അഭ്യാസങ്ങളിലൂടെ വായനക്കാരൻ ആ നാലാം മാനത്തെ മനസ്സിൽ കാണണമെന്നാണ് ഗ്രന്ഥകാരൻ ഉദ്ദേശിച്ചിരുന്നത്. അമ്മാവന്റെ വായനമുറിയുടെ തറയിൽ ഞങ്ങൾ കെട്ടിപ്പൊക്കിയ പിരമിഡുകളും പ്രിസങ്ങളും ഒരിക്കലും ഞാൻ മറക്കാൻ പോകുന്നില്ല.
അമ്മാവൻ എഞ്ചിനീയറായിരുന്നു. റയിൽവേയിലെ ജോലിയിൽ നിന്നു പിരിയുന്നതിനു മുമ്പ് ട്യൂർഡെറായിൽ ഒരു വീടു വച്ച് താമസം മാറ്റാൻ അദ്ദേഹം തീരുമാനിച്ചു; അവിടെയാവുമ്പോൾ ഒരൊഴിഞ്ഞ നാട്ടുമ്പുറത്തിന്റെ ഏകാന്തതയും കിട്ടും, ബ്യൂണേഴ്സ് അയേഴ്സ് അത്ര അകലെയുമല്ല. സ്വാഭാവികമായും വീടിന്റെ ആർക്കിടെക്റ്റ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ അലക്സാണ്ടർ മ്യൂർ ആയിരുന്നു. ജോൺ നോക്സിന്റെ* അയവില്ലാത്ത സിദ്ധാന്തങ്ങളുടെ അനുയായി ആയിരുന്നു അയവില്ലാത്ത ഈ മനുഷ്യൻ. എന്റെ അമ്മാവൻ അക്കാലത്തെ മിക്ക മാന്യന്മാരെയും പോലെ സ്വതന്ത്രചിന്തകനായിരുന്നു; ഒന്നുകൂടി കൃത്യമാക്കി പറഞ്ഞാൽ ഒരു അജ്ഞേയതാവാദി. എങ്കില്ക്കൂടി അദ്ദേഹത്തിന് ദൈവശാസ്ത്രത്തിലും താല്പര്യമുണ്ടായിരുന്നു; ഹിന്റന്റെ അയഥാർത്ഥമായ ചതുരക്കട്ടകളിലും യുവാവായ എഛ്. ജി. വെൽസിന്റെ രചനാസൗഷ്ഠവമാർന്ന ദുഃസ്വപ്നങ്ങളിലും കാണിച്ച അതേ താല്പര്യം. അദ്ദേഹത്തിനു നായ്ക്കളെ ഇഷ്ടമായിരുന്നു; താൻ ജനിച്ച ലിച്ഫീൽഡ് എന്ന വിദൂരനഗരത്തിന്റെ ഓർമ്മയ്ക്കായി സാമുവെൽ ജോൺസൺ എന്നു പേരിട്ട ഒരു നായയും അദ്ദേഹത്തിനുണ്ടായിരുന്നു.
പടിഞ്ഞാറു വശം ചതുപ്പുപാടങ്ങൾ അതിരിട്ട ഒരു കുന്നുമ്പുറത്താണ് കാസ കോളൊറാഡ* നില്ക്കുന്നത്. വേലിക്കെട്ടിനു പുറത്തെ അറൗക്കേറിയ മരങ്ങൾ ഉള്ളിലെ മ്ളാനമായ അന്തരീക്ഷത്തെ മയപ്പെടുത്താൻ മതിയായില്ല. ഉഷ്ണിക്കുന്ന രാത്രികളിൽ കാറ്റു കൊണ്ടു കിടക്കാവുന്ന പരന്ന മേല്ക്കൂരയ്ക്കു പകരം സ്ലേറ്റുകല്ലു മേഞ്ഞ ചരിഞ്ഞ മേല്ക്കൂരയും ചതുരത്തിൽ ഒരു മണിമേടയുമാണ് വീടിനുണ്ടായിരുന്നത്. ഇവയെല്ലാം കൂടി ചുമരുകൾക്കും ശോഷിച്ച ജനാലകൾക്കും മേൽ കനം തൂങ്ങുന്നതു പോലെ തോന്നിയിരുന്നു. ഈ വൈരൂപ്യമൊക്കെ കുട്ടിയായിരിക്കുന്ന കാലത്ത് ഞാൻ സഹിച്ചുപോന്നു, ഒരുമിച്ചു കഴിയുന്നു എന്നൊരു കാരണം കൊണ്ടു മാത്രം “ലോകം” എന്നു നാം പേരിട്ടു വിളിക്കുന്ന അന്യോന്യപ്പൊരുത്തമില്ലാത്ത ആ വസ്തുക്കളെ നാം സഹിക്കുന്ന പോലെ.
1921ൽ ഞാൻ നാട്ടിലേക്കു പോന്നു. നിയമത്തിന്റെ നൂലാമാലകൾ ഒഴിവാക്കുന്നതിനായി വീട് ലേലം ചെയ്തു വിറ്റിരുന്നു. മാക്സ് പ്രിറ്റോറിയസ് എന്നു പേരായ ഒരു അന്യനാട്ടുകാരനാണ് അതു വാങ്ങിയത്; അതും തനിയ്ക്കു മുമ്പു ലേലം വിളിച്ചയാൾ പറഞ്ഞ തുകയുടെ ഇരട്ടി കൊടുത്ത്. കരാർ എഴുതേണ്ട താമസം, ഒരു വൈകുന്നേരത്ത് അയാൾ രണ്ടു ജോലിക്കാരുമായി എത്തി വീട്ടിലെ സകല പുസ്തകങ്ങളും ഫർണ്ണീച്ചറുകളും മറ്റു സാധനങ്ങളുമെടുത്ത് ഡ്രോവർ റോഡിനടുത്തുള്ള കുപ്പക്കുണ്ടിൽ കൊണ്ടുചെന്നു തള്ളി. (ഹിന്റൺ പുസ്തകങ്ങളിലെ രേഖാചിത്രങ്ങളും വലിയൊരു ഗ്ളോബും ഞാൻ വിഷാദത്തോടെ ഓർക്കുന്നു.) അടുത്ത ദിവസം അയാൾ മ്യൂറിനെ ചെന്നു കണ്ട് വീടിന്റെ പ്ളാനിൽ ചില ഭേദഗതികൾ നിർദ്ദേശിച്ചു; തനിക്കതു പറ്റില്ലെന്നു പറഞ്ഞ് അദ്ദേഹം അവജ്ഞയോടെ അതു തള്ളിക്കളയുകയാണുണ്ടായത്. ഒടുവിൽ ബ്യൂണേഴ്സ് അയേഴ്സിലെ ഒരു സ്ഥാപനം പണി നടത്താമെന്നേറ്റു. സ്ഥലത്തെ ആശാരിമാർ പണിയ്ക്കു കൂടിയില്ല; പിന്നെ ഗ്ളൂ സ്വദേശിയായ ഒരു മരിയാനി ആണ് പ്രിറ്റോറിയസ് പറഞ്ഞ വ്യവസ്ഥകൾക്കനുസരിച്ച് തടിപ്പണികൾ ചെയ്തുകൊടുത്തത്. ഒരു രണ്ടാഴ്ചക്കാലം അയാൾക്ക് രാത്രിയിൽ അടച്ചിട്ട വാതിലിനു പിന്നിലിരുന്ന് പണിയെടുക്കേണ്ടി വന്നു. കാസ കോളൊറാഡയുടെ പുതിയ ഉടമസ്ഥൻ താമസത്തിനു കയറിയതും ഒരു രാത്രിയിലായിരുന്നു. അതിൽ പിന്നെ ജനാലകൾ തുറന്നിട്ടില്ല; എന്നാൽ ഇരുട്ടത്തവിടവിടെയായി വെളിച്ചത്തിന്റെ ചീളുകൾ കാണാമായിരുന്നു. ഒരു ദിവസം കാലത്ത് പാല്ക്കാരൻ ചെല്ലുമ്പോൾ വളർത്തുനായയുടെ തലയില്ലാത്ത ജഡം നടവഴിയിൽ കിടക്കുന്നതു കണ്ടു; അതിന്റെ ദേഹം കൊത്തിമുറിച്ചു നാനാവിധമാക്കിയിരുന്നു. ആ മഞ്ഞുകാലത്ത് അറൗക്കേറിയ മരങ്ങളും വെട്ടിവീഴ്ത്തി. പ്രിറ്റോറിയസിനെ പിന്നെയാരും കണ്ടിട്ടേയില്ല; അയാൾ സ്ഥലം വിട്ടു പോയതായിരിക്കുമെന്ന് എല്ലാവരും കരുതി.
ഈ വാർത്തകൾ, നിങ്ങൾക്കൂഹിക്കാവുന്നതു പോലെ, എന്നെ അസ്വസ്ഥനാക്കി. എന്റെ സ്വഭാവത്തിലെ ഏറ്റവും പ്രകടമായ ലക്ഷണം ജിജ്ഞാസയാണെന്ന് എനിക്കറിയാം; എന്റെ സ്വഭാവവുമായി ഒട്ടും ചേരാത്ത ഒരു സ്ത്രീയെ (അവൾ ആരാണെന്നും എന്താണെന്നും കണ്ടുപിടിക്കാൻ മാത്രമായി)വിവാഹം ചെയ്യുന്നതിലേക്കെന്നെ നയിച്ച, കറുപ്പുസത്തുപയോഗിച്ചു നോക്കാൻ (അതിൽ വിശേഷിച്ചൊന്നും ഞാൻ കണ്ടതുമില്ല) എന്നെ പ്രേരിപ്പിച്ച, അനന്തസംഖ്യകളുടെ ലോകത്തേക്കെന്നെ തിരിച്ചു വിട്ട, ഞാൻ ഇനി വിവരിക്കാൻ പോകുന്ന ഭയാനകമായ സാഹസമേറ്റെടുക്കാൻ എന്നെ തള്ളിവിട്ട അതേ ജിജ്ഞാസ. സ്വാഭാവികമായും ഇക്കാര്യത്തിൽ ഒരന്വേഷണം നടത്താൻ ഞാൻ തീരുമാനമെടുത്തു.
അലക്സാൻഡർ മ്യൂറിനെ പോയിക്കാണുക എന്നതായിരുന്നു എന്റെ ആദ്യത്തെ നടപടി. ഇരുണ്ട നിറവും മെലിഞ്ഞതെങ്കിലും ബലം തോന്നിക്കുന്ന നെടിയ രൂപവും: അതായിരുന്നു അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ ഓർമ്മ. ഇപ്പോൾ വർഷങ്ങളുടെ ഭാരത്താൽ അദ്ദേഹം കൂനിപ്പോയിരിക്കുന്നു; താടിയാകെ വെളുത്തുനരച്ചു. അദ്ദേഹം എന്നെ തന്റെ ടെമ്പെർലീ എന്ന വീട്ടിനുള്ളിലേക്കു ക്ഷണിച്ചു. വീട് സ്വാഭാവികമായും എന്റെ അമ്മാവന്റെ വീടു പോലെ തന്നെയിരുന്നു; കാരണം രണ്ടും നല്ല കവിയും അത്ര മോശം ശില്പിയുമായ വില്ല്യം മോറിസ്സിന്റെ* കർക്കശപ്രമാണങ്ങൾക്കനുസരിച്ചു പണിതവയായിരുന്നല്ലോ.
ഞങ്ങൾ കാര്യമായൊന്നും സംസാരിച്ചില്ല; സ്കോട്ട്ലന്റിന്റെ ദേശീയചിഹ്നം മുൾച്ചെടിയായതു വെറുതെയല്ല. എന്നാലും കടുപ്പം കൂടിയ സിലോൺ ചായയും ഒരു തളിക നിറയെ ബിസ്ക്കറ്റും ( ഞാൻ ഇപ്പോഴും കുട്ടിയാണെന്ന പോലെ അദ്ദേഹം അതു പൊട്ടിച്ച് വെണ്ണ പുരട്ടിത്തന്നു) മിതവ്യയശീലനായ ഒരു കാൽവിനിസ്റ്റ് തന്റെ സ്നേഹിതന്റെ മകനു നല്കുന്ന ഒരു വിരുന്നു തന്നെയാണെന്ന് എനിക്കു തോന്നി. എന്റെ അമ്മാവനുമായി അദ്ദേഹം നടത്തിയിരുന്ന ദൈവശാസ്ത്രചർച്ചകൾ ഓരോ കളിക്കാരനും പ്രതിയോഗിയുടെ സഹകരണം ആവശ്യമായി വരുന്ന സുദീർഘമായ ചെസ്സുകളികൾ ആയിരുന്നു.
സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു; ഞാൻ ചെന്ന കാര്യത്തിനടുത്തെങ്ങും എത്തിയിട്ടുമില്ല. അസുഖകരമായ ഒരു നിശ്ശബ്ദത മ്യൂർ തന്നെ ഭഞ്ജിച്ചു.
“മോനേ,” അദ്ദേഹം പറഞ്ഞു, “നീ ഇത്രയും ദൂരം യാത്ര ചെയ്തിവിടെയെത്തിയത് എഡ്വിനെക്കുറിച്ചോ എനിക്കൊട്ടും താല്പര്യമില്ലാത്ത അമേരിക്കയെക്കുറിച്ചോ സംസാരിക്കാനല്ലെന്ന് എനിക്കറിയാം. കാസ കോളൊറാഡയുടെ വില്പനയും അതു വാങ്ങിയ ആ വിചിത്രവ്യക്തിയുമാണ് നിന്റെ ഉറക്കം കെടുത്തുന്നത്. അതെന്റെയും ഉറക്കം കെടുത്തുന്നുണ്ടെന്നു കൂട്ടിക്കോ. തുറന്നു പറഞ്ഞാൽ എന്റെ മനസ്സിനു പിടിക്കാത്ത ഒരു സംഗതിയാണത്; എന്തായാലും എനിക്കറിയാവുന്നതു ഞാൻ പറയാം. അതധികമൊന്നുമില്ല.”
ഒരു നിമിഷത്തിനു ശേഷം, തിടുക്കമൊന്നുമില്ലാതെ, അദ്ദേഹം തുടർന്നു.
“എഡ്വിൻ മരിക്കുന്നതിനു മുമ്പ് മേയർ എന്നെ ഓഫീസിലേക്കു വിളിപ്പിച്ചിരുന്നു. ഇടവകവികാരിയും അവിടെയുണ്ടായിരുന്നു. ഒരു കത്തോലിക്കാപ്പള്ളിയുടെ പ്ളാൻ വരച്ചു കൊടുക്കാനാണ് അവർ എന്നെ വിളിപ്പിച്ചത്. പ്രതിഫലം എത്ര വേണമെങ്കിലും തരാമെന്നും പറഞ്ഞു. എന്റെ മറുപടി അപ്പോൾത്തന്നെ ഞാൻ കൊടുത്തു. എനിക്കു പറ്റില്ല, ഞാൻ പറഞ്ഞു, വിഗ്രഹങ്ങൾക്കു ബലിപീഠം പണിയുന്ന ദൈവവിരോധം ചെയ്യാൻ എന്നെ കിട്ടില്ല.“ അദ്ദേഹം പറഞ്ഞുനിർത്തി.
”ഇത്രേയുള്ളു?“ ഞാൻ ഒരു ധൈര്യത്തിനു ചോദിച്ചു.
”അല്ല. ആ ജൂതപ്പന്നി പ്രിട്ടോറിയസ്സിന് ഞാൻ പണിത വീട് പൊളിച്ചിട്ട് അതേ സ്ഥാനത്ത് ഒരു ബീഭത്സവസ്തു ഉണ്ടാക്കണമത്രെ. ദൈവനിന്ദയ്ക്ക് എന്തൊക്കെ രൂപങ്ങളാവാം!“ വല്ലാത്ത ഗൗരവത്തോടെ ഇത്രയും പറഞ്ഞിട്ട് അദ്ദേഹം എഴുന്നേറ്റു.
ഞാൻ അവിടെ നിന്നിറങ്ങി വളവു തിരിയുമ്പോൾ ഡാനിയൽ ഇബേറ അടുത്തു കൂടി. നാട്ടുമ്പുറങ്ങളിൽ ആൾക്കാർ പരസ്പരമറിയുന്ന പോലെ ഞങ്ങൾക്കു തമ്മിലറിയാമെന്നേയുള്ളു. ട്യൂർഡെറായിലേക്കു താനുമുണ്ടെന്ന് അയാൾ പറഞ്ഞു. ഈ തരം തെമ്മാടികൾക്ക് ഞാനങ്ങനെ കാതു കൊടുക്കാറില്ല: തല്ലുപിടുത്തങ്ങളെക്കുറിച്ചുള്ള നേരാവണമെന്നില്ലാത്ത കഥകളുടെ ദുഷിച്ച കുത്തൊഴുക്കേ ഇവരിൽ നിന്നൊക്കെ പ്രതീക്ഷിക്കാനുള്ളു. ഒടുവിൽ വരുന്നതു വരട്ടേയെന്നു ഞാൻ വഴങ്ങിക്കൊടുത്തു. മിക്കവാറും ഇരുട്ടായിക്കഴിഞ്ഞിരുന്നു. അല്പമകലെയായി കുന്നുമ്പുറത്ത് കാസ കോളൊറാഡോ കാഴ്ചയിൽ വന്നപ്പോൾ ഇബേറ പെട്ടെന്ന് മറ്റൊരു തെരുവിലേക്കു മാറിനടന്നു. ഞാൻ കാര്യമന്വേഷിച്ചു. അയാളുടെ മറുപടി ഞാൻ പ്രതീക്ഷിച്ചതായിരുന്നില്ല.
“ഞാൻ ഡോൺ ഫിലിപ്പേയുടെ വലംകൈയാണ്,” അയാൾ പറഞ്ഞു.
“പേടിത്തൊണ്ടനെന്ന വിളി കേൾക്കാൻ ഇതേവരെ ഞാൻ ഇട വരുത്തിയിട്ടില്ല. എന്നെ കാണാൻ മെർലോയിൽ നിന്ന് ഇത്രയും ദൂരം യാത്ര ചെയ്തു വന്ന ആ ഉർഗോയിറ്റിയ്ക്ക് എന്തു സംഭവിച്ചുവെന്ന് നിങ്ങൾക്കൊരുപക്ഷേ ഓർമ്മയുണ്ടാവണം. അതിരിക്കട്ടെ, ഇതു കേൾക്കൂ- കുറച്ചു ദിവസം മുമ്പൊരു രാത്രിയിൽ ഞാൻ ഒരു പാർട്ടി കഴിഞ്ഞു മടങ്ങുകയായിരുന്നു. ആ വീടിന് ഒരു നൂറു വാര അടുത്തെത്തിയപ്പോൾ ഞാൻ എന്തോ ഒന്നിനെ കണ്ടു. എന്റെ കുതിര പിന്നാക്കം ചാടി; അതിന്റെ പുറത്തു പിടിച്ചിരുന്ന് പതുക്കെ അതിനെ മറ്റൊരിടവഴിയിലേക്കു മാറ്റിയോടിച്ചില്ലെങ്കിൽ ഇന്നീ കഥ പറയാൻ ഞാനുണ്ടാവുമായിരുന്നില്ല. ഞാൻ കണ്ടത്...” അയാൾ തല കുലുക്കിയിട്ട് കോപത്തോടെന്തോ പ്രാകി.
അന്നു രാത്രിയിൽ എനിക്കുറക്കം വന്നില്ല. പുലർച്ചയോടടുപ്പിച്ച് ഞാനൊരു മുദ്രണം സ്വപ്നം കണ്ടു- പിരനേസിയുടെ* ശൈലിയിൽ ചെയ്ത അതുപോലൊന്ന് ഞാൻ മുമ്പു കണ്ടിട്ടുമില്ല, കണ്ടു മറന്നിട്ടുമില്ല. ഒരുതരം ലാബിരിന്തിന്റെ* ചിത്രം. സൈപ്രസ് മരങ്ങൾ അതിരിടുന്ന, കല്ലു കൊണ്ടു പടുത്ത ഒരാംഫി തിയേറ്ററായിരുന്നു അത്; അതിന്റെ ചുമരുകൾക്ക് മരത്തലപ്പുകളേക്കാൾ ഉയരവുമുണ്ടായിരുന്നു. വാതിലുകളോ ജനാലകളോ ഇല്ല; പകരം വീതി കുറഞ്ഞ്, കുത്തനേയുള്ള വിടവുകളുടെ അനന്തമായ ഒരു നിര അതിൽ തുള വീഴ്ത്തിയിരുന്നു. ഒരു ഭൂതക്കണ്ണാടി ഉപയോഗിച്ച് ഞാൻ അതിനുള്ളിലെ മിനോട്ടാറിനെ തിരയുകയായിരുന്നു. ഒടുവിൽ ഞാനതിനെ കണ്ടു. അതൊരു ബീഭത്സസത്വമായിരുന്നു; കാളയെക്കാളേറെ പോത്തിനെയാണ് അതോർമ്മിപ്പിച്ചത്; അതിന്റെ മനുഷ്യശരീരം നിലത്തു കിടക്കുകയായിരുന്നു. അതു സ്വപ്നം കണ്ടുറക്കമാണെന്നു തോന്നി- എന്തിനെയാണ്, ആരെയാണതു സ്വപ്നം കാണുന്നത്?
അന്നു വൈകിട്ട് ഞാൻ കാസ കോളൊറാഡയ്ക്കടുത്തു കൂടി കടന്നുപോയി. ഗെയ്റ്റ് അടച്ചിരിക്കുകയായിരുന്നു; അതിന്റെ ഇരുമ്പഴികൾ ചിലത് വളച്ചൊടിച്ച നിലയിൽ കണ്ടു. ഒരു കാലത്തെ പൂന്തോട്ടത്തിൽ കള കേറി വളർന്നിരിക്കുന്നു. വലതു ഭാഗത്തായി ആഴം കുറഞ്ഞ ഒരു കുളമുണ്ടായിരുന്നതിന്റെ വക്കുകൾ ചവിട്ടിക്കുഴച്ചിട്ടിരിക്കുന്നു.
ഒരു ചീട്ടേ ബാക്കിയുണ്ടായിരുന്നുള്ളു; പക്ഷേ അതു പുറത്തെടുക്കാതെ ഞാൻ ദിവസങ്ങൾ തള്ളിത്തള്ളി നീക്കി- അതുകൊണ്ട് ഒരു ഫലവും ഉണ്ടാകാൻ പോകുന്നില്ല എന്നറിയാമായിരുന്നു എന്നതുകൊണ്ടു മാത്രമല്ല, അനിവാര്യമായതിലേക്ക്, ആത്യന്തികമായതിലേക്ക് അതെന്നെ വലിച്ചിഴയ്ക്കും എന്നറിയുന്നതുകൊണ്ടു കൂടിയായിരുന്നു.
ഒടുവിൽ, വലിയ പ്രതീക്ഷയൊന്നും കൂടാതെ, ഞാൻ ഗ്ളൂവിലേക്കു പോയി. മരപ്പണിക്കാരൻ മരിയാനി തടിച്ചു തുടുത്ത ഒരിറ്റലിക്കാരനായിരുന്നു- തുറന്നു പെരുമാറുന്ന, നാട്യങ്ങളൊന്നുമില്ലാത്ത സാധാരണ മനുഷ്യൻ. ഇപ്പോൾ പ്രായമായിരിക്കുന്നു. അയാളെ കണ്ട നിമിഷം തന്നെ തലേ രാത്രിയിൽ മെനഞ്ഞെടുത്ത തന്ത്രങ്ങൾ ഞാൻ ഉപേക്ഷിച്ചുകളഞ്ഞു. ഞാൻ അയാൾക്ക് എന്റെ വിസിറ്റിംഗ് കാർഡ് കൊടുത്തു. ഒരുതരം ഭവ്യതയോടെയാണ് അയാളതു വായിച്ചത്; പി. എഛ്ഡി എന്ന ഭാഗമെത്തിയപ്പോൾ ശബ്ദത്തിൽ ബഹുമാനസൂചകമായ ഒരു പതറലും വന്നുകണ്ടു. ട്യൂർഡെറായിലെ എന്റെ അമ്മാവന്റെ വീട്ടിലേക്കു പണിതു കൊടുത്ത ഉരുപ്പടികളെക്കുറിച്ചറിയാൻ ആഗ്രഹമുണ്ടെന്നു ഞാൻ പറഞ്ഞു. അയാൾ ഒരുപാടൊക്കെ പറഞ്ഞു. അയാളുടെ വാക്കുകളുടെയും ചേഷ്ടകളുടെയും കുത്തൊഴുക്ക് അതേപോലെ ഇവിടെ പകർത്തിവയ്ക്കാൻ ഞാൻ തുനിയുന്നില്ല. അയാൾ പറഞ്ഞതിതാണ്: ഇടപാടുകാരന്റെ ആവശ്യം, അതിനി എത്ര വിചിത്രമായിക്കോട്ടെ, നടത്തിക്കൊടുക്കുക എന്നതാണ് തന്റെ പ്രമാണം; താനതിൽ കുറവു വരുത്തിയിട്ടുമില്ല. അയാൾ മേശവലിപ്പുകൾ പരതിയിട്ട് ചില കടലാസ്സുകളെടുത്ത് എന്നെ കാണിച്ചു; എനിക്കവ കണ്ടിട്ട് തലയും വാലും പിടി കിട്ടിയില്ല; അതിലൊക്കെ പിടി തരാത്ത ആ പ്രിട്ടോറിയസ്സിന്റെ ഒപ്പുമുണ്ടായിരുന്നു. (ഞാനേതോ വക്കീലാണെന്ന് മരിയാനി വിചാരിച്ചിട്ടുണ്ടാവണം.) യാത്ര പറഞ്ഞിറങ്ങുമ്പോൾ അയാൾ എന്റെ ചെവിയിൽ പറഞ്ഞു, നിധി കൊടുക്കാമെന്നു പറഞ്ഞാല്ക്കൂടി താനിനി ആ വീടു പോകട്ടെ, ട്യൂർഡെറായിൽത്തന്നെ കാലെടുത്തു കുത്തില്ലെന്ന്. ഒരിടപാടുകാരനേയും ഇകഴ്ത്തിക്കാണരുതെങ്കിലും തന്റെ എളിയ അഭിപ്രായത്തിൽ ഈ പ്രിറ്റോറിയസ്സ് ഒരല്പം വട്ടനാണെന്നും അയാൾ കൂട്ടിച്ചേർത്തു. എന്നിട്ട് അത്രയും പറഞ്ഞതു തന്നെ കൂടിപ്പോയെന്ന മട്ടിൽ അയാളുടെ വായടഞ്ഞു. പിന്നൊരു വാക്ക് അയാളിൽ നിന്നെനിക്കു വീണുകിട്ടിയില്ല.
ഈ പരാജയം ഞാൻ മുൻകൂട്ടിക്കണ്ടതു തന്നെയായിരുന്നു; എന്നാൽ ഒരു കാര്യം മുൻകൂട്ടിക്കാണുക എന്നതും അതു കണ്മുന്നിൽ നടന്നുകാണുക എന്നതും രണ്ടും രണ്ടാണല്ലോ.
എത്ര തവണ ഞാൻ സ്വയം ശാസിച്ചതാണ്, ഈ പ്രഹേളികയുടെ പൊരുളു കണ്ടുപിടിക്കാൻ ഞാൻ തുനിഞ്ഞിറങ്ങേണ്ട കാര്യമില്ലെന്ന്. യഥാർത്ഥത്തിലുള്ള പ്രഹേളിക ഒന്നേയുള്ളു- അതു കാലമാണ്: അന്നും ഇന്നും എന്നും ഇന്നലെയും നാളെയുമെല്ലാം കൂടി നെയ്തെടുക്കുന്ന അനന്തജാലം. ഈ ഗഹനചിന്തനങ്ങൾ കൊണ്ടൊന്നും പക്ഷേ ഫലമില്ലാതെയാണു വന്നത്. വൈകുന്നേരം മുഴുവൻ ഷോപ്പൻഹോവറിന്റെയോ* റോയ്സിന്റെയോ* പുസ്തകങ്ങളിൽ ആണ്ടുമുഴുകുന്ന ഞാൻ രാത്രിയാകുന്നതോടെ കാസ കോളൊറാഡയെ ചുറ്റിക്കിടക്കുന്ന ചെളിപ്പാതകളിലൂടെ നടക്കാനിറങ്ങുകയായി. ചിലപ്പോൾ കുന്നുമ്പുറത്ത് നല്ല വെളുത്ത വെളിച്ചം പോലെന്തോ കണ്ടെന്നു തോന്നും; മറ്റു ചിലപ്പോൾ ഞരക്കം പോലെന്തോ കേട്ട പോലെയും. ജനുവരി പത്തൊമ്പതു വരെ ഇതിങ്ങനെ പോയി.
വേനൽ തന്നെ പീഡിപ്പിക്കുകയും അവഹേളിക്കുകയും മാത്രമല്ല, അപകൃഷ്ടനാക്കുകയും ചെയ്യുന്നു എന്നൊരാൾക്കു തോന്നുന്ന ചില ദിവസങ്ങളുണ്ട് ബ്യൂണേഴ്സ് അയേഴ്സിൽ. അന്ന് അങ്ങനെയൊരു ദിവസമായിരുന്നു. രാത്രി പതിനൊന്നു മണിയോടടുപ്പിച്ച് കൊടുങ്കാറ്റു വീശിത്തുടങ്ങി. തെക്കൻ കാറ്റിനു പിന്നാലെ മഴ കോരിച്ചൊരിഞ്ഞു. കയറി നില്ക്കാൻ ഒരു മരച്ചുവടു തേടി ഇരുട്ടത്തു ഞാൻ പരക്കം പാഞ്ഞു. പെട്ടെന്നു വീശിയ മിന്നലിന്റെ രൂക്ഷമായ വെളിച്ചത്തിൽ വേലിയിൽ നിന്നു ചുവടുകൾ മാത്രം അകലെയാണു ഞാനെന്ന് എനിക്കു മനസ്സിലായി. പേടി കൊണ്ടോ പ്രതീക്ഷ കൊണ്ടോ എന്നറിയില്ല, ഗെയ്റ്റ് തള്ളിത്തുറക്കാനാണ് എനിക്കപ്പോൾ തോന്നിയത്. ഞാൻ കരുതിയതിനു വിപരീതമായി ഗെയ്റ്റ് തുറക്കുകയും ചെയ്തു. കാറ്റിന്റെ തള്ളിച്ചയിൽ ഞാൻ ഉള്ളിലേക്കു കയറി; ഭൂമിയും ആകാശവും എന്നെ തള്ളിവിടുകയായിരുന്നു. വീടിന്റെ മുൻവാതിലും തുറന്നുകിടക്കുകയായിരുന്നു. പെട്ടെന്നൊരു മഴ സീല്ക്കാരത്തോടെ എന്റെ മുഖത്തടിച്ചു; ഞാൻ അകത്തേക്കു കടന്നു.
ഉള്ളിൽ തറയോടുകളെല്ലാം ഇളക്കിമാറ്റിയിരുന്നു; കാലു വച്ചത് മെടഞ്ഞു വളർന്ന പുല്ലിലായിരുന്നു. മനം പുരട്ടലുണ്ടാക്കുന്ന, ഒരു തരം മധുരിക്കുന്ന ഗന്ധം വീടു നിറഞ്ഞുനിന്നു. ഇടത്തോ വലത്തോ എന്നു നല്ല തീർച്ചയില്ല, ഒരു ചരിവുപടിയിൽ എന്റെ കാലു തടഞ്ഞു. ഞാൻ അതിലുടെ തപ്പിപ്പിടിച്ചു മുകളിലേക്കു കയറി. ഞാനറിയാതെ തന്നെ എന്നു പറയാം, എന്റെ കൈ ലൈറ്റിന്റെ സ്വിച്ചിലേക്കു നീണ്ടു.
എന്റെ ഓർമ്മയിലെ ഭക്ഷണമുറിയും വായനമുറിയും ഇടച്ചുമരിടിച്ചുകളഞ്ഞിട്ട് വലിയ ഒറ്റ മുറിയാക്കിയിരിക്കുന്നു; അവിടവിടെയായി മേശയോ കസേരയോ പോലെ ചിലത് ചിതറിക്കിടന്നിരുന്നു. അവ എങ്ങനെയുള്ളതായിരുന്നുവെന്നു വിവരിക്കാൻ ഞാൻ മുതിരുന്നില്ല; കാരണം, നിർദ്ദയമായ വെളുത്ത വെളിച്ചമുണ്ടായിരുന്നിട്ടു കൂടി അവയെ ശരിക്കും കണ്ടതായി എനിക്കു നല്ല തീർച്ചയില്ല. ഞാൻ വിശദീകരിക്കാം: ഒരു വസ്തുവിനെ യഥാർത്ഥമായി നാം കാണണമെങ്കിൽ നമുക്കതു മനസ്സിലായിരിക്കണം. ഉദാഹരണത്തിന്, മനുഷ്യശരീരവും അതിന്റെ സന്ധികളും കൈകാലുകളും മനസ്സിലുണ്ടെങ്കിലേ ചാരുകസേര നമുക്കു മനസ്സിലാവുന്നുള്ളു; മുറിയ്ക്കുക എന്ന പ്രക്രിയ മനസ്സിൽ ഉള്ളതു കൊണ്ടാണ് കത്രിക നമുക്ക് അർത്ഥവത്താകുന്നത്. ഒരു വിളക്കിനെയോ കാറിനെയോ എങ്ങനെയാണു നാം കാണുന്നത്? ഒരു കാട്ടുവർഗ്ഗക്കാരന് സുവിശേഷവേലക്കാരന്റെ കൈയിലെ ബൈബിൾ പിടി കിട്ടുകയില്ല; കപ്പലിന്റെ കപ്പിയും പായയും കയറും കപ്പൽ ജോലിക്കാരൻ കാണുന്നതു പോലെയാവില്ല, യാത്രക്കാരൻ കാണുന്നത്. പ്രപഞ്ചത്തെ നാം ശരിക്കും കണ്ടാൽ നമുക്കതു മനസ്സിലായെന്നും വരാം.
അന്നു രാത്രിയിൽ ഞാൻ കണ്ട ഗ്രഹണാതീതമായ രൂപങ്ങളിൽ ഒന്നു പോലും മനുഷ്യാകൃതിയോടോ എന്തെങ്കിലും ഒരുപയോഗത്തോടോ ഘടിപ്പിക്കാവുന്നതായിരുന്നില്ല. എന്തെന്നില്ലാത്ത അറപ്പും ഭീതിയുമാണ് എനിക്കു തോന്നിയത്. ഒരു മൂലയ്ക്ക് മുകളിലത്തെ നിലയിലേക്കു ചാരി വച്ചിരിക്കുന്ന ഒരു കോണി കണ്ടു. വീതിയിലുള്ള ഇരുമ്പുപടികൾ പത്തിനടുത്തേയുള്ളു; അവ പിടിപ്പിച്ചിരിക്കുന്നത് പ്രത്യേകിച്ചൊരു ക്രമത്തിലുമല്ല. ആ കോണി, അതു കൈയും കാലും സൂചിപ്പിക്കുന്നതിനാൽ, എന്റെ അസ്വസ്ഥത തെല്ലൊന്നു കുറച്ചു. ഞാൻ ലൈറ്റ് കെടുത്തിയിട്ട് അല്പനേരം ഇരുട്ടത്തു കാത്തുനിന്നു. നേരിയ ശബ്ദം പോലും കേൾക്കാനുണ്ടായിരുന്നില്ല. പക്ഷേ അത്രയധികം അഗ്രാഹ്യവസ്തുക്കളുടെ സാന്നിദ്ധ്യം എന്റെ മനസ്സമാധാനം കെടുത്തുകയായിരുന്നു. ഒടുവിൽ ഞാൻ ഒരു തീരുമാനമെടുത്തു.
മുകളിലത്തെ നിലയിലെത്തിയപ്പോൾ പേടി പൂണ്ട എന്റെ കൈ വീണ്ടും സ്വിച്ചിനു പരതി. താഴത്തെ നിലയിൽ നിഴൽ വീശിയ ദുഃസ്വപ്നം മുകളിൽ ജീവൻ വച്ചു തെഴുത്തു നില്ക്കുകയായിരുന്നു. കുറേയേറെ വസ്തുക്കൾ, അല്ലെങ്കിൽ പരസ്പരം ഇണക്കിവച്ച വസ്തുക്കൾ ഞാൻ കണ്ടു. നല്ല പൊക്കത്തിൽ U ആകൃതിയിൽ ശസ്ത്രക്രിയക്കുള്ള മേശ പോലൊന്നു കണ്ടത് ഞാൻ ഓർക്കുന്നു; അതിന്റെ രണ്ടറ്റത്തും വൃത്താകൃതിയിൽ ദ്വാരങ്ങളും ഉണ്ടായിരുന്നു. അത് ആ വീട്ടിലെ താമസക്കാരന്റെ കട്ടിലായേക്കാമെന്നു ഞാനോർത്തു; ഒരു മൃഗത്തിന്റെയോ ദൈവത്തിന്റെയോ രൂപം അതു വീശുന്ന നിഴലിലൂടെ വെളിവാകുന്നതുപോലെ ഇവിടത്തെ ആ സത്വത്തിന്റെ വിലക്ഷണമായ ശരീരഘടന ഈ വസ്തുവിലൂടെ പരോക്ഷമായി തെളിയുകയാവാം. പണ്ടെന്നോ ലൂക്കന്റെ* പുസ്തകത്തിൽ വായിച്ചു മറന്ന ഒരു പദം എന്റെ ചുണ്ടിൽ വന്നു: ആംഫിസ്ബീന*. എന്റെ കണ്ണുകൾ പിന്നീടു കാണാനിരുന്നതിനെ സൂചിപ്പിക്കാനുതകുന്ന, എന്നാൽ പൂർണ്ണമായി സ്പഷ്ടമാക്കാൻ അപര്യാപ്തമായ ഒരു വാക്ക്. മുകളിലത്തെ ഇരുട്ടിൽ വിലയിക്കുന്ന V ആകൃതിയിലുള്ള ഒരു കണ്ണാടിയും ഞാൻ ഓർക്കുന്നു.
ഈ വീട്ടിൽ താമസമാക്കിയ ജീവി എങ്ങനെയുള്ളതായിരിക്കും? നമുക്കെത്ര ജുഗുപ്ത്സാവഹമാണോ, അത്രയ്ക്കു തന്നെ അതിനും ജുഗുപ്ത്സാവഹമായ ഈ ഗ്രഹത്തിൽ അതു തേടുന്നതെന്താവാം? ജ്യോതിശാസ്ത്രത്തിന്റെയോ കാലത്തിന്റെയോ ഏതജ്ഞാതമണ്ഡലത്തിൽ നിന്നാവാം, ഇന്നു ഗണനാതീതമായ ഏതു പ്രാചീനസന്ധ്യയിൽ നിന്നാവാം ഈ തെക്കേ അമേരിക്കൻ നഗരപ്രാന്തത്തിൽ, ഈ രാത്രിയിൽ അതെത്തിയത്?
സൃഷ്ടിയ്ക്കു മുമ്പുള്ള അവ്യാകൃതത്തിൽ ക്ഷണിക്കാതെ ചെന്നുകയറിയവനാണു ഞാനെന്ന് എനിക്കു തോന്നി. പുറത്ത് മഴ നിലച്ചിരുന്നു. വാച്ചു നോക്കുമ്പോൾ രണ്ടു മണി ആവാറായിരിക്കുന്നു എന്ന് അത്ഭുതത്തോടെ ഞാൻ കണ്ടു. ലൈറ്റ് കെടുത്താതെ ജാഗ്രതയോടെ ഞാൻ കോണി വഴി താഴേക്കിറങ്ങാൻ തുടങ്ങി. കയറിപ്പോയത് തിരിച്ചിറങ്ങുക അസാദ്ധ്യമായിരുന്നില്ല- ഇവിടെ വസിക്കുന്നതെന്തോ, അതു തിരിച്ചെത്തുന്നതിനു മുമ്പ്. വാതിലും ഗെയ്റ്റും താഴിട്ടു പൂട്ടാത്തത് അതിന് ആ വിദ്യ അറിവില്ലാത്തതു കൊണ്ടാണെന്ന് ഞാൻ ഊഹിച്ചു.
ഏണിയുടെ അവസാനത്തേതിനു തൊട്ടു മുമ്പത്തെ പടിയിൽ കാലടി തൊടുമ്പോഴാണ് എന്തോ ചരിവുപടി കയറിവരുന്നത് ഞാൻ കേട്ടത്- കനത്തതും മന്ദഗതിയും അനേകവുമായ ഒന്ന്. ജിജ്ഞാസ ഭീതിയെ കവച്ചുവച്ചു; ഞാൻ കണ്ണു പൂട്ടിയില്ല.
*There are more things in heaven and earth, Horatio,
Than are dreamt of in your philosophy...
(Hamlet to Horatio)
*H.P.Lovecraft(1890-1937) - ഹൊറർ നോവലുകളുടെ പേരിൽ പ്രശസ്തനായ അമേരിക്കൻ സാഹിത്യകാരൻ
*Casa Colorado- സ്പാനിഷിൽ ചുവന്ന വീട് എന്നർത്ഥം
*George Berkeley(1685-1753)- ഇംഗ്ളീഷ് തത്ത്വചിന്തകൻ; യാഥാർത്ഥ്യമെന്നാൽ മനസ്സുകളും അവയുടെ ആശയങ്ങളുമാണെന്നു വാദിച്ചു.
*Eleatics - ക്രി.മു. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന Parmenides എന്ന ഗ്രീക്ക് ദാർശനികന്റെ അനുയായികൾ; സത്ത ഏകമാണെന്നും ചലനവും പരിവർത്തനവും ഭ്രമമാണെന്നും വാദിച്ചു.
*Charles Howard Hinton(1853-1907)- ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞൻ
*Turdera - ബ്യൂണേഴ്സ് അയഴ്സിനു തെക്കു ഭാഗത്തുള്ള, അക്കാലത്ത് ജനവാസം കുറവായ ഒരു പ്രാന്തപ്രദേശം
* John Knox(1513-1572)- സ്കോട്ടിഷ് ദൈവശാസ്ത്രജ്ഞനും എഴുത്തുകാരനും.
*William Morris(1834-1896)- ഇംഗ്ളീഷ് കവിയും നോവലിസ്റ്റും വിവർത്തകനും സാമൂഹ്യപ്രവർത്തകനും ഡിസൈനറും.
*Giovanni Battista Piranesi(1720-1778) റോമൻ ചിത്രകാരൻ.
*Labyrinth - ഗ്രീക്ക് പുരാണങ്ങൾ പ്രകാരം ക്രീറ്റിലെ മിനോസ് രാജാവിനു വേണ്ടി ഡീഡലസ് എന്ന ശില്പി പണിതു കൊടുത്ത ദുർഗ്ഗമനിർമ്മിതി. മിനോട്ടാർ എന്ന, കാളത്തലയും മനുഷ്യന്റെ ഉടലുമുള്ള സത്വത്തെ ഈ രാവണൻ കോട്ടയ്ക്കുള്ളിലാണ് പാർപ്പിച്ചിരുന്നത്.
*Josia Royce(1855-1916)- അമേരിക്കൻ ആശയവാദചിന്തകൻ
*Arthur Schopenhaur(1788-1860)- ഭാരതീയദർശനങ്ങൾ കാര്യമായി സ്വാധീനിച്ച ജർമ്മൻ തത്ത്വചിന്തകൻ.
*Lucan(39-65)- റോമൻ കവി
*Amphisbaena- കല്പിതകഥകളിലെ രണ്ടറ്റത്തും തലയുള്ള സർപ്പം; ഉറുമ്പു തിന്നു ജീവിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ