ഞാൻ ഒരു മരംവെട്ടിയാണ്. പേരെന്തുമായിക്കോട്ടെ. ഞാൻ ജനിച്ച കൂര, അധികം വൈകാതെ ഞാൻ കിടന്നു മരിക്കാൻ പോകുന്ന കൂര, കാടിന്റെ അതിർവരമ്പിൽ നിൽക്കുന്നു. ഈ കാടു പോയിപ്പോയി ലോകം മുഴുവൻ വലയം ചെയ്യുന്ന കടലു വരെ നീണ്ടുകിടക്കുന്നുവെന്നാണ് ആളുകൾ പറയുന്നത്; ആ കടലിൽ യാത്ര ചെയ്യുന്നുണ്ടത്രെ എന്റെ പോലത്തെ തടിവീടുകൾ. എനിക്കെങ്ങനെയറിയാൻ? ഞാനതു കണ്ടിട്ടില്ല. കാടിന്റെ മറുവശവും ഞാൻ കണ്ടിട്ടില്ല. കുട്ടികളായിരിക്കുമ്പോൾ ജ്യേഷ്ഠൻ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചിരുന്നു, ഒറ്റ മരം നിർത്താതെ ഈ കാടു മുഴുവൻ നമുക്കു മുറിച്ചുതള്ളണമെന്ന്. ഇന്നിപ്പോൾ ജ്യേഷ്ഠൻ മരിച്ചുകഴിഞ്ഞു; ഇന്നു ഞാൻ തേടുന്നതു മറ്റു ചിലതാണ്, അതവസാനിക്കാനും പോകുന്നില്ല. സൂര്യൻ മറയുന്ന ആ ദിക്കിലായി ഒരരുവിയുണ്ട്; ഞാൻ അതിൽ നിന്ന് കൈ കൊണ്ട് മീൻ പിടിക്കും. കാട്ടിൽ ചെന്നായ്ക്കളുണ്ട്, പക്ഷേ എനിക്കവയെ പേടിയില്ല; എന്റെ മഴു എന്നെ ചതിച്ചിട്ടുമില്ല. എനിക്കെന്തു പ്രായമുണ്ടെന്നു ഞാൻ നോക്കിയിട്ടില്ല; എന്നാൽ കിഴവനായെന്ന് എനിക്കറിയാം-കണ്ണു കാണാതായിരിക്കുന്നു. അവിടെ ഗ്രാമത്തിലുള്ളവർ(വഴി തെറ്റുമെന്നു ഭയന്ന് ഞാനിപ്പോൾ അങ്ങോട്ടിറങ്ങാറില്ല) പറയും ഞാനൊരു പിശുക്കനാണെന്ന്; ഒരു മരംവെട്ടി എന്തു കൂട്ടിവയ്ക്കാനാണ്?
മഞ്ഞു വീഴാതിരിക്കാനായി കുടിലിന്റെ വാതിൽ ഒരു പാറക്കല്ലു വച്ചു മൂടിവയ്ക്കാറാണ് എന്റെ പതിവ്. ഒരു ദിവസം സന്ധ്യക്ക് വലിച്ചിഴയ്ക്കുന്ന കനത്ത കാൽവയ്പ്പുകൾ ഞാൻ കേട്ടു; ഒപ്പം ആരോ മുട്ടുന്നതും. ഞാൻ ചെന്നു വാതിൽ തുറന്നു, പരിചയമില്ലാത്ത ഒരാൾ കയറിവന്നു. കിളരം കൂടി, പ്രായം ചെന്ന ഒരാൾ; പിഞ്ഞിക്കീറിയ പഴയൊരു കമ്പിളി കൊണ്ട് ആകെ മൂടിപ്പുതച്ചിരിക്കുന്നു. ഒരു വടു മുഖം ചെത്തിപ്പോയിരിക്കുന്നു. പ്രായം അയാൾക്കു നൽകിയത് തളർച്ചയല്ല, പ്രതാപമാണെന്നു തോന്നി. എന്നാൽക്കൂടി ഊന്നുവടിയുടെ സഹായമില്ലാതെ നടക്കാൻ അയാൾക്കു വിഷമമാണെന്നും ഞാൻ കണ്ടു. ഞങ്ങൾ എന്തോ ചിലതു സംസാരിച്ചു. അതൊന്നും എനിക്കിപ്പോൾ ഓർമ്മയില്ല. ഒടുവിൽ അയാൾ പറഞ്ഞു:
'എനിക്കു വീടില്ല, എത്തുന്നിടത്തു കിടന്നുറങ്ങും. ഞാൻ ഈ സാക്സണി മുഴുവൻ അലഞ്ഞു കഴിഞ്ഞു.'
അയാളുടെ പ്രായത്തിനു ചേർന്നതായിരുന്നു ആ വാക്കുകൾ. അച്ഛൻ എപ്പോഴും "സാക്സണി"യെക്കുറിച്ചു പറയാറുണ്ടായിരുന്നു; ഇന്ന് ആളുകൾ അതിനെ വിളിക്കുന്നത് ഇംഗ്ലണ്ട് എന്നാണ്.
കൂരയിൽ അപ്പവും കുറച്ചു മീനുമുണ്ടായിരുന്നു. കഴിക്കുമ്പോൾ ഞങ്ങൾ ഒന്നും സംസാരിച്ചില്ല. ഞാൻ കുറേ തുകലെടുത്ത് ജ്യേഷ്ടൻ കിടന്നുമരിച്ച മൺനിലത്ത് കിടക്കാൻ സൗകര്യം ചെയ്തു. രാത്രിയായപ്പോൾ ഞങ്ങൾ ഉറക്കവുമായി.
ഞങ്ങൾ കുടിലു വിട്ടിറങ്ങുമ്പോൾ പുലർച്ചയായിരുന്നു. മഴ നിന്നിരുന്നു; നിലം പുതുമഞ്ഞു മൂടിക്കിടക്കുകയായിരുന്നു. അയാളുടെ ഊന്നുവടി താഴെ വീണു; അതെടുത്തു കൈയിൽക്കൊടുക്കാൻ ആജ്ഞാപിക്കുന്നപോലെ അയാൾ എന്നോടു പറഞ്ഞു.
'നിങ്ങൾ പറയുന്നതു ഞാനെന്തിനനുസരിക്കണം?' ഞാൻ ചോദിച്ചു.
'ഞാൻ രാജാവായതു കൊണ്ടുതന്നെ,' അയാൾ പറഞ്ഞു.
അയാൾക്കു ഭ്രാന്താണെന്നു ഞാൻ മനസ്സിൽ പറഞ്ഞു. ഞാൻ വടിയെടുത്തു കൊടുത്തു.
അയാൾ പിന്നെ പറഞ്ഞതിന് സ്വരം മറ്റൊന്നായിരുന്നു.
'സെക്ജന്മാരുടെ രാജാവാണു ഞാൻ. ഘോരയുദ്ധങ്ങളിൽ എത്രയോ തവണ ഞാനവരെ വിജയത്തിലേക്കു നയിച്ചിരിക്കുന്നു. പക്ഷേ വിധി കുറിച്ച ഒരു മുഹൂർത്തത്തിൽ എനിക്കു രാജ്യം നഷ്ടമായി. ഇസ്സേൺ എന്നാണ് എനിക്കു പേര്, ഓഡിന്റേതാണ് എന്റെ വംശം.'
'ഞാൻ ഓഡിനെ പൂജിക്കാറില്ല,' ഞാൻ പറഞ്ഞു. 'ഞാൻ പൂജിക്കുന്നതു ക്രിസ്തുവിനെയാണ്.'
അതു കേൾക്കാത്ത മാതിരി അയാൾ പറഞ്ഞു:
'പ്രവാസത്തിന്റെ പാതകൾ താണ്ടുകയാണു ഞാനിന്ന്; എന്നാൽക്കൂടി രാജാവാണു ഞാനിന്നും, എന്റെ കൈയിലുണ്ടല്ലോ ഓഡിന്റെ തളിക.തനിക്കതു കാണണമോ?'
അയാൾ കൈതുറന്ന് എല്ലിച്ച കൈത്തലം എന്നെ കാണിച്ചു. അതിൽ ഒന്നുമുണ്ടായിരുന്നില്ല. അയാൾ സദാസമയവും കൈ ചുരുട്ടിപ്പിടിച്ചിരുന്ന കാര്യം അപ്പോഴാണെനിക്കോർമ്മ വന്നത്.
അയാൾ എന്റെ കണ്ണിൽ നോക്കി.
'തനിക്കിതു തൊട്ടുനോക്കാം.'
ചെറിയൊരാശങ്ക തോന്നിയെങ്കിലും ഞാൻ കൈയെത്തിച്ച് വിരൽത്തുമ്പു കൊണ്ട് അയാളുടെ കൈത്തലം തൊട്ടു. ഒരു തണുപ്പു തോന്നി, ഒരു തിളക്കം പിടയുന്നതും കണ്ടു. അയാൾ കൈ മുറുക്കിയടച്ചു. ഞാൻ ഒന്നും മിണ്ടിയില്ല.
'ഓഡിന്റെ തളികയാണിത്,' കുട്ടികളോടു സംസാരിക്കുന്ന മാതിരി ക്ഷമയോടെ കിഴവൻ പറഞ്ഞു. 'ഒരു വശമേയുള്ളു ഇതിന്. ഒരുവശം മാത്രമുള്ള ഒരു വസ്തു ഈ ഭൂമിയിൽ വേറെയില്ല. ഇതു കൈയിൽ പിടിക്കുന്നിടത്തോളം കാലം ഞാൻ തന്നെയാണു രാജാവ്.'
'സ്വർണ്ണമാണോ ഇത്?' ഞാൻ ചോദിച്ചു.
'അതെനിക്കറിയില്ല. ഓഡിന്റെ തളികയാണിത്, ഒരു വശമേ ഇതിനുള്ളു.'
തളിക സ്വന്തമാക്കണമെന്ന ആഗ്രഹം ആ നിമിഷം മുതൽ എന്റെ മനസ്സിനെ കരണ്ടുതിന്നാൻ തുടങ്ങി. അതെന്റേതായിരുന്നെങ്കിൽ അതു വിറ്റ് ഒരു സ്വർണ്ണക്കട്ടി എനിക്കു വാങ്ങാം; അപ്പോൾ ഞാൻ രാജാവുമായി.
'വീട്ടിൽ ഒരു പെട്ടി സ്വർണ്ണമിരുപ്പുണ്ട്. സ്വർണ്ണനാണയങ്ങൾ, എന്റെ മഴുത്തല പോലെ തിളങ്ങുന്നവ,' ഈ നിമിഷം വരെ ഞാൻ വെറുക്കുന്ന ആ ഊരുതെണ്ടിയോട് ഞാൻ പറഞ്ഞു. 'തളിക എനിക്കു തന്നാൽ പകരം ഞാൻ ആ പെട്ടി തരാം.'
'പറ്റില്ല,' അയാൾ മുരത്ത സ്വരത്തിൽ പറഞ്ഞു.
'എന്നാൽ നിങ്ങളുടെ വഴിയ്ക്കു പൊയ്ക്കോ,' ഞാൻ പറഞ്ഞു.
അയാൾ പോകാനായി തിരിഞ്ഞു. തലയ്ക്കു പിന്നിൽ മഴു കൊണ്ട് ഒറ്റയടിയേ വേണ്ടിവന്നുള്ളു; അയാൾ ഒന്നു വേയ്ച്ച് താഴെ വീണു; പക്ഷേ വീഴുന്ന വഴി അയാളുടെ കൈ തുറന്നു; തളികയുടെ തിളക്കം വായുവിൽ ഞാൻ കണ്ടു. ആ സ്ഥലം മഴു കൊണ്ടടയാളപ്പെടുത്തിയിട്ട് ഞാൻ ജഡം വലിച്ചിഴച്ച് അരുവിയുടെ ആഴം കൂടിയ ഭാഗത്തേക്കു കൊണ്ടുപോയിത്തള്ളി.
വീട്ടിൽ മടങ്ങിയെത്തി ഞാൻ തളിക തിരഞ്ഞു. എങ്ങും കാണാനില്ല. വർഷങ്ങളായി അതു തിരഞ്ഞു നടക്കുകയാണു ഞാൻ.
Link to Audio Version
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ