എന്റെ പ്രിയസ്‌നേഹിതന്‍ പൌളീനോ കെയിന്‍സ് എനിക്കെത്തിച്ചു തന്ന ലെയ്‌നിന്റെ അറബിക്കഥകള്‍ (ലണ്ടന്‍, 1839) എന്ന ഗ്രന്ഥത്തിന്റെ ഒന്നാം വാല്യത്തിന്റെ പേജുകള്‍ക്കിടയിലാണ് ഞാന്‍ താഴെ പകര്‍ത്താന്‍ പോകുന്ന കൈയ്യെഴുത്തുപ്രതി ഞങ്ങള്‍ കണ്ടെത്തിയത്. വൃത്തിയുള്ള കൈപ്പട - ടൈപ്പ് റൈട്ടറുകള്‍ സഹായിച്ച് നാമിന്നു മറന്നുവരുന്ന ഒരു കല - സൂചിപ്പിക്കുന്നത് ഏതാണ്ട് അതേ കാലമടുപ്പിച്ചു തന്നെയാണ് ഇതും രചിക്കപ്പെട്ടതെന്നാണ്. ലെയ്‌നിന്റെ കൃതി വിപുലമായ വിശദീകരണക്കുറിപ്പുകള്‍ കൊണ്ടു സമ്പന്നമാണെന്ന കാര്യം സുവിദിതമാണല്ലോ. എന്റെ കൈവശമുള്ള കോപ്പിയില്‍ കുറേയേറെ വ്യാഖ്യാനങ്ങളും ചോദ്യചിഹ്നങ്ങളും അവിടവിടെ കൈയ്യെഴുത്തു പ്രതിയിലെ അതേ കൈപ്പടയില്‍ത്തന്നെയുള്ള ചില തിരുത്തലുകളും കാണാനുണ്ട്. ഷഹ്‌രെസാദെയുടെ അദ്ഭുതകഥകളേക്കാള്‍ വ്യാഖ്യാതാവിനെ ആകര്‍ഷിച്ചത് മുഹമ്മദരുടെ ആചാരരീതികളായിരുന്നുവെന്ന് നമുക്കു സംശയിക്കാവുന്നതാണ്. അവസാനത്തെ പേജില്‍ ആര്‍ഭാടത്തോടെ ഒപ്പു വച്ചിരിക്കുന്ന ഡേവിഡ് ബ്രോഡി ഡിയെക്കുറിച്ച് എനിക്ക് ചികഞ്ഞെടുക്കാന്‍ കഴിഞ്ഞ വിവരം ഇത്രമാത്രമാണ്: ഇദ്ദേഹം അബെര്‍ദീനില്‍ ജനിച്ച ഒരു സ്‌കോട്ട്‌ലണ്ടുകാരന്‍ മിഷനറിയാണ്; ആദ്യകാലത്ത് ആഫ്രിക്കയുടെ ഉള്‍പ്രദേശങ്ങളിലും പില്ക്കാലത്ത്-പോര്‍ട്ടുഗീസ് ഭാഷയില്‍ പരിജ്ഞാനമുണ്ടായതിനാലാവണം - ബ്രസീലിലെ ചില ഉള്‍നാടന്‍ ഗ്രാമങ്ങളിലും സുവിശേഷവേല നടത്തിയിട്ടുണ്ട്; ഇദ്ദേഹം മരിച്ചത് എന്നാണെന്നോ എവിടെ വച്ചാണെന്നോ പിടിയില്ല. ഈ റിപ്പോര്‍ട്ട് എന്റെ അറിവില്‍പെട്ടിടത്തോളം അച്ചടിക്കാന്‍ കൊടുത്തിട്ടേയില്ല.
താഴെ കൊടുത്തിരിക്കുന്നത് അത്ര സുന്ദരമല്ലാത്ത ഇംഗ്ലീഷില്‍ അദ്ദേഹം തയ്യാറാക്കിയ ആ റിപ്പോര്‍ട്ടിന്റെ നേര്‍പകര്‍പ്പാണ്. വിട്ടുകളഞ്ഞുവെന്നു പറയാന്‍, മാര്‍ജിനില്‍ കുറിച്ചിട്ടിരുന്ന രണ്ടോ മൂന്നോ ബൈബിള്‍ വരികളും, പിന്നെ യാഹൂക്കളുടെ ലൈംഗികശീലങ്ങളെക്കുറിച്ച് കൗതുകമുണര്‍ത്തുന്ന ഒരു ഭാഗവും മാത്രമേയുള്ളൂ. (സന്മാര്‍ഗ്ഗഭീരുവായ നമ്മുടെ പ്രെസ്ബിറ്റേറിയന്‍ സഭക്കാരന്‍ ആ ഭാഗം വിവേകപൂര്‍വ്വം ലാറ്റിനിലാണ് എഴുതിയിരുന്നത്). ആദ്യത്തെ പേജ് കാണാനില്ല.
* * * * *
... പിന്നിലായി, കുരങ്ങുമനുഷ്യരുടെ ശല്യമുള്ള സ്ഥലത്താണ് 'മ്‌ള്ക്ക്'കളുടെ ആവാസം. ഞാനിവരെ 'യാഹൂ'ക്കള്‍ എന്നു വിളിക്കാം; എങ്കില്‍ എന്റെ വായനക്കാര്‍ക്ക് ഇവരുടെ മൃഗീയ പ്രകൃതിയെക്കുറിച്ച് ഒരു ബോധമുണ്ടാവുമല്ലോ; തന്നെയുമല്ല, ഇവരുടെ പരുക്കന്‍ ഭാഷയില്‍ സ്വരാക്ഷരങ്ങളേയില്ലാത്തതിനാല്‍ കൃത്യമായ ഒരു ലിപ്യന്തരണം മിക്കവാറും അസാദ്ധ്യവുമാണ്. കുറെക്കൂടി തെക്കായി മുള്‍ക്കാടുകളില്‍ പാര്‍ക്കുന്ന 'ന്‌റ്കളെ'ക്കൂടി ഉള്‍പ്പെടുത്തിയാലും ഇവരുടെ അംഗബലം, എനിക്കു തോന്നുന്നത്, എഴുന്നൂറില്‍ കവിയില്ല എന്നാണ്. എന്റെ ഈ കണക്ക് ഒരൂഹം മാത്രമാണ്; കാരണം രാജാവും റാണിയും മന്ത്രവാദികളുമൊഴിച്ചുള്ള യാഹൂക്കള്‍ സ്ഥിരമായി ഒരിടത്തു കിടന്നുറങ്ങുന്ന സ്വഭാവക്കാരല്ല; എവിടെ വച്ചു രാത്രിയാകുന്നുവോ അവിടെ കിടന്നാണുറക്കം. മലമ്പനിയും കുരങ്ങുമനുഷ്യരുടെ നിരന്തരമായ ആക്രമണങ്ങളും കാരണം ഇവരുടെ അംഗസംഖ്യ കുറഞ്ഞുവരികയുമാണ്. വളരെ ചുരുക്കം വ്യക്തികള്‍ക്കേ പേരുള്ളു. തമ്മില്‍ വിളിക്കാന്‍ ഒരുപിടി ചെളി വാരിയെറിയുകയാണ് രീതി. കൂട്ടുകാരുടെ ശ്രദ്ധയാകര്‍ഷിക്കാനായി തറയില്‍ ഉരുണ്ടുവീണ് പൊടിയില്‍ കിടന്നുരുളുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. വീതി കുറഞ്ഞ നെറ്റിത്തടവും, കറുപ്പിന്റെ കട്ടി കുറയ്ക്കുന്ന നേരിയ ചെമ്പുനിറവുമൊഴിച്ചാല്‍, മറ്റു ശരീരലക്ഷണങ്ങളില്‍ ഇവര്‍ക്ക് 'ക്രൂ'കളുമായി അത്ര വ്യത്യാസമൊന്നുമില്ല. പഴങ്ങളും കിഴങ്ങുകളും ചെറുതരം ഇഴജന്തുക്കളുമാണ് മുഖ്യാഹാരം; ഇവര്‍ പൂച്ചകളുടേയും വവ്വാലുകളുടേയും പാല്‍ കുടിക്കാറുണ്ട്; കൈകൊണ്ട് മീന്‍പിടിക്കുകയും ചെയ്യും. ആഹാരം കഴിക്കുമ്പോള്‍ ഇവര്‍ സാധാരണയായി അന്യരുടെ കണ്ണില്‍പെടാതെ നോക്കും; അല്ലെങ്കില്‍ കണ്ണടച്ചു കളയും. മറ്റു ശാരീരികാവശ്യങ്ങളൊക്കെ മറവൊന്നുമില്ലാതെയാണ് നിര്‍വ്വഹിക്കാറ്, പഴയകാലത്തെ സിനിക്കുകളെപ്പോലെ...
ഇവര്‍ രാജകുടുംബാംഗങ്ങളുടേയും മന്ത്രവാദികളുടെയും പച്ചശവങ്ങള്‍ തിന്നും; ഇത് അവരുടെ ജ്ഞാനത്തില്‍ പങ്കുചേരാനാണത്രേ. ഈ ദുരാചാരത്തിന്റെ പേരില്‍ ഞാനവരെ ശാസിച്ചപ്പോള്‍ തങ്ങളുടെ ചുണ്ടും അടിവയറും തൊട്ടുകാണിക്കുകയാണ് ഇവര്‍ ചെയ്തത്. ഇതുകൊണ്ട് അവര്‍ ഉദ്ദേശിച്ചത് ഒരുപക്ഷേ, മരി
ച്ചവരും ഭക്ഷ്യയോഗ്യരാണ് എന്നാവാം; അതല്ലെങ്കില്‍- അപ്രകൃതമായ വിശദീകരണമാണെന്നു തോന്നാം - നാം കഴിക്കുന്നതൊക്കെ കാലക്രമത്തില്‍ മനുഷ്യമാംസമായിത്തീരുന്നുവെന്നു ഞാന്‍ മനസ്സിലാക്കണമെന്നാവാം. ഇവര്‍ യുദ്ധം ചെയ്യാന്‍ കല്ലുകളും മന്ത്രങ്ങളും രക്ഷകളും ഉപയോഗിക്കുന്നു. വസ്ത്രധാരണവും പച്ചകുത്തലും തീരെ അജ്ഞാതമായതിനാല്‍ നഗ്നരായിട്ടാണ് ഇവരുടെ നടപ്പ്.
തെളിനീരുറവകളും തണല്‍വൃക്ഷങ്ങളുമുള്ള, വിസ്തൃതവും പുല്ലുനിറഞ്ഞതുമായ പീഠഭൂമി അരികത്തുണ്ടായിട്ടുകൂടി, അതിനെ ചുഴന്നുകിടക്കുന്ന ചതുപ്പുനിലങ്ങളില്‍ തൂന്നുകൂടാനാണ് ഇക്കൂട്ടര്‍ക്കു താല്പര്യമെന്നത് പ്രസ്താവയോഗ്യമത്രെ. ഉഷ്ണകാലാവസ്ഥയുടെ കഠിനതകളും പൊതുവേയുള്ള അനാരോഗ്യസ്ഥിതിയുമാണ് ഇവര്‍ക്ക് ആനന്ദം നല്‍കുന്നതെന്ന് തോന്നിപ്പോവും. പീഠഭൂമിയുടെ ചരിവുകള്‍ ചെങ്കുത്തായി കിടക്കുന്നതുകൊണ്ട് കുരങ്ങുമനുഷ്യരുടെ ആക്രമണങ്ങളെ തടുക്കാന്‍ ഒരു സ്വാഭാവികദുര്‍ഗ്ഗം എന്ന നിലയില്‍ അതിനെ ഉപയോഗപ്പെടുത്താവുന്നതേയുള്ളൂ. സമാനമായ പരിതഃസ്ഥിതിയില്‍ സ്‌കോട്ട്‌ലണ്ടിലെ പ്രാചീനഗോത്രങ്ങള്‍ ചെയ്തത് ഏതെങ്കിലും കുന്നുമ്പുറത്തു കോട്ട കെട്ടുകയാണല്ലോ. ഈ ലളിതമായ പ്രതിരോധമുറ സ്വീകരിക്കാന്‍ ഞാന്‍ മന്ത്രവാദികളെ ഉപദേശിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. രാത്രിയില്‍ തണുത്ത കാറ്റു കിട്ടുന്ന മുകള്‍ഭാഗത്ത് ഞാന്‍ ഒരു കുടിലുകെട്ടുന്നതിന് അവര്‍ പക്ഷേ, എതിരു പറഞ്ഞതുമില്ല.
ഗോത്രത്തെ ഭരിക്കുന്നത് രാജാവാണ്; പരിപൂര്‍ണ്ണവും അന്തിമവുമാണ് അയാളുടെ അധികാരം. പക്ഷേ എന്റെ സംശയം യഥാര്‍ത്ഥത്തില്‍ ഭരിക്കുന്നത്, രാജാവാരാണെന്നു തീരുമാനിക്കുകയും അയാളെ ഉപദേശിക്കുകയും ചെയ്യുന്ന മന്ത്രവാദികള്‍ ആണെന്നാണ്. ഗോത്രത്തില്‍ ജനിക്കുന്ന ഓരോ പുരുഷപ്രജയും ജനനസമയത്ത് നിഷ്‌കൃഷ്ടമായ ഒരു പരിശോധനയ്ക്കു വിധേയമാക്കപ്പെടുന്നു. അതിന്റെ ദേഹത്തു ചില കലകള്‍ ഉള്ളതായി കണ്ടാല്‍ (അതിന്റെ സ്വഭാവം അവര്‍ എനിക്കു വെളിപ്പെടുത്തിത്തന്നില്ല) അവര്‍ ആ ശിശുവിനെ യാഹൂക്കളുടെ രാജാവ് എന്ന പദവിയിലേക്കുയര്‍ത്തുന്നു. ഭൗതികലോകത്തിന്റെ പ്രലോഭനങ്ങളില്‍പ്പെട്ട് ജ്ഞാനമാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിച്ചുപോകാതിരിക്കാനായി ജനിച്ചയുടന്‍തന്നെ രാജാവിന്റെ വരിയുടയ്ക്കുകയും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും കൈകാലുകള്‍ ഛേദിച്ചുകളയുകയും ചെയ്യുന്നു. അതില്പിന്നെ 'ദുര്‍ഗ്ഗം' (ക്വ്സ്ര്‍) എന്നു വിളിക്കപ്പെടുന്ന ഒരു പാറമടയില്‍ ഒറ്റയ്ക്കാണ് അയാളുടെ വാസം; നാലു മന്ത്രവാദികള്‍ക്കും, അയാളെ പരിചരിക്കുകയും ചാണകംകൊണ്ടു ലേപനം ചെയ്യുകയും ചെയ്യുന്ന രണ്ട് അടിമസ്ത്രീകള്‍ക്കും മാത്രമേ അതിനുള്ളില്‍ പ്രവേശനമുള്ളൂ. യുദ്ധമുണ്ടാവുന്ന അവസരങ്ങളില്‍ മന്ത്രവാദികള്‍ രാജാവിനെ മടയില്‍ നിന്നിറക്കി ഗോത്രക്കാര്‍ക്കു മുമ്പാകെ പ്രദര്‍ശിപ്പിക്കും; ഇത് അവരുടെ ധൈര്യമുണര്‍ത്താനാണ്. എന്നിട്ട് ഒരു പതാകയോ രക്ഷയോപോലെ അയാളെ ചുമലിലേറ്റി യുദ്ധത്തിനു നടുവിലേക്ക് എടുത്തുകൊണ്ടുപോകും. കുരങ്ങുമനുഷ്യര്‍ തൊടുത്തുവിടുന്ന കന്മഴയില്‍പെട്ട് രാജാവ് നിമിഷങ്ങള്‍ക്കകം മൃതിയടയുകയും ചെയ്യും.
മറ്റൊരു 'ദുര്‍ഗ്ഗ'ത്തിലാണ് റാണിയുടെ താമസം; അവര്‍ക്കു രാജാവിനെ കാണാന്‍ അനുവാദമില്ല; എന്റെ ഹ്രസ്വമായ താമസത്തിനിടയ്ക്ക് ഈ മഹതി ദയാപൂര്‍വ്വം എനിക്ക് ഒരു സന്ദര്‍ശനാവസരം അനുവദിച്ചുതന്നിരുന്നു. പ്രസന്നയും, യൗവനയുക്തയും, തന്റെ വര്‍ഗ്ഗസ്വഭാവം അനുവദിക്കുന്നിടത്തോളം വശ്യമായ രീതികളുമുള്ള ഒരു സ്ത്രീ. ലോഹവും ദന്തവുംകൊണ്ടുള്ള കൈവളകളും, പുലിപ്പല്ലുകൊണ്ടുള്ള കണ്ഠാഭരണങ്ങളും അവരുടെ നഗ്നതയെ അലംകൃതമാക്കി. അവരെന്നെ അടിമുടി പരിശോധിച്ചുനോക്കുകയും മണത്തുനോക്കുകയും ചെയ്തു; എന്നിട്ട് ഒരു വിരല്‍കൊണ്ട് എന്നെ സ്പര്‍ശിച്ചിട്ട് അവരെന്നെ ആ പരിവാരത്തിനൊക്കെ മുന്നില്‍വച്ച് മൈഥുനത്തിനു ക്ഷണിച്ചു. പക്ഷേ എന്റെ പുരോഹിതവസ്ത്രവും സന്മാര്‍ഗ്ഗചിന്തയും ആ ബഹുമതി സ്വീകരിക്കുന്നതില്‍നിന്ന് എന്നെ വിലക്കി. മന്ത്രവാദികള്‍ക്കും തന്റെ രാജ്യത്തുകൂടി കടന്നുപോകുന്ന കാരവനുകളുടെ തലവന്മാരായ അടിമക്കച്ചവടക്കാര്‍ക്കും (കൂടുതലും മുസ്ലീംങ്ങള്‍) മാത്രമേ അവര്‍ സാധാരണഗതിയില്‍ ഈ ബഹുമതി നല്കാറുള്ളൂ. രണ്ടോമൂന്നോ തവണ അവര്‍ എന്റെ ദേഹത്ത് ഒരു സ്വര്‍ണ്ണസൂചികൊണ്ടു കുത്തി; ഈ സൂചികുത്തലുകള്‍ രാജപ്രീതിയുടെ ചിഹ്നമാകയാല്‍, സ്വയം സൂചികൊണ്ടു ദേഹത്തു കുത്തിയിട്ട് റാണി തന്നെയാണ് തങ്ങളെ കുത്തിയതെന്നു വിശ്വസിക്കുന്ന യാഹൂക്കള്‍ ധാരാളമുണ്ട്. റാണി അണിഞ്ഞിരിക്കുന്ന ആഭരണങ്ങള്‍ അന്യദേശങ്ങളില്‍നിന്നു വരുന്നവയാണ്. എന്നാല്‍ ഏറ്റവും ലളിതമായ ഒരു സാധനംപോലും രൂപപ്പെടുത്തിയെടുക്കാനുള്ള കഴിവ് ഇവര്‍ക്കില്ലാത്തതിനാല്‍, ഇത്തരം ആഭരണങ്ങള്‍ പ്രകൃതിജന്യമാണെന്നായിരുന്നു ഇവരുടെ ധാരണ. എന്റെ കുടില്‍ ഇവരുടെ ദൃഷ്ടിയില്‍ ഒരു മരമായിരുന്നു; അതേസമയം ഞാനതു വച്ചുകെട്ടുന്നത് അവരില്‍ പലരും കണ്ടുനിന്നതാണ്; ചിലര്‍ എന്നെ സഹായിക്കുകകൂടി ചെയ്തതുമാണ്. എന്റെ കൈവശമുണ്ടായിരുന്ന സാധനങ്ങളില്‍ ഒരു വാച്ച്, ഹെല്‍മറ്റ്, വടക്കുനോക്കിയന്ത്രം, ബൈബിള്‍ എന്നിവയും ഉള്‍പ്പെട്ടിരുന്നു. യാഹൂക്കള്‍ അവ സൂക്ഷിച്ചുനോക്കുകയും അവ കയ്യിലെടുത്തു തൂക്കം നോക്കുകയും ചെയ്തിട്ട് എന്നോടു ചോദിച്ചത് എനിക്കവ എവിടെ കിടന്നുകിട്ടി എന്നാണ്. എന്റെ വാള്‍ എടുക്കാന്‍ ഇവര്‍ കൈനീട്ടുന്നത് വാള്‍പ്പിടിയിലേക്കല്ല, വാള്‍ത്തലയിലേക്കാണ്; തങ്ങളുടേതായ രീതിയില്‍
അവരിതിനെ കാണുന്നതുകൊണ്ടാണിങ്ങനെ ഇവര്‍ ഒരു കസേരയെ വീക്ഷിക്കുന്നത്. ഏതുവിധത്തിലായിരിക്കുമെന്നാണ് എന്റെ അദ്ഭുതം. പലമുറികളുള്ള ഒരു വീട് ഇവര്‍ക്കൊരു കുടിലദുര്‍ഗ്ഗം പോലെ തോന്നിയേക്കാം. എന്നിരിക്കിലും, വീടിനെക്കുറിച്ച് ഒരു സങ്കല്പമില്ലാത്ത പൂച്ച എങ്ങനെയാണോ അതില്‍ തന്റെ വഴി കണ്ടെത്തുന്നത് അതുപോലെ തന്നെ ഇവര്‍ക്കും കഴിഞ്ഞുവെന്നുവരാം. അക്കാലത്ത് ചെമ്പിച്ചതായിരുന്ന എന്റെ താടി അവര്‍ക്കെല്ലാം വലിയൊരു അദ്ഭുതവസ്തുവായിരുന്നു; പ്രകടമായ പ്രിയത്തോടെയാണ് അവര്‍ അതില്‍ തൊട്ടുതലോടിയിരുന്നത്.
യാഹൂക്കള്‍ക്ക് വേദന, ആനന്ദം എന്നിങ്ങനെയുള്ള വികാരങ്ങളൊന്നുമില്ല. പച്ചയോ കെട്ടതോ ആയ മാംസവും നാറുന്ന വസ്തുക്കളും മാത്രമേ അവര്‍ക്കു സന്തോഷം നല്‍കുന്നുള്ളു. ഭാവനാശേഷി ഒട്ടുമില്ലാത്തത് ഇവരെ തീരെ നിര്‍ദ്ദയരാക്കുന്നു.
രാജാവിനേയും റാണിയേയും കുറിച്ചു ഞാന്‍ പറഞ്ഞുകഴിഞ്ഞു; ഇനി ഞാന്‍ മന്ത്രവാദികളെക്കുറിച്ചു പറയാം. അവര്‍ നാലുപേരാണെന്ന് ഞാന്‍ മുമ്പുതന്നെ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. നാലാണ് ഇവരുടെ അങ്കഗണിതത്തിന്റെ പരിധിയില്‍ വരുന്ന ഏറ്റവും വലിയ സംഖ്യ. ഇവര്‍ വിരലിലെണ്ണുന്നത് ഇങ്ങനെയാണ്: ഒന്ന്, രണ്ട്, മൂന്ന്, നാല്, അനേകം. അനന്തത തുടങ്ങുന്നത് തള്ളവിരലില്‍. തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ബ്യൂണേഴ്‌സ് അയഴ്‌സിന്റെ സമീപപ്രദേശങ്ങളില്‍ അലഞ്ഞുതിരിയുന്ന റെഡ് ഇന്ത്യന്‍ ഗോത്രങ്ങള്‍ക്കിടയിലും ഇതുതന്നെയാണ് സ്ഥിതി എന്നാണ് എന്റെയറിവ്. നാലാണ് ഇവരുടെ വരുതിയിലുള്ള ഏറ്റവും വലിയ സംഖ്യ എന്നതു നേരാണെങ്കിലും ഇവരുമായി വ്യാപാരം നടത്തുന്ന അറബികള്‍ ഇവരെ പറ്റിക്കാറില്ല. കാരണം സാധനങ്ങള്‍ മാറ്റക്കച്ചവടം ചെയ്യുമ്പോള്‍ എല്ലാം ഒന്നും രണ്ടും മൂന്നും നാലുമുള്ള പങ്കുകളായി വിഭജിക്കപ്പെടുകയാണ്. ഈ ഇടപാട് തൊന്തരവു പിടിച്ചതാണെങ്കിലും ഇതില്‍ പിശകോ പറ്റിക്കലോ വരാന്‍ വഴിയില്ല. യാഹൂക്കളെ മൊത്തമായിട്ടെടുത്താല്‍ എന്റെ താല്പര്യം ഉണര്‍ത്തിയിട്ടുള്ളത് മന്ത്രവാദികള്‍ മാത്രമാണെന്ന് പറയാം. തങ്ങള്‍ വിചാരിക്കുന്നയാളെ ഉറുമ്പോ ചങ്ങാലിക്കിളിയോ ആക്കിമാറ്റാനുള്ള സിദ്ധി ഇവര്‍ക്കുണ്ടെന്നാണ് ഗോത്രക്കാരുടെ വിശ്വാസം. എനിക്കതില്‍ വിശ്വാസം വരുന്നില്ല എന്നു ശ്രദ്ധിച്ച ഒരാള്‍ എനിക്കൊരു ചിതല്‍പ്പുറ്റ് ചൂണ്ടിക്കാണിച്ചു തന്നു. തെളിവിന് അതുമതി എന്നപോലെയാണ്.
യാഹുക്കള്‍ക്ക് ഓര്‍മ്മശക്തി തീരെ കഷ്ടിയാണ്; ഇല്ലെന്നുകൂടി വന്നേക്കാം. പുള്ളിപ്പുലികളിറങ്ങി നാശം വിതച്ചതിനെക്കുറിച്ച് ഇവര്‍ പറയാറുണ്ട്; എന്നാല്‍ ഈ സംഭവം കണ്ടതാരാണ്, തങ്ങളാണോ തങ്ങളുടെ പൂര്‍വ്വികരാണോ എന്ന്‍ ഇവര്‍ക്കറിയില്ല; അതോ സ്വപ്നം കണ്ടകാര്യം പറയുകയാണോ എന്നും അറിയില്ല.
മന്ത്രവാദികള്‍ക്ക് ഓര്‍മ്മശക്തിയുടെ എന്തോ ലാഞ്ഛന ഉള്ളതുപോലെ കാണുന്നുണ്ട്; അതും പക്ഷേ വളരെ കുറഞ്ഞ അളവിലാണ്. അന്നു രാവിലെയോ തലേന്നു രാത്രിയിലോ നടന്ന കാര്യങ്ങള്‍ വൈകിട്ട് ഓര്‍മ്മിച്ചെടുക്കാന്‍ കഴിയും എന്നുമാത്രം. ദീര്‍ഘദൃഷ്ടിക്കുള്ള ഒരു പ്രത്യേകസിദ്ധി ഇവര്‍ക്കുണ്ട്; പത്തോ പതിനഞ്ചോ മിനിറ്റു കഴിഞ്ഞ് ഇന്നതു നടക്കുമെന്ന് നല്ല നിശ്ചയത്തോടെ ഇവര്‍ പറയും. ഉദാഹരണത്തിന്, 'എന്റെ പിടലിക്ക് ഒരീച്ച വന്നിരിക്കും,' അല്ലെങ്കില്‍ 'അല്‍പ്പം കഴിഞ്ഞാല്‍ ഒരു കിളിയുടെ പാട്ടുകേള്‍ക്കാം’ എന്നൊക്കെ ഇവര്‍ പ്രവചിക്കാറുണ്ട്. ഈ അദ്ഭുതസിദ്ധിക്ക് നൂറുകണക്കിനു തവണ ഞാന്‍ സാക്ഷി നിന്നിട്ടുള്ളതാണ്: ഇതേക്കുറിച്ചു ഞാന്‍ ദീര്‍ഘമായി വിചിന്തനം ചെയ്തിട്ടുള്ളതുമാണ്. ഭൂതഭാവിവര്‍ത്തമാനകാലങ്ങള്‍, സര്‍വ്വവിശദാംശങ്ങളോടുമൊപ്പം, ദൈവത്തിന്റെ അദൃഷ്ടസ്മൃതിയില്‍, അവന്റെ നിത്യതയില്‍ ഇക്ഷണം തന്നെ സന്നിഹിതമാണെന്നിരിക്കെ, എന്നെ അന്ധാളിപ്പിക്കുന്നതിതാണ്: മനുഷ്യന്, അതിരില്ലാതെ പിന്നോട്ടു നോക്കാന്‍ അവനു കഴിവുള്ളപ്പോള്‍ത്തന്നെ, ഒരു നൊടി മുന്നോട്ടുനോക്കാന്‍ അനുവാദമില്ലാത്തതെന്തേ? കഷ്ടിച്ചു നാലുവയസ്സുള്ളപ്പോള്‍ ഞാന്‍ കണ്ട ഉത്തുംഗമായ, നാലുപാമരമുള്ള ആ നോര്‍വീജിയന്‍ കപ്പല്‍ സുവിശദമായി ഓര്‍മ്മിച്ചെടുക്കാന്‍ എനിക്കിന്നു കഴിയുന്നുണ്ടെങ്കില്‍, വരാനിരിക്കുന്നതു മുന്‍കൂട്ടിക്കാണാന്‍ മനുഷ്യനു കഴിഞ്ഞേക്കാം എന്ന വസ്തുതയില്‍ എനിക്ക് അമ്പരപ്പു തോന്നേണ്ട കാര്യമെന്തിരിക്കുന്നു? തത്ത്വബുദ്ധിയായ മനസ്സിന് ദീര്‍ഘദര്‍ശനംപോലെ തന്നെ ഒരദ്ഭുതമാണ് ഓര്‍മ്മശക്തിയും. നാളത്തെ പ്രഭാതമല്ലേ ചെങ്കടല്‍ കടന്നുള്ള യഹൂദരുടെ പ്രയാണത്തേക്കാള്‍ നമുക്കു സമീപസ്ഥം? ആ പുറപ്പാട്, പക്ഷേ, നമുക്കോര്‍മ്മയുണ്ട്.
ഗോത്രക്കാര്‍ നക്ഷത്രങ്ങളെ നോക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു; മന്ത്രവാദികള്‍ക്കു മാത്രം ചാര്‍ത്തിക്കൊടുത്തിരിക്കുന്ന ഒരവകാശമാണത്. ഓരോ മന്ത്രവാദിക്കും ഒരു ശിഷ്യനുണ്ടാവും; കുട്ടിക്കാലം മുതല്‌ക്കേ അവന് ഗൂഢവിദ്യയില്‍ പരിശീലനം നല്‍കപ്പെടുന്നു. ഒരു മന്ത്രവാദി മരിച്ചാല്‍ ആ സ്ഥാനം ശിഷ്യനുള്ളതാണ്. അതു പ്രകാരം ഇവരുടെ എണ്ണം എപ്പോഴും നാലായി നില്‍ക്കുന്നു. മാന്ത്രികസിദ്ധികളുള്ള ഒരക്കമാണത്, കാരണം യാഹൂമനസ്സിനു പ്രാപ്യമായ ഏറ്റവും വലിയ സംഖ്യ അതാണല്ലോ. സ്വര്‍ഗ്ഗനരകങ്ങളെക്കുറിച്ച് തങ്ങളുടെ രീതിയിലുള്ള ഒരു സിദ്ധാന്തവും ഇവര്‍ക്കുണ്ട്. രണ്ടിടവും ഭൂഗര്‍ഭത്തിലാണ്. വരണ്ടതും പ്രകാശപൂരിതവുമായ നരകം, രോഗികളുടെയും വൃദ്ധരുടെയും, അവഹേളിതരുടെയും, കുരങ്ങുമനുഷ്യരുടെയും, അറബികളുടെയും, പുള്ളിപ്പുലികളുടെയും സങ്കേതമത്രെ; ചതുപ്പുനിറഞ്ഞതും മേഘാ
വൃതവുമായി വര്‍ണ്ണിക്കപ്പെടുന്ന സ്വര്‍ഗ്ഗമാകട്ടെ, രാജാവിനും റാണിക്കും മന്ത്രവാദികള്‍ക്കും, ഭൂമിയില്‍ സന്തുഷ്ടരും നിര്‍ദ്ദയരും രക്തദാഹികളുമായിരുന്നവര്‍ക്കുമുള്ള നിവാസസ്ഥാനവുമാണ്. 'ചാണകം' എന്നു പേരുള്ള ഒരു ദൈവത്തെയും ഇവര്‍ ആരാധിക്കുന്നുണ്ട്. രാജാവിന്റെ രൂപത്തിലും ഛായയിലുമാണ് ഈ ദൈവത്തെ സങ്കല്പിച്ചിരിക്കുന്നതെന്നു തോന്നുന്നു; കാഴ്ചയില്ലാത്തതും, അംഗഭംഗം വന്നതും, വളര്‍ച്ച മുരടിച്ചതുമാണത്. അതിന്റെ സിദ്ധികല്‍ അപരിമിതമാണ്. ഈ ദൈവം ഉറുമ്പിന്റെയോ പാമ്പിന്റെയോ രൂപമെടുക്കുക സാധാരണമാണ്.
ഇവര്‍ക്കിടയില്‍ ഇത്ര ദീര്‍ഘമായ കാലം ചെലവഴിച്ചിട്ടും ഒറ്റ യാഹൂവിനെപ്പോലും മതപരിവര്‍ത്തനം ചെയ്യാന്‍ ഞാന്‍ ശ്രമിച്ചില്ലെന്നതില്‍, ഇത്രയും വായിച്ചു കഴിഞ്ഞ സ്ഥിതിക്ക്, ആരും അദ്ഭുതം കൊള്ളേണ്ടതില്ല. 'നമ്മുടെ പിതാവ്' എന്ന പ്രയോഗം, പിതൃത്വം എന്ന ആശയത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തതിനാല്‍, ഇവരെ ചിന്താക്കുഴപ്പത്തില്‍പ്പെടുത്തുകയാണ് ചെയ്തത്. ഇത്രയ്ക്ക് അകന്നതും ബന്ധമില്ലാത്തതുമായ ഒരു കാരണം സമ്മതിച്ചു കൊടുക്കാന്‍ ഇവര്‍ക്കാവില്ലെന്നു തോന്നുന്നു. അതുകൊണ്ടാവാം, പല മാസങ്ങള്‍ക്കു മുമ്പു നടന്ന ഒരു പ്രവൃത്തിക്ക് ഒരു കുഞ്ഞിന്റെ ജനനവുമായി ബന്ധം വരുന്നതെങ്ങനെയെന്ന് ഇവര്‍ക്കു പിടികിട്ടുന്നില്ല. തന്നെയുമല്ല, എല്ലാ സ്ത്രീകളും ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും എല്ലാവരും അമ്മമാരാകുന്നില്ല എന്ന്‍ അവര്‍ കാണുന്നുമുണ്ടല്ലോ.
യാഹൂഭാഷ സങ്കീര്‍ണ്ണമാണ്, എനിക്കറിവുള്ള മറ്റൊരു ഭാഷയുമായും അതിനു ചാര്‍ച്ചയില്ല. ശബ്ദവിഭാഗങ്ങളെക്കുറിച്ചുപോലും പറയാനാവില്ല. കാരണം അങ്ങനെയൊരു വകയില്ലതന്നെ. ഏകവര്‍ണ്ണമായ ഓരോ വാക്കും ഓരോ സാമാന്യാശയത്തിനുപകരം നില്ക്കുന്നു. അതിന്റെ നിര്‍ദ്ദിഷ്ടാര്‍ത്ഥം പ്രകരണമോ പറയുമ്പോഴത്തെ ചേഷ്ടയോ അനുസരിച്ചു മാറും. ഉദാഹരണത്തിന് 'ന്‌റ്‌സ്' എന്ന വാക്കിന്റെ ലാക്ഷണികാര്‍ത്ഥം 'ചിതറല്‍' അല്ലെങ്കില്‍ 'പുള്ളികള്‍' എന്നാണ്. അതു സൂചിപ്പിക്കുന്നത് നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം. പുള്ളിപ്പുലി, കിളിക്കൂട്ടം, വസൂരി, തെറിച്ചുവീണ വസ്തുക്കള്‍, വിതറുക എന്ന പ്രവൃത്തി, യുദ്ധത്തില്‍ തോറ്റോടല്‍ എന്നിവയൊക്കെയാവാം. ‘ഹ്‌റ്ള്‍’ നേരേമറിച്ച്, അര്‍ത്ഥമാക്കുന്നത് നിബിഡമോ സാന്ദ്രമോ ആയ ഒന്നാണ്. ഉദാഹരണം ഗോത്രം, വൃക്ഷകാണ്ഡം, കല്ല്, കല്‍ക്കൂമ്പാരം, കല്ല് കൂമ്പാരമാക്കുക എന്ന പ്രവൃത്തി, നാലു മന്ത്രവാദികളുടെ ഒത്തുചേരല്‍, ശാരീരികമായ ബന്ധപ്പെടല്‍, കാട് തുടങ്ങിയവ. മറ്റൊരു വിധത്തില്‍ ഉച്ചരിക്കപ്പെട്ടാലോ, മറ്റു ചേഷ്ടകളോടു ചേര്‍ന്നു വന്നാലോ ഒരു വാക്കിന് വിപരീതമായ ഒരര്‍ത്ഥം വന്നുചേരാം. ഇതില്‍ അത്ര അമ്പരപ്പു തോന്നേണ്ട കാര്യമൊന്നുമില്ല. നമ്മുടെ ഭാഷയില്‍ത്തന്നെ ഒരു വാക്കിന് വിപരീതാര്‍ത്ഥങ്ങള്‍ ഉണ്ടാവുക അപൂര്‍വ്വമല്ലല്ലോ. വാക്യം എന്നുള്ളത് അവരുടെ ഭാഷയില്‍ ഇല്ല തന്നെ, അപൂര്‍ണ്ണമായവ പോലും.
ഇങ്ങനെയൊരു ഭാഷയ്ക്ക് അമൂര്‍ത്താശയങ്ങള്‍ രൂപപ്പെടുത്തിയെടുക്കാനുള്ള ധൈഷണികശക്തിയുള്ളതു കാണുമ്പോള്‍ യാഹൂക്കള്‍, അവരുടെ ഇപ്പോഴത്തെ പിന്നോക്കാവസ്ഥ ഇരിക്കെത്തന്നെ, ഒരു പ്രാകൃതവര്‍ഗ്ഗമല്ല, മറിച്ച് അപകര്‍ഷം വന്നുപോയ ഒരു ജനതയാവാം എന്നു വിശ്വസിക്കാനാണ് എനിക്കു തോന്നുന്നത്. ഈ അനുമാനത്തിനുപോല്‍ബലകമായി പീഠഭൂമിയുടെ മുകള്‍പ്പരപ്പില്‍ ഞാന്‍ ചില ശിലാരേഖകള്‍ കണ്ടെത്തിയിരുന്നു. അവയിലെ അക്ഷരങ്ങള്‍ (നമ്മുടെ പൂര്‍വ്വികര്‍ കൊത്തിവച്ചിട്ടുള്ള റൂണുകളുമായി ഇവയ്ക്കു സാദൃശ്യമില്ലാതില്ല) പിരിച്ചു വായിക്കാനുള്ള കഴിവ് ഇന്നു ഗോത്രക്കാര്‍ക്കു നഷ്ടമായിരിക്കുന്നു. വരമൊഴി മറവിയില്‍പ്പെട്ടിട്ട് വാമൊഴിയില്‍ മാത്രമായി ഇവര്‍ ഒതുങ്ങിപ്പോയതുപോലെ തോന്നുന്നു.
ഇവരുടെ വിനോദങ്ങള്‍ പരിശീലനം കൊടുത്ത പൂച്ചകളെ തമ്മില്‍ പോരടിപ്പിക്കലും തലകൊയ്ത്തുമാണ്. റാണിയുടെ ചാരിത്ര്യത്തെ കളങ്കപ്പെടുത്തുവാന്‍ തുനിഞ്ഞുവെന്നോ മറ്റൊരാള്‍ കാണ്‍കെ ആഹാരം കഴിച്ചുവെന്നോ ഒരാള്‍ക്കെതിരെ കുറ്റമാരോപിക്കപ്പെടുന്നു. കുറ്റസമ്മതമോ സാക്ഷിമൊഴിയോ ഒന്നുമില്ലാതെ തന്നെ രാജാവ് വിധി പ്രഖ്യാപിക്കുകയാണ്. ഇങ്ങനെ ശിക്ഷ വിധിക്കപ്പെട്ടയാളെ ക്രൂരമായ പീഡനങ്ങള്‍ക്കു വിധേയനാക്കിയിട്ട് (എനിക്കതോര്‍ക്കാന്‍ കൂടി വയ്യ) കല്ലെറിഞ്ഞുകൊല്ലുന്നു. ആദ്യത്തെ കല്ലെറിയാനുള്ള അവകാശം റാണിക്കുള്ളതാണ്; അതുപോലെതന്നെ, മിക്കപ്പോഴും ആവശ്യം വരാത്തതാവും, അവസാനത്തെ കല്ലെറിയാനും. ആള്‍ക്കൂട്ടം റാണിയുടെ വൈദഗ്ദ്ധ്യത്തെയും അവയവഭംഗിയേയും പുകഴ്ത്തുകയും, അവരെ റോസാപ്പൂക്കളും നാറുന്ന വസ്തുക്കളും കൊണ്ട് അഭിഷേകം ചെയ്യുകയും ഭ്രാന്തുപിടിച്ചവരെപ്പോലെ ആര്‍ത്തുവിളിക്കുകയും ചെയ്യും. റാണിയാകട്ടെ ഒരക്ഷരം മിണ്ടാതെ മന്ദഹസിക്കും.
ഇവരുടെ മറ്റൊരാചാരമാണ് കവികളെ കണ്ടെത്തല്‍, ആറോ ഏഴോ വാക്കുകള്‍, സാധാരണഗതിയില്‍ ദുര്‍ഗ്രഹമായിരിക്കും, ഒരാള്‍ക്കു മനസ്സില്‍ വരുന്നു. അയാള്‍ക്ക് അത് അടക്കിവയ്ക്കാന്‍ കഴിയുന്നില്ല. മന്ത്രവാദികളും സാധാരണക്കാരും വട്ടത്തില്‍ തറയില്‍ മലര്‍ന്നുകിടക്കുന്നതിനു നടുവില്‍ നിന്നുകൊണ്ട് അയാള്‍ അവ ഉറക്കെച്ചൊല്ലുന്നു. കവിത കേട്ടിട്ട് ആര്‍ക്കും ഒരിളക്കവും തോന്നുന്നില്ലെങ്കില്‍ കാര്യം അങ്ങനെ തീരുന്നു. പക്ഷേ കവിയുടെ വാക്കുകള്‍ മനസ്സില്‍ തട്ടിയാലാകട്ടെ, സകലരും ഒരു വിശുദ്ധഭീതിക്കടിമകളായി, ഒരക്ഷരമുരിയാടാതെ അയാളെ വിട്ടകന്നുമാറുന്നു. അയാള്‍ ഇപ്പോള്‍ ഭൂതാവിഷ്ടനാകയാല്‍, ആരും, സ്വന്തമമ്മപോലും, അയാളോടു മിണ്ടുകയോ, അയാളുടെ നേര്‍ക്കു നോക്കുകയോ ഇല്ല.
ഇപ്പോള്‍ അയാള്‍ മനുഷ്യനല്ല, ദൈവമത്രേ; അയാളെ കൊല്ലാന്‍ ആര്‍ക്കും അനുവാദമുണ്ട്. കവി, ജാഗ്രതയുള്ളവനാണെങ്കില്‍ വടക്കന്‍ നാട്ടിലെ മണല്‍ക്കൂനകള്‍ക്കിടയിലേക്ക് ഓടി രക്ഷപ്പെടും.
യാഹുക്കളുടെ നാട്ടില്‍ എത്തിപ്പെട്ടതെങ്ങനെയാണെന്ന് ഞാന്‍ വിവരിച്ചുകഴിഞ്ഞല്ലോ. അവര്‍ എന്നെ വലയം ചെയ്തപ്പോള്‍ ഞാന്‍ ആകാശത്തേക്കു നിറയൊഴിച്ചു. അവര്‍ക്കത് മാന്ത്രികമായ ഒരിടിവെട്ടായിട്ടാണ് തോന്നിയതെന്നുമൊക്കെ ഞാനെഴുതിയിരുന്നതോര്‍ക്കുക. ആ തെറ്റിദ്ധാരണ ബലപ്പെടുത്താനായി ഞാന്‍ പിന്നീട് ആയുധമെടുക്കാതെയാണ് നടന്നിരുന്നത്. വസന്തകാലത്ത് ഒരു ദിവസം പുലര്‍ച്ചയ്ക്ക് കുരങ്ങുമനുഷ്യര്‍ ഓര്‍ക്കാപ്പുറത്ത് ഞങ്ങളെ വന്നാക്രമിച്ചു: ഞാന്‍ തോക്കുമെടുത്തുകൊണ്ട് മുകളില്‍നിന്നു താഴേക്കോടിവന്ന് ആ മൃഗങ്ങളില്‍ രണ്ടെണ്ണത്തിനെ കൊന്നു. ശേഷിച്ചവ അമ്പരന്നോടി മറഞ്ഞു. വെടി കാണാനാവില്ലല്ലോ. ആളുകള്‍ എന്നെ പുകഴ്ത്തി ആര്‍ത്തുവിളിക്കുന്നത് ജീവിതത്തില്‍ ആദ്യമായി അന്നു ഞാന്‍ കേട്ടു. അന്നാണെന്നു തോന്നുന്നു റാണി എനിക്കു സന്ദര്‍ശനം അനുവദിച്ചത്. യാഹൂക്കളുടെ ഓര്‍മ്മശക്തി, ഞാന്‍ മുമ്പു പറഞ്ഞിട്ടുള്ളതുപോലെ, നമ്പാന്‍ പറ്റാത്തതായതിനാല്‍, അന്നു വൈകീട്ട് ഞാന്‍ അവിടെനിന്നും രക്ഷപ്പെട്ടു. അതിനുശേഷം വനത്തില്‍വച്ച് എനിക്കുണ്ടായ സാഹസികാനുഭവങ്ങള്‍ പറയാനും വേണ്ടിയൊന്നുമില്ല. ഒടുവില്‍, കറുത്തവര്‍ഗ്ഗക്കാര്‍ താമസിക്കുന്ന ഒരു ഗ്രാമത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. അവര്‍ക്ക് ഉഴാനും, വിതയ്ക്കാനും, പ്രാര്‍ത്ഥിക്കാനും അറിയാമായിരുന്നു: എന്റെ പോര്‍ട്ടുഗീസ് അവര്‍ക്കു മനസ്സിലാവുകയും ചെയ്തു. ഒരു റോമിഷ് മിഷ്ണറി, ഫെര്‍ണാണ്ടസ് അച്ചന്‍, എന്നെ അദ്ദേഹത്തിന്റെ കുടിലിലേക്കു കൂട്ടിക്കൊണ്ടുപോവുകയും, യാത്ര തുടരാനാവുന്നതുവരെ എന്നെ ശുശ്രൂഷിക്കുകയും ചെയ്തു. ഒരൊളിവും കൂടാതെ അദ്ദേഹം വായ തുറക്കുന്നതും അതിലേക്ക് ഭക്ഷണം എടുത്തിടുന്നതും കാണുന്നത് എനിക്കു വളരെ അരോചകമായിത്തോന്നിയിരുന്നു. ആഹാരസമയത്ത് ഞാനപ്പോഴും വായ പൊത്തുകയോ കണ്ണു മാറ്റുകയോ ചെയ്തിരുന്നു. കുറച്ചുനാള്‍ക്കുശേഷം എന്തായാലും എനിക്കു സാധാരണരീതി കൈവരിക്കാന്‍ കഴിഞ്ഞു. ദൈവശാസ്ത്രസംബന്ധമായി ഞങ്ങള്‍ നടത്തിയ സംവാദങ്ങള്‍ വ്യക്തമായ ആനന്ദത്തോടെ ഞാനോര്‍ക്കുന്നുണ്ട്; പക്ഷേ യഥാര്‍ത്ഥമായ ക്രൈസ്തവവിശ്വാസത്തിലേക്ക് അദ്ദേഹത്തെ നയിക്കാന്‍ ഞാന്‍ ശ്രമിച്ചുനോക്കിയെങ്കിലും വിജയിച്ചില്ല.
ഞാന്‍ ഈ വിവരണം എഴുതുന്നത് ഇപ്പോള്‍ ഗ്ലാസ്‌ഗോയില്‍ ഇരുന്നുകൊണ്ടാണ്. യാഹൂക്കളെ കണ്ടുമുട്ടിയതും അവര്‍ക്കിടയില്‍ കഴിഞ്ഞതും ഞാന്‍ പറഞ്ഞു; എന്നാല്‍ ആ അനുഭവത്തില്‍ അന്തര്‍ലീനമായ ഭീഷണതയെക്കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞില്ല. അതിതുവരെയും എന്നെ വിട്ടുമാറിയിട്ടില്ല; അതിന്നും എന്റെ സ്വപ്നങ്ങളെ ഗ്രസിക്കാറുണ്ട്. തെരുവിലൂടെ നടന്നുപോകുമ്പോള്‍ ചിലപ്പോള്‍ എനിക്കു തോന്നിപ്പോകും അവരിപ്പോഴും എനിക്കു ചുറ്റുമുണ്ടെന്ന്. യാഹൂക്കള്‍ ഒരു കിരാതജനതയാണെന്ന കാര്യത്തില്‍ എനിക്കു യാതൊരു സംശയവുമില്ല; ഒരുപക്ഷേ ഭൂമുഖത്തു കണ്ടേക്കാവുന്ന ഏറ്റവും കിരാതമായ ജനത. എന്നിരിക്കിലും അവരെ ദോഷവിമുക്തരാക്കുന്ന ചില ഗുണങ്ങള്‍ അവര്‍ക്കുള്ളത് കാണാതെ പോകുന്നത് അനീതിയായിരിക്കും. അവര്‍ക്ക് അവരുടേതായ സ്ഥാപനങ്ങളുണ്ട്, അവര്‍ക്കുമൊരു രാജാവുണ്ട്, അമൂര്‍ത്തസങ്കല്പനങ്ങളെ ആധാരമാക്കിയുള്ള ഒരു ഭാഷ അവര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്; യഹൂദരേയും ഗ്രീക്കുകാരേയുംപോലെ കവിതയുടെ ദിവ്യത്വത്തിലും അവര്‍ വിശ്വസിക്കുന്നുണ്ട്; ദേഹനാശത്തെ അതിജീവിക്കുന്ന ഒരാത്മാവിനെക്കുറിച്ചും അവര്‍ക്കൊരു ധാരണയുണ്ട്. ശിക്ഷയും പാരിതോഷികവും നല്‍കുന്നതിനേയും അവര്‍ ന്യായീകരിക്കുന്നു. നമ്മുടെ പല അനാചാരങ്ങളുമിരിക്കെത്തന്നെ നാം നാഗരികതയുടെ പ്രതിനിധികളായിരിക്കുന്നതുപോലെ, തങ്ങളുടേതായ രീതിയില്‍ അവരും അതിന്റെ പ്രതിനിധികളത്രെ. കുരങ്ങുമനുഷ്യര്‍ക്കെതിരായി അവരുടെ ഭാഗം ചേര്‍ന്നു യുദ്ധം ചെയ്തതില്‍ എനിക്കു യാതൊരു കുറ്റബോധവും തോന്നുന്നില്ല. അവരുടെ ആത്മാക്കളെ വീണ്ടെടുക്കേണ്ടത് നമ്മുടെ കടമ തന്നെയാണ്; പക്ഷേ അതോടൊപ്പം, ഈ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കാന്‍ ധൈര്യപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ മഹാറാണി തിരുമനസ്സിന്റെ സര്‍ക്കാര്‍ അവഗണിക്കരുതെന്ന് ഈയുള്ളവന്‍ ഉല്ക്കടമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
യാഹൂ- ജൊനാഥന്‍ സ്വിഫ്റ്റിന്റെ 'ഗള്ളിവറുടെ യാത്രകളി'ലെ കിരാതവര്‍ഗ്ഗം.
റൂണ്‍ - മൂന്നാം നൂറ്റാണ്ടില്‍ ആംഗ്ലോ-സാക്‌സന്‍ ഗോത്രക്കാര്‍ ഉപയോഗിച്ചിരുന്ന ലിപി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ