2016, മാർച്ച് 9, ബുധനാഴ്‌ച

ലു യു - ഒരു പൂക്കാരന്റെ കഥ

download



ആ കിഴവനെ നിങ്ങൾക്കറിയുമോ,
തെക്കേക്കവാടത്തിനടുക്കൽ പൂ വില്ക്കുന്നയാളെ?
തേനീച്ചയെപ്പോലെ പൂക്കളിലാണയാളുടെ ജീവിതം.
കാലത്തയാളെ പരുത്തിപ്പൂക്കളുമായി കാണാം,
വൈകുന്നേരങ്ങളിൽ പോപ്പിപ്പൂക്കളായിരിക്കും.
നീലാകാശത്തിനു കയറിവരാൻ പാകത്തിൽ
കൂര പൊളിഞ്ഞതാണയാളുടെ പുര.
അരിക്കലം മിക്കവാറുമൊഴിഞ്ഞതും.
പൂക്കൾ വിറ്റു പണം കുറേയായെന്നു കണ്ടാൽ
കള്ളുകടയിലേക്കയാൾ വച്ചുപിടിക്കും.
ഉള്ള പണം പോയിക്കഴിഞ്ഞാൽ
പിന്നെയുമയാൾ പൂ പെറുക്കാനിറങ്ങും.
എന്നും പൂക്കൾ വിടരുന്ന വസന്തകാലത്തിൽ
അയാളുടെ മുഖത്തിനും ആ വിടർച്ച തന്നെ!
ഒരുനാളുമയാളെ തല നീർന്നു കണ്ടിട്ടില്ല.
കൊട്ടാരച്ചുമരിൽ പുതിയ നിയമങ്ങൾ പതിച്ചിട്ടുണ്ടെങ്കിൽ
അയാൾക്കതിലെന്തു കാര്യം?
പൂഴിമണ്ണിൽ പണിതതാണു സർക്കാരെങ്കിൽ
അയാൾക്കെന്തു ചേതം?
അയാളോടൊന്നു മിണ്ടാൻ ചെന്നാൽ
ഒരു മറുപടിയും നിങ്ങൾക്കു കിട്ടില്ല,
ആ ചെട പിടിച്ച മുടിയ്ക്കടിയിൽ നിന്നും
മത്തു വിടാത്തൊരു പുഞ്ചിരിയൊഴികെ.




ലു യു (733-804) - ടാങ്ങ് കാലഘട്ടത്തിൽ ജീവിച്ചിരുന്ന ചൈനീസ് കവിയും പണ്ഡിതനും. തേയിലയുടെ കൃഷി, ചായ ഉണ്ടാക്കുന്നതെങ്ങനെ, അതു കുടിയ്ക്കേണ്ടതെങ്ങനെ എന്നതൊക്കെ വിഷയമായ The Classic of Tea എന്നതാണ്‌ പ്രശസ്തമായ കൃതി.



From the English Version by Kenneth Rexroth – One Hundred  Poems from the Chinese

അഭിപ്രായങ്ങളൊന്നുമില്ല: