2016 മാർച്ച് 8, ചൊവ്വാഴ്ച

അമാദോ റൂയിസ് ദെ നെർവോ -




അമാദോ നെർവോ Amado Nervo (1870-1919)- കവിയും നോവലിസ്റ്റും ഡിപ്ലോമാറ്റുമായ നെർവോ മോഡേണിസ്മോ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മെക്സിക്കൻ കവിയായി പരിഗണിക്കപ്പെടുന്നു. അനിശ്ചിതമായ ഒരു ലോകത്ത് ആത്മജ്ഞാനത്തിനും മനഃശാന്തിക്കും വേണ്ടിയുള്ള അന്വേഷണമാണ്‌ അദ്ദേഹത്തിന്റെ കവിതകൾ. ബുദ്ധദർശനത്തിന്റെ സ്വാധീനം വളരെ പ്രകടമാണ്‌. താൻ ഏറെ സ്നേഹിച്ചിരുന്ന ഭാര്യയുടെ വിയോഗമാണ്‌ (പതിനൊന്നു വർഷമേ അവരുടെ ദാമ്പത്യം നീണ്ടുനിന്നുള്ളു) അദ്ദേഹത്തിന്റെ കവിതകളെ നിർണ്ണയിക്കുന്ന മറ്റൊരു ഘടകം.

അവളെന്നെ ഇടയ്ക്കിടെ ചുംബിച്ചു...


അവളെന്നെ ഇടയ്ക്കിടെ ചുംബിച്ചു,
ഒരാസന്നവിയോഗത്തെ ഭയന്നിട്ടെന്നപോലെ...
അശാന്തവും അധീരവുമായിരുന്നു,
അവളുടെ സ്നേഹപ്രകടനങ്ങൾ.

അത്ര വിഭ്രാന്തമായ ആ തിടുക്കം
എനിക്കു മനസ്സിലായില്ല.
എന്റെ പ്രാകൃതചിന്തകൾ
അധികദൂരത്തേക്കു പോയിരുന്നില്ലല്ലോ.
അവളെന്നാലതു മുമ്പേ കണ്ടു!

ഞങ്ങളുടെ കാലം ഹ്രസ്വമാണെന്നവൾ മുമ്പേ കണ്ടു,
കാറ്റിന്റെ പ്രഹരമേറ്റു പിഞ്ഞിയ കപ്പല്പായ
കാത്തുനില്ക്കുകയാണെന്നവൾ കണ്ടു...
തന്റെ ഉത്കണ്ഠയിലവൾ ശ്രമിക്കുകയായിരുന്നു,
ഓരോ ആലിംഗനത്തിലും തന്റെയാത്മാവിനെ എന്നെയേല്പിക്കാൻ,
ഓരോ ചുംബനത്തിലും നിത്യത നിറയ്ക്കാൻ.

(1912)

സ്തോത്രക്കാഴ്ച


ദൈവമേ, നിനക്കു ഞാനെന്റെ വേദന നിവേദിക്കുന്നു-
എനിക്കു നിവേദിക്കാനിതേയുള്ളു!
നീയെനിക്കൊരു പ്രണയം തന്നു,
ഒരേയൊരു പ്രണയം, മഹത്തായ പ്രണയം!
മരണമതെന്നിൽ നിന്നപഹരിച്ചു,
ഇപ്പോഴെനിക്കൊന്നുമില്ല, വേദനയല്ലാതെ.
ഇതു സ്വീകരിക്കൂ, തമ്പുരാനേ-
എനിക്കു നിവേദിക്കാനിതേയുള്ളു.



വഴക്കു തീർന്നു


അന്തിവെളിച്ചത്തിൽ കുളിച്ചുനില്ക്കെ, ജീവിതമേ, നിന്നെ ഞാൻ സ്തുതിക്കട്ടെ:
വ്യർത്ഥമോഹങ്ങൾ തന്നെന്നെയിന്നേവരെ ഊട്ടിയില്ലല്ലോ നീ,
ഞാനർഹിക്കാത്ത ദുഃഖങ്ങൾ നീയെനിക്കു തന്നില്ല, എനിക്കാകാത്ത ഭാരങ്ങളും;


കല്ലും മുള്ളും നിറഞ്ഞ പാത നടന്നെത്തിയതില്പിന്നെ ഞാൻ കാണുന്നു,
എന്റെ ജാതകമെഴുതിയതു ഞാൻ തന്നെയായിരുന്നുവെന്ന്,
ഞാൻ കുടിച്ച പാനീയത്തിനു മധുരമോ കയ്പോ ആയിരുന്നുവെങ്കിൽ
അതിൽ കയ്പോ മധുരമോ കലർത്തിയതു ഞാൻ തന്നെയായിരുന്നുവെന്ന്:
ഒരു പനിനീർച്ചെടി ഞാൻ നട്ടുവെങ്കിൽ അതിൽ നിന്നൊരു പൂവു ഞാനിറുക്കുകയും ചെയ്തിരുന്നു.


എന്റെ യൌവനത്തിനു പിന്നാലെയുണ്ട് ശിശിരമെന്നതു സത്യം തന്നെ;
പക്ഷേ, മേയ്മാസത്തിനവസാനമില്ലെന്നെന്നോടു നീ പറഞ്ഞിട്ടുമില്ലല്ലോ!
അതെ, ശോകത്തിന്റെ രാത്രികളെനിക്കു ദീർഘരാത്രികളായിരുന്നു,
പക്ഷേ, ആനന്ദത്തിന്റെ രാത്രികൾ മാത്രമല്ലല്ലോ നീയെനിക്കു വാഗ്ദാനം ചെയ്തതും.
പകരം നീയെനിക്കു സമാധാനത്തിന്റെ ചില രാത്രികളനുവദിക്കുകയും ചെയ്തിരുന്നു.


ഞാൻ ചിലരെ സ്നേഹിച്ചു, ചിലരെന്നെ സ്നേഹിച്ചു, സൂര്യനെന്റെ മുഖം തലോടുകയും ചെയ്തു.

ജീവിതമേ, എനിക്കുള്ള കടമൊക്കെ നീ വീട്ടിക്കഴിഞ്ഞു! ജീവിതമേ, നമ്മുടെ വഴക്കു തീർന്നു!

അഭിപ്രായങ്ങളൊന്നുമില്ല: