ഛായാചിത്രം
ഇന്നത്തെ ഈ മുഖം എനിക്കുണ്ടായിരുന്നില്ല
എത്ര പ്രശാന്തവും
എത്ര വിഷാദപൂർണ്ണവും
എത്ര ശുഷ്കിച്ചതുമാണത്.
എന്റെ കണ്ണുകൾ ഇത്ര ശൂന്യമായിരുന്നില്ല
എന്റെ ചുണ്ടുകൾ ഇത്ര വ്രണിതമായിരുന്നില്ല.
ഈ ബലം കെട്ട കൈകൾ എനിക്കുണ്ടായിരുന്നില്ല
എത്ര അനക്കമറ്റതും
തണുത്തതും മരിച്ചതുമാണവ.
പുറത്തു കാട്ടാൻ ഞാനറയ്ക്കുന്ന ഈ ഹൃദയവും
എനിക്കുണ്ടായിരുന്നില്ല.
ഈ മാറ്റം ഞാനറിഞ്ഞതേയില്ല
എത്ര ലളിതവും
അനായാസവും
സുനിശ്ചിതവുമായിരുന്നു അത്.
-ഏതു കണ്ണാടിയിലാണെനിക്കെന്റെ മുഖം നഷ്ടമായത്?
പാതിരാവിന്റെ കാവാടങ്ങൾ
പാതിരാവിന്റെ കവാടങ്ങൾ തുറക്കാൻ മാലാഖമാരെത്തുന്നു,
ആ മുഹൂർത്തത്തിൽ നിദ്രയത്ര ഗാഢം,
അത്ര വ്യാപകം നിശ്ശബ്ദതയും.
കവാടങ്ങൾ ഉരുണ്ടുതുറക്കുന്നു,
അറിയാതെ നാം നിശ്വാസമുതിർക്കുന്നു.
ഗാനങ്ങളും പാടി മാലാഖമാരെത്തുന്നു,
പറുദീസയിലെ തെന്നലിലവരുടെ കഞ്ചുകങ്ങൾ പാറുന്നു,
നമുക്കറിയാത്ത ഭാഷയിൽ ഒഴുകുമ്പോലവർ പാടുന്നു.
പൂക്കളും കനികളുമായിപ്പിന്നെ മരങ്ങളാവിർഭവിക്കുന്നു,
ചന്ദ്രനും സൂര്യനുമവയുടെ കതിരുകൾ പിണയ്ക്കുന്നു,
മഴവില്ലതിന്റെ നാടകളയയ്ക്കുന്നു,
നക്ഷത്രങ്ങളുമായിക്കലർന്നു പിന്നെ
മൃഗങ്ങളും വരവാകുന്നു.
പാതിരാവിന്റെ കവാടങ്ങൾ തുറക്കാൻ മാലാഖമാരെത്തുന്നു.
ഇനി നേരമില്ലെന്നു നാമറിയുന്നു,
ഇനി കാണാനൊരു കാഴ്ചയുമില്ല.
വിട പറയാൻ നമ്മുടെ കൈകളുയർന്നുവെന്നു നാമറിയുന്നു,
നമ്മുടെ കാലടികൾ മണ്ണിന്റെ പിടി വിട്ടുവെന്നു നാമറിയുന്നു,
പിറവികൾ തന്നാരംഭത്തിൽ പ്രവചിക്കപ്പെട്ടതാണീ യാത്ര,
അന്നേ സ്വപ്നത്തിൽ വെളിപ്പെട്ടതും.
മാലാഖമാർ നമ്മെ വന്നു ക്ഷണിക്കുന്നു,
സ്വപ്നമല്ലിതെന്നു നാം സ്വപ്നവും കാണുന്നു.
Cecilia Benevides de Carvalho Meireles (1901-1964) ബ്രസീലിയൻ കവിയും അദ്ധ്യാപികയും നാടകകൃത്തും പത്രപ്രവർത്തകയും. പോർച്ചുഗീസ് ഭാഷയിലെ ഏറ്റവും പ്രമുഖരായ കവികളിൽ ഒരാളായി കരുതപ്പെടുന്നു. വളരെ ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട സെസിലിയ മുത്തശ്ശിയുടെ സംരക്ഷണയിലാണ് വളർന്നത്. ഒമ്പതാം വയസ്സിൽ കവിതയെഴുത്തു തുടങ്ങി. പതിനെട്ടാം വയസ്സിൽ പ്രസിദ്ധീകരിച്ച Espectros എന്ന ഗീതകങ്ങളുടെ സമാഹാരത്തോടെ തന്നെ അവർ ശ്രദ്ധേയയായി. 1925 മുതൽ 39 വരെ അവർ അദ്ധ്യാപനത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു; ഇക്കാലത്ത് കുട്ടികൾക്കു വേണ്ടിയുള്ള പുസ്തകങ്ങളാണെഴുതിയത്. 1934ൽ ബ്രസീലിലെ ആദ്യത്തെ കുട്ടികൾക്കു വേണ്ടിയുള്ള ഗ്രന്ഥശാലയും സ്ഥാപിച്ചു. 1939ൽ പ്രസിദ്ധീകരിച്ച Viagem എന്ന കവിതാസമാഹാരം അവരുടെ സാഹിത്യജീവിതത്തിലേക്കുള്ള രണ്ടാം വരവിനു തുടക്കം കുറിച്ചു. 1953ൽ മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള ഒരു സെമിനാറിൽ പങ്കെടുത്തതിനു ശേഷം അവർ സംസ്കൃതവും ഹിന്ദിയും പഠിക്കുകയും ചെയ്തു. റില്ക്കെ, ഇബ്സൻ, ടാഗോർ, വിർജീനിയ വുൾഫ്, ലോർക്ക, പുഷ്ക്കിൻ ഉൾപ്പെടെയുള്ളവരുടെ കൃതികൾ ബ്രസീലിയൻ പോർച്ചുഗീസിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ