2016, മാർച്ച് 5, ശനിയാഴ്‌ച

ടി. കാർമെ - രണ്ടു കവിതകൾ

Carmi



അന്നു രാത്രിയിൽ


അവൾ പറഞ്ഞു, അയാളാണു തന്റെ സൂര്യനെന്ന്‌,
തന്റെ വെളിച്ചവും തന്റെ ചൂടും തന്റെ നന്മയുമെല്ലാം
അയാളിൽ നിന്നാണു വരുന്നതെന്ന്‌.


അയാൾ പറഞ്ഞു, അവളാണു തന്റെ സൂര്യനെന്ന്‌,
തന്റെ വെളിച്ചവും തന്റെ ചൂടും തന്റെ നന്മയുമെല്ലാം
അവളിൽ നിന്നാണു വരുന്നതെന്ന്‌.


അന്നു രാത്രിയിൽ ഒരു ചന്ദ്രനുദിച്ചു;
കടൽത്തിരകൾക്കിടയിൽ
അതു തന്റെ ഇരട്ടമുഖം കണ്ടില്ല.




ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ്‌ ഒരു മനഃസാക്ഷിവിചാരണ

ആ കുഞ്ഞുകിളിക്കു മേൽ
താൻ വണ്ടി കയറ്റിയെന്ന്
ഡ്രൈവർ അറിഞ്ഞതു പോലുമില്ല.


പെട്ടെന്നാണ്‌ അതിനൊരു പേരുണ്ടായത്,
ഒരു മേൽവിലാസവും ചിറകിനൊരു നിറവുമുണ്ടായത്.
തെരുവിന്റെ ഒത്ത നടുക്ക് അതു കിടന്നു,
മലർന്ന്, കാലുകൾ V പോലെ വായുവിലുയർത്തി.
അത്ഭുതമേ,
ലോറിക്കാർ പോലും ഇപ്പോഴതിനെ ശ്രദ്ധിച്ചു,
അവരതിനു മേൽ ഇരമ്പുന്നൊരു തുരങ്കം വിരിച്ചു,
ഒടുവിൽ ഒരു കാൽനടക്കാരൻ അതു വഴി വന്നു,
അതിനവസാനമായി ഒരു തൊഴിയും കൊടുത്തു.


ഇതൊക്കെ നടന്നത് പകൽവെളിച്ചത്തിലാണ്‌,
അടുത്തൊരു മില്ലിലെ ഈർച്ചവാളിന്റെ ഒച്ചയിലാണ്‌.
അപ്പോഴേക്കും രാത്രിയായി.
അതിപ്പോഴും അവിടെത്തന്നെയുണ്ടെന്നു തോന്നുന്നു,
ഓടയുടെ വിളുമ്പിലള്ളിപ്പിടിച്ചുകൊംണ്ട്.
മറക്കേണ്ട സംഗതികളുടെ കൂട്ടത്തിൽ
ഞാനിതു രേഖപ്പെടുത്തുന്നു.


ടി. കാർമെ T. Carmi(1925-1994). ന്യൂയോർക്കിൽ ഒരു ഹീബ്രൂ കുടുംബത്തിൽ ജനിച്ചു. 1946ൽ ഇസ്രയേലിലേക്കു കുടിയേറി. അദ്ദേഹം എഡിറ്റ്‌ ചെയ്ത The Penguin Book of Hebrew Verse ആ വിഷയത്തിലെ പ്രാമാണികഗ്രന്ഥമാണ്‌.


Link to Poetry International

അഭിപ്രായങ്ങളൊന്നുമില്ല: