2016, മാർച്ച് 13, ഞായറാഴ്‌ച

സങ്ഗെറ്റ്സു - ജീവിതത്തിന്റെ അടിസ്ഥാനപ്രമാണങ്ങൾ

 
zen-design



ടാങ്ങ് കാലത്ത് ചൈനയിൽ ജീവിച്ചിരുന്ന ഒരു സെൻ ഗുരുവാണ്‌ സങ്ഗെറ്റ്സു. അദ്ദേഹം ശിഷ്യന്മാർക്കു പറഞ്ഞുകൊടുത്തതായി വിശ്വസിക്കപ്പെടുന്ന ഉപദേശങ്ങൾ.





* ലോകത്തു ജീവിക്കുമ്പോൾത്തന്നെ അതിന്റെ പൊടി പറ്റിപ്പിടിക്കാതിരിക്കാൻ നോക്കുക.

* മറ്റൊരാൾ നല്ലതു ചെയ്യുന്നതു കാണുമ്പോൾ ആ മാതൃക പിന്തുടരാൻ സ്വയം ഉത്സാഹിപ്പിക്കുക. മറ്റൊരാളുടെ മോശമായ പ്രവൃത്തിയെക്കുറിച്ചു കേൾക്കുമ്പോൾ അതനുകരിക്കരുതെന്ന് സ്വയം ഉപദേശിക്കുക.

* ഇരുട്ടുമുറിയിൽ ഒറ്റയ്ക്കിരിക്കുകയാണെങ്കില്ക്കൂടി അഭിജാതനായ ഒരതിഥി മുന്നിലുണ്ടെന്ന മട്ടിൽ പെരുമാറുക. നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുക, എന്നാലത് നിങ്ങളുടെ പ്രകൃതത്തിനു നിരക്കുന്നതിലധികമാവുകയുമരുത്.

* നിങ്ങളുടെ ഇല്ലായ്മ നിങ്ങളുടെ നിധിയാണ്‌. അതൊരിക്കലും സുഖജീവിതവുമായി വച്ചുമാറരുത്.

* വിഡ്ഢിയെന്നു തോന്നിക്കുന്ന ഒരാൾ യഥാർത്ഥത്തിൽ അങ്ങനെയാവണമെന്നില്ല. തന്റെ ജ്ഞാനമെടുത്തു വിളമ്പാൻ വിമുഖനാണയാളെന്നു വരാം.

* സൽഗുണങ്ങൾ ആത്മശിക്ഷണത്തിന്റെ ഫലങ്ങളാണ്‌, ആകാശത്തു നിന്നു പൊഴിയുന്ന മഴയോ മഞ്ഞോ അല്ല.

* എല്ലാ സൽഗുണങ്ങളുടെയും അടിസ്ഥാനം എളിമയാണ്‌; നിങ്ങളാരെന്ന് നിങ്ങൾ ചെന്നു പറയും മുമ്പേ അയല്ക്കാരറിയട്ടെ.

* കുലീനമായ ഒരു ഹൃദയം ഒരിക്കലും മുന്നിലേക്കു തള്ളിക്കയറിവരില്ല. അതിന്റെ വാക്കുകൾ അനർഘരത്നങ്ങളാണ്‌, വല്ലപ്പോഴും പുറത്തേക്കു വരുന്നവ, അത്രയ്ക്കു വിലയുള്ളവയും.

* അന്യനെയല്ല, തന്നെത്തന്നെ തിരുത്തുക. ശരിയും തെറ്റും ചർച്ച ചെയ്യരുത്.

* ചില കാര്യങ്ങൾ, ശരിയാണവയെങ്കിൽത്തന്നെയും, പല തലമുറകളും തെറ്റായി പരിഗണിക്കും. നൂറ്റാണ്ടുകൾ കഴിഞ്ഞേ നന്മകൾ തിരിച്ചറിയപ്പെടൂ എന്നതിനാൽ ഉടനടി അംഗീകാരത്തിനായി തിടുക്കപ്പെടരുത്.

* കാരണമാവുക, ഫലം പ്രപഞ്ചനിയമങ്ങൾക്കു വിട്ടുകൊടുക്കുക. പ്രശാന്തധ്യാനത്തിൽ ദിനം കഴിക്കുക.


അഭിപ്രായങ്ങളൊന്നുമില്ല: