വെള്ളം തിരയോടു പറഞ്ഞു,
“നീയെന്നെ വിഴുങ്ങുകയാണ്.”
“അതെങ്ങനെ?”
തിര ചോദിച്ചു,
“ഞാൻ നിന്റെ വായല്ലേ?”
*
മഞ്ഞുതുള്ളി സൂര്യനോടു ചോദിച്ചു,
“നീയെന്നെ കാണുന്നുണ്ടോ?”
“ഇല്ല,” സൂര്യൻ പറഞ്ഞു,
“ഞാൻ നിന്റെ കണ്ണുകളല്ലേ.”
*
വിശറി കൊണ്ടു വീശുകയാണോ?
അങ്ങനെയല്ല.
വിശറി കാറ്റിന്റെ കൈയിലാണ്,
അതുകൊണ്ടാണ്
നമുക്കു കുളിരുന്നതും.
*
“ഞാൻ ലോകം മുഴുവൻ ചുറ്റിയിട്ടുണ്ട്,”
ഒരാൾ പറഞ്ഞു.
“പാവം മനുഷ്യൻ.
എന്നിട്ടത്രയും കാലം
സ്വന്തമുടലിൽ നിന്ന്
ഒരിഞ്ചു പോലും മുന്നേറിയിട്ടുമില്ല.”
*
“ഒന്നുമൊന്നും രണ്ട്,”
ഗണിതജ്ഞൻ പറഞ്ഞു.
ദൈവത്തിനും പൂജ്യത്തിനും
അതുമായി എന്തു സംബന്ധം!
*
കണ്ണ്
ഒരേകാംഗനാടകവേദി.
*
മരിച്ചതിൽ പിന്നെയേ
ഉടലിനു മേൽ നമുക്ക്
പൂർണ്ണവരുതി കിട്ടുന്നുള്ളു.
*
പഞ്ചാരയ്ക്ക്
അതിന്റെ രുചി അറിയില്ല.
ഒരാളതു രുചിക്കുമ്പോൾ
പഞ്ചാര അതിന്റെ രുചിയറിയുന്നു.
*
മഴ പെയ്യുമ്പോഴേ
കല്ലതിന്റെ
ഹൃദയമിടിപ്പു കേൾക്കുന്നുള്ളു.
*
നമ്മിൽ നിന്നു നമ്മിലേക്കുള്ള
ഏറ്റവും ദൂരം കുറഞ്ഞ വഴി
പ്രപഞ്ചത്തിലൂടെയാണ്.
*
വഴിയ്ക്കിരുവഴിയ്ക്കും
ഓടേണ്ടിവരുന്നു.
അതുകൊണ്ടാണതു
നീങ്ങാത്തതും.
*
“എന്റെ നഗ്നതയനുഭവിക്കൂ,”
പൂവ് സൂര്യനോടു പറഞ്ഞു,
“രാത്രിയെന്റെ തുടകളടുപ്പിക്കും മുമ്പേ.”
*
ആഴത്തിൽ നിന്നു
പുറത്തു വീണ തിര
കരയിൽ
താണുപോയി.
*
ജീവിതത്തിലേക്കെത്താൻ
തിടുക്കപ്പെട്ടോടുമ്പോൾ
ജീവിതം
അയാൾക്കു പിന്നിലാവുകയും ചെയ്തു.
*
അവളയാളുടെ കണ്ണുകളിൽ
തന്റെ ജഘനത്തിന്റെ നങ്കൂരമിട്ടു,
അയാളെ കടവടുപ്പിക്കുകയും ചെയ്തു.
*
കാറിനൊരിക്കലും
റോഡിന്റെ
സ്പീഡു കിട്ടില്ല.
*
നമ്മുടെ ഭാവവും നമ്മുടെ വാക്കുകളും
തമ്മിൽ ചേരുന്നില്ല,
അതുകൊണ്ടാണ്
മൃഗങ്ങൾക്കു നമ്മെ മനസ്സിലാകാത്തതും.
*
ചിരി പ്രാദേശികമാണ്;
പുഞ്ചിരി മുഖം മുഴുവൻ പരക്കുന്നു.
*
മൃഗങ്ങളുണരുന്നത്
ആദ്യം മുഖം കൊണ്ട്,
പിന്നെ ഉടലു കൊണ്ടും.
മനുഷ്യരുടെ ഉടലാണ്
മുഖത്തെക്കാൾ മുമ്പുണരുക.
മൃഗമുറങ്ങുന്നത്
അതിന്റെ ഉടലിനുള്ളിൽ;
മനുഷ്യനുറങ്ങുന്നത്
മനസ്സിൽ ഉടലുമായി.
*
കുരങ്ങൻ മനുഷ്യനേക്കാൾ ഉത്കൃഷ്ടനാവുന്നത്
ഇങ്ങനെയാണ്:
കുരങ്ങൻ കണ്ണാടി നോക്കുമ്പോൾ
കുരങ്ങനെത്തന്നെയാണ് കാണുന്നത്.
*
സ്ത്രീകൾ നമ്മെ
കവികളാക്കുന്നു.
കുട്ടികൾ നമ്മെ
ദാർശനികരാക്കുന്നു.
*
ആശയവാദി
വിരലൂന്നി നടക്കുന്നു,
ഭൗതികവാദി
മടമ്പൂന്നിയും.
*
നഗരങ്ങളിലല്ലാതെവിടെയും
സൂര്യൻ ശുദ്ധമായ കമ്മ്യൂണിസമാണ്,
അവിടങ്ങളിൽ സ്വകാര്യസ്വത്തും.
*
എന്റെ ചുമലുകളുടെ
ഉടമസ്ഥനാണു ഞാൻ,
എന്റെ ഇടുപ്പിന്റെ
വാടകക്കാരനും.
*
കണ്ണു കൊണ്ടു വാദിക്കുന്ന
വക്കീലാണ്,
മൗനം.
*
ചെടിയുടെ കർണ്ണപുടങ്ങളാണ്
പൂവിതളുകൾ;
വിദൂരശബ്ദങ്ങൾ കേൾക്കുമ്പോൾ
അവ വിറ കൊള്ളും,
ഭൂകമ്പമാപിനിയുടെ സൂചി പോലെ.
*
കാറ്റിനതിന്റെ
വിരൽനഖങ്ങൾ
കിട്ടുന്നത്
മുള്ളുകൾക്കിടയിൽ
നിന്ന്
*
വെളിച്ചം
സന്ധ്യയുടെ കീശയിൽ
കൈയിട്ടു,
ഒരു നക്ഷത്രം
വലിച്ചെടുത്തു.
*
അകലെ നിന്നു നോക്കുമ്പോൾ
മൃഗങ്ങളുടെ ചേഷ്ടകൾ
മനുഷ്യന്റേതു പോലെ തോന്നും,
മനുഷ്യന്റെ ചേഷ്ടകൾ
മൃഗങ്ങളുടേതു പോലെയും.
*
വിരലുകളെ പഠിപ്പിക്കാം;
തള്ളവിരൽ പക്ഷേ,
പിറന്നതേ പഠിച്ചിട്ടാണ്.
*
ആദമിനു ഹവ്വ മതത്തിന്റെ ആദിരൂപമായിരുന്നു; ആദം ഹവ്വയ്ക്ക് ദൈവത്തിന്റെ ആദിമുഖവും. പതനത്തിനു ശേഷമാണ് ആദവും ഹവ്വയും തങ്ങൾക്കു പുറത്ത് ദൈവത്തെ തേടാൻ തുടങ്ങിയത്.
*
Malcolm Di Chazal (1902-1981) മൗറീഷ്യസുകാരനായ ഫ്രഞ്ച് സറിയലിസ്റ്റു കവിയും ചിത്രകാരനും; സൂത്രരൂപത്തിലുള്ള കവിതകളും നിരീക്ഷണങ്ങളുമടങ്ങിയ Sense-Plastique പ്രധാനപ്പെട്ട കൃതി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ