നോർവ്വേക്കാർ പരാജയമടഞ്ഞ ക്ലോന്റാർഫിലെ യുദ്ധം കഴിഞ്ഞയുടനെ അയർലന്റിലെ മഹാരാജാവ് കൊട്ടാരംകവിയെ വിളിപ്പിച്ചു.
'എത്ര മഹത്തായ പ്രവൃത്തിയും വാക്കുകളിൽ ആലേഖനം ചെയ്യുന്നില്ലെങ്കിൽ ഒളിമങ്ങിപ്പോകുന്നു,' രാജാവ് കവിയോടു പറഞ്ഞു,'നിങ്ങൾ എന്റെ വിജയത്തെ കീർത്തിക്കണം,എന്നെ പുകഴ്ത്തിപ്പാടണം. ഞാൻ എയ്നിയാസ് ആകാം, നിങ്ങൾ എന്റെ വർജിലും. നമ്മെ രണ്ടുപേരെയും അനശ്വരാക്കാൻ പോന്ന ഈ ഉദ്യമം ഏറ്റെടുക്കാൻ വേണ്ട പ്രാപ്തി നിങ്ങൾക്കുണ്ടെന്നു തോന്നുന്നുണ്ടോ?'
'ഉവ്വെന്റെ പ്രഭോ,' കവി പറഞ്ഞു.'ഒലാൻ ആണു ഞാൻ.പന്ത്രണ്ടു ഹേമന്തങ്ങൾ ഞാൻ ഛന്ദസ്സിന്റെ ചിട്ടകളിൽ ശിക്ഷണം നേടി. യഥാർത്ഥകവിതയ്ക്കാധാരമായ മുന്നൂറ്ററുപതു പുരാവൃത്തങ്ങൾ എനിക്കു ഹൃദിസ്ഥമാണ്. ഉൾസ്റ്ററിലേയും മുൺസ്റ്ററിലേയും ഗാനചക്രങ്ങൾ എന്റെ സാരംഗിയുടെ തന്ത്രികളിലുണ്ട്. നമ്മുടെ മൊഴിയിലെ ഏറ്റവും പ്രാചീനമായ പദങ്ങളും സങ്കീർണ്ണമായ രൂപകങ്ങളും ലോഭമെന്യേ പ്രയോഗിക്കാൻ നിയമം എനിക്കു വരുതി നൽകിയിരിക്കുന്നു. സാമാന്യജനതയുടെ വിവേചനശൂന്യമായ കണ്ണുകളിൽ നിന്ന് നമ്മുടെ കലയെ കാത്തുസൂക്ഷിക്കുന്ന ഗൂഢലിപിയും ഞാൻ വശമാക്കിയിട്ടുണ്ട്. പ്രണയങ്ങൾ,കാലിമോഷണങ്ങൾ,സമുദ്രയാത്രകൾ,യുദ്ധങ്ങൾ ഇവയൊക്കെ കൊണ്ടാടാൻ എനിക്കറിയാം. അയർലണ്ടിലെ സകല രാജവംശങ്ങളുടെയും വംശപ്പെരുമകൾ ഞാൻ പഠിച്ചുവച്ചിട്ടുണ്ട്. ജ്യോതിഷം,ഗണിതം,സഭാപ്രമാണസംഹിത,സസ്യങ്ങളുടെ ഔഷധശക്തി ഇവയും എനിക്കജ്ഞാതമല്ല. വാദപ്രതിവാദങ്ങളിൽ ഞാൻ പ്രതിയോഗികളെ അടിയറവു പറയിച്ചിട്ടുള്ളതാണ്. കുഷ്ടമുൾപ്പെടെയുള്ള ചർമ്മവ്യാധികൾ പരത്തുന്ന പരിഹാസകവനത്തിലും ഞാൻ നിപുണനാണ്. അങ്ങയുടെ യുദ്ധങ്ങളിൽ തെളിയിച്ചിട്ടുള്ളതുപോലെ വാളെടുത്തു പെരുമാറാനുംഎനിക്കറിയാം. എനിക്കറിയാത്തതായി ഒന്നേയുള്ളു-അങ്ങെനിക്കു കൽപ്പിച്ചുതരുന്ന പാരിതോഷികത്തിന് എങ്ങനെ നന്ദി പറയണമെന്നു മാത്രം.'
നീണ്ട പ്രഭാഷണങ്ങൾ,അന്യരുടെ പ്രത്യേകിച്ചും, കേട്ടാൽ പെട്ടെന്നു തളർന്നുപോകുന്ന രാജാവ് ആശ്വാസത്തോടെ കവിയോടു പറഞ്ഞു:'ഇക്കാര്യങ്ങളൊക്കെ എനിക്കു നന്നായിട്ടറിയാവുന്നതാണ്. അടുത്തിടെ ഇംഗ്ലണ്ടിൽ വാനമ്പാടി പാടിയതായി പറഞ്ഞുകേട്ടു. മഴയും മഞ്ഞും മാറി, ദക്ഷിണദേശത്തു നിന്ന് വാനമ്പാടി തിരിയെ എത്തുമ്പോൾ രാജസദസ്സിനും കവിസംഘത്തിനും മുമ്പാകെ നിങ്ങൾ നമ്മുടെ പ്രശസ്തി പാടും. നാം നിങ്ങൾക്ക് ഒരു മുഴുവൻ വർഷം തന്നിരിക്കുന്നു. നിങ്ങൾ ഓരോ വാക്കും ഓരോ അക്ഷരവും തേച്ചുമിനുക്കും. പ്രതിഫലം, നിങ്ങൾക്കറിയാമല്ലോ,നമ്മുടെ മര്യാദയ്ക്കോ, പ്രചോദനം കൊണ്ടു നിർന്നിദ്രമായ നിങ്ങളുടെ രാവുകൾക്കോ അപകർഷമണയ്ക്കുന്നതാവുകയുമില്ല.'
'അല്ലയോ രാജാവേ, അങ്ങയുടെ തിരുമുഖം ദർശിക്കുക എന്നതുതന്നെ വലിയ പ്രതിഫലം,'സ്തുതിപാഠകൻ കൂടിയായിരുന്ന കവി പറഞ്ഞു.
അപ്പോൾത്തന്നെ ഒന്നുരണ്ടു വരികൾ മനസ്സിൽ കണ്ടുകൊണ്ട് കവി കുമ്പിട്ടു പിൻവാങ്ങി.
ഒരാണ്ടു കഴിഞ്ഞപ്പോൾ-മഹാമാരികളുടെയും കലാപങ്ങളുടെയും കാലമായിരുന്നു അത്- കവി തന്റെ പ്രശസ്തികാവ്യം സമർപ്പിച്ചു.
എഴുതിയതിൽ കണ്ണോടിക്കുക കൂടിച്ചെയ്യാതെ,ആത്മവിശ്വാസത്തോടെ സാവധാനം അയാൾ കവിത ഉരുക്കഴിച്ചു. ഒരു തലയനക്കം കൊണ്ട് രാജാവ് തന്റെ അഭിനന്ദനം പ്രകാശിപ്പിച്ചു. ഒരക്ഷരം കേൾക്കാനാവാതെ വാതിൽക്കൽ തിങ്ങിക്കൂടിയവരുൾപ്പെടെ സകലരും അദ്ദേഹത്തിന്റെ ചേഷ്ടയെ അനുകരിച്ചു.
ഒടുവിൽ രാജാവു പറഞ്ഞു:
'നാം നിങ്ങളുടെ പ്രയത്നത്തെ വിലമതിക്കുന്നു. ഇതു മറ്റൊരു വിജയമത്രെ. നിങ്ങൾ ഓരോ വാക്കിനും അതിന്റേതായ അർത്ഥം നൽകിയിരിക്കുന്നു, ഓരോ നാമപദത്തിനും ആദികവികൾ കൽപ്പിച്ച വിശേഷണങ്ങളും ചാർത്തിയിരിക്കുന്നു. നിങ്ങളുടെ ഈ കാവ്യത്തിൽ പ്രാചീനസാഹിത്യത്തിനജ്ഞാതമായ ഒരു ബിംബം പോലുമില്ല. യുദ്ധം 'മനുഷ്യർ കെട്ടുപിണയുന്ന മനോഹരജാല'മത്രെ; ചോര ‘വാളിനു പാനീയവും’. സമുദ്രത്തിൽ ഒരു ദേവനുണ്ട്, മേഘങ്ങൾ ഭാവി പറയുകയും ചെയ്യുന്നു. പ്രാസം,അനുപ്രാസം,ശബ്ദസാമ്യം,പണ്ഡിതവാഗ്മിതയുടെ കൗശലങ്ങൾ,സമർത്ഥമായ വൃത്തവ്യതിയാനങ്ങൾ ഒക്കെയും നിങ്ങൾ നിപുണമായി കൈകാര്യം ചെയ്തിരിക്കുന്നു. അയർലണ്ടിലെ സമസ്തസാഹിത്യവും നശിച്ചുപോകാനിടവന്നാൽക്കൂടിയും-അറം പറ്റാതിരിക്കട്ടെ-അതൊന്നാകെ നിങ്ങളുടെ ഈ കൃതിയിൽ നിന്ന് ഒരു നഷ്ടവും കൂടാതെ വീണ്ടെടുക്കാനാകും. മുപ്പതെഴുത്തുകാർ പന്ത്രണ്ടു പകർപ്പുകളെടുക്കട്ടെ.'
ഒരു നിശ്ശബ്ദത പരന്നു. പിന്നെ രാജാവു തുടർന്നു:
'എല്ലാം കൊള്ളാം, പക്ഷേ ഒന്നും സംഭവിച്ചിട്ടില്ല. നമ്മുടെ സിരകളിൽ രക്തത്തിനു ഗതിവേഗം കൂടിയിട്ടില്ല,നമ്മുടെ കൈകൾ വില്ലെടുക്കാനാഞ്ഞിട്ടുമില്ല. ഒരാളുടെ കവിളും നിറം പകർന്നിട്ടില്ല. ഒരാളെങ്കിലും പോർവിളി മുഴക്കുകയോ, വൈക്കിംഗുകൾക്കെതിരു നിൽക്കാൻ സന്നദ്ധനാവുകയോ ചെയ്തിട്ടില്ല. ഒരാണ്ട് തികയുന്നതിനു മുമ്പ് കവേ, നാം മറ്റൊരു ഗീതത്തെ പ്രശംസിക്കും. നമ്മുടെ നന്ദിയുടെ സൂചകമായി ഈ കണ്ണാടി എടുത്തുകൊൾക, വെള്ളി കൊണ്ടുള്ളതാണിത്.'
'അങ്ങെയ്ക്കു നന്ദി,' കവി പറഞ്ഞു 'എനിക്കു മനസ്സിലായി, ഞാൻ അനുസരിക്കുകയും ചെയ്യുന്നു.'
ആകാശത്തിലെ നക്ഷത്രങ്ങൾ ഒരിക്കൽക്കൂടി അവയുടെ ദീപ്തപഥങ്ങൾ താണ്ടി. സാക്സൺകാടുകളിൽ വീണ്ടും വാനമ്പാടിയുടെ ഗാനമുയർന്നു. കവി തന്റെ കൃതിയുമായി മടങ്ങിയെത്തി-അതു മുമ്പത്തേതിനെക്കാൾ ഹ്രസ്വമായിരുന്നു. ഇത്തവണ അയാളത് ഓർമ്മയിൽ നിന്നുരുവിടുകയല്ല ചെയ്തത്, നോക്കി വായിക്കുകയാണ്; തനിക്കുതന്നെ തീർച്ചയില്ലാത്തപോലെ. ചില ഭാഗങ്ങൾ തനിക്കുതന്നെ പൂർണ്ണമായി ഗ്രഹിക്കാനായിട്ടില്ലെന്നപോലെയോ, അതോ അശുദ്ധമാക്കാൻ മടിച്ചിട്ടെന്നപോലെയോ അയാൾ വിട്ടുകളയുകയും ചെയ്തു. വരികൾ വിചിത്രമായിരുന്നു. അതു യുദ്ധത്തിന്റെ വർണ്ണനയായിരുന്നില്ല, യുദ്ധം തന്നെയായിരുന്നു. ആ കലാപത്തിൽ ത്രിത്വവും ഏകവുമായ ദൈവവും, അയർലണ്ടിലെ പാഗൻദേവതകളും, നൂറ്റാണ്ടുകൾക്കിപ്പുറം എൽഡർ എഡ്ഡായുടെ പ്രാരംഭത്തിൽ യുദ്ധം ചെയ്യാനിരിക്കുന്നവരുമൊക്കെ ഒന്നിനോടൊന്നു കെട്ടുപിണഞ്ഞു. കവിതയുടെ രൂപവും അത്രയ്ക്കസാധാരണമായിരുന്നു. ഏകവചനമായ നാമം ബഹുവചനക്രിയയെ ഭരിച്ചു. ഉപസർഗ്ഗങ്ങൾ സാമാന്യപ്രയോഗത്തിൽ നിന്നു വ്യത്യസ്തമായിരുന്നു. പാരുഷ്യവും മാധുര്യവും മാറിമാറിവന്നു. രൂപകങ്ങൾ അനിയതമായിരുന്നു,അല്ലെങ്കിൽ അങ്ങനെ തോന്നിച്ചു.
രാജാവ് ചുറ്റും നിന്ന പണ്ഡിതന്മാരുമായി എന്തോ ചിലതു സംസാരിച്ചു. പിന്നെ അദ്ദേഹം കവിയെ ഇങ്ങനെ അഭിസംബോധന ചെയ്തു:
'നിങ്ങളുടെ ആദ്യത്തെ ഗീതം അയർലണ്ടിൽ ഇന്നേവരെ പാടിയിട്ടുള്ളതിന്റെയൊക്കെ സമഞ്ജസമായ സംക്ഷേപമാണെന്നു നാം വിധിച്ചു. എന്നാൽ ഈയൊന്നാകട്ടെ, മുമ്പു വന്നതിനെയൊക്കെ അതിശയിക്കുന്നു, എന്തിന് അവയെ തുടച്ചുമാറ്റുക കൂടിച്ചെയ്യുന്നു. ഇതു ത്രസിപ്പിക്കുന്നു, സ്തബ്ധരാക്കുന്നു,വിസ്മയമുളവാക്കുന്നു. അജ്ഞരുടെ തലയ്ക്കുള്ളിലേക്ക് ഇതു കടക്കില്ല, അവരുടെ പ്രശംസകളും നിങ്ങൾക്കുള്ളതല്ല. വിദ്വാന്മാരായ ചിലരുടെ സ്തുതികൾ പക്ഷേ-ഹാ! ഒരു ദന്തപേടകത്തിൽ ഈ ഒറ്റപ്രതി നിക്ഷിപ്തമാകും. ഇത്രയും ഉത്കൃഷ്ടമായ ഒരു കൃതി രചിച്ച ഒരു തൂലികയിൽ നിന്ന് ഇതിനേക്കാൾ ഉദാത്തമായ മറ്റൊന്ന് നമുക്കു പ്രതീക്ഷിക്കാം...'
പിന്നെ ഒരു മന്ദഹാസത്തോടെ അദ്ദേഹം കൂട്ടിച്ചേർത്തു:
'ഒരു യക്ഷിക്കഥയിലെ കഥാപാത്രങ്ങളാണു നാം. യക്ഷിക്കഥകളിൽ മൂന്നിനാണു പ്രാബല്യം എന്നറിയാമല്ലോ.'
'മാന്ത്രികന്റെ മൂന്നു വരങ്ങൾ, ത്രയങ്ങൾ, നിർവ്വിവാദമായ ത്രിത്വം,' അത്രയ്ക്കേ കവിയ്ക്കു മന്ത്രിക്കാനായുള്ളു.
രാജാവു തുടർന്നു:
'നമ്മുടെ നന്ദിയുടെ സൂചകമായി ഈ മുഖംമൂടി എടുത്തുകൊള്ളുക. സ്വർണ്ണം കൊണ്ടുള്ളതാണിത്.'
'അങ്ങെയ്ക്കു നന്ദി. എനിക്കു മനസ്സിലായി, ഞാൻ അനുസരിക്കുകയും ചെയ്യുന്നു,' കവി പറഞ്ഞു.
ഒരാണ്ടു കഴിഞ്ഞു. കവി വെറുംകൈയോടെയാണെത്തിയിരിക്കുന്നതെന്ന് കൊട്ടാരംകാവൽക്കാർ ശ്രദ്ധിച്ചു. രാജാവ് വിസ്മയത്തോടെ കവിയെ നോക്കി: അയാൾ വല്ലാതെ മാറിപ്പോയിരിക്കുന്നു.വെറും കാലമല്ല, മറ്റെന്തോ അയാളുടെ മുഖത്തെ ഉഴുതിളക്കുകയും മാറ്റിമറിക്കുകയും ചെയ്തിരിക്കുന്നു. അയാളുടെ കണ്ണുകൾ വിദൂരതയിലെങ്ങോ തങ്ങിനിൽക്കുന്നു; അവ അന്ധമാണെന്നും തോന്നിപ്പോയി. രാജാവിനോട് ഒന്നു സംസാരിക്കാൻ കവി അനുമതി യാചിച്ചു. അടിമകൾ സഭ വിട്ടുപോയി.
'നിങ്ങൾ ഗീതമെഴുതിയില്ലേ?' രാജാവു ചോദിച്ചു.
'ഉവ്വ്' കവി വിഷാദത്തോടെ പ്രതിവചിച്ചു. 'കർത്താവതു വിലക്കിയിരുന്നെങ്കിൽ.'
'നിങ്ങൾക്കതു ചൊല്ലാമോ?'
'എനിക്കതിനു ധൈര്യമില്ല.'
'ആ ധൈര്യം ഞാൻ നിങ്ങൾക്കു നൽകുന്നു,' രാജാവു പ്രഖ്യാപിച്ചു.
കവി കവിത ചൊല്ലി. അതൊറ്റവരിയായിരുന്നു.
അതു വീണ്ടുമൊന്നുറക്കെച്ചൊല്ലാൻ ധൈര്യം വരാതെ, അതേതോ നിഗൂഢമന്ത്രമോ ദൈവനിന്ദയോ ആണെന്നപോലെ കവിയും അയാളുടെ രാജാവും കവിതയുച്ചരിച്ചു. കവിയെപ്പോലെതന്നെ രാജാവും വികാരാധീനനും ചകിതനുമായിപ്പോയി. ഇരുവരും വിളറിവെളുത്ത് പരസ്പരം നോക്കി.
'എന്റെ ചെറുപ്പത്തിൽ,'രാജാവു പറഞ്ഞു,'അസ്തമയത്തിനു നേർക്കു ഞാൻ യാത്ര ചെയ്തു. സ്വർണ്ണപ്പന്നികളിൽ മരണം വിതയ്ക്കുന്ന വെള്ളിനായ്ക്കളെ ഒരു ദ്വീപിൽ ഞാൻ കണ്ടു. മറ്റൊരു ദ്വീപിൽ ഞങ്ങൾ മാന്ത്രികഫലങ്ങളുടെ സൗരഭ്യം നുകർന്നു. മറ്റൊന്നിൽ ഞാൻ അഗ്നിച്ചുമരുകൾ കണ്ടു. ഏറ്റവും വിദൂരമായ ദ്വീപിൽ കമാനാകൃതിയിൽ ഒരു നദി ആകാശത്തെ പിളർന്നൊഴുകിയിരുന്നു; മത്സ്യങ്ങളും നൗകകളും അതിൽ നീന്തിനടക്കുന്നു. അവയൊക്കെ അത്ഭുതങ്ങളായിരുന്നു. പക്ഷേ അവയൊന്നും നിങ്ങളുടെ ഈ കവിതയോടുപമിക്കാവുന്നതല്ല. അവയൊക്കെ ഏതോതരത്തിൽ ഇതിലടങ്ങുകയും ചെയ്യുന്നു. എന്താഭിചാരമാണു നിങ്ങൾക്കിതു നൽകിയത്?'
'പുലർച്ചയ്ക്കു ഞാൻ ഉണരുന്നത് ആദ്യം എനിക്കു മനസ്സിലാകാത്ത വാക്കുകൾ ഉരുവിട്ടുകൊണ്ടാണ്,' കവി പറഞ്ഞു.'ആ വാക്കുകളാണ് ഈ കവിത. ഞാനെന്തോ പാപം ചെയ്തപോലെ എനിക്കു തോന്നി. പരിശുദ്ധാത്മാവു പൊറുക്കാത്ത ആ പാപം.'
'ഇപ്പോൾ നാമിരുവർ പങ്കുവയ്ക്കുന്ന പാപം,'രാജാവ് ചിന്തയിലാണ്ടപോലെ മന്ത്രിച്ചു.'സൗന്ദര്യത്തെ,മനുഷ്യനു നിഷിദ്ധമായ ആ സിദ്ധിയെ അറിഞ്ഞുവെന്ന പാപം. ആ പാപത്തിനു നാം ഉപശാന്തി ചെയ്യണം. ഒരു കണ്ണാടിയും സ്വർണ്ണമുഖംമൂടിയും ഞാൻ നിങ്ങൾക്കു തന്നു. ഇതാ എന്റെ മൂന്നാമത്തെ ഉപഹാരം, അവസാനത്തേതുമാണിത്.'
കവിയുടെ വലതുകൈയിൽ അദ്ദേഹം ഒരു കഠാര വച്ചുകൊടുത്തു.
കവിയെക്കുറിച്ചു നമുക്കറിയാവുന്നത്, കൊട്ടാരം വിട്ടയുടനെ അയാൾ പോയി ആത്മഹത്യ ചെയ്തുവെന്നാണ്; രാജാവിന്റെ കാര്യമാകട്ടെ, ഒരു കാലത്തു താൻ ഭരിച്ചിരുന്ന അയർലണ്ടിലെ പാതകൾ തെണ്ടുകയാണദ്ദേഹമെന്നും പിന്നീടൊരിക്കൽപ്പോലും അദ്ദേഹം ആ കവിത ചൊല്ലിയിട്ടില്ലെന്നും നമുക്കറിയാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ