പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ, ഉദയത്തിന്റെ പാതിവെളിച്ചം മുതൽ അസ്തമയത്തിന്റെ പാതിവെളിച്ചം വരെ ഒരു പുള്ളിപ്പുലിയുടെ കണ്ണുകൾ , ചില തടിപ്പലകകളും ചില ഇരുമ്പഴികളും മാറിമാറിവരുന്ന ചില സ്ത്രീപുരുഷന്മാരെയും ശൂന്യമായൊരു ഭിത്തിയും പിന്നെ കരിയിലകൾ വീണുകിടക്കുന്ന ഒരു കൽത്തൊട്ടിയും നോക്കിക്കിടന്നു. അതിനറിയുമായിരുന്നില്ല, അറിയാനുള്ള ശേഷിയും അതിനുണ്ടായിരുന്നില്ല, താൻ ദാഹിച്ചത് പ്രണയത്തിനും ക്രൂരതയ്ക്കും വേണ്ടിയാണെന്ന്, ഇറച്ചിത്തുണ്ടം കടിച്ചുകീറുന്നതിന്റെ പൊള്ളുന്ന സന്തോഷത്തിനാണെന്ന്, ഒരു പുള്ളിമാനിന്റെ ഗന്ധം പേറിവരുന്ന ഇളംകാറ്റിനാണെന്ന്; അതിനുള്ളിൽ എന്തോ കിടന്നു വീർപ്പുമുട്ടി, അതിനുള്ളിൽ എന്തോ ഒന്നു കുതറി; പിന്നെ സ്വപ്നത്തിൽ ദൈവം അതിനോടരുളി: നിന്റെ ജീവിതവും മരണവും ഈ തടവറയ്ക്കുള്ളിൽത്തന്നെ; ഞാനറിയുന്ന ഒരുവൻ ചില തവണ നിന്നെക്കാണുന്നതിനും, നിന്നെ ഓർമ്മവയ്ക്കുന്നതിനും, പ്രപഞ്ചത്തിന്റെ ഇഴയോട്ടത്തിൽ കൃത്യമായ സ്ഥാനമുള്ള ഒരു കവിതയിൽ നിന്റെ രൂപവും പ്രതീകവും നിവേശിപ്പിക്കുന്നതിനുമായിട്ടത്രേ അതിങ്ങനെയായി. നീ ബന്ധനം അനുഭവിക്കും, പക്ഷേ അതുവഴി ഒരു കവിതയ്ക്ക് നീയൊരു പദം നൽകുകയും ചെയ്തിരിക്കും. സ്വപ്നത്തിൽ ദൈവം ആ ജന്തുവിന്റെ പ്രാകൃതബോധത്തെ ദീപ്തമാക്കി; ഹേതുക്കൾ ഉള്ളറിഞ്ഞ ആ മൃഗമാവട്ടെ, തന്റെ വിധിയ്ക്കു സ്വയം വിട്ടുകൊടുക്കുകയും ചെയ്തു. സ്വപ്നം തെളിഞ്ഞപ്പോൾപ്പക്ഷേ, അവ്യക്തമായൊരു ശാന്തി മാത്രമേ അതിനു തോന്നിയുള്ളു, തീവ്രമായൊരൊജ്ഞത; എന്തെന്നാൽ ഒരു കാട്ടുജന്തുവിന്റെ ലാളിത്യത്തിനു മുന്നില്‍ എത്രയോ സങ്കീര്‍ണ്ണമാണ് പ്രപഞ്ചമെന്ന യന്ത്രം.
വർഷങ്ങൾക്കു ശേഷം റാവെന്നായിൽ മരണം കാത്തുകിടക്കുകയാണ് ദാന്തേ, മറ്റേതു മനുഷ്യനെയും പോലെ ന്യായീകരണമേതുമില്ലാതെയും ഏകാകിയായും. ഒരു സ്വപ്നത്തിൽ ദൈവം അദ്ദേഹത്തിന് തന്റെ ജീവിതത്തിന്റെയും കർമ്മത്തിന്റെയും നിഗൂഢമായ ഉദ്ദേശ്യം വെളിവാക്കിക്കൊടുത്തു; അങ്ങനെ ഒടുവിൽ ദാന്തേ വിസ്മയത്തോടെ അറിയുന്നു, താനാരാണെന്ന്, താനെന്താണെന്ന്, അനുഗ്രഹങ്ങളായിരുന്നു തന്റെ ജീവിതദുഃഖങ്ങളെന്ന്. ഉറക്കമുണർന്നപ്പോൾ അനന്തമായ എന്തോ ഒന്ന് തനിക്കു കൈവന്നതായും, പിന്നെയതു കൈവിട്ടുപോയതായും അദ്ദേഹത്തിനു തോന്നലുണ്ടായി എന്നാണു ശ്രുതി; ഇനിയൊരിക്കലും തനിക്കു തിരിച്ചുകിട്ടാത്തതും, ഒരു ദൂരവീക്ഷണം പോലും സാദ്ധ്യമല്ലാത്തതുമായ ഒന്ന്; എന്തെന്നാൽ, മനുഷ്യരുടെ ലാളിത്യത്തിനു മുന്നില്‍ എത്രയോ സങ്കീര്‍ണ്ണമാണ് പ്രപഞ്ചമെന്ന യന്ത്രം.
Inferno, I, 32 :: J. L. Borges
From the twilight of day till the twilight of evening, a leopard, in the last years of the thirteenth century, would see some wooden planks, some vertical iron bars, men and women who changed, a wall and perhaps a stone gutter filled with dry leaves. He did not know, could not know, that he longed for love and cruelty and the hot pleasure of tearing things to pieces and the wind carrying the scent of a deer, but something suffocated and rebelled within him and God spoke to him in a dream: “You live and will die in this prison so that a man I know of may see you a certain number of times and not forget you and place your figure and symbol in a poem which has its precise place in the scheme of the universe. You suffer captivity, but you will have given a word to the poem.” God, in the dream, illumined the animal’s brutishness and the animal understood these reasons and accepted his destiny, but, when he awoke, there was in him only an obscure resignation, a valorous ignorance, for the machinery of the world is much too complex for the simplicity of a beast.Years later, Dante was dying in Ravenna, as unjustified and as lonely as any other man. In a dream, God declared to him the secret purpose of his life and work; Dante, in wonderment, knew at last who and what he was and blessed the bitterness of his life. Tradition relates that, upon waking, he felt that he had received and lost an infinite thing, something that he would not be able to recuperate or even glimpse, for the machinery of the world is much too complex for the simplicity of men.
Translated by J. E. I.
image 1 by William Blake
image 2 by Luca Signorelli
1 അഭിപ്രായം:
beautiful!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ