2016, മാർച്ച് 24, വ്യാഴാഴ്‌ച

മാഴ്സൽ ഷ്വോബ്‌ - ഭാവനാജീവിതങ്ങൾ





പൗലോ ഉചെല്ലോ-ചിത്രകാരൻ


അയാളുടെ ശരിക്കുള്ള പേര്‌ പൗലോ ഡി ഡോണോ എന്നായിരുന്നു; എന്നാൽ ഫ്ലോറൻസുകാർ അയാളെ വിളിച്ചുപോന്നത്‌ പൗലോ ഉചെല്ലോ അഥവാ പക്ഷിക്കാരൻ ഉചെല്ലോ എന്നാണ്‌; അയാളുടെ വീടു നിറയെ പക്ഷികളുടെയും മൃഗങ്ങളുടെയും ചിത്രങ്ങളായിരുന്നു എന്നതാണതിനു കാരണം. മൃഗങ്ങളെ പോറ്റാനോ തനിക്കു പരിചയമില്ലാത്തവയെ വാങ്ങിവളർത്താനോ തന്റെ ദാരിദ്ര്യം അയാളെ അനുവദിച്ചുമില്ല. പാദുവായിൽ വച്ച്‌ അയാൾ ചതുർഭൂതങ്ങളുടെ ഒരു ചുമർചിത്രം വരച്ചതിനെക്കുറിച്ച്‌ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്‌: അതിൽ വായുവിനെ പ്രതിനിധാനം ചെയ്യാൻ അയാൾ ഒരോന്തിനെയാണ്‌ വരച്ചത്‌; പക്ഷേ ഓന്തിനെ കണ്ടിട്ടേയില്ലാത്ത ഉചെല്ലോ അതിനെ ചിത്രീകരിച്ചത്‌ ഉന്തിയ വയറും തുറന്ന വായയുമൊക്കെയായി ഒരൊട്ടകത്തെപ്പോലെയും.(അതേസമയം,വാസരി വിശദീകരിക്കുന്നതുപോലെ, ഓന്ത്‌ ശുഷ്കിച്ച പല്ലി പോലത്തെ ഒരു ജന്തുവും ഒട്ടകം പൂഞ്ഞയുള്ള ഒരു തടിയൻ മൃഗവുമാണല്ലോ.) ഉചെല്ലോയ്ക്കു പക്ഷേ വസ്തുക്കളുടെ യാഥാർത്ഥ്യം പ്രശ്നമായിരുന്നില്ല; അവയുടെ വൈവിധ്യവും അവയുൾക്കൊള്ളുന്ന അനന്തരേഖകളുമാണ്‌ അയാളെ ആകർഷിച്ചത്‌. അങ്ങനെ അയാളുടെ ചിത്രങ്ങളിൽ പാടങ്ങൾക്കു നീലനിറമായി, നഗരങ്ങൾക്കു ചുവപ്പുരാശിയായി, തീതുപ്പുന്ന കരിംകുതിരകൾക്കു മേൽ കറുത്ത പടച്ചട്ടയണിഞ്ഞ പടയാളികൾ സൂര്യരശ്മികൾ പോലെ ആകാശത്തെ തുളച്ചുകേറുന്ന കുന്തങ്ങളും പേറി പാഞ്ഞുപോയി. മസോച്ചിയോ വരയ്ക്കുന്നത്‌ അയാളുടെ മറ്റൊരു താൽപര്യമായിരുന്നു: തലയിൽ വച്ചാൽ തുണിയുടെ മടക്കുകൾ വീണ്‌ മുഖം മറയ്ക്കുന്ന ഒരു പ്രത്യേകതരം തലപ്പാവാണീ മസോച്ചിയോ.അയാൾ ചതുരത്തിലും കൂർത്തതും കൂമ്പിച്ചതുമൊക്കെയായി മസോച്ചിയോ വരച്ചു; സാധ്യമായ എല്ലാ പരിപ്രേക്ഷ്യങ്ങൾക്കുമനുസൃതമായി അയാൾ അവയെ ചിത്രീകരിച്ചു; മസോച്ചിയോയുടെ മടക്കുകളിൽ ബന്ധങ്ങളുടെ ഒരു ലോകം തന്നെ അയാൾ കണ്ടെത്തി. ശിൽപ്പിയായ ഡൊണാടെല്ലോ അയാളോടു പറയാറുണ്ടായിരുന്നു:"അല്ലാ പൗലോ, താൻ വസ്തുക്കളെ ഉപേക്ഷിച്ച അവയുടെ നിഴലിനു പിന്നാലെ പോവുകയാണല്ലോ."

പക്ഷേ ഉചെല്ലോ തന്റെ ജോലി ക്ഷമയോടെ ചെയ്തുപോന്നു; അയാൾ വൃത്തങ്ങൾ ഘടിപ്പിച്ചു, കോണുകൾ വിഭജിച്ചു, സർവ്വസൃഷ്ടികളേയും സാധ്യമായ നിലകളിലൊക്കെ പരിശോധിച്ചു. സ്നേഹിതനായ ജിയോവന്നി മനേറ്റി എന്ന ഗണിതജ്ഞനിൽ നിന്ന് അയാൾ യൂക്ലിഡിന്റെ ഗണിതസിദ്ധാന്തങ്ങൾ മനസ്സിലാക്കി; എന്നിട്ടയാൾ മുറിയിൽ അടച്ചിരുന്ന് പലകകളും തോൽച്ചുരുണകളും ബിന്ദുക്കളും വക്രരേഖകളും കൊണ്ടു നിറച്ചു. ഫിലിപ്പോ ബ്രൂണെലെച്ചിയുടെ സഹായത്തോടെ അയാൾ വാസ്തുവിദ്യയും പഠിച്ചു; അതു പക്ഷേ നിർമ്മാണം ഉദ്ദേശിച്ചൊന്നുമായിരുന്നില്ല. അസ്ഥിവാരത്തിൽ നിന്ന് സ്തൂപാഗ്രങ്ങളിലേക്കു രേഖകൾ നീളുന്നതെങ്ങനെ, നേർരേഖകൾ ഒരേ ബിന്ദുവിൽ സന്ധിക്കുന്നതെങ്ങനെ, കമാനങ്ങൾ ആണിക്കല്ലുകളിൽ നിന്നു തിരിയുന്നതെങ്ങനെ, നീണ്ട മുറികൾക്കറ്റത്ത്‌ കഴുക്കോലുകൾ വിശറി പോലെ ചുരുണ്ടുകൂടുന്നതെങ്ങനെ ഇതൊക്കെയേ അയാൾക്കറിയേണ്ടിയിരുന്നുള്ളു. സകല ജന്തുക്കളേയും അവയുടെ ചലനങ്ങളേയും മനുഷ്യരുടെ വിവിധ ചേഷ്ടകളേയും അയാൾ ചിത്രീകരിച്ചു; എന്നുപറഞ്ഞാൽ കേവലരേഖകളായി അയാൾ അവയെ ലഘൂകരിച്ചു.

പിന്നെ, ലോഹങ്ങളുടെയും രാസദ്രവ്യങ്ങളുടെയും മിശ്രിതം ഉലയിലേക്കൊഴിച്ച്‌ അവ സ്വർണ്ണമായി ഉരുകിക്കൂടാൻ നോക്കിയിരിക്കുന്ന അൽകെമിസ്റ്റിനെപ്പോലെ അയാൾ ആ രൂപങ്ങളെല്ലാം കൂടി ഒരു മൂശയിലേക്കു പകർന്നു.എന്നിട്ടയാൾ അവയെ കൂട്ടുകയും കലർത്തുകയും ഉരുക്കുകയും ചെയ്തു; മറ്റു രൂപങ്ങൾക്കാധാരമായ ആ ഒരു കേവലരൂപത്തിലേക്ക്‌ അയാൾക്കവയെ രൂപാന്തരപ്പെടുത്തണം.അതിനു വേണ്ടിയാണ്‌ പൗലോ ഉചെല്ലോ തന്റെ കുടിലിനുള്ളിൽ അടച്ചിട്ടുകഴിഞ്ഞത്‌. സർവ്വരേഖകളേയും കൂടി ഒരൊറ്റ ആദർശരൂപത്തിൽ ലയിപ്പിക്കാനാവുമെന്ന് അയാൾ വിശ്വസിച്ചു. സൃഷ്ടലോകത്തെ ദൈവം കണ്ടപോലെ കാണാൻ അയാൾ കൊതിച്ചു. സർവ്വരൂപങ്ങളും ഒരൊറ്റ സങ്കീർണ്ണകേന്ദ്രത്തിൽ നിന്നുത്ഭവിക്കുന്നതായി കാണുന്ന കണ്ണാണല്ലോ ദൈവ ത്തിന്റേത്‌. ഘിബെർട്ടി, ഡെല്ലാ റോബിയാ, ബ്രൂണെല്ലെച്ചി, ഡൊണാടെല്ലോ ഇവരൊക്കെ അയാളുടെ അയൽക്കാരായിരുന്നു; തങ്ങളുടെ കലകളിൽ പ്രവീണന്മാരും അതിൽ അഭിമാനിക്കുന്നവരുമായിരുന്നു. അവർക്കു പാവം ഉചെല്ലോയെയും പരിപ്രേക്ഷ്യങ്ങൾക്കു മേലുള്ള അയാളുടെ ഭ്രാന്തിനേയും പുച്ഛമായിരുന്നു. മാറാല കെട്ടിയ, ദരിദ്രം പിടിച്ച അയാളുടെ കുടിൽ അവർക്കു പറഞ്ഞുചിരിക്കാനുള്ള വിഷയമായിരുന്നു. പക്ഷേ അവരെക്കാൾ അഭിമാനിയായിരുന്നു ഉചെല്ലോ. രേഖകളുടെ ഓരോ പുതുചേരുവയിലും താനിതാ സൃഷ്ടിയുടെ രീതി കണ്ടെത്താറായി എന്നയാൾ മോഹം കൊണ്ടു. അനുകരണമായിരുന്നില്ല അയാളുടെ ലക്ഷ്യം; സകലവസ്തുക്കളേയും സൃഷ്ടിക്കാൻ വേണ്ട ശക്തി-അതാണയാൾ തേടിയത്‌. മഹാനായ ഡൊണാടെല്ലോയുടെ ഗംഭീരമായ മാർബിൾശിൽപ്പങ്ങളേക്കാൾ അയാൾക്കു പ്രചോദകമായത്‌ തന്റെ മസോച്ചിയോയുടെ വിചിത്രമായ ആലേഖനങ്ങളായിരുന്നു.
അങ്ങനെയാണയാൾ ജീവിച്ചത്‌: ഒരു സന്യാസിയെപ്പോലെ, ഒരു ശിരോവസ്ത്രം കൊണ്ടു തല മൂടി ,എന്തു കഴിക്കുന്നു എന്തു കുടിക്കുന്നു എന്നു പോലും ശ്രദ്ധിക്കാതെ.


അങ്ങനെയിരിക്കെ ഒരു ദിവസം ഒരു പുൽപ്പരപ്പിൽ വച്ച്‌ പുല്ലിൽ പാതി മറഞ്ഞുകിടന്ന ഒരു കൂട്ടം പ്രാചീനശിലകൾക്കരികിലായി അയാൾ ഒരു പെൺകുട്ടിയെ കണ്ടുമുട്ടി; ഒരു പൂമാല തലയിലണിഞ്ഞുനിന്ന് ചിരിക്കുകയായിരുന്നു അവൾ.അരയിൽ ഒരു മഞ്ഞനാട കൊണ്ടു വാരിക്കെട്ടിയ ഒരു നേർത്ത ഉടുപ്പാണ്‌ അവൾ ധരിച്ചിരുന്നത്‌; അവളുടെ ചലനങ്ങളാകട്ടെ അവൾ തലോടിക്കൊണ്ടുനിൽക്കുന്ന ആ പുൽക്കൊടികളെപ്പോലെത്തന്നെ അത്ര വിലോലവുമായിരുന്നു. അവളുടെ പേര്‌ സെൽവാഗിയാ എന്നായിരുന്നു; അവൾ ഉചെല്ലൊയെ നോക്കി പുഞ്ചിരി തൂകി. അയാൾ അവളുടെ പുഞ്ചിരിയുടെ വക്രരേഖ ശ്രദ്ധിച്ചു; അവൾ തന്നെ കണ്ണുയർത്തി നോക്കിയപ്പോൾ കൺപീലികളുടെ നേർത്ത രേഖകളും കൺമണികളുടെ വൃത്തങ്ങളും കണ്ണിമകളുടെ വളവുകളും മുടിനാരുകളുടെ സൂക്ഷ്മമായ ഇഴയോട്ടവും അയാൾ കണ്ടു. അവൾ നെറ്റിയിലണിഞ്ഞിരുന്ന പൂമാല അയാൾ മറ്റനേകം രീതികളിൽ മനസ്സിൽ കണ്ടു. സെൽവാഗിയോ പക്ഷേ ഇതൊന്നും അറിഞ്ഞില്ല; അവൾക്കു പതിമൂന്നു വയസ്സേ ആയിട്ടുള്ളു. അവൾ അയാളുടെ കരം ഗ്രഹിച്ചു; അവൾക്കയാളെ ഇഷ്ടവുമായി. അവൾ ഫ്ലോറൻസുകാരൻ ഒരു ചായംമുക്കുകാരന്റെ മകളായിരുന്നു; അമ്മ മരിച്ചപ്പോൾ അച്ഛൻ രണ്ടാമതും കെട്ടി; രണ്ടാനമ്മയുടെ ഉപദ്രവം സഹിക്കാതെ വീട്ടിൽ നിന്നിറങ്ങിയതാണവൾ. ഉചെല്ലോ അവളെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.

ഉചെല്ലോ തന്റെ ആദർശരൂപങ്ങൾ വരച്ചുകൂട്ടിയ ചുമരിനു മുന്നിലിരുന്ന് സെൽവാഗിയാ പകലു മുഴുവൻ കഴിച്ചുകൂട്ടും. തന്നെ കണ്ണുകളുയർത്തി നോക്കുന്ന ലോലമുഖത്തെ വിട്ട്‌ ഋജുവും വക്രവുമായിട്ടുള്ള ആ രേഖകളെ നോക്കിയിരിക്കാൻ അയാൾ ഇഷ്ടപ്പെട്ടതെന്തു കൊണ്ടാണെന്ന് അവൾക്കു മനസ്സിലായതേയില്ല. രാത്രിയിൽ ബ്രൂണെലെച്ചിയോ മനേറ്റിയോ ഉചെല്ലൊയെ കാണാൻ വരും; അർദ്ധരാത്രിയിൽ അവർ വായനയിലും പഠനത്തിലും മുഴുകിയിരിക്കുമ്പോൾ പരസ്പരം ഖണ്ഡിക്കുന്ന രേഖകൾക്കു കീഴെ വിളക്കിന്റെ ചുവട്ടിലുള്ള നിഴൽവട്ടത്തിനുള്ളിൽക്കിടന്ന് അവൾ ഉറക്കം പിടിക്കും. രാവിലെ അവൾ ഉചെല്ലൊയെക്കാൾ നേരത്തേ ഉണരും. ചിത്രത്തിലെഴുതിയ പക്ഷികൾക്കും വിവിധവർണ്ണത്തിലുള്ള മൃഗങ്ങൾക്കുമിടയിൽ ഉറക്കമുണരുക അവൾക്കിഷ്ടമായിരുന്നു. ഉചെല്ലോ അവളുടെ ചുണ്ടുകളും കണ്ണുകളും മുടിയും കൈകളും ചിത്രത്തിലാക്കി; അവളുടെ ശരീരത്തിന്റെ സർവ്വഭാവങ്ങളും അയാൾ രേഖപ്പെടുത്തി. പക്ഷേ മറ്റു ചിത്രകാരന്മാർ ചെയ്യാറുള്ള പോലെ താൻ സ്നേഹിക്കുന്ന സ്ത്രീയുടെ ഛായാചിത്രം വരയ്ക്കാൻ അയാൾ തയാറായില്ല. ഒരു വ്യക്തിയിൽത്തന്നെ തങ്ങിനിൽക്കുന്നതിന്റെ ആനന്ദം അയാൾക്കജ്ഞാതമായിരു ന്നല്ലോ.സ്ഥലരാശിക്കു മേൽ പാറിനിൽക്കാനായിരുന്നു അയാൾക്കു കൊതി. മൃഗങ്ങളുടെ ചലനങ്ങൾ, സസ്യങ്ങളുടെയും ശിലകളുടെയും രേഖകൾ, പ്രകാശരശ്മികൾ, മേഘങ്ങളുടെ രൂപഭേദങ്ങൾ, കടലിലെ തിരയിളക്കങ്ങൾ ഇവയ്ക്കൊപ്പം സെൽവാഗിയായുടെ രൂപങ്ങളും അയാൾ തന്റെ മൂശയിലേക്കിട്ടു. സെൽവാഗിയായെ മറന്നിട്ട്‌ താൻ രൂപം വാർത്തെടുക്കുന്ന മൂശയെത്തന്നെ ധ്യാനിച്ച്‌ അയാൾ ജീവിച്ചു.

അങ്ങനെപോകെ ഉചെല്ലൊയുടെ വീട്ടിൽ ആഹാരത്തിനുള്ളതൊക്കെ തീർന്നു. ഡൊണാടെല്ലോയോടോ മറ്റാരോടെങ്കിലുമോ ഇക്കാര്യം പറയാൻ സെൽവാഗിയാ ധൈര്യപ്പെട്ടുമില്ല. എല്ലാം ഉള്ളിലൊതുക്കി അവൾ മരിച്ചു. ഉചെല്ലോ അവളുടെ ദേഹത്തിന്റെ മരവിപ്പും മെലിഞ്ഞ കൈകളുടെ ചേർപ്പുകളും ആ പാവം കണ്ണുകളുടെ രേഖകളും വരച്ചെടുത്തു. അവൾ മരിച്ചുവെന്ന് അയാൾ അറിഞ്ഞില്ല; അവൾ ജീവിച്ചിരുന്നതും അയാൾ അറിഞ്ഞിരുന്നില്ലല്ലോ.

പക്ഷിക്കാരനു പ്രായമേറി; അയാളുടെ ചിത്രങ്ങൾ ആർക്കും കണ്ടാൽ മനസ്സിലാകാതെയായി. വക്രരേഖകളുടെ ഒരു കലാപമായിരുന്നു അവ. ഭൂമിയോ സസ്യമോ മൃഗമോ മനുഷ്യനോ ഒന്നും അവയിൽ നിന്നു കണ്ടെടുക്കാനാവുമായിരുന്നില്ല. കുറേ വർഷങ്ങളായി അയാൾ തന്റെ പ്രകൃഷ്ടകൃതിയുടെ പണിയിലായിരുന്നു. ആരെയും അയാൾ അതു കാണിച്ചിട്ടില്ല. തന്റെ ഇതേവരെയുള്ള ഗവേഷണങ്ങളുടെയൊക്കെ ഫലവും സാരവുമാണയാൾക്കത്‌. അതിന്റെ വിഷയമാകട്ടെ-സംശയാലുവായ തോമസ്‌ യേശുക്രിസ്തുവിന്റെ തിരുമുറിവ്‌ സ്പർശിക്കുന്നു-ആ ഗവേഷണങ്ങളുടെ പ്രതീകവുമായിരുന്നു. എമ്പതാമത്തെ വയസ്സിൽ ഉചെല്ലോ തന്റെ ചിത്രം പൂർത്തിയാക്കി. ഡൊണാട്ടെല്ലോയ്ക്ക്‌ ആളയച്ചുവരുത്തി അയാൾ തന്റെ ചിത്രം ഭവ്യതയോടെ അനാവരണം ചെയ്തു. ഡൊണാടെല്ലോ വിളിച്ചുപറഞ്ഞു:'ഉചെല്ലോ, താനാ ചിത്രം മൂടൂ!"പക്ഷിക്കാരൻ ആ മഹാനായ ശിൽപ്പിയോട്‌ എടുത്തെടുത്തു ചോദിച്ചു; പക്ഷേ അദ്ദേഹം മൗനം പാലിച്ചതേയുള്ളു.അങ്ങനെ താനാ ദിവ്യാത്ഭുതം നിറവേറ്റിയതായി ഉചെല്ലോ അറിഞ്ഞു. അതേസമയം ഡൊണാടെല്ലോ ആകട്ടെ, രേഖകളുടെ ഒരു വ്യാമിശ്രപിണ്ഡമല്ലാതെ മറ്റൊന്നും കണ്ടിരുന്നുമില്ല.

കുറേ കൊല്ലം കഴിഞ്ഞ്‌ പൗലോ ഉചെല്ലൊയെ കിടക്കയിൽ മരിച്ചുകിടക്കുന്നതായി കണ്ടു; പ്രായം കൊണ്ടും ക്ഷീണം കൊണ്ടും അവശനായിരുന്നു അയാൾ. അയാളുടെ മുഖം ചുളിവുകളുടെ ഒരു കൂടായിരുന്നു. നിഗൂഢമായ ഏതോ വെളിപാടിൽ തറഞ്ഞുനിൽക്കുകയായിരുന്നു കണ്ണുകൾ. മുറുകെപ്പിടിച്ച കൈക്കുള്ളിൽ വൃത്താകാരത്തിലുള്ള ഒരു തോൽച്ചുരുണ കണ്ടു: അതു നിറയെ കെട്ടുപിണഞ്ഞ രേഖകളായിരുന്നു; അവ ഒരു കേന്ദ്രബിന്ദുവിൽ നിന്നു പുറപ്പെട്ട്‌ പരിധിയിലേക്കു പോവുകയും തിരിച്ച്‌ പരിധിയിൽ നിന്ന് കേന്ദ്രബിന്ദുവിലേക്കു മടങ്ങുകയും ചെയ്തു.
 

ക്രേറ്റസ്‌-സിനിക്‌



തീബ്സിലാണു ജനനം; ഡയോജനിസിന്റെ ശിഷ്യനായിരുന്നു; അലക്സാണ്ഡറെ കാണുകയും ചെയ്തിട്ടുണ്ട്‌. ധനികനായ അച്ഛൻ അസ്കോന്ദാസിൽ നിന്ന് പിതൃസ്വത്തായി അയാൾക്ക്‌ ഇരുന്നൂറ്‌ താലന്ത്‌ കിട്ടിയിരുന്നു. ഒരുദിവസം യൂറിപ്പിഡീസിന്റെ ഒരു നാടകം കണ്ടുകൊണ്ടിരിക്കെ അയാൾക്കു പെട്ടെന്നൊരു വെളിപാടുണ്ടായി. മൈസിയായിലെ രാജാവായ തെലോഫോസ്‌ ഒരു ഭിക്ഷക്കാരന്റെ വേഷത്തിൽ കൈയിലൊരു സഞ്ചിയുമായി നിൽക്കുന്നത്‌ അയാൾ കണ്ടു.അയാൾ ഉടനെ ചാടിയെഴുന്നേറ്റു നിന്നുകൊണ്ട്‌ വിളിച്ചുപറഞ്ഞു,തനിക്കു കിട്ടിയ ഇരുന്നൂറു താലന്ത്‌ ആർക്കു വേണമെങ്കിലും എടുക്കാമെന്നും താൻ ഇനിമേലിൽ തെലോഫോസിന്റെ വേഷത്തിലേ നടക്കുന്നുള്ളുവെന്നും. തീബ്സുകാർ അട്ടഹസിച്ചു ചിരിച്ചുകൊണ്ട്‌ അയാളുടെ വീടിനു ചുറ്റും കൂട്ടം കൂടി; അവർ കണ്ടത്‌ അയാൾ തങ്ങളേക്കാൾ ഉച്ചത്തിൽ പൊട്ടിച്ചിരിക്കുന്നതാണ്‌. അയാൾ തന്റെ പണവും വീട്ടുസാധനങ്ങളുമൊക്കെയെടുത്ത്‌ ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു. എന്നിട്ട്‌ ചാക്കു കൊണ്ടുള്ള ഒരു മേലങ്കിയും ഒരു സഞ്ചിയും മാത്രമെടുത്ത്‌ അയാൾ വീടു വിട്ടിറങ്ങി.
അയാൾ ഏതെൻസിലേക്കു പോയി. പകലു മുഴുവൻ അയാൾ തെരുവുകളിൽ അലഞ്ഞുതിരിയും; രാത്രിയിൽ അഴുക്കുപിടിച്ച ചുമരുകളിൽ ചാരിയിരുന്ന് വിശ്രമിക്കും. ഡയോജനിസ്‌ ഉപദേശിച്ചതൊക്കെ അയാൾ പ്രവൃത്തിയിലാക്കി. ഡയോജനിസിന്റെ വീപ്പ ഒരനാവശ്യവസ്തുവായിട്ടാണ്‌ അയാൾക്കു തോന്നിയത്‌:ഒച്ചോ സന്യാസിഞ്ഞണ്ടോ ഒന്നുമല്ലല്ലോ മനുഷ്യൻ. അഴുക്കുകൾക്കിടയിൽ നഗ്നനായി അയാൾ ജീവിച്ചു; അപ്പക്കഷണങ്ങളും അഴുകിയ ഒലീവിലകളും ഉണങ്ങിയ മീൻമുള്ളുകളും പെറുക്കി അയാൾ തന്റെ സഞ്ചി നിറച്ചു. തന്റെ സഞ്ചിയെ തന്റെ നഗരം എന്നാണ്‌ അയാൾ വിളിച്ചിരുന്നത്‌; പരാന്നഭോജികളേയോ വേശ്യകളേയോ അവിടെ കാണാൻ കിട്ടില്ല; തന്റെ രാജാവിനു മതിയായ അപ്പവും വെളുത്തുള്ളിയും അത്തിയും പുതിനയും അവിടെയുണ്ടാകുന്നുണ്ട്‌. അങ്ങനെ ക്രേറ്റസ്‌ തന്റെ രാജ്യത്തെ മുതുകത്തു പേറിക്കൊണ്ടുനടന്നു; അതയാൾക്ക്‌ ഭക്ഷണം നൽകുകയും ചെയ്തു.

പൊതുക്കാര്യങ്ങളിൽ അയാൾ ഒരു താൽപ്പര്യവുമെടുത്തില്ല;അയാൾ അവയെ വിമർശിക്കാനും പോയില്ല. രാജാക്കന്മാരെ കളിയാക്കുന്ന പ്രകടനങ്ങളും അയാൾ കാഴ്ചവച്ചില്ല. ഡയോജനിസിന്റെ ആ സ്വഭാവം അയാൾക്കു ഹിതമായില്ല. ഡയോജനിസ്‌ വിളിച്ചുപറയും,"മനുഷ്യന്മാരേ അടുത്തുവരൂ!" ആരെങ്കിലും അതുകേട്ട്‌ അടുത്തു ചെന്നാൽ അയാൾ വടിയെടുത്ത്‌ അവരെ അടിച്ചോടിക്കും:" ഞാൻ വിളിച്ചത്‌ മനുഷ്യരെയാണ്‌,തീട്ടക്കൂനകളെയല്ല."

ക്രേറ്റസിനു പക്ഷേ മനുഷ്യരോടു സഹാനുഭൂതിയായിരുന്നു. അയാൾക്കാരോടും ഒരു വിദ്വേഷവുമില്ലായിരുന്നു. മുറിവുകൾ അയാൾക്കു പുതുമയായിരുന്നില്ല; നായ്ക്കളെപ്പോലെ അവ നക്കിത്തുടയ്ക്കാൻ തന്റെ ശരീരം വഴങ്ങുന്നില്ലല്ലോ എന്നതു മാത്രമായിരുന്നു അയാളുടെ ഖേദം. മനുഷ്യൻ ഖരഭക്ഷണം കഴിക്കണം,വെള്ളം കുടിക്കണം എന്നു പറയുന്നതിനോടും അയാൾക്കെതിർപ്പായിരുന്നു. ബാഹ്യലോകത്തു നിന്ന് ഒരു സഹായവും വേണ്ടാത്ത രീതിയിൽ മനുഷ്യൻ തന്നെക്കൊണ്ടുതന്നെ എല്ലാം നടത്തിക്കോളണം. അയാളാകട്ടെ വെള്ളമെടുത്തു കുളിയ്ക്കുക എന്നതില്ല; ദേഹത്തു കണ്ടമാനം അഴുക്കു കേറുമ്പോൾ അയാൾ ഏതെങ്കിലും ചുമരിൽ ദേഹമുരച്ചു വൃത്തിയാക്കും; കഴുതകൾ അങ്ങനെ ചെയ്യുന്നത്‌ അയാൾ ഒരിക്കൽ കണ്ടിരുന്നു.ദേവന്മാരെക്കുറിച്ച്‌ അയാൾക്കൊന്നും പറയാനുണ്ടായിരുന്നില്ല; അവരെക്കുറിച്ചോർത്ത്‌ തലപുണ്ണാക്കാനും അയാളില്ല. അവരുണ്ടായാലും ഇല്ലെങ്കിലും തനിക്കതൊരുപോലെയാണ്‌; കാരണം തന്റെ കാര്യത്തിൽ അവർക്കു ചെയ്യാനായി യാതൊന്നുമില്ലല്ലോ. പക്ഷേ അവരെക്കുറിച്ച്‌ ഒരു പരാതി അയാൾക്കുണ്ടായിരുന്നു: മനുഷ്യനെ ആകാശത്തേക്കു നോക്കി നടത്തുക വഴി അവർ അവനെ മനഃപൂർവം ദ്രോഹിക്കുകയാണു ചെയ്തത്‌, നാലുകാലിൽ നടക്കുന്ന മറ്റു ജന്തുക്കൾക്കുള്ള ഒരു കഴിവ്‌ അവനു നിഷേധിക്കുകയാണു ചെതത്‌. മനുഷ്യൻ തിന്നുവേണം ജീവിക്കാൻ എന്നു ദേവകൾ നിശ്ചയിച്ച സ്ഥിതിക്ക്‌ അവർ അവന്റെ നോട്ടം കിഴങ്ങുകൾ വളരുന്ന മണ്ണിലേക്കു തിരിക്കേണ്ടതായിരുന്നു; മനുഷ്യനു നക്ഷത്രങ്ങൾ തിന്നു ജീവിക്കാനാവില്ലല്ലോ.


ജീവിതം ക്രേറ്റസിനോടു കരുണ കാണിച്ചില്ല. അറ്റിക്കായിലെ പൊടിക്കാറ്റിൽ അയാളുടെ കണ്ണുകൾ പീളയടിഞ്ഞു; അജ്ഞാതമായ ഏതോ ചർമ്മരോഗം മൂലം അയാളുടെ ദേഹം മൊത്തം കുരു പൊന്തി. വെട്ടാത്ത നഖങ്ങൾ കൊണ്ട്‌ ദേഹം മാന്തുമ്പോൾ അയാൾ പറയും, തനിക്കിതുകൊണ്ട്‌ രണ്ടുണ്ട്‌ പ്രയോജനമെന്ന്: നഖത്തിന്റെ നീളം കുറയുന്നു, ദേഹത്തിന്റെ കടിയും മാറുന്നു. നീണ്ടു ജടകെട്ടിയ മുടി മഴയും വെയിലും തട്ടാതിരിക്കാൻ പാകത്തിൽ അയാൾ തലയിൽ കെട്ടിവച്ചുനടന്നു.

അലക്സാണ്ഡർ തന്നെ കാണാൻ വന്നപ്പോൾ പ്രത്യേകിച്ചൊരഭിപ്രായപ്രകടനവും അയാൾ നടത്തിയില്ല; ആൾക്കൂട്ടത്തിൽ മറ്റൊരാളായിട്ടേ അയാൾ അദ്ദേഹത്തെ കണ്ടുള്ളു. വിശിഷ്ടവ്യക്തികളെക്കുറിച്ച്‌ അയാൾക്ക്‌ യാതൊന്നും പറയാനുണ്ടായിരുന്നില്ല. ദേവന്മാരുടെ സ്ഥാനമേ അയാളുടെ കണ്ണിൽ അവർക്കുണ്ടായിരുന്നുള്ളു. അയാളെ ആകർഷിച്ചത്‌ മനുഷ്യരാണ്‌, എത്ര ലളിതമായി ജീവിക്കാം എന്നതാണ്‌. ഡയോജനിസിന്റെ ധാർമ്മികരോഷങ്ങൾ അയാൾക്കു ചിരിക്കാനുള്ള വകയായിരുന്നു. അത്തരം വഷളൻചിന്തകൾക്കതീതനാണു താനെന്ന് അയാൾ കരുതിപ്പോന്നു. ഡൽഫിയിലെ ക്ഷേത്രകവാടത്തിൽ എഴുതിവച്ചിട്ടുള്ള സൂക്തം അൽപമൊന്നു ഭേദപ്പെടുത്തി അയാൾ പറയും:"നിന്നെത്തന്നെ കാണുക!" അറിവിനുള്ള സാധ്യത തന്നെ ഒരസംബന്ധമായിട്ടാണ്‌ അയാൾക്കു തോന്നിയത്‌. തന്റെ ശാരീരികാവശ്യങ്ങളായിരുന്നു അയാളുടെ പഠനവിഷയം; അതു കഴിയുന്നത്ര കുറയ്ക്കുക എന്നതായിരുന്നു അയാളുടെ യത്നം. ഡയോജനിസ്‌ നായയെപ്പോലെ കടിക്കുമായിരുന്നു, പക്ഷെ ക്രേറ്റസ്‌ നായായിത്തന്നെ ജീവിച്ചു.

മെട്രോക്ലിസ്‌ എന്നു പേരായി ഒരു ശിഷ്യൻ അയാൾക്കുണ്ടായിരുന്നു. മരോണായിലെ ഒരു ധനികകുടുംബത്തിലെ അംഗമായിരുന്നു അയാൾ. അയാളുടെ സഹോദരി, സുന്ദരിയായ ഹിപ്പാർക്കിയ ക്രേറ്റസിനോടു പ്രേമത്തിലായി. അസാധ്യമായി തോന്നാമെങ്കിലും നടന്ന കാര്യമാണത്‌. അയാളുടെ ദാരിദ്ര്യമോ വൃത്തികേടോ പരസ്യമായ ജീവിതരീതിയോ യാതൊന്നും അവളെ പിന്തിരിപ്പിച്ചില്ല. തെരുവുകളിൽ നായ്ക്കളെപ്പോലെ നടന്നാണു താൻ ജീവിക്കുന്നതെന്നും ചവറ്റുകൂനകളിലെ എല്ലുകളാണു തന്റെ ഭക്ഷണമെന്നും അയാൾ അവളെ ഓർമ്മപ്പെടുത്തി. മറ്റൊന്നു കൂടിയുണ്ട്‌: ഒരുമിച്ചുള്ള തങ്ങളുടെ ജീവിതത്തിൽ ഒരു രഹസ്യവും ഉണ്ടായിരിക്കുന്നതല്ല; തനിക്കു വേണമെന്നു തോന്നുമ്പോൾ താൻ അവളുമായി നായ്ക്കളെപ്പോലെ പരസ്യമായി ഇണചേരുകയും ചെയ്യും. ഹിപ്പാർക്കിയ എല്ലാറ്റിനും തയ്യാറായിരുന്നു. അച്ഛനമ്മമാർ അവളെ പറഞ്ഞുപിന്തിരിപ്പിക്കാൻ നോക്കി. താൻ ജീവിതം അവസാനിപ്പിക്കുമെന്ന് അവൾ ഭീഷണിപ്പെടുത്തി; അവർ ഒടുവിൽ അവളെ അവളുടെ വഴിക്കു വിട്ടു. അങ്ങനെ ഒരൊറ്റത്തുണി കൊണ്ട്‌ നഗ്നത മറച്ച്‌, മുടി അഴിച്ചിട്ട്‌ അവൾ മരോണാ വിട്ടു. അന്നു മുതൽ അവൾ അയാളെപ്പോലെ വേഷം ധരിച്ച്‌ അയാളോടൊപ്പം ജീവിക്കാൻ തുടങ്ങി. അവർക്കൊരു മകനുണ്ടായിരുന്നുവെന്നും പാസിക്ലിസ്‌ എന്നാണവന്റെ പേരെന്നും പറഞ്ഞുകേൾക്കുന്നുണ്ട്‌; പക്ഷേ അതിനു തെളിവൊന്നുമില്ല.
ഹിപ്പാർക്കിയ പാവങ്ങളോടു കരുണയുള്ളവളായിരുന്നു. രോഗികളെ അവൾ തന്റെ കൈകൊണ്ടു തലോടി ആശ്വസിപ്പിക്കും; അവരുടെ വ്രണങ്ങൾ ഒരറപ്പും കൂടാതെ അവൾ വൃത്തിയാക്കും. ആടുകൾക്കും നായ്ക്കൾക്കും സ്വജാതികളെങ്ങനെയോ അതുപോലെയായിരുന്നു അവൾക്ക്‌ മറ്റു മനുഷ്യർ. തണുപ്പു കൂടിയ രാത്രികളിൽ അവളും ക്രേറ്റസും പാവങ്ങളെ അടുക്കിപ്പിടിച്ചു കിടന്നുറങ്ങും. വാക്കുകളില്ലാത്ത ആ കാരുണ്യം അവർ പഠിച്ചത്‌ ജന്തുക്കളിൽ നിന്നാണ്‌. തങ്ങളെ സമീപിക്കുന്നവർ അവർക്കൊരുപോലെയായിരുന്നു. മനുഷ്യജീവിയെങ്കിൽ അതുമതി.

ക്രേറ്റസിന്റെ ഭാര്യയെക്കുറിച്ച്‌ നമുക്കുള്ള വിവരം ഇത്രമാത്രമാണ്‌. അവൾ മരിച്ചതെന്നാണെന്നോ എങ്ങനെയാണെന്നോ നമുക്കറിയില്ല. അവളുടെ സഹോദരനായ മെട്രോക്ലിസ്‌ ക്രേറ്റസിനെ ആരാധിക്കുകയും അയാൾ ചെയ്തതുപോലെയൊക്കെ ചെയ്യുകയും ചെയ്തു. പക്ഷേ അയാൾക്കു മനസ്സമാധാനമില്ലായിരുന്നു. നിയന്ത്രണമില്ലാത്ത അധോവായു അയാൾക്കൊരു പ്രശ്നമായിരുന്നു. മനസ്സു മടുത്ത്‌ അയാൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. ഇതറിഞ്ഞ ക്രേറ്റസ്‌ കുറെ പയർമണിയെടുത്തു വായിലിട്ടു ചവച്ചുകൊണ്ട്‌ മെട്രോക്ലിസിനെ കാണാൻ ചെന്നു. തന്റെ രോഗം കൊണ്ടുള്ള നാണക്കേട്‌ തനിക്കിനി സഹിക്കാൻ പറ്റില്ലെന്ന് അയാൾ പറഞ്ഞപ്പോൾ ക്രേറ്റസ്‌ തന്റെ ശിഷ്യനു മുന്നിൽ നിന്നുകൊണ്ട്‌ അധോവായു വിടുകയും പ്രകൃതി എല്ലാവരെയും ഒരേ വ്യാധികൾക്കു വിധേയരാക്കുന്നുവെന്ന് അയാളെ ബോധവാനാക്കുകയും ചെയ്തു. മറ്റുള്ളവരെപ്രതി നാണക്കേടു തോന്നിയതിന്‌ അയാളെ ശാസിച്ചുകൊണ്ട്‌ ക്രേറ്റസ്‌ അയാളെ വിളിച്ചുകൊണ്ടുപോയി.


അവർ പിന്നെ വളരെക്കാലം ഹിപ്പാർക്കിയായുമൊരുമിച്ച്‌ ഏതൻസിലെ തെരുവുകളിൽ ജീവിച്ചു. അവർ അന്യോന്യം സംസാരിക്കുക ചുരുക്കമായിരുന്നു; അവർക്കു നാണിക്കാൻ യാതൊന്നുമുണ്ടായിരുന്നതുമില്ല. ഒരേ ചവറ്റുകൂനകളിൽ ഭക്ഷണം തിരയുമ്പോൾ നായ്ക്കൾക്കവരെ ബഹുമാനമായിരുന്നുവെന്നു തോന്നുന്നു. വിശപ്പിന്റെ കാഠിന്യത്തിൽ ഒരേ എല്ലിനു വേണ്ടി മനുഷ്യനും നായയും കടിപിടി കൂടിയേക്കാം; പക്ഷേ ക്രേറ്റസിന്റെ ജീവചരിത്രകാരന്മാർ അങ്ങനെയൊരു സംഭവം രേഖപ്പെടുത്തിക്കാണുന്നില്ല. ക്രേറ്റസ്‌ മരിക്കുമ്പോൾ പ്രായമേറെയായിരുന്നു. അവസാനകാലത്ത്‌ പിറേയൂസിൽ നാവികർ ചരക്കിറക്കിവയ്ക്കുന്ന ഒരു പണ്ടകശാലയുടെ ചായ്പ്പിൽ അയാൾ ഒരേ കിടപ്പായിരുന്നുവെന്ന് നമുക്കറിയാം; കടിച്ചുകാരാൻ എല്ലിനു വേണ്ടി അയാൾ പിന്നെ എങ്ങും പോയില്ല; കൈ ഒന്നു നീട്ടാൻ കൂടി അയാൾ വിസമ്മതിച്ചു. ഒടുവിൽ വിശന്നുമരിച്ച നിലയിൽ അയാളെ കണ്ടെത്തുകയായിരുന്നു.
 

മാഴ്സൽ ഷ്വോബ്‌ Marcel Schwob(1867-1905)

മല്ലാർമെ,ഷീദ്‌,ലിയോൺ ബ്ലോയ്‌,ഷൂൾ റെനാർഡ്‌ ഇവരെപ്പോലെ സിംബലിസ്റ്റ്‌ കാലത്തിന്റെ ഒരു പ്രതിനിധിയാണ്‌ മാഴ്സൽ ഷ്വോബും. ആർ.എൽ.സ്റ്റീവെൻസന്റെ കൃതികൾ ആദ്യമായി ഫ്രഞ്ചിലേക്കു വിവർത്തനം ചെയ്യുന്നത്‌ അദ്ദേഹമാണ്‌; ശലോമി എന്ന നാടകം ഫ്രഞ്ചിലെഴുതാൻ ഓസ്ക്കാർ വൈൽഡിനെ സഹായിച്ചതും ഷ്വോബാണ്‌. ഇരട്ടഹൃദയം(1891),സ്വർണ്ണമുഖംമൂടിയണിഞ്ഞ രാജാവ്‌(1892),ഭാവനാജീവിതങ്ങൾ എന്നിവയാണ്‌ പ്രധാനകൃതികൾ.
ഭാവനാജീവിതങ്ങൾ ഇരുപത്തിരണ്ട്‌ സാങ്കൽപ്പികജീവചരിത്രങ്ങളുടെ ഒരു സമാഹാരമാണ്‌. അവരിൽ ചരിത്രപുരുഷന്മാരുണ്ട്‌, ആഭിചാരക്കാരുണ്ട്‌, കലാപകാരികളുണ്ട്‌, കലാകാരന്മാരുണ്ട്‌, തത്വചിന്തകന്മാരുണ്ട്‌, കുപ്രസിദ്ധരായ കുറ്റവാളികളുമുണ്ട്‌. മനുഷ്യജീവിതത്തിന്റെ വൈവിധ്യം പൂർണ്ണതോതിൽത്തന്നെ.ഇക്കാര്യത്തിൽ ജോർജ്ജ്‌ ലൂയി ബോർഹസിനും അൽഫോൺസോ റെയ്സിനും വഴികാട്ടിയായത്‌ ഷ്വോബ്‌ ആണെന്നു പറയണം.


Link to Crates
The Complete Works of Uccello

അഭിപ്രായങ്ങളൊന്നുമില്ല: