2016, മാർച്ച് 24, വ്യാഴാഴ്‌ച

സ്റ്റീഫൻ ക്രെയ്ൻ - കവിതകൾ





ഒരാൾ പ്രപഞ്ചത്തോടു പറഞ്ഞു...



ഒരാൾ പ്രപഞ്ചത്തോടു പറഞ്ഞു,
“സർ, ഞാനുണ്ട്!”
“ആയിക്കോട്ടെ,” പ്രപഞ്ചം പറഞ്ഞു,
”അതെനിക്കൊരധികബാധ്യതയൊന്നുമല്ല.“




മരുഭൂമിയിൽ…



മരുഭൂമിയിൽ
ഞാനൊരു ജീവിയെക്കണ്ടു,
നഗ്നൻ, മൃഗതുല്യൻ,
സ്വന്തം ഹൃദയം
സ്വന്തം കൈകളിലെടുത്തു
ഭക്ഷിക്കുന്നവൻ.

”നന്നോ, ചങ്ങാതീ?“
ഞാൻ ചോദിച്ചു.
”കയ്ക്കുന്നു- വല്ലാതെ കയ്ക്കുന്നു,“
അയാൾ പറഞ്ഞു;

”എന്നാലുമെനിക്കിതിഷ്ടം,
“ഇതു കയ്ക്കുന്നതിനാൽ,
”ഇതെന്റെ ഹൃദയവുമാണെന്നതിനാൽ.“



ചക്രവാളത്തിന്റെ പിന്നാലെ പായുന്നൊരു മനുഷ്യനെ...


ചക്രവാളത്തിന്റെ പിന്നാലെ പായുന്നൊരു മനുഷ്യനെ
ഞാൻ കണ്ടു.
വട്ടം കറങ്ങിക്കറങ്ങി അയാള്‍ പാഞ്ഞു.
ഇതു കണ്ടു ഞാനാകെക്കുഴങ്ങി.
ഞാനാ മനുഷ്യനോടു മയത്തിൽ ചോദിച്ചു:
”“ഇതു വ്യർത്ഥമല്ലേ, നിങ്ങളൊരിക്കലും...”

“നുണ!” അയാളലറി.
എന്നിട്ടയാൾ പാഞ്ഞുപോയി.



കറുത്ത യാത്രികർ


കടൽ കയറിവന്നു കറുത്ത യാത്രികർ.
കുന്തത്തിന്റെ, പരിചയുടെ കലാപങ്ങൾ,
കുളമ്പിന്റെ, മടമ്പിന്റെ പതനങ്ങൾ,
അലർച്ചകൾ, കാറ്റിൽപ്പായുന്ന മുടികൾ:
പാപത്തിന്റെ സഞ്ചാരമിങ്ങനെ.



മൂന്നു കുഞ്ഞിക്കിളികൾ


മൂന്നു കുഞ്ഞിക്കിളികളൊരേ നിരയിൽ,
അവനവന്റെ മനോഗതങ്ങളിൽ മുഴുകി.
ഒരു മനുഷ്യനതുവഴി പോയതതുനേരം,
കുഞ്ഞിക്കിളികന്യോന്യം തോണ്ടിയതുമതുനേരം.
“തനിയ്ക്കു പാടാനറിയുമെന്നാണയാളുടെ വിചാരം“
തല പിന്നിലേയ്ക്കെറിഞ്ഞവരറഞ്ഞുചിരിച്ചു.
സാകൂതമവരയാളെ നോക്കിനോക്കിയിരുന്നു.
അതികുതുകികളായിരുന്നു, ആ മൂന്നുപേർ,
ആ മൂന്നു കുഞ്ഞിക്കിളികൾ.



ഒരു ദൃൿസാക്ഷിയുണ്ടെന്നിരിക്കട്ടെ...


ഒരു ദൃൿസാക്ഷിയുണ്ടെന്നിരിക്കട്ടെ,
എന്റെയീ ചെറുകിടജീവിതത്തിന്‌,
എന്റെ നോവുകൾക്കു,മെന്റെ യാതനകൾക്കും-
അയാൾ കാണുകയൊരു വിഡ്ഡിയെ,
ദേവകൾക്കു ചേർന്നതല്ല,
വിഡ്ഡികളെ ഭീഷണിപ്പെടുത്തുകയെന്നതും.



രണ്ടുമൂന്നു മാലാഖമാർ...


രണ്ടുമൂന്നു മാലാഖമാർ
ഭൂമിയ്ക്കരികിൽ വന്നു.
പള്ള വീർത്തൊരു പള്ളിയവർ കണ്ടു
ആളുകളുടെ കറുത്ത നിരകൾ
നിരന്തരം വന്നുപോകുന്നതവർ കണ്ടു.
മാലാഖമാർക്കൊന്നും മനസ്സിലായില്ല,
ആളുകളുള്ളിലേക്കെന്തിനു പോകുന്നുവെന്ന്,
ഉള്ളിലവരിത്രയും നേരമെന്തുചെയ്യുന്നുവെന്ന്.



മലമുടികളുടെ വിന്യാസം...


മലമുടികളുടെ വിന്യാസം ചക്രവാളത്തിൽ.
ഞാൻ നോക്കിനിൽക്കെ,
മലമുടികളടിവച്ചുതുടങ്ങുന്നു.
ചുവടു വയ്ക്കെയവർ പാടുന്നു:
”ഞങ്ങൾ വരുന്നു! ഞങ്ങൾ വരുന്നു!“



വിപുലലോകമുരുണ്ടുപൊയ്ക്കോട്ടെ...


വിപുലലോകമുരുണ്ടുപൊയ്ക്കോട്ടെ,
കറുത്ത ഭീതിയുമനന്തരാത്രിയും ബാക്കിയാക്കി;
എനിക്കനുപേക്ഷണീയമല്ല,
ദൈവവും, മനുഷ്യനും, നിൽക്കാനൊരിടവും,
നീയും നിന്റെ വെളുത്ത കരവുമരികിലുണ്ടെങ്കിൽ;
അത്രയകലെ, നാശത്തിലേക്കുള്ള പതനവും.




വിരസമായ തവിട്ടുചുമരിൽ...


വിരസമായ തവിട്ടുചുമരിൽ വെയിലിന്റെ ലാഞ്ഛന,
മറവിയിൽപ്പെട്ട മാനത്തൊരു കാതരനീലിമ.

ദൈവത്തിനു നേർക്കൊരു പ്രബലകീർത്തനം:
തകർച്ചകളുടെ, കരച്ചിലുകളുടെ, മണിയടികളുടെ,
ഉരുളുന്ന ചക്രങ്ങളുടെ, കുളമ്പടികളുടെ,
വരവേല്പുകളുടെ, വിടവാങ്ങലുകളുടെ,
പ്രണയാഭ്യർത്ഥനകളുടെ, മരണരോദനങ്ങളുടെ,
ആഹ്ളാദത്തിന്റെ, മന്ദതയുടെ, താക്കീതുകളുടെ,
നൈരാശ്യത്തിന്റെ ശബ്ദങ്ങൾ.
മൃഗങ്ങളുടെ അജ്ഞാതനിവേദനങ്ങൾ,
പൂക്കളുടെ മന്ത്രാലാപങ്ങൾ,
വെട്ടിവീഴ്ത്തിയ മരങ്ങളുടെ അലർച്ചകൾ,
കോഴിപ്പിടകളുടെയും പണ്ഡിതരുടെയും ജല്പനങ്ങൾ-
നക്ഷത്രങ്ങൾക്കു നേർക്കൊരവ്യക്തപ്രലാപം:
“രക്ഷിക്ക, ദൈവമേ!”




ഒരിക്കലൊരാൾ...


ഒരിക്കലൊരാൾ പുരപ്പുറത്തു പിടിച്ചുകയറി,
ആകാശം നോക്കിയയാളാഹ്വാനം ചെയ്തു.
ബലത്ത ശബ്ദത്തിൽ ബധിരഗോളങ്ങളെ അയാൾ വിളിച്ചു,
സൂര്യന്മാർക്കു നേർക്കൊരു പടവിളി അയാളെറിഞ്ഞു.
ഒടുവിലതാ, മേഘങ്ങൾക്കിടയിലൊരു ബിന്ദു പൊടിയ്ക്കുന്നു,
ഒടുവിൽ, ഒടുവിൽ, ദൈവമേ,
ആകാശമാകെ പടയാളികൾ നിരക്കുന്നു.




ഒരു സ്വപ്നമെനിക്കു പണിതുതരൂ...


ഹേയ്, പണിക്കാരാ,
ഒരു സ്വപ്നമെനിക്കു പണിതുതരൂ,
വെയിലും തെന്നലും പൂക്കളുമതിലിഴയോടട്ടെ,
അതൊരു പുൽത്തകിടിയുടെ പുടവയാവട്ടെ.
പിന്നെ,യെന്റെ പൊന്നുപണിക്കാരാ,
അതിലൂടെ നടക്കാനൊരാളെയും.


രോഷാകുലനായ ഒരു ദേവൻ…

രോഷാകുലനായ ഒരു ദേവൻ
ഒരു മനുഷ്യനെ പ്രഹരിക്കുകയായിരുന്നു.
ഇടിവെട്ടുമ്പോലവൻ
മുഷ്ടി കൊണ്ടയാളെയിടിക്കുമ്പോൾ
ഭൂമിയിലും ആകാശത്തുമതു മുഴങ്ങുകയായിരുന്നു.
ആളുകൾ ഓടിക്കൂടി.
കുതറിയും കരഞ്ഞും കൊണ്ടയാൾ
ദേവന്റെ കാല്ക്കൽ വീണുരുണ്ടു.
ആളുകളാർത്തുവിളിച്ചു:
“ഹാ, എത്ര ദുഷ്ടനായ മനുഷ്യൻ!”
“ഹാ, എത്ര ദുർധർഷനായ ദേവൻ!”



ഞാനൊരു മരുഭൂമിയിലൂടെ നടക്കുകയായിരുന്നു…


ഞാനൊരു മരുഭൂമിയിലൂടെ നടക്കുകയായിരുന്നു.
ഞാൻ നിലവിളിച്ചുകൊണ്ടു പറഞ്ഞു.
“ഹാ, ദൈവമേ, ഇവിടെ നിന്നെന്നെയെടുക്കേണമേ.”
ഒരു ശബ്ദം പറഞ്ഞു, “ഇതു മരുഭൂമിയല്ല.”
ഞാൻ നിലവിളിച്ചു. “ശരി തന്നെ.
എന്നാൽ ഈ മണൽ, ഈ ഉഷ്ണം, ഈ ഒഴിഞ്ഞ ചക്രവാളം.”
ഒരു ശബ്ദം പറഞ്ഞു, “ഇതു മരുഭൂമിയല്ല.”



താനൊരു കൊലയാളിയെ കണ്ടുമുട്ടുമെന്ന് ഒരാൾ പേടിച്ചു…

താനൊരു കൊലയാളിയെ കണ്ടുമുട്ടുമെന്ന് ഒരാൾ പേടിച്ചു.
താനൊരിരയെ കണ്ടുമുട്ടുമെന്ന് മറ്റൊരാളും.
ഒരാൾ മറ്റേയാളെക്കാൾ മിടുക്കനായിരുന്നു.



പ്രണയം ഒറ്റയ്ക്കു നടക്കുകയായിരുന്നു…


പ്രണയം ഒറ്റയ്ക്കു നടക്കുകയായിരുന്നു,
അവളുടെ മൃദുപദങ്ങളിൽ പാറകൾ കുത്തിക്കയറി,
അവളുടെ കൈകാലുകളിൽ മുള്ളുകൾ മുറിവേല്പിച്ചു.
പിന്നെയവൾക്കൊരു സഹയാത്രികനെ കിട്ടി,
എന്നാൽ കഷ്ടം, അയാളും അവൾക്കൊരു സഹായമായില്ല.
അയാളുടെ പേര്‌ ഹൃദയവേദന എന്നായിരുന്നു.



സ്റ്റീഫൻ ക്രെയ്ൻ(1871-1900) - അമേരിക്കൻ കവിയും നോവലിസ്റ്റും. “ധീരതയുടെ ചുവന്ന പതക്കം” പ്രസിദ്ധമായ കൃതി.









അഭിപ്രായങ്ങളൊന്നുമില്ല: