2016, മാർച്ച് 7, തിങ്കളാഴ്‌ച

ബോര്‍ഹസ്–പറുദീസ XXXI, 108

download (2)



കൊത്തിനുറുക്കി ഭൂമിയിലെമ്പാടും വിതറിയിട്ടിരിക്കുന്ന ഒരു ദൈവത്തിന്‍റെ കഥ ദിയോദോറസ്‌ സിക്കുലസ് പറയുന്നുണ്ട്. സന്ധ്യവെളിച്ചത്തില്‍ നടക്കുമ്പോഴോ, നമ്മുടെതന്നെ ഭൂതകാലത്തില്‍ നിന്നൊരു ദിവസം ഓര്‍മ്മിച്ചെടുക്കുമ്പോഴോ അനന്തമായതെന്തോ നമുക്കു നഷ്ടപ്പെട്ടുപോയതായ തോന്നലുണ്ടാകാത്തതായി നമ്മില്‍ ആരു കാണും?

മനുഷ്യരാശിക്ക് ഒരു മുഖം നഷ്ടമായിരിക്കുന്നു, വീണ്ടെടുക്കാനാവാത്തൊരു മുഖം; എല്ലാ മനുഷ്യര്‍ക്കുമാഗ്രഹമുണ്ട്, റോമിലേക്കു യാത്ര പോയി വിശുദ്ധവെറോണിക്കയുടെ മൂടുപടം ദര്‍ശിക്കുകയും ‘എന്റെ കര്‍ത്താവായ ക്രിസ്തുയേശുവേ, സത്യമായ ദൈവമേ, ഈ വരഞ്ഞിട്ടിരിക്കുന്നത് തന്നെയോ നിന്റെ പ്രതിരൂപം?‘ എന്നു വിശ്വാസപൂര്‍വം മന്ത്രിക്കുകയും ചെയ്യുന്ന ആ തീര്‍ഥാടകനാവാന്‍.

ഒരു പാതയരികില്‍ കല്ലില്‍ കൊത്തിയൊരു മുഖം കാണാം; ഇങ്ങനെയൊരു ലിഖിതവും : ഹൈനിലെ ക്രിസ്തുവിന്റെ തിരുമുഖം . ആ മുഖം ഏതുവിധമിരുന്നു എന്നത് യഥാര്‍ത്ഥമായി നമുക്കറിയാനായാല്‍ സദൃശവാക്യങ്ങളുടെ പൊരുള്‍ നമുക്കു തെളിഞ്ഞുകിട്ടും; തച്ചന്റെ മകന്‍ തന്നെയോ ദൈവത്തിന്‍റെ മകനായതെന്നു നാമറിയുകയും ചെയ്യും.

പൌലോസ് ആ മുഖം കണ്ടത്‌ തന്നെ നിലത്തേക്കു ചുഴറ്റിയെറിഞ്ഞ മിന്നല്‍പ്പിണറായിട്ടായിരുന്നു; യോഹന്നാനാവട്ടെ, പ്രതാപിയായെരിയുന്ന സൂര്യനായും. സ്വച്ഛപ്രകാശത്തില്‍ കുളിച്ച ആ മുഖം തെരേസാപുണ്യവതി എത്രതവണ ദര്‍ശിച്ചിരിക്കുന്നു, അതിന്റെ കണ്ണുകളുടെ നിറമെന്തായിരുന്നുവെന്ന്‍ അവര്‍ക്കുതീര്‍ച്ച വന്നിരുന്നില്ലെങ്കിലും .
ആ മുഖലക്ഷണങ്ങള്‍ നമുക്കു നഷ്ടമായിപ്പോയി, സാമ്പ്രദായികമായ അക്കങ്ങള്‍ കൊണ്ടു സൃഷ്ടിച്ച ഒരു മാന്ത്രികസംഖ്യ നഷ്ടപ്പെട്ടുപോകുന്നതുപോലെ, കലൈഡോസ്കൊപ്പിലെ ഒരു ചിത്രരൂപം കൈവിട്ടുപോകുന്നപോലെ.  കണ്ണിലേക്കെത്തുന്നുവെങ്കിലും നമ്മുടെ ഗ്രാഹ്യത്തിലേക്കതെത്തുന്നില്ല. തെരുവില്‍ എതിരേ വന്ന ഒരു ജൂതന്റെ മുഖരേഖയാവാം ക്രിസ്തുവിന്റെതും ; ടിക്കറ്റ് കൌണ്ടറിലൂടെ ബാക്കി തരുന്ന കൈകള്‍ പണ്ടൊരു നാള്‍ ഭടന്മാര്‍ കുരിശിനോടു ചേര്‍ത്താണിയടിച്ച കൈകളുടെ പ്രതിഫലനവുമാകാം.
ഓരോ കണ്ണാടിയിലും തങ്ങിനില്‍ക്കുന്നുണ്ടാവും ക്രൂശിതമുഖത്തിന്റെ ഏതോ ലക്ഷണങ്ങള്‍; ആ മുഖം മരിച്ചതും മാഞ്ഞുപോയതും എല്ലാ മുഖങ്ങളും ദൈവത്തിന്‍റെതാവട്ടെ എന്നുള്ളതിനാലുമാവണം.

ഇന്നു രാത്രിയില്‍ നമ്മുടെ സ്വപ്നത്തിന്റെ കുടിലദുര്‍ഗ്ഗങ്ങളില്‍ നാമതിനെ കാണുകയില്ലെന്നാരു കണ്ടു, നാമതിനെ കണ്ടുവെന്ന് നാളെ നമുക്കറിവുണ്ടാവില്ലെന്നും?
1954
-------------------------------------------------------------------------------------------------------------------

പറുദീസ XXXI, 108  -
ദാന്തേയുടെ ഡിവൈൻ കോമഡിയുടെ പറുദീസ എന്ന സർഗ്ഗത്തിൽ മുപ്പത്തൊന്നാം അദ്ധ്യായത്തിലെ നൂറ്റിയെട്ടാം വരി -Was this your face then as you once appeared?"

ദിയോദോറസ് സിക്കുലസ് Diodorus Siculus- ക്രി.മു. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരൻ.

വെറോണിക്കVeronica - കത്തോലിക്കാവിശ്വാസപ്രകാരം ഒന്നാം നൂറ്റാണ്ടിൽ ജറുസലേമിൽ ജീവിച്ചിരുന്ന ദൈവവിശ്വാസിയായ വെറോണിക്ക ഗോൽഗോഥയിലേക്കുള്ള യേശുവിന്റെ യാതനായാത്രയിൽ അവനു മുഖം തുടയ്ക്കാൻ തന്റെ മൂടുപടം കൊടുത്തു. യേശു മുഖം തുടച്ചിട്ട് അത് തിരികെ കൊടുക്കുമ്പോൾ അതിൽ അവന്റെ മുഖത്തിന്റെ രൂപം പതിഞ്ഞിരുന്നു. ഇതിപ്പോൾ സ്പെയിനിലെ ഹൈൻ (Jaen)നഗരത്തിലെ ഭദ്രാസനപ്പള്ളിയിൽ സൂക്ഷിച്ചിരിക്കുന്നു.

ആവിലയിലെ തെരേസ St. Teresa of Avila (1515-1582)-  സ്പാനിഷ് മിസ്റ്റിക്കും വിശുദ്ധയും.



Paradise, XXXI: 108

Diodorus Siculus relates the story of a god who is torn to pieces and scattered abroad. Which of us, out for an evening stroll and trying to recall an event from our past, has not at times felt the loss of something infinite?
Mankind has lost a face, an irrecoverable face, and everyone would like to be that pilgrim - dreamed in the highest heaven, secretly - who in Rome looks on Veronica's handkerchief and murmurs, believing, 'Christ Jesus, my lord, very God, was this then your likeness?'
Along a road in Jaén is a stone face bearing an inscription that reads, 'The True Portrait of the Holy Face of God'. If we really knew what that face was like we would have a key to the parables and would know whether the carpenter's son was also the Son of God.
Paul saw the face as a light that struck him down; John, as the sun in all its splendour; Theresa of the Child Jesus, often saw it bathed in a soft glow, and she could never tell for sure the colour of the eyes.
We have lost those features, just as a magic number made up of ordinary figures can be lost; just as an image in a kaleidoscope is lost for ever. We may come across the features and not know them. The profile of a Jew on an underground train may be that of Christ; the hands that give us our change over a counter may echo those that some soldiers once nailed to the cross.
Perhaps some feature of the crucified face lurks in every mirror; perhaps the face died and was erased so that God could be everyone. Perhaps tonight we shall see it in the labyrinths of sleep and tomorrow not recognize it.
Translated by Norman Thomas di Giovanni


അഭിപ്രായങ്ങളൊന്നുമില്ല: