2016, മാർച്ച് 4, വെള്ളിയാഴ്‌ച

സാദിഖ് ഹിദായത്ത് - അഗ്ന്യാരാധകൻ

510r0usbHfL._SX323_BO1,204,203,200_



പാരീസിലെ ഒരു ഗസ്റ്റ് ഹൌസിന്റെ മൂന്നാമത്തെ നിലയിലുള്ള ഒരു മുറിയിൽ തന്റെ പഴയ കൂട്ടുകാരിൽ ഒരാളോടൊപ്പമിരിക്കുകയാണ്‌ ഫ്ളാന്റൺ; അയാൾ ഇറാനിൽ നിന്നു മടങ്ങിവന്നിട്ട് അധികമായിട്ടില്ല. ഇരുവർക്കുമിടയിലുള്ള ഒരു ചെറിയ മേശ മേൽ ഒരു വൈൻ കുപ്പിയും രണ്ടു ഗ്ളാസ്സുകളും വച്ചിട്ടുണ്ട്; താഴത്തെ കഫേയിൽ നിന്ന് സംഗീതം ഉയരുന്നു. പുറത്ത് ഇരുട്ടായിരിക്കുന്നു; ആകാശം മേഘച്ഛന്നം; ഒരു പൊടിമഴ തുള്ളിയിടുകയും ചെയ്യുന്നു. ഫ്ളാന്റൺ കൈത്തലത്തിൽ നിന്നു മുഖം ഉയർത്തിയിട്ട് ഒരു ഗ്ളാസ്സെടുത്ത് ഒറ്റയിറക്കിനു തീർത്തു; എന്നിട്ടയാൾ തന്റെ സ്നേഹിതനെ നോക്കി. “തനിക്കറിയാമോ- ആ തകർന്ന എടുപ്പുകൾക്കും മലകൾക്കും മരുഭൂമികൾക്കുമിടയിൽ ഞാൻ എന്നെക്കൊണ്ടുപോയിത്തുലച്ചു എന്നെനിക്കു തോന്നിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഞാൻ എന്നോടു തന്നെ ചോദിച്ചു: ‘ഞാൻ ഒരു ദിവസം സ്വന്തം നാട്ടിലേക്കു മടങ്ങിപ്പോവുക എന്നതുണ്ടാവുമോ? നാം ഇപ്പോൾ കേൾക്കുന്ന ഈ സംഗീതം എന്നെങ്കിലുമൊരിക്കൽ എനിക്കു കേൾക്കാൻ പറ്റുമോ?’ നാട്ടിലേക്കു മടങ്ങണമെന്നു ഞാൻ ആഗ്രഹിച്ചു. ഇങ്ങനെ നാം രണ്ടു പേർ മാത്രമുള്ള ഒരു നിമിഷത്തിനായി, മനസ്സിലുള്ളതൊക്കെ തുറന്നു പറയാനായി ഞാൻ ആഗ്രഹിച്ചു. പക്ഷേ അതിൽ നിന്നൊക്കെ വ്യത്യസ്തമായതൊന്നാണ്‌ ഇന്നെനിക്കു നിന്നോടു പറയാനുള്ളത്; നിനക്കു വിശ്വാസം വരില്ലെന്ന് എനിക്കറിയാവുന്നതൊന്ന്: മടങ്ങിപ്പോന്നത് തെറ്റായിപ്പോയെന്ന് എനിക്കിപ്പോൾ തോന്നിത്തുടങ്ങിയിരിക്കുന്നു. നിനക്കറിയാമോ, ഞാൻ ഇപ്പോഴും ഇറാനു വേണ്ടി ദാഹിക്കുന്നു. എനിക്കെന്തോ നഷ്ടം പറ്റിയ പോലെ!“

ഇതു കേട്ടപ്പോൾ അയാളുടെ സ്നേഹിതൻ മുഷ്ടി കൊണ്ട് മേശ മേൽ കളിയായി ഒന്നിടിച്ചുകൊണ്ട് പൊട്ടിച്ചിരിച്ചു. ”തമാശ കളയെടാ, യൂജിൻ. നീ ചിത്രകാരനാണെന്ന് എനിക്കറിയാമായിരുന്നു. കവിയും കൂടിയാണെന്ന് ഇപ്പോഴാണു മനസ്സിലായത്. നിനക്കപ്പോൾ ഞങ്ങളെയൊക്കെ മടുത്തുവല്ലേ? അതോ നിനക്കവിടെ ആരെങ്കിലുമായി അടുപ്പം തുടങ്ങിയോ? കിഴക്കുള്ളവർ കാണാൻ സുന്ദരികളാണെന്നു ഞാൻ കേട്ടിരിക്കുന്നു!“

” ഹേയ്, ഇതതൊന്നുമല്ല. ഞാൻ തമാശ പറഞ്ഞതുമല്ല.“

”അതിരിക്കട്ടെ, കഴിഞ്ഞൊരു ദിവസം ഞാൻ നിന്റെ സഹോദരനെ കാണാൻ പോയിരുന്നു. സംസാരം ഒടുവിൽ നിന്നെക്കുറിച്ചായി. നീ അടുത്ത കാലത്ത് ഇറാനിൽ നിന്നയച്ച ചിത്രങ്ങൾ അവൻ എന്നെ കാണിച്ചു. തകർന്ന എടുപ്പുകളുടേതായിരുന്നു എല്ലാ ചിത്രങ്ങളുമെന്ന് ഞാനോർക്കുന്നു...അതെയതെ, അതിലൊന്ന് അഗ്നിപൂജ നടത്തുന്ന ഒരു സ്ഥലത്തിന്റേതാണെന്ന് അവൻ പറഞ്ഞിരുന്നു. ഇപ്പോഴും അവിടെ അഗ്നിപൂജ നടക്കുന്നുണ്ടെന്നാണോ നീ പറയുന്നത്? അവിടെ നല്ല പരവതാനി കിട്ടുമെന്നു മാത്രമേ ആ നാട്ടിനെക്കുറിച്ച് എനിക്കു വിവരമുള്ളു. അവിടെ നീ കണ്ടതൊക്കെ ഒന്നു വിസ്തരിച്ചു പറഞ്ഞാട്ടെ. നിനക്കറിയാമല്ലോ, ഞങ്ങൾ പാരീസുകാർക്ക് അതൊക്കെ വലിയ പുതുമ ആയിരിക്കും!“

ഫ്ളാന്റൺ ഒരു നിമിഷം മിണ്ടാതിരുന്നിട്ടു പറഞ്ഞു: ”നീ പറഞ്ഞതു കേട്ടപ്പോൾ എനിക്കൊരു സംഗതി ഓർമ്മ വരുന്നു. അന്നൊരു ദിവസം ഇറാനിൽ വച്ച് എന്നെ സംബന്ധിച്ചിടത്തോളം തികച്ചും അസാധാരണമായ ഒരു കാര്യം സംഭവിച്ചു. ഇതു വരെ ഞാൻ ഇതാരോടും പറഞ്ഞിട്ടില്ല. അന്ന് എന്റെ കൂടെ ഉണ്ടായിരുന്ന കോസ്റ്റ എന്ന കൂട്ടുകാരനോടു പോലും. അവൻ എന്നെ കളിയാക്കിച്ചിരിക്കുമെന്നായിരുന്നു എന്റെ പേടി. ഞാൻ ഒരവിശ്വാസിയാണെന്ന് നിനക്കറിയാമല്ലോ. ആയുസ്സിലൊരിക്കലേ മനസ്സു തുറന്ന്, ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിച്ചിട്ടുള്ളു. അത് ഇറാനിൽ വച്ചായിരുന്നു, നീ ഫോട്ടോയിൽ കണ്ട അതേ ക്ഷേത്രത്തിൽ വച്ച്. അന്നൊരു ദിവസം തെക്കൻ ഇറാനിലെ പെഴ്സിപ്പൊളീസിൽ ഉത്ഖനനം നടത്തുന്നതിനിടെ ഒറ്റയ്ക്കു ഞാൻ നഗ്ഷേ റൊസ്തമിൽ പോയിരുന്നു. പണ്ടു കാലത്ത് മലകൾ തുരന്ന് പേഴ്സ്യൻ രാജാക്കന്മാരെ അടക്കം ചെയ്തിരുന്നത് അവിടെയാണ്‌. നീ ചിത്രം കണ്ടുകാണും. മലയിൽ ഒരു കുരിശു തുരന്നെടുത്ത പോലെ തോന്നും. അതിനു മുകളിലായി അഗ്നിയുടെ ക്ഷേത്രത്തിനു മുന്നിൽ നില്ക്കുന്ന ഒരു രാജാവിന്റെ ചിത്രം കാണാം; അദ്ദേഹത്തിന്റെ ഒരു കൈ അഗ്നിക്കു നേരേ നീട്ടിയിരിക്കുന്നു. ക്ഷേത്രത്തിനും മുകളിൽ അഹുര മസ്ദ, അവരുടെ ദൈവം. ക്ഷേത്രത്തിനു ചുവട്ടിലായി പൂമുഖം പോലെ പാറ വെട്ടിയിറക്കിയതിനുള്ളിൽ രാജാവിന്റെ ജഡം വച്ച പേടകം. ഈ തരം പേടകങ്ങൾ അവിടെ കുറേ കാണാം. അവയ്ക്കു നേരേ എതിരായി അഗ്നിക്കായുള്ള മഹാക്ഷേത്രം, സൊറാസ്റ്ററുടെ കാബ.

“എനിക്കു നല്ല ഓർമ്മയുണ്ട്, നേരം സന്ധ്യയോടടുക്കുകയാണ്‌. ആ ദേവാലയത്തിന്റെ അളവുകളെടുക്കുന്നതിൽ മുഴുകിയിരിക്കുകയാണു ഞാൻ. ക്ഷീണവും ചൂടും കാരണം ഞാനാകെ വശം കെട്ടിരിക്കുന്നു. പെട്ടെന്നാണ്‌, രണ്ടു പേർ ഞാനിരിക്കുന്ന ദിക്കു നോക്കി നടന്നുവരുന്നത് എന്റെ ദൃഷ്ടിയിൽ പെട്ടു. സാധാരണ പേഴ്സ്യക്കാരുടേതു പോലെയല്ല അവരുടെ വേഷം. അടുത്തെത്തിയപ്പോൾ ഇരുവർക്കും നല്ല പ്രായമായിട്ടുണ്ടെന്നു ഞാൻ കണ്ടു. വൃദ്ധന്മാരെങ്കിലും ബലവും ഓജസ്സുമുള്ള രണ്ടു പേർ. തിളങ്ങുന്ന കണ്ണുകൾ. മനസ്സിൽ തറയ്ക്കുന്ന മുഖങ്ങൾ. അവർ വടക്കേ ഇറാനിലെ യാസ്ദിൽ നിന്നു വരുന്ന വ്യാപാരികളാണെന്നു ഞാൻ ചോദിച്ചു മനസ്സിലാക്കി. യാസ്ദിലെ മിക്കവരുടെയും മതം തന്നയാണ്‌ അവരുടേതും; എന്നു പറഞ്ഞാൽ അഗ്നിയെ ആരാധിക്കുന്നവർ, ഇറാനിലെ പ്രാചീനരായ രാജാക്കന്മാരെപ്പോലെ. പ്രാചീനമായ ഈ അഗ്നിക്ഷേത്രത്തിൽ ആരാധന നടത്താൻ മാത്രമായി പതിവു വഴി വിട്ടു വന്നിരിക്കുകയാണവർ. സംസാരത്തിനിടയിൽത്തന്നെ അവർ ചുള്ളിക്കമ്പുകളും കരിയിലകളും തൂത്തുകൂട്ടി ചെറിയൊരു തീക്കുണ്ഡം ജ്വലിപ്പിച്ചു കഴിഞ്ഞിരുന്നു. വിസ്മയസ്തബ്ധനായി ഞാൻ അവരെ നോക്കിനിന്നു. അവർ പിന്നെ ഞാൻ മുമ്പു കേട്ടിട്ടില്ലാത്ത ഒരു സവിശേഷഭാഷയിൽ മന്ത്രങ്ങളും പ്രാർത്ഥനകളും ഉരുവിടാൻ തുടങ്ങി. ഇതു തന്നെയായിരിക്കണം സൊറാസ്റ്ററുടെയും അവെസ്തയുടെയും ഭാഷ. ശിലകളിൽ ക്യൂണിഫോമായി കോറിയിട്ടിരിക്കുന്നതും ഇതേ ഭാഷ തന്നെയാവണം.
“ഈ സമയത്ത്, ആ രണ്ട് അഗ്ന്യാരാധകർ പ്രാർത്ഥനാനിരതരായി നില്ക്കുന്ന നേരത്ത്, ഞാനൊന്നു മുകളിലേക്കു നോക്കി. അവിടെ കല്ലിൽ കൊത്തിവച്ചിരിക്കുന്ന രംഗം ഇവിടെ എന്റെ കണ്മുന്നിൽ അരങ്ങേറുന്ന ഈ ജീവൽദൃശ്യം തന്നെയാണെന്നു ഞാൻ കണ്ടു. വേരിറങ്ങിയപോലെ ഞാൻ തറഞ്ഞുനിന്നുപോയി. ഡാരിയസിന്റെ ശവകുടീരത്തിനു നേരേ മുകളിലുള്ള ആ ശിലാമനുഷ്യർ ആയിരമായിരം വർഷങ്ങൾക്കിപ്പുറം ജീവൻ വച്ചിറങ്ങിവന്നതാണെന്നപോലെ; എനിക്കു മുന്നിൽ നിന്നുകൊണ്ട് തങ്ങളുടെ ദൈവത്തിന്റെ പ്രത്യക്ഷത്തെ ആരാധിക്കുകയാണെന്നപോലെ. എനിക്കു വിസ്മയം തോന്നി: ഇത്ര കാലം കഴിഞ്ഞിട്ടും, അതിനെ തകർക്കാനും തുടച്ചുമാറ്റാനും മുസ്ലീങ്ങൾ എത്രയൊക്കെ കിണഞ്ഞുപണിതിട്ടും ഈ പ്രാചീനമതത്തിന്‌ ഇന്നും അനുയായികളുണ്ടല്ലോ! രഹസ്യമായിട്ടാണെങ്കിലും തുറന്ന സ്ഥലത്ത് അഗ്നിക്കു മുന്നിൽ അവർ നമസ്കരിക്കുന്നുണ്ടല്ലോ!

”പിന്നെ ആ രണ്ടു പേരും അവിടെ നിന്നു പോയി. ഞാൻ മാത്രം ശേഷിച്ചു; ആ കൊച്ചു തീക്കുണ്ഡം അപ്പോഴും എരിയുന്നുണ്ടായിരുന്നു. എങ്ങനെയാണതു സംഭവിച്ചതെന്ന് എനിക്കറിയില്ല- ഏതോ ഒരതീതശക്തി എന്നെ കീഴമർത്തുകയായിരുന്നു. എങ്ങും കനത്ത നിശബ്ദതയായിരുന്നു. മലയുടെ ഒരു വശത്തുനിന്ന് എരിയുന്ന ഗന്ധകഗോളം പോലെ ചന്ദ്രൻ പുറത്തേക്കു വന്നു; അതിന്റെ വിളറിയ വെളിച്ചം ആ മഹാക്ഷേത്രത്തെ നിമഗ്നമാക്കുകയായിരുന്നു. കാലം രണ്ടോ മൂന്നോ ആയിരം കൊല്ലത്തേക്കു പിന്നിലേക്കു പോയപോലെ തോന്നി. ഞാൻ ഏതു ദേശക്കാരനാണെന്നും ഞാനാരാണെന്നും എന്റെ ചുറ്റുപാടുമെല്ലാം ഞാൻ മറന്നു. അജ്ഞാതരായ ആ രണ്ടു വൃദ്ധന്മാർ ആരാധിച്ചും സ്തുതിച്ചും കൊണ്ട് നമസ്കരിച്ച ആ ചാരക്കൂനയിലേക്കു ഞാൻ കണ്ണു നട്ടു. അതിൽ നിന്ന് നീലപ്പുക ഒരു തൂണു പോലെ പൊങ്ങി വായുവിൽ ചുരുണ്ടുകയറുകയായിരുന്നു. തകർന്ന ശിലകളുടെ നിഴലുകൾ, ധൂസരമായ ചക്രവാളം, എന്റെ തലയ്ക്കു മേൽ അന്യോന്യം കണ്ണു ചിമ്മുന്ന ദീപ്തനക്ഷത്രങ്ങൾ, ഈ നിഗൂഢമായ അവശേഷങ്ങൾക്കും പ്രാക്തനദേവാല യങ്ങൾക്കുമിടയിൽ പ്രശാന്തഗംഭീരമായ താഴ്വാരം- ആ പരിസരവും മരിച്ചവരുടെ ആത്മാക്കളും ശവപേടകങ്ങൾക്കും തകർന്ന ശിലകൾക്കും മുകളിൽ തങ്ങിനില്ക്കുന്ന അവരുടെ ചിന്തകളുടെ ബലവും ഒക്കെക്കൂടി എന്നെ പിടിച്ചുവലിക്കുകയോ പ്രചോദിപ്പിക്കുകയോ ആയിരുന്നു; എന്റെ പിടിയിലായിരുന്നില്ല ഒന്നും. ഞാൻ, ഒന്നിലും വിശ്വാസമില്ലാത്ത ഞാൻ, നീലപ്പുകച്ചുരുളുയരുന്ന ആ ചാരത്തിനു മുന്നിൽ മുട്ടുകുത്തി; ഞാനതിനെ ആരാധിച്ചു. എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു; പക്ഷേ ഞാനെന്തെങ്കിലും ഉച്ചരിക്കണമെന്നുമുണ്ടായിരുന്നില്ല. ഒരു മിനുട്ടേ കഴിഞ്ഞിട്ടുണ്ടാവുള്ളു, അപ്പോഴേക്കും എനിക്കു സ്വബോധം വന്നു. പക്ഷേ ഞാൻ അഹുര മസ്ദയുടെ പ്രത്യക്ഷത്തെ ആരാധിച്ചു കഴിഞ്ഞിരിക്കുന്നു- ഒരുപക്ഷേ ഇറാനിലെ പ്രാക്തനരായ രാജാക്കന്മാർ അഗ്നിയെ ആരാധിച്ച അതേ രീതിയിൽ. ആ മുഹൂർത്തത്തിൽ ഞാൻ ഒരഗ്ന്യാരാധകനായി. ഇനി നിനക്ക് എന്നെക്കുറിച്ച് എന്തു വേണമെങ്കിലും ചിന്തിക്കാം. അതൊരുപക്ഷേ മനുഷ്യവർഗ്ഗം ബലഹീനമായതു കൊണ്ടാവാം, അതിനു കഴിയില്ല...“


sadiq hedayath
സാദിഖ് ഹിദായത്ത്(1903-1951) - ”കുരുടൻ മൂങ്ങഎന്ന നോവലിലൂടെ പ്രശസ്തനായ ഇറാനിയൻ എഴുത്തുകാരൻ. കാഫ്ക,റില്ക്കെ, ആലൻ പോ, ദസ്തയേവ്സ്കി തുടങ്ങിയവരുടെ സ്വാധീനം പ്രകടം. 1951 ഏപ്രിൽ 4ന്‌ പാരീസിൽ വച്ച് ആത്മഹത്യ ചെയ്തു.










* സൊറാസ്റ്റർ (സരതുഷ്ട്ര)- ഇറാനിലെ സരതുഷ്ട്ര മതത്തിന്റെ സ്ഥാപകൻ.
*സെന്ദ് അവെസ്ത- സൊരാഷ്ട്രിയനിസത്തിന്റെ വേദഗ്രന്ഥം



അഭിപ്രായങ്ങളൊന്നുമില്ല: