2016, മാർച്ച് 15, ചൊവ്വാഴ്ച

കുർട്ട് കുസെൻബെർഗ് - ഈ പറയുന്ന പോലുള്ള വ്യത്യാസമൊന്നുമില്ല





കഴിഞ്ഞ ചില വർഷങ്ങളായി മിസ്റ്റർ പോറ്റാക്കിന്‌ തന്റെ ഓർമ്മയെ അത്ര ആശ്രയിക്കാനാവാതെ വന്നിരിക്കുന്നു. അതിപ്പോൾ യാഥാർത്ഥ്യത്തെ വിശ്വസ്തമായി രേഖപ്പെടുത്താതെ തന്നിഷ്ടം പോലെ മാറ്റിമറിക്കുകയാണ്‌. മിസ്റ്റർ പോറ്റാക്ക് തനിക്കു നന്നായിട്ടറിയാവുന്നവരെ തിരിച്ചറിയാത്തതിനും തനിക്കൊരു പരിചയവുമില്ലാത്തവരോട് ചിരപരിചിതരെന്ന രീതിയിൽ കുശലം പറയാൻ നില്ക്കുന്നതിനും മരിച്ചവരെ ജീവിച്ചിരിക്കുന്നവരായും ജീവനോടിരിക്കുന്നവരെ മരിച്ചവരായും കണക്കാക്കുന്നതിനുമൊക്കെ ഇതാണ്‌ കാരണം. താൻ അഭിവാദ്യം ചെയ്തിട്ടും ഗൗനിക്കാതെ പോയ മിസ്റ്റർ പോറ്റാക്കിനെ ഒരയല്ക്കാരൻ തടഞ്ഞുനിർത്തി ചോദിച്ചപ്പോൾ അയാൾ കൂളായി മറുപടി കൊടുത്തത് ഇങ്ങനെയാണ്‌, “ഞാൻ പ്രേതങ്ങളോടു മിണ്ടാൻ പോകാറില്ല.” ഇതൊന്നുമല്ല, ഒരേ പോലിരിക്കുന്നു എന്നൊരു കാരണം കൊണ്ട് കാര്യങ്ങളെയും സന്ദർഭങ്ങളെയും അയാൾ ഒന്നായി കാണാനും തുടങ്ങി. ഉദാഹരണത്തിന്‌ വെള്ള രോമക്കുപ്പായം ധരിച്ച സ്ത്രീകളെയെല്ലാം അയാൾ ഒറ്റയാളായി ചുരുട്ടിക്കെട്ടും; എത്ര തവണയാണ്‌ താൻ ആ സ്ത്രീയെ കാണുന്നതെന്ന് എന്നിട്ടയാൾക്കത്ഭുതവും തോന്നും. കുട വാങ്ങാൻ പോകുന്നയാൾ കൂടാരവുമായിട്ടാണു മടങ്ങുക. പോകുന്ന വഴിയ്ക്കാരെങ്കിലും നെക്കാർ തെരുവിലേക്കു വഴി ചോദിച്ചുവെന്നിരിക്കട്ടെ, റൈൻ റോഡിലേക്കെങ്ങനെ പോകണമെന്നാണ്‌ അയാൾ പറഞ്ഞു കൊടുക്കുക. താൻ സ്ഥിരമായി പുകയില വാങ്ങുന്ന ബൻഗെർട്ടിനെ അയാൾ ബേഡ് എന്നല്ലാതെ വിളിക്കില്ല; അയാളുടെ മൂക്ക് കൊക്കു പോലെ വളഞ്ഞിരുന്നു എന്നതാണ്‌ കാരണം. ആരെങ്കിലും ഗുണദോഷിക്കാൻ ചെന്നാൽ മുഖസ്തുതി കേട്ട പരുങ്ങലായിരിക്കും അയാളുടെ മുഖത്ത്.

“ഈ പറയുന്ന പോലുള്ള വ്യത്യാസമൊന്നുമില്ലെന്നേ,” മറ്റൊരു കൂട്ടിക്കുഴയ്ക്കലിനു ശേഷം അയാൾ നിരീക്ഷിക്കും.

ആയിരത്തിത്തൊള്ളായിരത്തി അമ്പതാമാണ്ട് ജൂൺ ഒമ്പതാം തീയതിയും മിസ്റ്റർ പോറ്റാക്കിന്റെ പ്രവൃത്തികൾ പതിവിനു വിപരീതമായിരുന്നില്ല. അന്ന് തോതല്പം കൂടിപ്പോയെന്നു മാത്രം. തലേ രാത്രി അയാൾ ഒരു കഷണം കടലാസ്സിൽ ഇങ്ങനെ കുറിച്ചിട്ടിരുന്നു, ജൂലിയസ് അമ്മാവൻ (ക്രിസാന്തമം). കാലത്തെഴുന്നേറ്റ് ഇതു കണ്ടപ്പോൾ അയാൾക്കു യാതൊരു സംശയവുമുണ്ടായില്ല, അമ്മാവൻ മരിച്ചുപോയിരിക്കുന്നുവെന്നും താൻ, പോറ്റാക്ക്, സംസ്ക്കാരത്തിനു ചെല്ലുമെന്നാണ്‌ അവരുടെ പ്രതീക്ഷയെന്നും. അങ്ങനെ അയാൾ ഒരു കറുത്ത സൂട്ടെടുത്തിട്ടു, താൻ അവിവാഹിതനാണെന്നു കരുതിക്കൊണ്ട് തന്നെത്താൻ കാപ്പിയുണ്ടാക്കി, അടുക്കളയിൽ വച്ചു തന്നെ കുടിക്കുകയും ചെയ്തു. കോണിപ്പടിയിറങ്ങുമ്പോൾ ഭാര്യ ഷോപ്പിങ്ങ് കഴിഞ്ഞു വരുന്നതു കണ്ടു; ഏതോ വാടകക്കാരിയാണെന്ന ധാരണയിൽ ഒരു പരുക്കൻ “ഗുഡ് മോണിംഗ്” പറഞ്ഞിട്ട്  അയാൾ നേരേ ഇറങ്ങിപ്പോയി. മുൻവാതില്ക്കൽ രണ്ടു വാഹനങ്ങൾ വന്നു നില്ക്കുകയായിരുന്നു, ഒരു കാറും ഒരു ടാക്സിയും. കാർ മിസ്റ്റർ പോറ്റാക്കിന്റേതു തന്നെയായിരുന്നു; പക്ഷേ ആ വസ്തുത അപ്പോഴേക്കും ബോധത്തിൽ നിന്നു മറഞ്ഞിരുന്നു. ടാക്സിയിൽ നിന്ന് കൊഴുത്തുരുണ്ട ഒരു മാന്യദേഹം പുറത്തു വന്ന് ഡ്രൈവർക്കു കാശു കൊടുക്കാൻ തുടങ്ങുകയാണ്‌. മിസ്റ്റർ പോറ്റാക്ക് അയാളെ കടന്ന് മുന്നോട്ടു നടന്നു. അയാൾ അധികദൂരം ചെല്ലും മുമ്പേ ആ തടിച്ചയാൾ പിന്നിൽ നിന്നു വിളിച്ചു, “താനെങ്ങോട്ടാണെടോ, കിഴവാ?”

ഇയാളെന്തിനാണോ എന്നെ കിഴവനാക്കുന്നത്? മിസ്റ്റർ പോറ്റാക്കിന്‌ അത്ഭുതമായി. എനിക്കിയാളെ ഒരു പരിചയവുമില്ല.

പിന്നെ മര്യാദകേടായി തോന്നേണ്ടല്ലോ എന്നു കരുതി മാത്രം തൊപ്പി ഒന്നു പൊന്തിച്ചിട്ട് അയാൾ തൊട്ടടുത്ത തിരിവു കടന്ന് മറഞ്ഞു. കണ്ടിട്ടാറു കൊല്ലമായ ചങ്ങാതി ബ്രാക്കെ അന്നു തന്നെ കാണാൻ വരുന്ന കാര്യം അയാൾ നിശ്ശേഷം മറന്നു എന്നതാണ്‌ വാസ്തവം. ചങ്ങാതിക്ക് അയാൾ വഴി ആ ടൗണിൽ ഒരു വീടു വാങ്ങണം. മിസ്റ്റ പോറ്റാക്ക് ഒരു വസ്തുദല്ലാളായിരുന്നു എന്ന് ഇവിടെ പ്രസ്താവിച്ചു കൊള്ളട്ടെ.
പൂക്കടയിൽ നല്ല ക്രിസാന്തമങ്ങളൊന്നും കണ്ടില്ല; അതിനാൽ നല്ലൊരു റീത്തു തന്നെ വാങ്ങാമെന്ന് മിസ്റ്റർ പോറ്റാക്ക് തീരുമാനിച്ചു. മരിച്ച വീട്ടിലേക്ക് അധികദൂരമൊന്നും പോകാനില്ല; പക്ഷേ പോകുന്ന വഴിയ്ക്ക് തന്റെ അമ്മാവൻ ശരിക്കും മരിച്ചോ എന്നയാൾക്കു സംശയമായി. കിഴവൻ രണ്ടാമതൊന്നു കെട്ടാൻ പോവുകയാണെന്നു വരുമോ? അതല്ലെങ്കിൽ അങ്ങേരുടെ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്നും ഇന്നവരുടെ വിവാഹത്തിന്റെ ഇരുപത്തഞ്ചാം വാർഷികമാണെന്നും വന്നുകൂടേ? അമ്മാവൻ താമസിക്കുന്ന വീടിനു പുറത്ത് ഒരു ശവവണ്ടി കിടക്കുന്നതു കണ്ടപ്പോൾ അയാളുടെ മനസ്സ് ശരിക്കൊന്നയഞ്ഞു.
*


കോണിപ്പടി കയറുമ്പോൾ പണിപ്പെട്ടു തന്നെ അയാൾ മുഖത്തു ദുഃഖവും സഹതാപവും വരുത്തി. മൂന്നാം നിലയിലെത്തി അയാൾ വാതിലിൽ മുട്ടി. അകത്തു നിന്ന് പ്രസരിപ്പു നിറഞ്ഞ ശബ്ദങ്ങൾ കേൾക്കാമായിരുന്നു, ഗ്ളാസ്സുകൾ കൂട്ടിമുട്ടുമ്പോഴെന്ന പോലെ ചില കിലുക്കങ്ങളും. വൈൻ കുടിച്ചു കണ്ണു ചുവന്ന ഒരു ചെറുപ്പക്കാരൻ വന്ന് വാതിൽ തുറന്നിട്ട് മിസ്റ്റർ പോറ്റാക്കിനെ തുറിച്ചുനോക്കിക്കൊണ്ടു നിന്നു. അതയാളുടെ അനന്തരവൻ ഓയ്ഗെൻ ആയിരുന്നു. മിസ്റ്റർ പോറ്റാക്കിന്‌ അവനെ കണ്ട പാടെ മനസ്സിലായി; അതിലയാൾക്കു സന്തോഷവും തോന്നി.(വാസ്തവത്തിൽ അതയാളുടെ മറ്റൊരനന്തരവൻ വുൾഫ്ഗാങ്ങ് ആയിരുന്നു; പക്ഷേ അതിവിടെ പ്രശ്നമല്ല; അതൊന്നു പരാമർശിച്ചുവെന്നേയുള്ളു.)

“ഈ റീത്തിന്റെ കാര്യം?” ചെറുപ്പക്കാരൻ അടക്കത്തിൽ ചോദിച്ചു.

മിസ്റ്റർ പോറ്റാക്ക് നിസ്സഹായനായി കോണിച്ചുവട്ടിലേക്കു കൈ ചൂണ്ടി.

“അവിടെ കിടക്കുന്ന ശവവണ്ടി...അപ്പോൾ ജൂലിയസ് അമ്മാവൻ മരിച്ചിട്ടില്ലേ?”

ചെറുപ്പക്കാരൻ തല കുലുക്കി.

“ഇല്ലേയില്ല! ജൂലിയസ് വലിയമ്മാവൻ എഴുപത്തഞ്ചാം പിറന്നാൾ ആഘോഷിക്കുകയാണ്‌, മനസ്സിലായോ? രണ്ടാം നിലയിൽ താമസിക്കുന്ന വാഗ്നർ ആണ്‌ മരിച്ചത്. ആരെങ്കിലും വന്നു കാണുന്നതിനു മുമ്പ് ആ സാധനം കൊണ്ടുപോയി കളഞ്ഞാട്ടെ!“

അന്ധാളിച്ചുപോയ മിസ്റ്റർ പോറ്റാക്ക് ഒച്ചയുണ്ടാക്കാതെ പടിയിറങ്ങി. ഇതിനി എവിടെ കൊണ്ടുപോകാൻ? ആഹാ, ഒരു വഴി കണ്ടു. അയാൾ നേരേ രണ്ടാം നിലയിൽ ചെന്ന് വാതിലിൽ മുട്ടി തന്റെ ആദരാഞ്ജലികൾ അർപ്പിക്കുകയും തേങ്ങിക്കരച്ചിലുകൾ കേട്ടുനില്ക്കുകയും രണ്ടു ഡസൻ കൈകളിൽ പിടിച്ചമർത്തുകയും ചെയ്തു; പള്ളിയിൽ അടക്കത്തിൽ സംബന്ധിക്കാൻ അയാൾക്കു ക്ഷണം കൂടി കിട്ടി. എല്ലാവരും അയാളെ പരേതന്റെ ഒരു സ്നേഹിതനായി കണക്കാക്കി; തനിക്ക് മിസ്റ്റർ വാഗ്നറെ അറിയാമെന്ന് മിസ്റ്റർ പോറ്റാക്കിനും ഇപ്പോൾ തോന്നിത്തുടങ്ങി; എന്നു വച്ച് അയാളുടെ അന്ത്യയാത്രയിൽ രണ്ടു മണിക്കൂർ കളയാനും മാത്രം അടുപ്പമുള്ളതായി അയാൾക്കു തോന്നിയുമില്ല. അയാളുടെ ഭാഗ്യത്തിന്‌ അപ്പോഴേക്കും ശവമെടുക്കുന്നവർ വന്നു. അപ്പോഴത്തെ ബഹളത്തിനിടയിൽ ആരുടെയും ശ്രദ്ധയിൽ പെടാതെ പുറത്തു കടക്കുന്നതിൽ അയാൾ വിജയിച്ചു.
*


തെരുവിന്റെ മറ്റേ വശത്ത്, ശവവണ്ടിക്കു നേരേ പിന്നിലല്ലാതെ, ഒരു കാർ വന്നു നില്ക്കുകയായിരുന്നു. താൻ നടന്നാണു വന്നതെന്ന കാര്യം ഇതിനകം മറന്നു കഴിഞ്ഞ മിസ്റ്റർ പോറ്റാക്ക് അതു തന്റേതാണെന്നുറപ്പിച്ചു കഴിഞ്ഞു. ഡോർ തുറന്ന് സ്റ്റിയറിംഗ് വീലിനു പിന്നിലിരിക്കുമ്പോൾ ഒരു സ്ത്രീ, അതു തന്റെ ഭാര്യ തന്നെയായിരിക്കണം, പിന്നിൽ ഉറങ്ങിക്കിടക്കുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടു. തന്നോടെന്തു സ്നേഹമാണവൾക്ക്, അയാളോർത്തു; ടൗൺ മൊത്തം അവൾ ഒപ്പം പോന്നില്ലേ.
അയാൾ നല്ല സ്പീഡിൽ തന്നെ വണ്ടിയോടിച്ചു; കാരണം, ഏതോ ഉയർന്ന അധികാരിക്കു മുന്നിൽ (അതെ, കോടതിയിൽ, അതു തന്നെ) ഹാജരാവാൻ തന്നെ വിളിപ്പിച്ചിരിക്കുകയാണെന്ന് അയാൾക്കു നല്ല തീർച്ചയായിരുന്നു; അതു സ്വന്തം കാര്യത്തിനാണോ അതോ മറ്റാർക്കെങ്കിലും വേണ്ടിയാണോയെന്ന് അയാൾക്കത്ര ഉറപ്പില്ല; അതു പക്ഷേ വൈകാതെ അറിയാവുന്നതല്ലേയുള്ളു.തികച്ചും വ്യത്യസ്തമായ മറ്റൊരോഫീസിൽ ചെല്ലാനാണ്‌ അയാളെ വിളിപ്പിച്ചിരുന്നത്; പക്ഷേ അധികാരം ഇതായാലും അതായാലും ഒന്നുതന്നെയാണല്ലോ. അയാളുടെ ചിന്തയിൽ തള്ളിക്കയറി വന്ന്ത കോടതി ആയതുകൊണ്ട് അയാൾ അങ്ങോട്ടു പോയി എന്നു മാത്രം.
ജില്ലാ കോടതിയ്ക്ക് കണ്ടമാനം ഇടനാഴികളും മുറികളും ഉണ്ടായിരുന്നു. എന്തിനാണ്‌ തന്നെ ഇവിടെയ്ക്കു വിളിപ്പിച്ചിരിക്കുന്നതെന്നതിന്‌ എന്തെങ്കിലും സൂചന കിട്ടിയാലോ എന്ന പ്രതീക്ഷയോടെ മിസ്റ്റർ പോറ്റാക്ക് അവിടെ ചുറ്റി നടന്നു. ഇരുളടഞ്ഞ ഒരു മൂലയ്ക്ക് സാക്ഷികളുടെ പേരു വിളിക്കുന്നുണ്ടായിരുന്നു; തന്റേതു പോലെ തോന്നിയ ഒരു പേരു വിളിച്ചു കേട്ടപ്പോൾ മിസ്റ്റർ പോറ്റാക്ക് മുന്നിലേക്കു ചെന്നു.

കോടതിമുറിക്കുള്ളിൽ എത്തിയപ്പോൾ കേസ് തന്നെ സംബന്ധിക്കുന്നതാണോ എന്ന് അയാൾക്ക് ആദ്യമൊരു സംശയം തോന്നിയിരുന്നു. പക്ഷേ അധികനേരം കഴിയും മുമ്പേ അയാൾക്കതിന്റെ തുമ്പു പിടി കിട്ടി; പ്രതിയെ നിരീക്ഷിക്കുന്തോറും (സ്വത്തു തട്ടിയെടുത്തു എന്നതാണ്‌ അയാൾക്കെതിരെ ആരോപിക്കപ്പെട്ടിരുന്നത്) അയാൾ നിരപരാധിയാണെന്ന് അയാൾക്കെന്തോ കൂടുതൽ കൂടുതലായി ബോദ്ധ്യപ്പെടുകയായിരുന്നു. സാക്ഷിക്കൂട്ടിൽ കയറിനില്ക്കാൻ ജഡ്ജിക്കയാളെ മൂന്നു തവണ വിളിക്കേണ്ടി വന്നു; കാരണം, തന്റേതു പോലെ തോന്നിയ ആ പേര്‌ മിസ്റ്റർ പോറ്റാക്കിന്‌ അപ്പോൾ ഓർമ്മ വന്നില്ല; അതിപ്പോൾ അത്ര സമാനമായി അയാൾക്കു തോന്നിയതുമില്ല. എന്തായാലും മിസ്റ്റർ പോറ്റാക്കിന്‌ ഇതിനകം ദൃഢബോദ്ധ്യമായിക്കഴിഞ്ഞിരുന്നു, പ്രതി ഒരുകാലത്ത് തന്റെയൊരു സഹപ്രവർത്തകനായിരുന്നുവെന്ന്; അതിനാലയാൾ അയാളുടെ സത്യസന്ധതയെയും പരിശ്രമശീലത്തെയും ഗംഭീരമായി പുകഴ്ത്തി സംസാരിച്ചു; എന്നു തന്നെയല്ല, ആരോപണം അടിസ്ഥാനമില്ലാത്തതും അസംബന്ധവുമാണെന്നു പ്രഖ്യാപിക്കുന്നത്ര വരെ പോവുകയും ചെയ്തു. ചോദിച്ചതിലേറെ പറയാൻ മിസ്റ്റർ പോറ്റാക്ക് ഒരുപെടുമ്പോൾ പ്രതി പാതി സന്തോഷത്തോടെയും പാതി ഭയത്തോടെയും അയാളെത്തന്നെ ഉറ്റുനോക്കി നില്ക്കുകയായിരുന്നു. തോല്ക്കുമെന്നുറപ്പായിരുന്ന അയാളുടെ കേസ് ഇതോടെ അയാൾക്കനുകൂലമായി തിരിയുകയാണ്‌. മിസ്റ്റർ പോറ്റാക്കിന്റെ സാക്ഷ്യമാണ്‌ കേസിൽ നിന്നു വിടുവിച്ചത് എന്നു നാം പറയുന്നില്ല, പക്ഷേ അതൊരു സഹായമായിരുന്നു എന്നതിൽ തർക്കമില്ല.

പഴയൊരു സഹപ്രവർത്തകൻ രക്ഷപ്പെട്ടു കന്റതിന്റെ സന്തോഷത്തോടെ മിസ്റ്റർ പോറ്റാക്ക് കോടതിയിൽ നിന്നിറങ്ങി അയാൾ തന്റേതെന്നു കരുതിയ കാറിനടുത്തേക്കു നടന്നു. പിൻസീറ്റിലുണ്ടായിരുന്ന സ്ത്രീ, അയാളുടെ ഭാര്യ, ഒരു പൂച്ചയെപ്പോലെ ചുരുണ്ടുകൂടി സുഖം പറ്റി കിടന്നുറങ്ങുന്നുണ്ടായിരുന്നു.
*


ഇനി പോയി ജൂലിയസ് അമ്മാവനെ കാണണം, മിസ്റ്റർ പോറ്റാക്ക് ഓർത്തു; പിറന്നാൾ ആശംസയുടെ കാര്യത്തിൽ പറ്റിപ്പോയ കോട്ടം തീർക്കണം. ഒരു പെട്ടി വൈൻ കൂടി കൈയിലെടുക്കാം. വൈൻ ഏതു നേരവും ഉപയോഗപ്പെടുന്നതാണല്ലോ.
അപ്പോഴാണ്‌ സുപ്രധാനമായ ഒരു കാര്യം സംസാരിക്കാൻ ഓഫീസിൽ ആരോ തന്നെ കാത്തിരിക്കുന്നുണ്ടെന്ന് അയാൾക്കോർമ്മ വരുന്നത്. ആരാണത്? നോക്കാം, കോടതിയിലെപ്പോലെ അതും നമുക്കു വഴിയേ കാണാം. അയാൾ കാർ ഓഫീസിലേക്കു തിരിച്ചുവിട്ടു; ഉറങ്ങുന്നയാളെ ശല്യപ്പെടുത്താതിരിക്കാനായി ഡോർ പതുക്കെ അടച്ചിട്ട് അയാൾ തന്റെ ഓഫീസ് മുറിയിലേക്കു കയറി- അതും യാദൃച്ഛികമായിരുന്നുവെന്നു പറയേണ്ടിയിരിക്കുന്നു; കാരണം, അയാൾ പലപ്പോഴും മറ്റോഫീസുകളിൽ കയറിയിരുന്നു പണിയെടുക്കാറുണ്ട്; മറ്റാരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോഴാണ്‌ അയാൾക്കു തന്റെ അബദ്ധം മനസ്സിലാവുക.

അയാളെ കാണാൻ വന്നിരിക്കുന്നത് സ്നേഹിതൻ ബ്രാഹയാണ്‌, അന്നു കാലത്ത് അയാൾക്കു തിരിച്ചറിയാൻ കഴിയാതെ പോയയാൾ. ഇപ്പോൾപ്പക്ഷേ കണ്ട ക്ഷണം മിസ്റ്റർ പോറ്റാക്ക് തന്റെ സ്നേഹിതനെ തിരിച്ചറിഞ്ഞു. എന്നു മാത്രമല്ല, എന്താണയാളുടെ വരവിന്റെ ഉദ്ദേശ്യമെന്നു കൂടി അയാൾക്കറിയാമായിരുന്നു. അയാൾ സൗഹാർദ്ദത്തോടെ സ്നേഹിതന്റെ കൈ പിടിച്ചു കുലുക്കി. പക്ഷേ ഒരു പ്രഭാതം മുഴുവൻ കാത്തിരുന്നു നഷ്ടപ്പെടുത്തിയതിന്റെ ചെറിയ നീരസം സ്നേഹിതന്റെ മുഖത്തു പ്രകടമായിരുന്നു.

“തനിക്കു വീടു വില്ക്കണം, അല്ലേ,” മിസ്റ്റർ പോറ്റാക്ക് ചോദിച്ചു, “അതല്ലേ?”

“അല്ല, തിരിച്ച്,” കൂട്ടുകാരൻ തിരിച്ചടിച്ചു. “എനിക്കു വീടേയില്ല, ഈ ടൗണിൽ ഒന്നു വാങ്ങിയാൽ കൊള്ളാമെന്നുണ്ട്.”

“കറക്റ്റ്!” മിസ്റ്റർ പോറ്റാക്ക് ഉറക്കെപ്പറഞ്ഞു. “രണ്ടു സാദ്ധ്യതകളല്ലേയുള്ളു.”

അയാൾ ബല്ലടിച്ച് പ്ളാനുകൾ വരുത്തി തന്റെ ഓഫറുകൾ കൂട്ടുകാരനെ കാണിച്ചു. അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഒരു വീടിന്റെ കാര്യത്തിൽ അവർ തീരുമാനത്തിലെത്തി; നല്ല ലൊക്കാലിറ്റി, വലിയ റിപ്പയറൊന്നും വേണ്ടിവരില്ല, വിലയും അത്ര കൂടുതലല്ല.

“വീടു ഞാൻ കാണിച്ചുതരാം,” മിസ്റ്റർ പോറ്റാക്ക് സ്നേഹിതനോടു പറഞ്ഞു. 

“ഇപ്പോൾത്തന്നെ പോയാലോ?”

ഈ സമയത്ത് കാറിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സ്ത്രീ എഴുന്നേറ്റ് താനിവിടെ എങ്ങനെയെത്തി എന്നന്ധാളിച്ചുകൊണ്ട് കാറോടിച്ച് സ്വന്തം വീട്ടിലേക്കു പോയിക്കഴിഞ്ഞിരുന്നു.

അല്പനേരം കഴിഞ്ഞപ്പോഴേക്കും മറ്റൊരു കാർ മിസ്റ്റർ പോറ്റാക്കിന്റെ ഓഫീസിനു മുന്നിൽ വന്നു നിന്നു. ഇത്തവണ അതയാളുടേതു തന്നെയായിരുന്നു, അതോടിച്ചിരുന്നത് ശരിക്കും അയാളുടെ ഭാര്യയുമായിരുന്നു. അവർ കാറിൽ നിന്നു പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ മിസ്റ്റർ പോറ്റാക്കും സ്നേഹിതനും അടുത്തെത്തി.

“ആഹാ!” മിസ്റ്റർ പോറ്റാക്ക് പറഞ്ഞു, “ശരിക്കും ഉറക്കം കിട്ടിയില്ലേടോ!”

മിസ്സിസ് പോറ്റാക്ക് തോളൊന്നു വെട്ടിച്ചതേയുള്ളു. കാര്യങ്ങളെക്കുറിച്ചുള്ള തന്റെ ഭർത്താവിന്റെ ധാരണകളിൽ അവരങ്ങനെ ഇടപെടാറില്ല.

മിസ്റ്റർ പോറ്റാക്ക് ഭാര്യയെ ഒന്നു തട്ടി.

“താനും വാടോ, ഉറക്കക്കാരീ, നമുക്കൊരു വീടു കാണാൻ പോകാം.”

വീടു നില്ക്കുന്നത് ഫാല്ക്കൺ തെരുവിലായതിനാൽ അയാൾ നേരേ അക്സ്റ്റ്മൻ തെരുവിലേക്കു വണ്ടി വിട്ടു; അതിനു കാരണം, അയാളുടെ ദന്തിസ്റ്റായ ഒരു ഡോക്ടർ അക്സ്റ്റ്മന്‌ തുടക്കത്തിൽ നാം കണ്ട ബൻഗർട്ടുമായി ചെറിയൊരു മുഖസാദൃശ്യമുണ്ടായിരുന്നു എന്നതും ഈ ബൻഗർട്ട് ഒരു പ്രാപ്പിടിയനെ (ഫാല്ക്കണെ) അല്ലെങ്കിൽ ഏതെങ്കിലുമൊരു കിളിയെ ഓർമ്മപ്പെടുത്തിയിരുന്നു എന്നതുമാണ്‌. മാത്രമല്ല, അവർ ഇപ്പോൾ ചെന്നു നില്ക്കുന്ന ആ വീട് അയാൾ ഉദ്ദേശിച്ച വീടുമായി കാഴ്ചയിൽ വലിയ വ്യതാസമില്ലാത്തതുമായിരുന്നു. മൂന്നു പേരുമിറങ്ങി അടുക്കള മുതൽ അട്ടം വരെ വീടു മുഴുവൻ ചുറ്റിക്കണ്ടു. മര്യാദക്കാരായ വാടകകാർക്ക് അതിൽ സന്തോഷമേയുണ്ടായുള്ളു; വീടു കൈമാറ്റം ചെയ്യപ്പെടുന്നതിൽ ചെറിയ ഒരമ്പരപ്പുണ്ടായി എന്നു മാത്രം. സ്നേഹിതനു വീട് വളരെ ഇഷ്ടമായി.

“ഞാനിതു വാങ്ങാൻ പോവുകയാണ്‌,” അയാൾ പ്രഖ്യാപിച്ചു. “എഗ്രിമെന്റ് നമുക്കു പിന്നെയെഴുതാം.”

തിരിച്ചു കാറിനടുത്തെത്തിയപ്പോഴാണ്‌ താൻ പ്ളാൻ മറന്നു വച്ചുവെന്ന് മിസ്റ്റർ പോറ്റാക്കിന്‌ ഓർമ്മ വന്നത്. അയാൾ അതെടുക്കാൻ തിരിച്ചു ചെല്ലുമ്പോൾ കോണിപ്പടിയിൽ വച്ച് ഒരാൾ അതയാൾക്കു കൊടുത്തു.

“ഞാൻ ഈ വീടിന്റെ നോട്ടക്കാരനാണ്‌,” അയാൾ പറഞ്ഞു. “നിങ്ങൾ ഈ വീടു വാങ്ങാൻ ആരെയോ കൊണ്ടുവന്നുവെന്ന് ഞാൻ കേട്ടു. നിങ്ങൾ വസ്തുദല്ലാളാണോ?“

”അതെ, സംശയിക്കേണ്ട,“ മിസ്റ്റർ പോറ്റാക്ക് പറഞ്ഞു. ”നിങ്ങൾക്ക് നിങ്ങളുടെ ജോലി പോകരുതെന്നുണ്ടായിരിക്കും, അല്ലേ?“

അയാൾ ഒന്നു ചിരിച്ചു. ”എന്റെ ജോലി എനിക്കു തന്നെ കിട്ടും. അതല്ല, വീടിപ്പോൾ വില്ക്കാനുള്ളതല്ല.“

എന്റെ പൊന്നേ! അതൊരടിയായല്ലോ. പ്ളാനിലേക്കൊന്നു കണ്ണോടിച്ചപ്പോൾ താൻ സ്നേഹിതനെ കാണിച്ച വീട് മാറിപ്പോയെന്ന് അയാൾക്കു വ്യക്തമായി. എന്നാൽ തെറ്റു സമ്മതിക്കാൻ ഇപ്പോൾ അയാൾ ഒരുക്കമായിരുന്നില്ല, അതു വാങ്ങാൻ കൂട്ടുകാരൻ മനസ്സുറപ്പിച്ച ഈ സമയത്തെന്തായാലും. അതൊക്കെ പിന്നെ സംസാരിച്ചു ശരിയാക്കാം, ഇന്നു വൈകിട്ട്, അല്ലെങ്കിൽ നാളെ. അതെ, നാളെ മിസ്റ്റർ പോറ്റാക്ക് തന്റെ സ്നേഹിതനെ ശരിയായ വീടു തന്നെ കൊണ്ടു കാണിക്കാൻ പോവുകയും നേരത്തേ കണ്ട വീടു തന്നെയാണതെന്ന് പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ പോവുകയുമാണ്‌. രണ്ടും കാണാൻ ഒരുപോലെയുമാണ്‌, രണ്ടു പയർ മണികൾ പോലെ.
*


വണ്ടിയോടിക്കുമ്പോൾ ജൂലിയസ് അമ്മാവന്‌ പിറന്നാൾ സമ്മാനമായി ഒരു പെട്ടി വൈൻ വാങ്ങുന്ന കാര്യം അയാൾക്കോർമ്മ വന്നു. അയാൾ ഒരു ബേക്കറിയ്ക്കു മുന്നിൽ വണ്ടി നിർത്തി ഉപഹാരം വാങ്ങി നേരേ ജൂലിയസ് അമ്മാവന്റെ വീണ്ടിലേക്കു പോയി. അയളുടെ ഭാര്യയും സ്നേഹിതനും വണ്ടിയിൽത്തന്നെ ഇരുന്നതേയുള്ളു- ഭാര്യക്ക് ജൂലിയസ് അമ്മാവനെ അത്ര പിടുത്തമല്ല, സ്നേഹിതന്‌ അദ്ദേഹത്തെ പരിചയവുമില്ല.

അങ്ങനെ ഒരിക്കൽ കൂടി മിസ്റ്റർ പോറ്റാക്ക് കോണിപ്പടി കയറി. ബല്ലടിച്ചപ്പോൾ അയാളുടെ അനന്തരവൻ ഓയ്ഗെൻ, യഥാർത്ഥത്തിൽ വുൾഫ്ഗാങ്ങ്, പിന്നെയും വന്നു വാതിൽ തുറക്കുകയും മിസ്റ്റർ പോറ്റാക്കിന്റെ കൈയിലുള്ളതു കണ്ടിട്ട് പിന്നെയും തുറിച്ചുനോക്കുകയും ചെയ്തു. അയാളുടെ മുഖത്തു നേരത്തേ കണ്ട വൈനിന്റെ തുടുപ്പ് അപ്രത്യക്ഷമായിരുന്നു. അയാൾ വിളറി വെളുത്തിരിക്കുകയായിരുന്നു.

“കുഴപ്പമായോ?” അസ്വസ്ഥതയോടെ മിസ്റ്റർ പോറ്റാക്ക് ചോദിച്ചു. “ഇതു നല്ലൊരു പിറന്നാൾ സമ്മാനമല്ലേ?”

അനന്തരവൻ വിരണ്ടപോലെ അയാളെത്തന്നെ ഉറ്റുനോക്കി.

“അപ്പോൾ ഒന്നുമറിഞ്ഞില്ലേ?”

“എന്തറിയാൻ?” മിസ്റ്റർ പോറ്റാക്ക് ചോദിച്ചു.

“ജൂലിയസ് വലിയമ്മാവൻ ഒരു മണിക്കൂർ മുമ്പ് പെട്ടെന്നു മരിച്ചു...സ്ടോക്കായിരുന്നു...പിറന്നാൾ പാർട്ടി നടക്കുന്നതിനിടയിൽ...”

“ഹൊ!” മിസ്റ്റർ പോറ്റാക്ക് പറഞ്ഞു. “കഷ്ടമായി. റീത്തു തന്നെയായിരുന്നു ശരി.”

ചെറുപ്പക്കാരൻ വാതിൽ വലിച്ചടച്ചു. മിസ്റ്റർ പോറ്റാക്ക് വൈനിന്റെ പെട്ടിയുമെടുത്ത് തിരിച്ചിറങ്ങാൻ തുടങ്ങി. രണ്ടാം നിലയിലെ മരിച്ച വാഗ്നറുടെ വീട്ടിനു മുന്നിലെത്തിയപ്പോഴേ ജൂലിയ അമ്മാവന്‌ അന്ത്യോപചാരമർപ്പിക്കേണ്ട കാര്യം അയാൾ ഓർത്തുള്ളു. എന്തായാലും കറുത്ത കോട്ടാണല്ലോ ഇട്ടിരിക്കുന്നത്. പക്ഷേ അവിടെ ആ കോപക്കാരൻ അനന്തരവനുണ്ട്, കൈയിൽ ഈ നശിച്ച വൈൻ പെട്ടിയും! നാളെ, മിസ്റ്റർ പോറ്റാക്ക് തന്നോടു തന്നെ പറഞ്ഞു, നാളെ പോകുന്നതാണ്‌ നല്ലത്.

“അമ്മാവൻ പെട്ടെന്നു മരിച്ചുപോയി,” കാറിനടുത്തേക്കു ചെന്നുകൊണ്ട് അയാൾ പറഞ്ഞു. “അതു കാരണം,” അനുശോചനസൂചകമായ ചില വാക്കുകൾ ഓർത്തെടുക്കാൻ മറ്റവർക്കു സമയം കൊടുത്തുകൊണ്ട് അയാൾ തുടർന്നു, “ഈ സമ്മാനം കൊടുക്കാൻ പറ്റിയില്ല. ഇനി ചെയ്യാവുന്നത് വീട്ടിൽ പോയി നമുക്കു തന്നെ ഇതു കുടിച്ചുതീർക്കുക എന്നതാണ്‌.”

വീടിന്റെ ഊഷ്മളതയിൽ സൊറ പറഞ്ഞിരുന്നുകൊണ്ട് അതു തന്നെയാണവർ ചെയ്തതും. അവരുടെ ആ ചെറുകിട ആഘോഷത്തിന്‌ രണ്ടു തടസ്സങ്ങളേ ഉണ്ടായുള്ളു: രണ്ടു ഫോൺ വിളികൾ. ആദ്യം വിളിച്ചത് കോടതിയിൽ വച്ച് മിസ്റ്റർ പോറ്റാക്ക് രക്ഷിച്ചയാളാണ്‌; മിസ്റ്റർ പോറ്റാക്കിനു നന്ദി പറയാനാണ്‌ അയാൾ വിളിച്ചത്. അയാൾ നേരുള്ള മനുഷ്യനായിരുന്നു, അതു കോടതിക്കു ബോദ്ധ്യമാവുകയും ചെയ്തു. പിന്നെ വിളിച്ചത് അവർ മൂന്നു പേരും കൂടി പോയിക്കണ്ട വീടിന്റെ ഉടമസ്ഥനായിരുന്നു; വീട് ഇപ്പോൾ വില്പന്യ്ക്കാണെന്ന് മിസ്റ്റർ പോറ്റാക്കിനെ അറിയിക്കാനാണ്‌ അയാൾ വിളിച്ചത്. നോട്ടക്കാരന്‌ അതറിയില്ലായിരുന്നു; കാരണം, ഇപ്പോൾ, ഈ നിമിഷമാണ്‌ വില്പന ആവശ്യമായി വന്നത്.

“ഞാനപ്പോഴേ പറഞ്ഞതല്ലേ!” തന്റെ ഗ്ളാസ്സ് എടുത്തുകൊണ്ട് മിസ്റ്റർ പോറ്റാക്ക് പറഞ്ഞു.
*

മലയാളനാട് വെബ് മാസികയുടെ 2016 മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്


അഭിപ്രായങ്ങളൊന്നുമില്ല: