പുലരി
വെടിയൊച്ചകൾക്കൊപ്പമാണോ
പുലരി പിറക്കുക?
ഒരിക്കലുമല്ല.
അതു പിറക്കുന്നത്
രാത്രിയിരുട്ടല്പാല്പമായി
കൊറിച്ചുതീര്‍ക്കുന്ന
ആ കിളിയുടെ പാട്ടിനൊപ്പം.
തീക്കളി
‘തീ കൊണ്ടു കളിക്കരുത്,’
അമ്മയെന്നോടു പറഞ്ഞു.
തീ എന്നോടു കളിക്കാൻ വന്നാൽ,
അമ്മ പറയൂ,
ഞാനെന്തു ചെയ്യണം?
ശോകം
കന്നിപ്പാടത്തു പുന്നെല്ലു മണക്കുമ്പോൾ
അച്ഛനെന്നിലേക്കു മടങ്ങിയെത്തുന്നു.
തുണിക്കടയിൽ കോടിമുണ്ടു മടക്കു നീർത്തുമ്പോൾ
അമ്മയെന്നിലേക്കു മടങ്ങിയെത്തുന്നു.
എവിടെ, എവിടെ ഞാനെന്നെ ശേഷിപ്പിച്ചുപോകാൻ,
എന്റെ മക്കൾക്കെന്നെക്കണ്ടെത്താൻ?
നിർമ്മൽ പ്രഭ ബോർദൊലോയ് (1933-2004). അസമിയ കവിയും ഗാനരചയിതാവും. 11 വയസ്സുള്ളപ്പോൾ തന്നെക്കാൾ 23 വയസ്സധികമുള്ള ഒരാളുമായി വിവാഹം കഴിഞ്ഞു. 13 വയസ്സിൽ അവർ അമ്മയുമായി. പക്ഷേ അധികം വൈകാതെ ഭർത്താവ് ഉപേക്ഷിച്ചു പോയപ്പോൾ തളരാൻ തന്നെ വിടാതെ അവർ വിദ്യാഭ്യാസം തുടർന്നു. ഗുവാഹത്തി യൂണിവേഴ്സിറ്റിയുടെ അസമിയ വകുപ്പിന്റെ മേധാവിയായിട്ടാണ് അവർ റിട്ടയർ ചെയ്തത്. ബാലസാഹിത്യത്തിലും നാടോടിവിജ്ഞാനീയത്തിലും പുസ്തകങ്ങൾ രചിച്ചിട്ടുള്ള ബോർദൊലോയ് അസ്സമിലെ ശാക്തേയപൂജയെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുമുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ