2016, മാർച്ച് 12, ശനിയാഴ്‌ച

വെലിമിർ ക്ളെബ്നിക്കോവ്– കവിതകള്‍

klebnikov



1
കൈയിലെ സഞ്ചി പൊട്ടി
ഉള്ളതൊക്കെ നിലത്തു വീഴുന്നു
തൂങ്ങിച്ചത്തവന്റെ മുഖത്തു മിന്നിമറഞ്ഞ
ഇളി മാത്രമാണ്‌
ഈ ലോകമെന്നെനിക്കു തോന്നുന്നു


2
രാത്രി നിറയെ നക്ഷത്രജാലങ്ങൾ,
നിന്റെ വിടർന്ന താളുകളിൽ
തിളങ്ങുന്നതേതൊരാഗമനം,
സ്വാതന്ത്ര്യത്തിന്റെയോ ബന്ധനത്തിന്റെയോ
ഏതൊരു സൂചനകൾ,
എനിക്കു മേൽ തുറന്ന പുസ്തകമേ,
പാതിരാവിന്റെ വിപുലമാനത്തു നിന്നു
ഞാൻ വായിച്ചെടുക്കേണ്ടതേതു ഭാഗധേയം?


3
ഒരിക്കല്ക്കൂടി, ഒരിക്കല്ക്കൂടി,
ഞാൻ നിന്റെ നക്ഷത്രമായി.
നക്ഷത്രത്തിന്റെ സ്ഥാനം തെറ്റായി നിർണ്ണയിച്ച്
കപ്പലിനെ നയിച്ച നാവികനു
ഹാ, കഷ്ടം.
പാറക്കെട്ടുകളിൽ,
അടിക്കടലിലെ മണൽത്തിട്ടകളിൽ തട്ടി
അയാൾ പൊട്ടിത്തകരും.
എന്റെ സ്ഥാനം തെറ്റായി നിർണ്ണയിച്ച്
നിന്റെ ഹൃദയത്തെ നയിച്ച നിനക്കും
ഹാ, കഷ്ടം.
പാറക്കെട്ടുകളിൽ നീ തട്ടിത്തകരും.
പാറകൾ
നിന്നെ നോക്കിച്ചിരിക്കും,
എന്നെ നോക്കി
നീ ചിരിക്കുമ്പോലെ.


4
ഇന്നു ഞാൻ വീണ്ടും അവിടെയ്ക്കു പോവുകയാണ്‌,
ജീവിതത്തിലേക്ക്, സമരത്തിലേക്ക്, ചന്തയിലേക്ക്;
പാട്ടുകളെ ഞാൻ പടയായണിനിരത്തും,
ഇരച്ചുവരുന്ന ചന്തത്തിരയെ ഞാൻ നേർക്കും.

5
എനിക്കധികമൊന്നും വേണ്ട!
ഒരു കപ്പ് പാൽ,
ഒരു കഷണം റൊട്ടി,
പിന്നെ ഈ ആകാശം,
ആ മേഘങ്ങളും.


6
കുതിരകൾ മരിക്കുമ്പോൾ അവ ശ്വാസം വിടുന്നു,
പുല്ലുകൾ മരിക്കുമ്പോൾ അവ ഉണങ്ങിക്കരിയുന്നു,
സൂര്യന്മാർ മരിക്കുമ്പോൾ അവ കെട്ടുപോകുന്നു,
മനുഷ്യർ മരിക്കുമ്പോൾ അവർ പാട്ടു പാടുന്നു.


7
ദേശങ്ങൾ, മുഖങ്ങൾ, കാലങ്ങൾ കടന്നുപോകുന്നു,
നിലയ്ക്കാത്തൊരൊഴുക്കായി
സ്വപ്നത്തിലെന്നപോലെ കടന്നുപോകുന്നു..
പ്രകൃതിയുടെ തെളിച്ചം മങ്ങിയ കണ്ണാടിയിൽ
നക്ഷത്രങ്ങൾ വലക്കണ്ണികൾ,
നാം അവയിൽ കുടുങ്ങുന്ന പൂച്ചികൾ,
ചുമരുകളിലിളകുന്ന നിഴലുകൾ ദൈവങ്ങൾ.


8
പെൺകുട്ടികൾ, കറുത്ത കണ്ണുകൾ ചെരുപ്പുകളാക്കി
എന്റെ ഹൃദയപുഷ്പങ്ങൾ ചവിട്ടിമെതിക്കുന്നവർ.
പെൺകുട്ടികൾ, തടാകങ്ങളായ കണ്ണുകൾക്കു മേൽ
കുന്തങ്ങൾ പോലെ കൺപീലികൾ താഴ്ത്തുന്നവർ.
പെൺകുട്ടികൾ, എന്റെ കവിതയുടെ തടാകത്തിൽ
സ്വന്തം കാലടികൾ കഴുകുന്നവർ.


9
കെട്ടുപിണഞ്ഞ മുടിയിഴകളുടെ ഒരു നൂല്ക്കഴി,
ഉഴുതുമറിച്ചൊരിരുണ്ട പാടം- അയാളുടെ നെറ്റിത്തടം.
ചതുപ്പുനിലത്തിലെ കരിഞ്ഞ മരക്കുറ്റികൾ- അയാളുടെ ചുണ്ടുകൾ.
ഒരു കാട്ടാടിന്റെയകിട്- അയാളുടെ താടി.
ഒരു നങ്കൂരത്തിന്റെ കയർ- അയാളുടെ മേല്മീശ.
കറുത്ത ചൂലുമായി സ്നോ വൈറ്റ്- അയാളുടെ പല്ലുകൾ.
അയാളുടെ നീലക്കണ്ണുകൾ നിറയെ ഉറക്കമില്ലാത്ത രാത്രികൾ,
പഴകിയ കരിമ്പടത്തിലെ തുളകൾ പോലെ.


10
പേനുകൾക്കന്ധമായ വിശ്വാസമായിരുന്നു,
അവരെന്നെ നോക്കി പ്രാർത്ഥിക്കുമായിരുന്നു.
എന്നും കാലത്തവരെന്റെ ഉടുപ്പുകളിലൊത്തുചേരും,
എന്നും കാലത്തവർക്കു മേൽ ഞാൻ ശിക്ഷ വിതയ്ക്കും,
ഞൊട്ടയൊടിയുമ്പോലവ ചാവുന്നതു ഞാൻ കാതോർക്കും.
എന്നിട്ടുമവ തിരിച്ചുവന്നുകൊണ്ടേയിരുന്നു,
നിശ്ശബ്ദപ്രാർത്ഥനയുടെ വലിയ തിരകളായി.



വെലിമിർ ക്ളെബ്നിക്കോവ്(1885-1922)- ഫ്യൂച്ചറിസ്റ്റ് ഗ്രൂപ്പിൽ പെട്ട റഷ്യൻ കവി.









അഭിപ്രായങ്ങളൊന്നുമില്ല: