2016, മാർച്ച് 6, ഞായറാഴ്‌ച

ബോർഹസ് - തടവുകാരൻ

8465_original



ഹൂനിനിലോ, ടപാൽക്വെന്നിലോ ഇങ്ങനെയൊരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. റെഡ് ഇന്ത്യാക്കാരുടെ ഒരാക്രമണത്തിനിടെ ഒരാൺകുട്ടിയെ കാണാതായി. അവർ അവനെ തട്ടിക്കൊണ്ടുപോയതാവാമെന്ന് ആളുകൾ പറഞ്ഞു. അവന്റെ അച്ഛനമ്മമാർ എത്രയൊക്കെ തിരഞ്ഞു നടന്നിട്ടും ഫലമുണ്ടായില്ല. കുറേ കൊല്ലം കഴിഞ്ഞു; ഉൾപ്രദേശത്തു നിന്നു ടൌണിൽ വന്ന ഒരു പട്ടാളക്കാരൻ പറഞ്ഞു, ആകാശം പോലെ നീലിച്ച കണ്ണുകളുള്ള ഒരിന്ത്യക്കാരനെ താൻ കണ്ടുവെന്നും, അതവരുടെ മകനാവാൻ നല്ല സാദ്ധ്യതയുണ്ടെന്നും. ഒടുവിൽ അവർ എങ്ങനെയോ ആ ഇന്ത്യക്കാരനെ തേടിപ്പിടിച്ചു (കഥയുടെ വിശദാംശങ്ങൾ പലതു നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു, അറിയാത്തതുണ്ടാക്കിപ്പറയാൻ എനിക്കാഗ്രഹവുമില്ല); തങ്ങൾക്കയാളെ തിരിച്ചറിയാൻ കഴിഞ്ഞതായി അവർക്കു തോന്നുകയും ചെയ്തു. കാടും കാട്ടാളജീവിതവും കൂടിയായപ്പോൾ ആ മനുഷ്യന്‌ തന്റെ മാതൃഭാഷയിലെ വാക്കുകൾ അറിയാതായിക്കഴിഞ്ഞിരുന്നു; എന്നാലും വീട്ടിലേക്കു മടങ്ങുന്നതിന്‌ അയാൾ എതിരു പറഞ്ഞതുമില്ല. അവിടെ എത്തിയപ്പോൾ അയാൾ നിന്നു (അതിനി മറ്റുള്ളവർ നിന്നതു കൊണ്ടുമാവാം). ഒന്നും പിടി കിട്ടാത്ത പോലെ അയാൾ വാതിലിനു നേർക്കു കണ്ണയച്ചു. എന്നിട്ടു പെട്ടെന്ന്, തല കുനിച്ച് വിചിത്രമായ ഒരു കരച്ചിലോടെ കതകു തള്ളിത്തുറന്ന്, നീണ്ട രണ്ടു മുറ്റങ്ങളും കടന്ന് അടുക്കളയിലേക്കോടി. പിന്നെ കരി പിടിച്ചു കറുത്ത ചിമ്മിനിക്കുള്ളിൽ കൈയിട്ട് കുട്ടിയായിരുന്നപ്പോൾ താൻ അവിടെ ഒളിപ്പിച്ചു വച്ചിരുന്ന കൊമ്പിന്റെ പിടിയുള്ള കത്തി പുറത്തെടുത്തു. അയാളുടെ കണ്ണുകൾ സന്തോഷം കൊണ്ടു തിളങ്ങി; അയാളുടെ അച്ഛനമ്മമാർ കരഞ്ഞു; അവർക്ക് തങ്ങളുടെ മകനെ തിരിച്ചുകിട്ടിയല്ലോ.

ആ ഓർമ്മയ്ക്കു പിന്നാലെ മറ്റോർമ്മകളും വന്നിട്ടുണ്ടാവാം; പക്ഷേ ചുമരുകൾ അതിരിടുന്ന ഒരു ജീവിതം അയാൾക്കു സഹിക്കാൻ പറ്റിയില്ല. ഒരു ദിവസം അയാൾ തന്റെ കാടന്വേഷിച്ചിറങ്ങിപ്പോയി. എനിക്കറിയേണ്ടത്, ഭൂതകാലവും വർത്തമാനകാലവും കൂടിക്കലർന്ന, തല തിരിക്കുന്ന ആ മുഹൂർത്തത്തിൽ അയാളുടെ മനസ്സിൽ വന്നതെന്തായിരുന്നു എന്നാണ്‌. പ്രഹർഷത്തിന്റെ ആ നിമിഷത്തിൽ നഷ്ടപ്പെട്ടുപോയ മകൻ പുനർജ്ജനിക്കുകയും മരിക്കുകയും ചെയ്തോയെന്ന് എനിക്കറിയണം; തന്റെ അച്ഛനമ്മമാരെ, തന്റെ വീടിനെ, ഒരു ശിശുവിനെയോ നായയെപ്പോലെയോ അത്ര ചെറുതായെങ്കിലും അയാൾ തിരിച്ചറിഞ്ഞോയെന്നും.



The Captive

അഭിപ്രായങ്ങളൊന്നുമില്ല: