link to image
ദൈവമേ, ഒരൊഴിഞ്ഞ കോണിലൊരു തോട്ടമേ എനിക്കു വേണ്ടൂ,
അതിലൊഴുക്കു വറ്റാത്തൊരു ചോലയുണ്ടായാൽ മതി,
കോളാമ്പിപ്പൂക്കളാകെപ്പൊതിഞ്ഞൊരെളിയ കൂരയുണ്ടായാൽ മതി,
ഭാര്യയും നിന്നെയോർമ്മിപ്പിക്കുന്നൊരു മകനുമുണ്ടായാൽ മതി.
വിദ്വേഷങ്ങളൊഴിഞ്ഞേറെക്കാലമെനിക്കു ജീവിക്കണം,
മണ്ണു നനയ്ക്കുന്ന പുഴകളെപ്പോലെ
പുതുമയും നൈർമ്മല്യവുമുറ്റ കവിതകളെനിക്കെഴുതണം.
ദൈവമേ, മരങ്ങളും കിളികളുമുള്ളൊരു വഴിയുമെനിക്കു തരൂ.
അമ്മയെ നീയെടുക്കരുതേയെന്നും ഞാനാശിക്കുന്നു,
കൈക്കുഞ്ഞിനെയെന്ന പോലെനിക്കവരെ പരിചരിക്കണം,
വെയിലു കായാൻ മുറ്റത്തവരെ പിടിച്ചിരുത്തണം,
ചുംബനങ്ങൾ കൊടുത്തവരെ കിടത്തിയുറക്കണം.
എനിക്കു നന്നായുറങ്ങണം, ചില പുസ്തകങ്ങൾ വേണം,
എന്റെ മുട്ടിന്മേൽ ചാടിക്കയറുന്നൊരു നായ വേണം,
ഒരു പറ്റമാടുകൾ വേണം, ഗ്രാമ്യമായതൊക്കെയും വേണം,
സ്വന്തം കൈ കൊണ്ടു മണ്ണിലുഴുതെനിക്കു ജീവിക്കണം.
പാടത്തിറങ്ങണം, അതിനൊത്തു പുഷ്ടിപ്പെടണം,
സന്ധ്യ മയങ്ങുമ്പോൾ വീട്ടിറമ്പത്തിരിക്കണം,
വാസനിക്കുന്ന മലങ്കാറ്റുള്ളിൽ കൊള്ളണം,
എന്റെ കുഞ്ഞിനോടെളിയ കാര്യങ്ങൾ പറയണം.
രാത്രിയിലവന്റെ കാതിൽ കഥകളോതണം,
പുഴയോടൊത്തു ചിരിക്കാനവനെ പഠിപ്പിക്കണം,
ഈറൻ പുല്ലിന്റെ പുതുമയവനെപ്പിരിയരുതെന്നു നേരണം,
എനിക്കെന്റെ മകനെയുറക്കാൻ കിടത്തണം.
അതില്പിന്നടുത്തനാളുദയത്തോടൊത്തുണരണം,
ജീവനോടാദരവുമായി ചോലയിൽ മുങ്ങിക്കുളിക്കണം,
തോട്ടത്തിന്റെ സന്തുഷ്ടിയിലാടുകളെ കറക്കണം,
ലോകമെന്ന കവിതയിൽ ചില വരികളെഴുതിച്ചേർക്കണം.
Alfonso Guillen Zelaya(1887-1947)- ഹോണ്ടുറാസ് രാജ്യക്കാരനായ സ്പാനിഷ് കവി.
LORD, I ASK A GARDEN
ORD, I ask a garden in a quiet spot
2 അഭിപ്രായങ്ങൾ:
"To drink in the fresh mountain perfumed air"
മലങ്കാറ്റിൽ മദ്യപിക്കണം എന്നല്ലേ ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത് ?
to drink in ശൈലിയായി എടുത്താല്‍ മലങ്കാറ്റ് ആസ്വദിക്കാന്‍ എന്ന അര്‍ത്ഥം വരും; to drink എന്നായാല്‍ താങ്കള്‍ പറഞ്ഞ പോലെയും. വളരെ നന്ദി, സൂക്ഷ്മമായ വായനയ്ക്ക്!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ