‘ചുവന്ന റോസാപ്പൂക്കളുമായി ചെന്നാൽ എന്നോടൊപ്പം നൃത്തം ചെയ്യാമെന്നാണവൾ പറഞ്ഞത്,' ചെറുപ്പക്കാരനായ വിദ്യാർത്ഥി കരഞ്ഞുകൊണ്ടു പറയുകയായിരുന്നു;
'പക്ഷേ എന്റെ പൂന്തോട്ടത്തിൽ എവിടെ നോക്കിയാലും ഒരു ചുവന്ന റോസാപ്പൂവു കിട്ടാനില്ല.'
ഓക്കുമരത്തിലെ കൂട്ടിലിരുന്നുകൊണ്ട് രാപ്പാടി അതു കേട്ടു; കൌതുകത്തോടെ അവൾ ഇലകൾക്കിടയിലൂടെ പാളിനോക്കി.
'എന്റെ പൂന്തോട്ടത്തിൽ ഒരു റോസാപ്പൂവു പോലുമില്ല!' അയാൾ കരഞ്ഞു, അയാളുടെ മനോഹരമായ കണ്ണുകളിൽ കണ്ണീരു തുളുമ്പി. 'ഹാ, ആനന്ദത്തിനാശ്രയം എത്ര ചെറിയ കാര്യങ്ങളാണ്! ജ്ഞാനികൾ എഴുതിവച്ചതൊക്കെ ഞാൻ വായിച്ചുകഴിഞ്ഞു; തത്ത്വശാസ്ത്രത്തിന്റെ രഹസ്യങ്ങൾ ഒന്നൊഴിയാതെ എനിക്കു സ്വായത്തവുമാണ്; എന്നിട്ടും ഒരു ചുവന്ന റോസാപ്പൂവിന്റെ കുറവൊന്നുകൊണ്ടു മാത്രം എന്റെ ജീവിതം തുലഞ്ഞുപോയിരിക്കുന്നു!'
'ഒടുവിലിതാ, ഒരു യഥാർത്ഥകാമുകൻ,' രാപ്പാടി പറഞ്ഞു. 'എത്ര രാത്രികളിൽ ഞാൻ അവനെക്കുറിച്ചു പാടിയിരിക്കുന്നു, എനിക്കവനെ അറിയില്ലെങ്കിലും: എത്ര രാത്രികളിൽ അവന്റെ കഥ ഞാൻ നക്ഷത്രങ്ങളെ പറഞ്ഞുകേൾപ്പിച്ചിരിക്കുന്നു: ഇപ്പോൾ ഞാനവനെ കണ്മുന്നിൽ കാണുകയുമായി. ഹയാസിന്തു പൂത്ത പോലെ ഇരുണ്ടതാണവന്റെ മുടി, അവന്റെ ചുണ്ടുകൾ തൃഷ്ണയുടെ റോസാപ്പൂവു പോലെ ചുവന്നതും. വികാരം കൊണ്ടു പക്ഷേ, അവന്റെ മുഖം കവിടി പോലെ വിളറിപ്പോയിരിക്കുന്നു; ശോകം അവന്റെ നെറ്റിയിൽ ചാപ്പ കുത്തുകയും ചെയ്തിരിക്കുന്നു.'
'നാളെ രാത്രിയിലാണ് കൊട്ടാരത്തിൽ വിരുന്നു നടക്കുന്നത്,' യുവാവായ വിദ്യാർത്ഥി തന്നെത്താൻ പിറുപിറുത്തു. 'ഞാൻ സ്നേഹിക്കുന്നവൾ അവിടെയുണ്ടാവും; ഒരു ചുവന്ന റോസാപ്പൂവുമായി ചെന്നാൽ പുലരും വരെ എനിക്കവളോടൊപ്പം നൃത്തം വയ്ക്കാം. ഒരു ചുവന്ന റോസാപ്പൂവുമായി ചെന്നാൽ എനിക്കവളെ അടുക്കിപ്പിടിയ്ക്കാം, എന്റെ തോളത്തവൾ തല ചായ്ക്കും, ഞങ്ങളുടെ കൈവിരലുകൾ തമ്മിൽ കോർക്കും. പക്ഷേ എന്റെ പൂന്തോട്ടത്തിൽ ചുവന്ന റോസാപ്പൂക്കളേയില്ല; അതിനാൽ ഏകനായി ഞാനിരിക്കും, അവൾ എന്നെക്കടന്നുപോകും. അവളെന്നെ ശ്രദ്ധിക്കുക തന്നെയില്ല; എന്റെ ഹൃദയം തകരുകയും ചെയ്യും.'
'ഇതാ, ഇതു തന്നെയാണ് യഥാർത്ഥകാമുകൻ!' രാപ്പാടി പറഞ്ഞു.
'എന്തിനെക്കുറിച്ചാണോ ഞാൻ പാടുന്നത്, അതവൻ ആത്മവേദനയിലൂടറിയുന്നു; എനിക്കാനന്ദമായത് അവനു ശോകമാണ്. പ്രണയം ആശ്ചര്യജനകമായൊരു കാര്യമാണെന്നതിൽ സംശയിക്കാനെന്തിരിക്കുന്നു! മരതകങ്ങളെക്കാൾ അമൂല്യമാണത്, സ്ഫടികക്കല്ലുകളെക്കാൾ ദുർലഭമാണ്. മുത്തുകളും മാതളങ്ങളും അതിനു വിലയിടില്ല, അങ്ങാടികളിൽ അതു നിരത്തിവച്ചിട്ടുമില്ല. വ്യാപാരികളിൽ നിന്നതു വാങ്ങാൻ കിട്ടില്ല, പൊന്നു തൂക്കുന്ന തുലാസിൽ അതിന്റെ തൂക്കം നോക്കാനുമാവില്ല.'
'ഗ്യാലറിയിൽ ഗായകർ വന്നിരിക്കുന്നുണ്ടാവും,' യുവാവു പറയുകയായിരുന്നു. 'അവർ വയലിനും കിന്നരവും വായിക്കുമ്പോൾ ഞാൻ സ്നേഹിക്കുന്നവൾ അതിനൊത്തു ചുവടു വയ്ക്കും. പാദങ്ങൾ നിലത്തു തൊടില്ലെന്നപോലെ അത്ര മൃദുവായിട്ടായിരിക്കും അവൾ നൃത്തം ചെയ്യുക. നിറപ്പകിട്ടുള്ള വേഷമണിഞ്ഞ രാജസദസ്യർ അവൾക്കു ചുറ്റും കൂട്ടം കൂടും. പക്ഷേ എന്റെ കൂടെ അവൾ നൃത്തം ചെയ്യില്ല; കാരണം, അവൾക്കു കൊടുക്കാൻ ഒരു ചുവന്ന റോസാപ്പൂവെനിക്കില്ലാതെപോയല്ലോ.' അയാൾ പുൽത്തകിടിയിൽ കമിഴ്ന്നടിച്ചുവീണ്, കൈകളിൽ മുഖം പൂഴ്ത്തി ഏങ്ങലടിച്ചു കരഞ്ഞു.
'എന്തിനാണിയാൾ കരയുന്നത്?' വായുവിൽ വാലുയർത്തി പാഞ്ഞുപോകുമ്പോൾ പച്ചനിറക്കാരനായ ഒരു കൊച്ചുഗൌളി ചോദിച്ചു.
'അതെ, എന്തിനായി?' ഒരു വെയിൽക്കതിരിനു ചുറ്റും തത്തിപ്പറക്കുകയായിരുന്ന പൂമ്പാറ്റ ചോദിച്ചു.
'അതെ, എന്തിനായി?' ഒരു ഡെയ്സിപ്പൂവ് തന്റെ അയൽക്കാരിയോട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
'ഒരു ചുവന്ന റോസാപ്പൂവിനു വേണ്ടിയാണയാൾ കരയുന്നത്,' രാപ്പാടി പറഞ്ഞു.
'ഒരു ചുവന്ന റോസാപ്പൂവിനോ!' അവർ ഉറക്കെ ചോദിച്ചു. 'എന്തൊരു വിഡ്ഢിത്തം!' ഒരു ദോഷൈകദൃക്കിന്റെ മട്ടുകാരനായ ഗൌളി പൊട്ടിച്ചിരിക്കുക കൂടിച്ചെയ്തു.
പക്ഷേ അയാളുടെ ശോകത്തിന്റെ രഹസ്യം രാപ്പാടിക്കു മനസ്സിലാകുന്നതായിരുന്നു. ഓക്കുമരത്തിൽ മൂകയായി ഇരുന്നുകൊണ്ട് അവൾ പ്രണയമെന്ന നിഗൂഢതയെക്കുറിച്ചോർത്തു.
പെട്ടെന്നവൾ തവിട്ടുനിറമുള്ള ചിറകുകൾ വിടർത്തി മാനത്തേക്കുയർന്നു. തോപ്പിനുള്ളിലൂടെ ഒരു നിഴലു പോലെ അവൾ കടന്നുപോയി; ഒരു നിഴലു പോലെ അവൾ പൂന്തോട്ടത്തിനുള്ളിലേക്കൊഴുകിയിറങ്ങി.
പുൽത്തട്ടിനു നടുവിലായി മനോഹരമായ ഒരു റോസാച്ചെടി നില്പുണ്ടായിരുന്നു. അതു കണ്ടപ്പോൾ അവൾ പറന്നുചെന്ന് ഒരു ചില്ലയിലിരുന്നു.
'എനിക്കൊരു ചുവന്ന റോസാപ്പൂവു തരൂ.' അവൾ പറഞ്ഞു. 'എന്റെ ഗാനങ്ങളിൽ വച്ചേറ്റവും മാധുര്യമുള്ളതു നിനക്കു ഞാൻ പാടിത്തരാം.'
പക്ഷേ മരം തല കുലുക്കുകയാണു ചെയ്തത്.
'എന്റെ പൂക്കൾ വെളുത്തതാണ്,' അതു പറഞ്ഞു, 'കടലിലെ പത പോലെ വെളുത്തത്, മലയിലെ മഞ്ഞിലും വെളുത്തത്. ആ പഴയ സൂര്യഘടികാരത്തിനടുത്തു വളരുന്ന എന്റെ സഹോദരനോടു പോയി ചോദിക്കൂ; നിനക്കു വേണ്ടത് അവിടെ കിട്ടിയെന്നു വരാം.'
അങ്ങനെ രാപ്പാടി സൂര്യഘടികാരത്തിനടുത്തുള്ള റോസാച്ചെടിക്കടുത്തേക്കു പറന്നുചെന്നു.
'എനിക്കൊരു ചുവന്ന റോസാപ്പൂവു തരൂ,' അവൾ കരഞ്ഞു, 'എന്റെ ഗാനങ്ങളിൽ വച്ചേറ്റവും മാധുര്യമുള്ളതു ഞാൻ നിനക്കു പാടിത്തരാം.'
പക്ഷേ ആ റോസാച്ചെടിയും തല കുലുക്കിയതേയുള്ളു.
'എന്റെ പൂക്കൾ മഞ്ഞയാണ്,' അതു പറഞ്ഞു, 'ആംബര്‍ക്കല്ലിന്റെ സിംഹാസനത്തിലിരിക്കുന്ന മത്സ്യകന്യകമാരുടെ മുടി പോലെ മഞ്ഞ, അരിഞ്ഞെടുക്കും മുമ്പേ വിരിഞ്ഞുനില്ക്കുന്ന ആറ്റുവക്കത്തെ
ഡഫോഡിലുകളെക്കാളും മഞ്ഞ. ആ ചെറുപ്പക്കാരന്റെ ജനാലയ്ക്കു ചുവട്ടിൽ വളരുന്ന എന്റെ സഹോദരനോടു ചോദിക്കൂ; നിനക്കു വേണ്ടത് അയാൾ തന്നുവെന്നു വരാം.'
പിന്നെ രാപ്പാടി ചെറുപ്പക്കാരന്റെ ജനാലയ്ക്കു ചുവടെ വളരുന്ന റോസാച്ചെടിക്കടുത്തേക്കു പറന്നുചെന്നു.
'എനിക്കൊരു ചുവന്ന റോസാപ്പൂവു തരൂ,' അവൾ കരഞ്ഞു, 'എന്റെ ഗാനങ്ങളിൽ വച്ചേറ്റവും മാധുര്യമുള്ളതു ഞാൻ പാടിത്തരാം.'റോസാച്ചെടി പക്ഷേ തല കുലുക്കിയതേയുള്ളു.
'എന്റെ പൂക്കൾ ചുവന്നിട്ടു തന്നെ,' അതു പറഞ്ഞു, 'മാടപ്രാവുകളുടെ കാല്പാദങ്ങൾ പോലെ ചുവന്നത്, കടല്ക്കയങ്ങളിലെ ഗുഹകളിൽ നിലയ്ക്കാതെ വിടർന്നാടുന്ന പവിഴവിശറികളെക്കാൾ ചുവന്നത്. പക്ഷേ ഹേമന്തം എന്റെ സിരകളെ തണുപ്പിച്ചുകളഞ്ഞു, ഹിമപാതം എന്റെ മൊട്ടുകളെ നുള്ളിയെടുത്തുകളഞ്ഞു, എന്റെ ചില്ലകൾ കൊടുങ്കാറ്റു തല്ലിയൊടിക്കുകയും ചെയ്തു. ഇനി ഇക്കൊല്ലം ഞാൻ പൂവിടുകയേയില്ല.'
'ഒരേയൊരു ചുവന്ന റോസാപ്പൂവേ എനിക്കു വേണ്ടു,' രാപ്പാടി കരഞ്ഞു, ' ഒരേയൊരു ചുവന്ന റോസാപ്പൂവ്! അതു കിട്ടാൻ ഒരു വഴിയുമില്ലേ?'
'ഒരു വഴിയുണ്ട്,' റോസാച്ചെടി പറഞ്ഞു; 'പക്ഷേ അതു നിന്നോടു പറയാൻ എനിക്കു ധൈര്യം വരുന്നില്ല; അത്ര ഭയാനകമാണത്.'
'പറഞ്ഞോളൂ,' രാപ്പാടി പറഞ്ഞു, 'എനിക്കു പേടിയില്ല.'
'ചുവന്ന റോസാപ്പൂവു വേണമെന്നാണെങ്കിൽ,' ചെടി പറഞ്ഞു, 'നിലാവത്തു പാടിപ്പാടി നീയതു വിരിയിച്ചെടുക്കണം, നിന്റെ ഹൃദയരക്തം കൊണ്ട് അതിനു നിറം കൊടുക്കുകയും വേണം. ഒരു മുള്ളിന്മേൽ നെഞ്ചമർത്തിവച്ച് നീയെനിക്കു പാടിത്തരണം. രാത്രി തീരുവോളം നീയെനിക്കു പാടിത്തരണം, മുള്ള് നിന്റെ നെഞ്ചിൽ തറഞ്ഞിറങ്ങണം, നിന്റെ ഹൃദയരക്തം എന്റെ സിരകളിലേക്കൊഴുകണം, അതെന്റേതാകണം.'
'ഒരേയൊരു ചുവന്ന റോസാപ്പൂവിന് എത്ര വലിയൊരു വിലയാണ് മരണം,' രാപ്പാടി കരഞ്ഞു, 'ജീവനാകട്ടെ, എല്ലാവർക്കും അത്ര പ്രിയപ്പെട്ടതും. പച്ചമരങ്ങൾ നിറഞ്ഞ കാവിൽ പൊൻതേരിൽ സൂര്യൻ വരുന്നതും വെള്ളിത്തേരിൽ ചന്ദ്രൻ വരുന്നതും നോക്കിയിരിക്കുക എത്ര സന്തോഷമുള്ള കാര്യമാണ്. പരിമളം പൊഴിക്കുന്ന പൂക്കൾ, തടങ്ങളിലൊളിഞ്ഞിരിക്കുന്ന പൂക്കൾ, കാറ്റത്തു കുന്നുമ്പുറത്തുലഞ്ഞാടുന്ന പൂക്കൾ, എത്ര ഹൃദയാവർജ്ജകമാണവ. എന്നാൽ ജീവനെക്കാൾ വിലയേറിയതത്രേ പ്രണയം; ഒരു മനുഷ്യന്റെ ഹൃദയത്തോടു തട്ടിച്ചുനോക്കുമ്പോൾ ഒരു കിളിയുടെ ഹൃദയത്തിലെന്തിരിക്കുന്നു!'
പിന്നെ തവിട്ടുനിറത്തിലുള്ള ചിറകുകളെടുത്ത് അവൾ വായുവിലേക്കുയർന്നു. പൂന്തോട്ടത്തിനു മുകളിലൂടൊരു നിഴൽ പോലെ അവൾ വീശിപ്പോയി, ഒരു നിഴൽ പോലെ തോപ്പിനുള്ളിലൂടവൾ ഊളിയിട്ടു.
ചെറുപ്പക്കാരനായ വിദ്യാർത്ഥി അപ്പോഴും പുൽത്തട്ടിൽ കമിഴ്ന്നുകിടക്കുകയായിരുന്നു, അയാളുടെ മനോഹരമായ കണ്ണുകൾ അപ്പോഴും തോർന്നിരുന്നില്ല.
'സന്തോഷപ്പെടൂ,' രാപ്പാടി വിളിച്ചുപറഞ്ഞു, 'സന്തോഷപ്പെടൂ; ചുവന്ന റോസാപ്പൂവു നിനക്കു കിട്ടും. നിലാവത്ത് എന്റെ പാട്ടിൽ നിന്നതു ഞാൻ വിരിയിച്ചെടുക്കും, എന്റെ സ്വന്തം ഹൃദയരക്തം കൊണ്ട് ഞാനതിനു നിറം കൊടുക്കുകയും ചെയ്യും. പകരം ഇതൊന്നേ ഞാൻ നിന്നോടു ചോദിക്കുന്നുള്ളു: നീ നെറിയുള്ള കാമുകനായിരിക്കണം; എന്തെന്നാൽ ജ്ഞാനിയായ തത്ത്വശാസ്ത്രത്തെക്കാൾ ജ്ഞാനിയും ശക്തനായ അധികാരത്തെക്കാൾ ശക്തനുമാണ് പ്രണയം. അഗ്നിവർണ്ണമാണവന്റെ ചിറകുകൾക്ക്, അവന്റെയുടൽ അഗ്നിവർണ്ണവും. അവന്റെ ചുണ്ടുകൾ തേൻ പോലെ മധുരിക്കും, അവന്റെ നിശ്വാസം കുന്തിരിക്കം പോലെ മണക്കും.'
ചെറുപ്പക്കാരൻ പുൽത്തട്ടിൽ നിന്ന് തല പൊന്തിച്ചുനോക്കി; അവൾ പറഞ്ഞത് അയാൾ കേള്‍ക്കുകയും ചെയ്തു; പക്ഷേ രാപ്പാടി തന്നോടു പറയുന്നതെന്താണെന്ന് അയാൾക്കു മനസ്സിലായില്ല. കാരണം, പുസ്തകങ്ങളിൽ എഴുതിവച്ചതല്ലേ അയാൾക്കു മനസ്സിലാകൂ.
പക്ഷേ ഓക്കുമരത്തിന് അതു മനസ്സിലായി; അതിനു സങ്കടം തോന്നുകയും ചെയ്തു; തന്റെ കൊമ്പുകളിൽ കൂടു കൂട്ടിയ ആ കൊച്ചുരാപ്പാടിയോട് അതിനു വലിയ സ്നേഹമായിരുന്നു.
'അവസാനമായി എനിക്കു വേണ്ടി ഒന്നു പാടൂ,' ഓക്കുമരം മന്ത്രിച്ചു; 'നീ പോയിക്കഴിഞ്ഞാൽ ഞാൻ ഒറ്റപ്പെട്ടുപോകും.'
അങ്ങനെ രാപ്പാടി ഓക്കുമരത്തിനു പാടിക്കൊടുത്തു; വെള്ളിക്കുടത്തിൽ നിന്നു വെള്ളം കുമിളയിട്ടൊഴുകുന്നതു പോലെയായിരുന്നു അത്.
രാപ്പാടി പാടിത്തീർത്തപ്പോൾ ചെറുപ്പക്കാരൻ എഴുന്നേറ്റ് പോക്കറ്റിൽ നിന്ന് ഒരു നോട്ടുബുക്കും പെൻസിലും വലിച്ചെടുത്തു.
'അവളുടെ പാട്ടിനു രൂപമുണ്ടെന്നു സമ്മതിക്കാം,' തോപ്പിനു പുറത്തേക്കു നടക്കുമ്പോൾ അയാൾ സ്വയം പറഞ്ഞു, 'പക്ഷേ അതിൽ ഭാവമുണ്ടോ? ഇല്ലെന്നെനിക്കു പറയേണ്ടിവരുന്നു. വാസ്തവത്തിൽ മിക്ക കലാകാരന്മാരെയും പോലെയാണവൾ- ആത്മാർത്ഥതയില്ലാത്ത വെറും ശൈലീവൈചിത്ര്യം. അന്യർക്കു വേണ്ടി അവൾ ഒരിക്കലും സ്വയം ബലി കൊടുക്കില്ല. അവൾക്കു സംഗീതത്തെക്കുറിച്ചേ ചിന്തയുള്ളു; കലകൾ സ്വാർത്ഥികളാണെന്ന് ഏവർക്കും അറിയുകയും ചെയ്യാം. എന്നാൽക്കൂടി അവളുടെ ശബ്ദത്തിൽ മനോഹരമായ ചില സ്വരങ്ങളുണ്ടെന്നതു സമ്മതിച്ചേ പറ്റു. എത്ര ദയനീയമാണ്, അവ യാതൊന്നും അർത്ഥമാക്കുന്നില്ലെന്നത്, നിത്യജീവിതത്തിൽ അവ കൊണ്ടു പ്രയോജനമൊന്നും ഇല്ലെന്നത്.' അയാൾ മുറിയിൽ ചെന്ന് തന്റെ കൊച്ചു പലകക്കട്ടിലിൽ കിടന്നുകൊണ്ട് താൻ സ്നേഹിക്കുന്നവളെ കുറിച്ചാലോചിക്കാൻ തുടങ്ങി; അല്പനേരം കഴിഞ്ഞ് അയാൾ ഉറക്കം പിടിക്കുകയും ചെയ്തു.
ചന്ദ്രൻ ആകാശത്തുദിച്ചുയർന്നപ്പോൾ രാപ്പാടി റോസാച്ചെടിക്കടുത്തേക്കു പറന്നുചെന്ന് മുള്ളിന്മേൽ തന്റെ നെഞ്ചമർത്തി. രാത്രി മുഴുവൻ മുള്ളു തറച്ച നെഞ്ചുമായി അവൾ പാടി; തണുത്ത പളുങ്കുചന്ദ്രൻ കുനിഞ്ഞുനോക്കി അതു കാതോർത്തുകേട്ടു. രാത്രി മുഴുവൻ അവൾ പാടി; മുൾമുന അവളുടെ നെഞ്ചിൽ ആഴത്തിലാഴത്തിൽ തറച്ചുകേറുകയായിരുന്നു; അവളുടെ ജീവരക്തം അവളിൽ നിന്നു വാർന്നുപോവുകയായിരുന്നു.
അവൾ ഒന്നാമതായി പാടിയത് ഒരു ബാലന്റെയും ഒരു ബാലികയുടെയും ഹൃദയത്തിൽ സ്നേഹം ഉദയം കൊള്ളുന്നതിനെക്കുറിച്ചായിരുന്നു. അപ്പോൾ റോസാച്ചെടിയുടെ ഏറ്റവും തലപ്പത്തെ കൊമ്പിൽ ഒരത്ഭുതപുഷ്പം മൊട്ടിട്ടു; ഓരോ ഗാനത്തിനുമൊപ്പം ഓരോ ഇതളായി അതു വിടർന്നുവിടർന്നു വന്നു. ആദ്യം അതിനൊരു വിളറിയ നിറമായിരുന്നു- പുഴയ്ക്കു മേൽ തങ്ങിനില്ക്കുന്ന മൂടൽമഞ്ഞുപോലെ- പുലരിയുടെ പാദങ്ങൾ പോലെ വിളറിയ നിറം, ഉദയത്തിന്റെ ചിറകുകൾ പോലെ വെള്ളിനിറം. ഒരു വെള്ളിക്കണ്ണാടിയിൽ തെളിയുന്ന റോസാപ്പൂവിന്റെ നിഴലു പോലെ, ഒരു ജലാശയത്തിൽ കാണുന്ന റോസാപ്പൂവിന്റെ നിഴലു പോലെ- റോസാച്ചെടിയുടെ തലപ്പത്തു വിടർന്ന ആ പൂവ് അങ്ങനെയൊന്നായിരുന്നു.
മുള്ളിനോടൊന്നുകൂടി അമർന്നു നില്ക്കാൻ റോസാച്ചെടി രാപ്പാടിയോടു വിളിച്ചുപറഞ്ഞു. 'ഒന്നുകൂടി ചേർന്നുനില്ക്കൂ, കൊച്ചുരാപ്പാടീ,' അതു തിടുക്കപ്പെടുത്തി, 'അല്ലെങ്കിൽ റോസാപ്പൂവു പൂർണ്ണമാകും മുമ്പേ പകലിങ്ങെത്തുമേ!'
അതിനാൽ രാപ്പാടി ഒന്നുകൂടി മുള്ളിനോടമർന്നു നിന്നു; അവളുടെ ഗാനം ഉച്ചത്തിലുച്ചത്തിലായി; കാരണം അവൾ അപ്പോൾ പാടിയത് ഒരു പുരുഷന്റെയും സ്ത്രീയുടെയും ആത്മാവിൽ അഭിനിവേശം ജന്മമെടുക്കുന്നതിനെക്കുറിച്ചായിരുന്നു.
ഈ നേരത്ത് റോസാച്ചെടിയുടെ ഇലകളിൽ ഒരു നേർത്ത തുടുപ്പു പടർന്നു; മണവാട്ടിയെ ചുംബിക്കുമ്പോൾ മണവാളന്റെ മുഖം തുടുക്കുന്നപോലെ. മുള്ളു പക്ഷേ, അവളുടെ ഹൃദയത്തിലേക്കിനിയുമെത്തിയിട്ടില്ല; അതിനാൽ പൂവിന്റെ ഹൃദയം വെളുത്തു തന്നെയിരുന്നു; എന്തെന്നാൽ ഒരു രാപ്പാടിയുടെ ഹൃദയരക്തം തന്നെ വേണം ഒരു റോസാപ്പൂവിന്റെ ഹൃദയത്തിനു ചുവന്നുതുടുക്കാൻ.
മുള്ളിനോടൊന്നുകൂടി അമർന്നു നില്ക്കാൻ റോസാച്ചെടി രാപ്പാടിയോടു വിളിച്ചുപറഞ്ഞു. 'ഒന്നുകൂടി ചേർന്നുനില്ക്കൂ, കൊച്ചുരാപ്പാടീ,' അതു തിടുക്കപ്പെടുത്തി, 'അല്ലെങ്കിൽ റോസാപ്പൂവു പൂർണ്ണമാകും മുമ്പേ പകലിങ്ങെത്തുമേ!'
അതിനാൽ രാപ്പാടി മുള്ളിനോടു പിന്നെയും ചേർന്നമർന്നു നിന്നു; മുൾമുന അവളുടെ ഹൃദയത്തിൽ തൊട്ടതും രൂക്ഷമായ ഒരു വേദന അവളുടെ ഉടലിലൂടെ പാഞ്ഞുപോയി. കഠിനം, കഠിനമായിരുന്നു, വേദന; വന്യം വന്യമായിരുന്നു, അവൾ പാടിയ ഗാനവും; എന്തെന്നാൽ അവൾ പാടിയത് മരണം പൂർണ്ണത നല്കുന്ന പ്രണയത്തെക്കുറിച്ചായിരുന്നു, കുഴിമാടത്തിലും മരണമടയാത്ത പ്രണയത്തെക്കുറിച്ചായിരുന്നു.
അതാ, ആ ആശ്ചര്യപുഷ്പം രക്തവർണ്ണം പകർന്നു, കിഴക്കൻമാനത്തിന്റെ അരുണവർണ്ണം പോലെ. രക്തവർണ്ണമായിരുന്നു, ഇതളടരുകൾക്ക്; മാണിക്യം പോലെ രക്തവർണ്ണമായിരുന്നു ഹൃദയം.
പക്ഷേ രാപ്പാടിയുടെ ശബ്ദം ദുർബലമാവുകയായിരുന്നു, അവളുടെ കുഞ്ഞുചിറകുകൾ പിടഞ്ഞു, അവളുടെ കണ്ണുകൾക്കു മേൽ ഒരു പാട വന്നു മൂടി. അവളുടെ ഗാനം പിന്നെയും ദുർബലമാവുകയായിരുന്നു, തന്റെ തൊണ്ടയിൽ എന്തോ കുരുങ്ങുന്ന പോലെ അവൾക്കു തോന്നി.
പിന്നെയവൾ അവസാനമായൊരു ഗാനം പാടി. വെളുത്ത ചന്ദ്രൻ അതു കേട്ടു; സൂര്യോദയം പോലും മറന്ന് അതു മാനത്തു തങ്ങിനിന്നു. ചുവന്ന റോസാപ്പൂവതു കേട്ടു; പ്രഹർഷം കൊണ്ട് അതു വിറ പൂണ്ടു; തണുത്ത പ്രഭാതവായുവിലേക്ക് അതിന്റെ ഇതളുകൾ വിടർന്നു. മാറ്റൊലി ആ ഗാനത്തെ കുന്നുകളിൽ തന്റെ ഗുഹകളിലേക്കു കൊണ്ടുപോയി; അതു കേട്ട ആട്ടിടയന്മാർ സ്വപ്നങ്ങളിൽ നിന്നു ഞെട്ടിയുണർന്നു. ആറ്റുവക്കത്തെ ഓടപ്പുല്ലുകളിലേക്കതൊഴുകി; അവർ ആ സന്ദേശം കടലിനെത്തിച്ചുകൊടുത്തു.
'നോക്കൂ, നോക്കൂ,' റോസാച്ചെടി ആർത്തുവിളിച്ചു, 'റോസാപ്പൂവു പൂർണ്ണമായിരിക്കുന്നു!'
പക്ഷേ രാപ്പാടി മറുപടിയൊന്നും പറഞ്ഞില്ല; കാരണം, ഹൃദയത്തിൽ തറഞ്ഞ മുള്ളുമായി നീളൻ പുല്ലുകൾക്കിടയിൽ അവൾ മരിച്ചുകിടക്കുകയായിരുന്നു.
ഉച്ചയായപ്പോൾ വിദ്യാർത്ഥി ജനാല തുറന്ന് പുറത്തേക്കു നോക്കി.
'അല്ലാ, എന്തൊരു ഭാഗ്യമാണിത്!' അയാൾ ആര്‍ത്തുവിളിച്ചു; 'ഇതാ, ഒരു ചുവന്ന റോസാപ്പൂവ്! ഇങ്ങനെയൊന്ന് എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ഇത മനോഹരമായ സ്ഥിതിയ്ക്ക് അതിനൊരു നീണ്ട ലാറ്റിൻ പേരുണ്ടാവുമെന്നതിൽ സംശയംവേണ്ട.' എന്നിട്ടയാൾ കുനിഞ്ഞ് അതു പറിച്ചെടുത്തു.
പിന്നെ അയാൾ തൊപ്പിയെടുത്ത് തലയിൽ വച്ച്, കൈയിൽ പൂവുമായി പ്രൊഫസ്സറുടെ വീട്ടിലേക്കോടി.
പ്രൊഫസറുടെ മകൾ വാതില്ക്കലിരുന്ന് ഒരു കഴിയിൽ നീലപ്പട്ടുനൂൽ ചുറ്റുകയായിരുന്നു; അവളുടെ കൊച്ചുനായ കാല്ക്കൽ കിടപ്പുണ്ടായിരുന്നു.
'ഒരു ചുവന്ന റോസാപ്പൂവുമായി വന്നാൽ എന്റെ കൂടെ നൃത്തം ചെയ്യാമെന്നല്ലേ നീ പറഞ്ഞത്,' അയാൾ വിളിച്ചുപറഞ്ഞു; 'ഇതാ, ലോകത്തേറ്റവും ചുവന്ന റോസാപ്പൂവ്! ഇന്നു രാത്രിയിൽ നീയത് നിന്റെ ഹൃദയത്തിനടുത്തു കുത്തിവയ്ക്കണം; നാമൊരുമിച്ചു നൃത്തം ചെയ്യുമ്പോൾ അതു നിനക്കു പറഞ്ഞുതരും, ഞാൻ നിന്നെ എത്രമേൽ സ്നേഹിക്കുന്നുവെന്ന്.'
പക്ഷേ പെൺകുട്ടി മുഖം ചുളിക്കുകയാണു ചെയ്തത്.
'ഇതെന്റെ വേഷത്തിനു ചേരില്ലെന്നു തോന്നുന്നു,' അവൾ പറഞ്ഞു; 'അതുമല്ല, അധികാരിയുടെ അനന്തരവൻ നല്ല കുറേ ആഭരണങ്ങൾ കൊടുത്തയക്കുകയും ചെയ്തിരിക്കുന്നു; പൂക്കളെക്കാൾ എത്രയോ വില കൂടുതലാണ് ആഭരണങ്ങൾക്കെന്ന് ആർക്കാണറിയാത്തത്.'
'അങ്ങനെയാണല്ലേ, നീ വെറും നന്ദി കെട്ടവളാണെന്നു ഞാൻ ആണയിട്ടു പറയുന്നു,' കോപത്തോടെ വിദ്യാർത്ഥി പറഞ്ഞു; എന്നിട്ടയാൾ പൂവെടുത്തു തെരുവിലേക്കെറിഞ്ഞു; ഒരോടയിൽ ചെന്നുവീണ അതിനു മേൽ ഒരു വണ്ടിച്ചക്രം കയറിയിറങ്ങുകയും ചെയ്തു.
'നന്ദി കെട്ടവൾ!' പെൺകുട്ടി പറഞ്ഞു. 'ഞാനൊന്നു പറയട്ടെ, വെറും പരുക്കനാണു നിങ്ങൾ. അതിരിക്കട്ടെ, നിങ്ങൾ ആരാണ്? വെറുമൊരു വിദ്യാർത്ഥി. അധികാരിയുടെ മരുമകനുള്ള പോലെ ഷൂസിൽ വെള്ളിബക്കിളു പോലും നിങ്ങൾക്കുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല;' ഇരുന്ന കസേരയിൽ നിന്നെഴുന്നേറ്റ് അവൾ വീട്ടിനകത്തേക്കു പോയി.
'എന്തു വില കെട്ട സാധനമാണ്, ഈ പ്രണയമെന്നു പറയുന്നത്,' നടന്നുപോകുമ്പോൾ വിദ്യാർത്ഥി പറഞ്ഞു. 'തര്‍ക്കശാസ്ത്രത്തിന്റെ പാതിപ്രയോജനം അതു കൊണ്ടില്ല; കാരണം അതൊന്നും തെളിയിക്കുന്നില്ലല്ലൊ. ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യങ്ങളാണ് അതു നിങ്ങളോടു പറയുന്നത്, സത്യമല്ലാത്ത കാര്യങ്ങൾ വിശ്വസിക്കാൻ അതു നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. വാസ്തവം പറഞ്ഞാൽ തീരെ അപ്രായോഗികമാണത്; ഇക്കാലത്താകട്ടെ, പ്രായോഗികതയാണ് എല്ലാം. ഞാൻ തത്ത്വശാസ്ത്രത്തിലേക്കു മടങ്ങുകയാണ്; എനിക്ക് അതിഭൌതികശാസ്ത്രം പഠിക്കണം.'
അങ്ങനെ അയാൾ തന്റെ മുറിയിൽ മടങ്ങിയെത്തി പൊടി പിടിച്ച ഒരു തടിയൻ പുസ്തകം വലിച്ചെടുത്ത് വായന തുടങ്ങി.
(1888)
The Nightingale and the Rose